അനുദിനവിശുദ്ധർ – ഡിസംബർ 7

🎄🎄🎄 December 07 🎄🎄🎄
വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്‌. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്തു. മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക്‌ വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം സന്ദര്‍ഭവശാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതേ തുടര്‍ന്ന്‍ അദ്ദേഹം പൂര്‍ണ്ണ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. കൂടാതെ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു നല്‍കുകയും ചെയ്തു. വളരെ ഉത്സാഹിയായ ഒരു മത-പ്രബോധകന്‍ ആയിരുന്നു അംബ്രോസ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരം വിശുദ്ധ ആഗസ്റ്റിന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും മാമോദീസ മുങ്ങുകയും ചെയ്തു.

നിര്‍മ്മലനും ഭയരഹിതനുമായ വിശുദ്ധ അംബ്രോസ് എതിരാളിയുടെ ശക്തിയെ വകവെക്കാതെ ഗ്രാഷിയന്‍ ചക്രവര്‍ത്തിയുടെ ഘാതകനായ മാക്സിമസിനോട് തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുവാനും അനുതപിക്കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ മാക്സിമസ് ഈ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‍ അംബ്രോസ് മാക്സിമസിനെ സഭയില്‍ നിന്നും പുറത്താക്കി. തെസ്സലോണിക്കക്കാരെ കൂട്ടകുരുതി നടത്തി എന്ന കാരണത്താല്‍ അദ്ദേഹം പിന്നീട് തിയോഡോസിയൂസ് ചക്രവര്‍ത്തിയേയും ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി.

ചക്രവര്‍ത്തിയുടെ പാപത്തെ ദാവീദ് രാജാവിന്റെ ചതിയോടും, വഞ്ചനയോടും ഉപമിച്ചുകൊണ്ട് വിശുദ്ധന്‍ തിയോഡോസിയൂസ് ചക്രവര്‍ത്തിയോട് പറഞ്ഞു. “നീ പാപത്തിന്റെ കാര്യത്തില്‍ ദാവിദ് രാജാവിനെ പിന്തുടര്‍ന്നിരിക്കുന്നു, അതിനാല്‍ അനുതാപത്തിന്റെ കാര്യത്തിലും അദ്ദേഹത്തെ തന്നെ മാതൃകയാക്കൂ.” ഇത് കേട്ടമാത്രയില്‍ തന്നെ തിയോഡോസിയൂസ് ചക്രവര്‍ത്തി വളരെ വിനീതനായി താന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത്‌ തനിക്ക്‌ വിധിച്ച അനുതാപ പ്രവര്‍ത്തികള്‍ നിര്‍വഹിച്ചു.

ഒരു മതപ്രബോധകന്‍, ദൈവസ്തുതി ഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്ന ഗാനരചയിതാവ്‌ എന്നീ നിലകളിലും നമുക്ക്‌ പലപ്പോഴും ഈ വിശുദ്ധനെ കാണാവുന്നതാണ്. രത്നങ്ങളെപോലെ അമൂല്യമായ പതിനാലോളം ഭക്തിഗീതങ്ങള്‍ വിശുദ്ധന്റേതായിട്ടുണ്ട്. പൂര്‍ണ്ണമായും മത വിശ്വാസത്തിലും ആരാധനയിലും അടിയുറച്ച ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതിനാല്‍ തന്നെ അദ്ദേഹം രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെല്ലാം തന്നെ പുരാതന ക്രിസ്തീയ ആരാധനാ രീതികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട മഹത്തായ രചനകള്‍ ആയിരുന്നു. തിരുസഭയിലെ നാല് ലാറ്റിന്‍ വേദപാരംഗതന്‍മാരില്‍ ഒരാളായാണ് വിശുദ്ധ അംബ്രോസിനെ കണക്കാക്കുന്നത്.

 

Advertisements

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. അലക്സാണ്ട്രിയായിലെ അഗാത്തോ

2. ചാര്‍ത്രേയിലെ ബിഷപ്പായിരുന്ന അനിയാനൂസ്

3. സ്കോട്ടിലെ ബൂയിത്ത്

4. ബുര്‍ഗൊണ്ടോഫാരാ

5. ഫ്രാന്‍സിലെ മാര്‍ട്ടിന്

🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

🎄🎄🎄 പ്രഭാത പ്രാർത്ഥന 🎄🎄🎄
🎄🎄🎄🎄🎄🎄🎄🎄🎄

പരിശുദ്ധനും പരിപാലകനുമായ ദൈവമേ..അനുഗ്രഹത്തിന്റെ ആരാമമായ ദൈവഭക്തി മറ്റേതൊരു മഹത്വത്തിലുമധികം നന്നായി എന്റെ ആത്മാവിനെ ആവരണം ചെയ്യുമെന്ന നിന്റെ വചനത്തെ അനുഭവിച്ചറിയാൻ എന്നെ പൂർണമായും സമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞാൻ അങ്ങയുടെ സന്നിധിയിലണയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായതകളുടെ മണിക്കൂറുകളിലൂടെ കടന്നു പോയപ്പോഴൊക്കെ എന്നും ഞാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടേയുള്ളു. കാരണം ആശ്രയിക്കാനും ആശ്വസിക്കാനും വേറെ യാതൊരു വഴികളുമില്ലെന്നു തിരിച്ചറിഞ്ഞു ഞാൻ അഭയം തേടിയെത്തുന്ന ദൈവത്തിന്റെ മടിത്തട്ടായിരുന്നു എന്നും എനിക്ക് എന്റെ പ്രാർത്ഥന. എത്ര വലിയ വേദനകളിലൂടെ കടന്നു പോയാലും നീയെന്നെ ഉപേക്ഷിക്കുകയില്ല എന്നൊരു വിശ്വാസവും എനിക്കുണ്ട്. അതുകൊണ്ടാണ് ഈ പാപികളിൽ ഒരുവൻ പോലും നഷ്ടപ്പെടാതെ വീണ്ടെടുക്കപ്പെടണമെന്ന. ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി ജീവൻ ബലിയായി നൽകിയ നിന്റെ മുന്നിലേക്ക്, എന്നെ നേടിയെടുക്കണമെന്നാണോ അതോ നഷ്ടപ്പെടുത്തിക്കളയണമെന്നാണോ അങ്ങ് ആഗ്രഹിക്കുന്നത് എന്ന ചോദ്യവുമായി ഞാൻ വന്നു നിന്നത്.. എന്റെ വിരൽത്തുമ്പിലുള്ള നിന്റെ പിടുത്തം ഒന്നയഞ്ഞു പോയാൽ പിന്നെ ഒരിക്കലും ഒരു ഉയർത്തെഴുന്നേൽപ്പില്ലാത്ത വിധം ഞാൻ തളർന്നു വീണു പോകുമായിരുന്നു. അതുകൊണ്ടു തന്നെ എന്നും നിന്റെ കൈവിരലുകളിൽ മുറുക്കെപ്പിടിച്ചു കൊണ്ട് നടന്നു നീങ്ങാനാണ് ഞാൻ ആഗ്രഹിച്ചത്. എന്റെ ഈശോയേ.. എന്നോടു ദയ തോന്നി നിന്നോടു ചേർത്തു പിടിക്കാൻ തടസമായി നിൽക്കുന്ന എന്നിലുള്ള എല്ലാ പാപപ്രവൃത്തികളെയും അങ്ങ് ദൂരെയകറ്റേണമേ.. എന്റെ പാപങ്ങളെ ഓർക്കാതെ എന്റെ തെറ്റുകളെ തുടച്ചു മാറ്റുന്ന ദൈവം എന്നും അങ്ങു മാത്രമാണ്. നിന്റെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ ദൈവഭാവത്തിലേക്ക് എന്റെ ഹൃദയത്തെയും ചേർത്തു പിടിക്കേണമേ നാഥാ.. അപ്പോൾ അങ്ങയുടെ കനിവിന്റെ മഴപ്പെയ്ത്തിലലിഞ്ഞു ചേരുന്ന എന്റെ ആത്മാവ് എന്നും വിശുദ്ധിയുടെ നീരുറവയായി നിന്നിലേക്ക് ഒഴുകിയണയും..
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment