പുലർവെട്ടം 414

{പുലർവെട്ടം 414}
 
The unexamined life is not worth living എന്നു പറഞ്ഞത് സോക്രട്ടീസാണ്. പുനഃപരിശോധിക്കപ്പെടാത്ത സ്നേഹത്തിനും അതു പോതും. വരൂ, സുവിശേഷത്തിലെ അവസാനത്തെ പുലരികളിലേക്ക്.
 
തീരം. പശ്ചാത്തലത്തിൽ ഒരു കനൽ എരിയുന്നുണ്ട്. അവർക്കു വേണ്ടി അയാൾ ഒരുക്കിയ പ്രാതലിന്റെ ശേഷിപ്പ്. ഏതു കനലും അയാളെ മറ്റൊരു പുലരി ഓർമിപ്പിക്കും. ഒരു തീകായലിന്റെ ഇടവേളയായിരുന്നു അത്. ‘അറിയില്ല, അവനെ ഞാനറിയില്ല’ എന്ന് മൂന്നാവർത്തി പറഞ്ഞപ്പോഴാണ് മനഃസാക്ഷിയുടെ നിമന്ത്രണം പോലെ എവിടെ നിന്നോ കോഴി കൂവിയത്. എത്ര ചെറിയ കൗതുകങ്ങളിൽ ഉറ്റവരെ മറന്നുപോകുന്നു നമ്മൾ! അയാളെ വിമലീകരിക്കുകയാണ് യേശു. “പറയുക ശിമയോൻ, നീയെന്നെ സ്നേഹിക്കുന്നുവോ?” മൂന്നാവർത്തി തള്ളിപ്പറഞ്ഞവനെ മൂന്നാവർത്തി ഏറ്റുപറയിപ്പിച്ച് വലിയ നിലവിളിയിൽ അവസാനിപ്പിക്കുന്നതിലൂടെ തെറാപ്യൂട്ടിക് എന്നൊരു പ്രക്രിയ സഹജമായി സംഭവിച്ചിട്ടുണ്ടാവും.
അവളിലേക്ക് / അവനിലേക്ക് ഏകാഗ്രമാകൂ എന്നതാണ് വീണ്ടെടുപ്പിന്റെ ആദ്യചുവട്. മനുഷ്യൻ മൊണോഗമിക്കുവേണ്ടി ഇനിയും പരുവപ്പെട്ടിട്ടില്ല എന്നാണ് ചിലർ ഇപ്പോഴും കരുതുന്നത്. അവന്റെ പരിണാമത്തിന് കാര്യമായ ദൂരമായിട്ടില്ലെന്നാണ് അവർ പേർത്തു പറഞ്ഞുകൊണ്ടിരിക്കുന്നത്. കാഷ്വൽ സെക്സ് എന്നൊരു സങ്കല്പമുണ്ടായത് അങ്ങനെയാണ്. ലോകത്തെതന്നെ ഏറ്റവും വലിയ വിനോദവ്യാപാരമായ പോൺ ആത്യന്തികമായി വിൽക്കാൻ ശ്രമിക്കുന്നത് ആ വികലഭാവനയെയാണ്. ലോകസഞ്ചാരങ്ങളേക്കുറിച്ചുപോലും അത്തരമൊരു ആരോപണത്തിന്റെ നിഴലുണ്ട്- അപരിചിതദേശങ്ങളിലേക്കുള്ള സഞ്ചാരം അപരിചിതമനുഷ്യരിലേക്കുള്ള അഴകില്ലാത്ത മമതയാണെന്ന്.
 
നിങ്ങൾ അർപ്പിച്ചതിലേക്ക് കുറേക്കൂടി ഏകാഗ്രമാകാനുള്ള സംസ്കാരമാണ് ആ കറുത്ത ചട്ടയുള്ള പുസ്തകം പറഞ്ഞുതരുന്നത്. എത്ര പഴുതടച്ചാണ് അതു കൺവെർജിങ്ങിന്റെ പാഠം പഠിപ്പിക്കുന്നത്. Love the LORD your God with all your heart, with all your soul, and with all your might- പൂർണഹൃദയം, പൂർണാത്മാവ്, പൂർണബലം. Mind, soul, body എന്നു സാരം. ഒരാൾക്ക് രണ്ടു യജമാനന്മാരെ സ്നേഹിക്കാനാവില്ല എന്ന് യേശു പറയുമ്പോഴും പലരിലേക്ക് ചിതറിയൊഴുകുക എന്ന ബൗദ്ധികവും വൈകാരികവുമായ അസാധ്യതയേക്കുറിച്ചുള്ള സൂചനയാണത്- Your existential impossibility to do otherwise.
 
സ്ത്രീകൾക്ക് നമ്മൾ കല്പിച്ചുകൊടുക്കുന്ന മൾട്ടി റ്റാസ്കിങ് പോലും തിരുത്ത് ആവശ്യമുള്ള ഒരു മിത്താണ്. കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ അവൻ രൂപപ്പെടുത്തിയ ഉപായമാണതെന്നൊരു ഫലിതം നിലനിൽക്കുന്നു. ഏകാഗ്രം എന്ന വാക്കിന്റെ അർത്ഥം പോലും മറ്റെന്താണ്, ശ്രദ്ധയുടെ മുനയും മൂർച്ചയും അരികിൽ ഇരിക്കുന്നവരിലേക്ക് രാകിയെടുക്കുക എന്നതല്ലാതെ!
ബാഗ്‌ദാദിലെ പുസ്തകപ്പുര പോലെയാണെന്റെ പ്രണയം
സുൽത്താൻ പുസ്തകങ്ങളെ രണ്ടായി തരം തിരിച്ചു
പകുതിയിലേറെ വേദപുസ്തകത്തിനെതിരാണ്;
സ്വാഭാവികമായും അതിനെ കത്തിച്ചുകളഞ്ഞു.
ബാക്കിയുള്ളത് വേദപുസ്തകത്തിനു നിരക്കുന്നത്
വേദപുസ്തകം തന്നെയുള്ളപ്പോൾ അവയെന്തിന്; കത്തിച്ചു.
ഒടുവിലൊരു പുസ്തകം മാത്രം ബാക്കി.
കണ്ടുമുട്ടിയ പലരും നിന്നേപ്പോലെയല്ല; അവരെനിക്കെന്തിന്?
ചിലർ നിന്നേപ്പോലെ തന്നെ; അവരുമെന്തിന്?
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment