പുലർവെട്ടം 416

{പുലർവെട്ടം 416}

 
ഒരു മത്സ്യമനുഷ്യനെ സ്നേഹിക്കുകയെന്നാൽ അയാളോടൊപ്പം ഇറുക്കെ പുണർന്ന് ജലരാശിയുടെ അഗാധങ്ങളിലേക്ക് മാഞ്ഞുപോവുക എന്നതാണ്. ‘നുമ്മ അപ്പ ശ്വാസം മുട്ടി മരിച്ചുപോവില്ലേ’ എന്നു ചോദിക്കുന്ന മണ്ടന്മാർ ഒരു കഥയുമില്ലാതെ കടന്നുപോകും. ആ ചിത്രത്തിനൊടുവിൽ ആ വിചിത്രജീവിയോടു ചേർന്ന് – അസറ്റ് എന്നാണ് അതിനെ സംബോധന ചെയ്യുന്നത് – വെള്ളിത്തിരയിൽ നിന്ന് മാഞ്ഞുപോവുകയാണവൾ. വല്ലാത്തൊരു പടമായിരുന്നു- ഗിയെർമോ ഡെൽ തോറോയുടെ Shape of the Water. മുതിർന്നവർക്കുവേണ്ടിയുള്ള ഫെയറി റ്റേയ്‌ൽ എന്ന് ആ ചിത്രത്തെ പലയിടങ്ങളിലും പരാമർശിച്ചുകണ്ടു.
 
വിചിത്രഭാവനകളെ സാധാരണ ജീവിതത്തിലേക്ക് ഗ്രാഫ്റ്റ് ചെയ്താണ് ചിത്രത്തിന്റെ നിർമിതി. എലിസയുടെ ഒരു സാധാരണ പുലരിയിലാണ് അതാരംഭിക്കുന്നത്. ശീതയുദ്ധത്തിന്റെ കാലത്ത് ഒരു പരീക്ഷണശാലയിലെ ശുചീരണത്തൊഴിലാളിയായാണ് അവൾ അപ്പം തേടുന്നത്. ഒരു തിയറ്ററിനു മുകളിലുള്ള തീരെ ചെറിയ അപ്പാർട്മെന്റാണ് അവളുടേത്. അവിടെ പ്രദർശിപ്പിക്കുന്ന ചിത്രം ഏതെന്നു വ്യക്തമാക്കുവാൻ സംവിധായകൻ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. അത് ഹെൻറി കോസ്റ്ററുടെ ‘ദ് സ്റ്റോറി ഓഫ് റൂത്ത്’ എന്ന ബൈബിൾ എപിക് ആണ്. സിനിമയിൽ ഒരു ദൃശ്യവും യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നും തെളിഞ്ഞോ മറഞ്ഞോ കഥാതന്തുവുമായി ബന്ധമുള്ള കാര്യങ്ങൾ ബോധപൂർവം വിന്യസിക്കപ്പെടുന്നതാണെന്നും ആർക്കാണറിയാത്തത്! റൂത്ത് ചിത്രത്തിന്റെ ദിശയേക്കുറിച്ചുള്ള സൂചകമാണ്. തന്റെ പുരുഷൻ മരിച്ചിട്ടും സ്വന്തം ദേശത്തിലേക്കു മടങ്ങാതെ അയാളുടെ അമ്മയോടൊപ്പം ജീവിക്കുവാൻ ശഠിക്കുന്ന സ്ത്രീയുടെ കഥയാണത്: അമ്മ പോകുന്നിടത്ത് ഞാനും വരും, വസിക്കുന്നിടത്ത് ഞാനും വസിക്കും, അമ്മയുടെ ചാർച്ചക്കാർ എന്റെ ചാർച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും, അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കം ചെയ്യപ്പെടും. (റൂത്ത് 1: 16-17)
 
തനിക്ക് പരിചിതവും അതുകൊണ്ടുതന്നെ സുരക്ഷിതത്വം ഉറപ്പുതരുന്നതുമായ ഇടങ്ങളെ വിട്ട് അപരിചിതദേശങ്ങളുടെ ആകസ്മികതകളും ക്ലേശങ്ങളും ആശങ്കകളും ബോധപൂർവം തിരഞ്ഞെടുക്കുന്നിടത്താണ് സ്നേഹത്തിന്റെ കാതൽ. തിയറ്ററിന്റെ മാക്കീയിൽ – marquee – റൂത്ത് എന്ന പേരു തെളിഞ്ഞുകിടക്കുമ്പോൾ അയാൾക്ക് പ്രിയങ്കരമായതിനോടൊക്കെ അവൾ – അവനും – പുലർത്തേണ്ട ആത്മാർപ്പണത്തിന്റെ ധ്വനികളുണ്ട്. ഒരു ഇലയെ മാത്രമായി ആർക്കും സ്നേഹിക്കാനാവില്ല. ഇലയെ സ്നേഹിക്കുകയെന്നാൽ അതിന് ഉയിരും ഇടവും കൊടുത്ത് വൃക്ഷത്തെ സ്നേഹിക്കുക എന്നുതന്നെ സാരം. മിർദാദ് എന്ന ജ്ഞാനഗ്രന്ഥത്തിൽ നിന്നാണീ വരികൾ. പ്രണയത്തിന്റെ ആദ്യ ഉദ്വേഗങ്ങളിലൊന്ന് അയാളുടെ / അവളുടെ അമ്മയെ കാണുക എന്നുള്ളതാണ്.
 
പരിണയത്തിൽ അത്തരം പ്രിയങ്ങൾ ചോർന്നുപോകുന്നു എന്ന ആരോപണത്തിൽ നിന്നാണ് അമ്മായിയമ്മ എന്ന പദം രൂപപ്പെടുന്നത്. ‘ഒരു ചെമ്പനീർപ്പൂവു പോലെ’ എന്ന ഷൈബി ജേക്കബിന്റെ പുസ്തകം എന്നെ ആഹ്ലാദിപ്പിക്കുന്നത് അതുകൊണ്ടാണ്. കുഴപ്പമില്ലാത്ത ഒരു വായനക്കാരനെന്ന നിലയിൽ, തന്റെ പങ്കാളിയുടെ അമ്മയേക്കുറിച്ച് ഒരു പുസ്തകം ഇതുവരെയും ശ്രദ്ധയിൽ പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ഈ പുസ്തകത്തെ ഒന്നു ചൂണ്ടിക്കാട്ടണമെന്നുതോന്നി. മറന്നുപോയ ഒരു പ്രണയകവിത ഏതാണ്ട് ഇങ്ങനെയാണെന്ന് ഓർമിച്ചെടുക്കുന്നു: ‘ഇത്രാം നാളിൽ എന്റെ മുത്തശി മരിച്ചു. എനിക്കൊരു സങ്കടമുണ്ട്. അവർക്ക് നിന്നെ കാണാനായില്ലല്ലോ!’ ടി പി രാജീവന്റെ ‘പ്രണയശതക’ത്തിൽ നിന്നാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment