പുലർവെട്ടം 417

{പുലർവെട്ടം 417}

 
“It was a moment made of glass, this happiness; it was the easiest thing in the world to break. Every minute was a world, every hour a universe.”
– Alice Hoffman
 
യഹൂദരുടെ വിവാഹാചാരങ്ങളോർക്കുന്നു. ഒരു തുണിസഞ്ചിയിൽ പൊതിഞ്ഞ ചില്ലുഗ്ലാസ്സ് ചവിട്ടി ഉടച്ചു കളയുകയാണ്. അങ്ങനെയാണ് ആ കർമ്മം ഏതാണ്ട് ഒരു പരിസമാപ്തിയിലേക്കെത്തുന്നത്. നാലാം നൂറ്റാണ്ട് തൊട്ടെങ്കിലും ആരംഭിച്ച ഈ ആചാരത്തിന് അനേകം അർത്ഥധ്വനികൾ കല്പിച്ചു കൊടുക്കാറുണ്ട്.
 
രണ്ട് സഹസ്രാബ്ദങ്ങളെങ്കിലും പഴക്കമുള്ള ഒരു ദുഃഖസ്മൃതിയെ ഏത് ആനന്ദത്തിലും സജീവമാക്കാനാണ് അവരുടെ ശ്രമം. രണ്ടുതവണയാണ് ദേവാലയം പരിപൂർണ്ണമായി നശിപ്പിക്കപ്പെട്ടത്. ഒരിക്കൽ നെബുഖദ്നെസറും പിന്നീട് റോമൻ ഭരണകൂടവും അതിന് ഉത്തരവാദികളായി. ഭൂതകാലം ശിരസ്സു മുട്ടിച്ച് കരയാനുള്ള ഒരു മതിൽ മാത്രമായി. വൈകാരികമായ ചില മുന്നറിയിപ്പുകളും ഇതിലടക്കം ചെയ്തിട്ടുണ്ട്. തങ്ങളുടെ കളക്റ്റീവ് ബോധത്തിൽ ഒരു കനൽ കെടാതെ സൂക്ഷിക്കുക എന്നത് കൂടാതെയാണത്. ദേവാലയം തകർന്ന ദിനങ്ങളിലുൾപ്പെടെയുള്ള മൂന്നാഴ്ച മംഗളദിനങ്ങളായി പരിഗണിക്കപ്പെടുന്നില്ല. കഠിനരോഷത്തിൽ മോശ ഉടച്ചുകളഞ്ഞ കല്പനകളുടെ ശിലാപാളിയെയാണ് ഉടഞ്ഞ ചില്ലുപാത്രം ധ്വനിപ്പിക്കുന്നതെന്ന് മറ്റൊരു മതവുമുണ്ട്. ദുർഭൂതങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്നൊരു വിചാരവും കേട്ടു. ആനന്ദത്തിന്റെ ഒരു മുഹൂർത്തത്തെ ഉടഞ്ഞ പാനപാത്രം കൊണ്ട് മാസ്ക് ചെയ്യുക!
 
എന്തും ഉടഞ്ഞുപോയേക്കും എന്ന് തങ്ങളോടുതന്നെ മന്ത്രിക്കാനായി ഈ നേരം അവരുപയോഗിക്കുന്നുണ്ടാവും. നെറ്റിത്തടത്തിൽ Handle with care എന്ന് എഴുതി ചുറ്റിസഞ്ചരിക്കുവാൻ ആഗ്രഹിച്ച ഒരു എഴുത്തുകാരിയുണ്ട്. Elizabeth Wurtzel ആണത്. ഏറ്റവും ചെറിയ അശ്രദ്ധയിൽപ്പോലും ഉടഞ്ഞു പോകുന്ന ചില്ലുപാത്രമാണ് സ്നേഹമെന്ന് ഇനിയും ആർക്കാണ് പിടുത്തം കിട്ടാത്തത്. പാനോപചാരത്തിന് ഉപയോഗിച്ച അതേ ചില്ലുപാത്രമാണ് ഇങ്ങനെ ഉടച്ചുകളഞ്ഞതെന്നോർമ്മിക്കുമ്പോഴാണ് അതിന്റെ ഗുരുത്വം വർദ്ധിക്കുന്നത്. മെഴുകുതിരിനാളങ്ങൾ പോലെയാണ്, മനുഷ്യജീവിതങ്ങൾ എത്ര ദുർബലമാണത്. ഏറ്റവും ചെറിയ നിശ്വാസങ്ങളിൽപ്പോലും അത് കെട്ടുപോയെന്നിരിക്കും. എന്നിട്ടും അതൊരു നിരാശയുടെ ശരീരഭാഷയായി എണ്ണേണ്ട എന്നുകൂടി ആചാര്യന്മാർക്ക് അനുബന്ധം പറയാനുണ്ട്. പൊതിഞ്ഞെടുത്ത ഓർമ്മയുടെ തിരുശേഷിപ്പായി അവർ കാത്തുവയ്ക്കേണ്ട ആ കുപ്പിച്ചില്ലിൽ വീണ്ടെടുപ്പിന്റെ ചില രഹസ്യമുദ്രകൾ അടക്കം ചെയ്തിട്ടുണ്ട്. റീമോൾഡ്-റീഗ്ലോ എന്നൊരു സാധ്യത. ഓരോന്നടഞ്ഞുപോകുമ്പോഴും ശ്വാസം മുട്ടി അടിയറവു പറഞ്ഞ് കട്ടയും പടവും മടക്കരുതെന്നും ജയമോഹന്റെ ഒരോർമ്മക്കുറിപ്പ് നന്നായി പതിഞ്ഞിട്ടുണ്ട്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment