{പുലർവെട്ടം 413}
ഒരു പ്രാർത്ഥനയും ഹൃദിസ്ഥമാക്കണമെന്ന് പറഞ്ഞില്ല. മലയാള പാഠാവലി പഠിപ്പിച്ചുതന്നിട്ടും ഒരു കവിതയും മനഃപാഠമാക്കാൻ ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ കാണാപ്പാഠം പഠിക്കണമെന്ന് ഏതാനും ആവർത്തി പറഞ്ഞ ആ ഒരു കാര്യം മകനെന്ന നിലയിൽ കുറേകൂടി ഗൗരവമായെടുക്കാമായിരുന്നു. അതൊരു പുരാതന സ്നേഹഗീതമായിരുന്നു, പോൾ കൊറിന്ത്യർക്ക് എഴുതിയത്. കൊറിന്ത് ഒരു വ്യാപാരനഗരമായിരുന്നു. സ്വാഭാവികമായും എല്ലാ കച്ചവടങ്ങളിലും സംഭവിക്കാവുന്ന ശൈഥില്യങ്ങൾ അതിൽ വസിക്കുന്നവരുടെ ജനിതകത്തിൽ ഉണ്ടായിരുന്നു. അവർക്കുവേണ്ടിയാണ് നിഷ്കളങ്കസ്നേഹത്തിലേക്കുള്ള ഭൂപടം പോൾ തയാറാക്കുന്നത്. ഒരു ഡോഗ്‌മാറ്റിക് എന്നു മാത്രം കരുതിവച്ച ഒരാൾ നലം തികഞ്ഞ കവിയായി പരാവർത്തനം ചെയ്യപ്പെടുകയാണ് ഈ സ്നേഹഗീതയിൽ. നാൽപതു വർഷങ്ങൾക്കിപ്പുറം, ഒരിക്കലത് പേർത്തും പേർത്തും ഉരുവിടാത്തതിന്റെ ഖേദം മാത്രം ബാക്കിയാവുന്നു.
കീസ്‌ലോവ്‌സ്കിയുടെ Three Colours: Blue എന്ന ചലച്ചിത്രത്തിൽ അഗാധമായ ഒരു സ്നേഹാർച്ചനയുടെ പിന്നണിയിൽ നിന്ന് ആ പുരാതന സ്നേഹഗീതത്തിന്റെ സനാതനമുഴക്കം കേട്ടു. കിം കി ഡുക്കിന്റെ Spring, Summer, Fall, Winter… and Spring-ലെ പ്രായശ്ചിത്തം ഓർമ വരുന്നു. സങ്കല്പിക്കാവുന്നതിലേറെ ഇടറിയും പൊടിഞ്ഞും മടങ്ങിയെത്തുന്ന ശിഷ്യന്റെ അനുതാപശുശ്രൂഷയായി ആചാര്യൻ അനുശാസിക്കുന്നത് ആശ്രമത്തിന്റെ തടി പാകിയ അങ്കണത്തിൽ ബുദ്ധയുടെ മൊഴികൾ കൊത്തി തീർക്കുകയായിരുന്നു. അതിനിടയിൽ എന്തോ ചില വിമലീകരണം സംഭവിക്കുന്നുണ്ട്. തേടിയെത്തുന്ന പൊലീസുദ്യോഗസ്ഥന്മാരോട് ഏല്പിച്ച ജോലി കഴിഞ്ഞിട്ടുമാത്രം അയാളെ കൊണ്ടുപോയാൽ മതിയെന്ന് ആചാര്യൻ ശഠിക്കുന്നു. അവരതിനു വഴങ്ങുന്നുണ്ട്. ഏതാനും ദിവസം കഴിയുമ്പോൾ കാത്തിരുന്നു മടുത്തിട്ട് അയാളോടൊപ്പം അവരും ബുദ്ധമൊഴികൾ കൊത്തിത്തീർക്കാൻ പങ്കുചേരുന്നു. അങ്ങനെ അവർക്കിടയിൽ പകയൊഴിഞ്ഞ് വലിയ കരുണ രൂപപ്പെടുന്നു.
ഗുരുവചസുകളെ എഴുതിയെഴുതി വിമലീകരിക്കാവുന്ന ഒരു സാധ്യത ഇനിയും നിലനിൽക്കുന്നുണ്ട്. ഇത് അങ്ങനെയൊരു വൈകിയ മുഹൂർത്തമാണ്. അതിനെ പകർത്തിയെഴുതി അതിലെ ചില വരികളിൽ ഒന്നു തട്ടിത്തടഞ്ഞ് ഇടറിയ ഒരു ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണിത്. ക്രിസ്മസിന് ഏതാനും ദിനങ്ങളേയുള്ളു. പരിപൂർണസ്നേഹം വിരുന്നുവരുമ്പോൾ ഒന്നൊരുങ്ങേണ്ട ബാധ്യതയുണ്ടെന്നുതോന്നുന്നു.
ഞാൻ മനുഷ്യരുടെയും ദൈവദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാൻ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാൻ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല…
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements


Leave a comment