പുലർവെട്ടം 418

{പുലർവെട്ടം 418}

 
എന്റെ ലഘുവും മധുരവുമായ നുകം എന്നൊരു യേശുസൂചനയുണ്ട്. Max Lucado എന്ന എഴുത്തുകാരൻ അതിന് കൊടുക്കുന്ന വിശദീകരണം ചാരുതയുള്ളതാണ്. യേശുവിന്റെ ദേശത്തിലെ അവന്റെ സമകാലീനരായ കൃഷിക്കാർ പുതിയൊരു ഉരുവിനെ ഉഴുവുവാൻ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പരിചയവും പഴക്കവുമുള്ള മറ്റൊരു മൃഗത്തോട് ചേർത്തുകെട്ടിയാണത്. കൂടുതൽ ഭാരം പരിശീലകന്റെ മീതെ വരുന്ന രീതിയിലാണ് കലപ്പ വയ്ക്കുന്നത്. പണിയിൽ ഒരു നോവിസ് എന്ന നിലയിൽ മറ്റൊരാളുടെ കാര്യം അങ്ങനെ കുറേക്കൂടി ആയാസരഹിതമാകുന്നു. അവരോടൊപ്പം സഞ്ചരിച്ച് ജീവിതത്തെ കുറേക്കൂടി ഹൃദ്യമായ അനുഭവമാക്കുക എന്നു സാരം.
 
അനുയോജ്യമായത് – befitting എന്ന അർത്ഥത്തിലാണ് വില്യം ബാക്ളെ ഇതിനെ വ്യാഖ്യാനിക്കുന്നത്. ഒരു കാർഷികസമൂഹമെന്ന നിലയിൽ കലപ്പകൾ ഉണ്ടാക്കി വിൽക്കുക സാധാരണ കാഴ്ചയായിരുന്നു. എന്നാൽ ആ ഗ്രാമത്തിൽ ഒരു മരപ്പണിക്കാരനുണ്ട്. അയാളുടെ പ്രത്യേകത ആരെങ്കിലും കലപ്പ വാങ്ങാനെത്തുമ്പോൾ അയാൾ ഉരുവിനെ കാണണമെന്ന് ശഠിക്കും. എന്നിട്ട് അവരോടൊപ്പം എരുത്തിലെത്തി അതിന്റെ കുഞ്ചിയിൽ തലോടി ഓമനിക്കും. കൂട്ടത്തിൽ കഴുത്തിന്റെ അളവെടുക്കും. എന്നിട്ട് പരമാവധി അതിനെ അലോസരപ്പെടുത്താത്ത വിധത്തിൽ ഒരു നുകം പണിയും. ഇപ്പോഴത്തെ കാലമായിരുന്നെങ്കിൽ അയാളുടെ പണിശാലയുടെ പുറത്ത് നമുക്ക് ഒരു ബോർഡ് തൂക്കാവുന്നതേയുള്ളൂ: ഇവിടെ ഉചിതമായ നുകങ്ങൾ മാത്രം വില്ക്കപ്പെടുന്നു, ഒപ്പ്, പ്രൊപ്രൈറ്റർ ജോസഫ് മകൻ യേശു. നമ്മുടെ ചുമലുകൾക്കിണങ്ങിയ ഭാരമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ.
 
നുകത്തിന് ഉത്തരവാദിത്വം എന്നർത്ഥമുണ്ട് – responsibility. സ്നേഹത്തിൽ സ്വയമേയെടുക്കുന്ന ചില ഭാരങ്ങൾ എത്ര ലഘുവും മധുരവുമായി പരിണമിക്കുന്നു. കാഴ്ചക്കാരനെന്ന നിലയിൽ നിങ്ങളതിനെ കഠിനമായി കരുതുമ്പോൾപ്പോലും ഒരു വൈകാരികത എന്നതിലുപരി ഒരു ഉത്തരവാദിത്വമായി സ്നേഹത്തെ കണ്ടെത്തുമ്പോഴാണ് അത് അഗാധമാകുന്നത്. സിന്ധു മരിച്ചു. ബോബനും ഖബറു മൂടാൻ കൂടുന്നുണ്ട്. വേണ്ടെന്ന് ആരൊക്കെയോ വിലക്കിയിട്ടും അതിനിടയിൽ ബോബനെന്നോട് പറഞ്ഞതിങ്ങനെ:ഇനി അവൾക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാനില്ലല്ലോ. ഇത് എന്റെ അവസാനത്തെ ജോലിയാണ്. കഴിഞ്ഞ ഇരുപത് വർഷമായി അവൾക്കുവേണ്ടി ഞാൻ ചെയ്യാത്ത പണിയില്ല. ഇത് അവൾക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ജോലിയാണ്.
 
ഇതെന്റെ ശരീരം ഇതെടുത്ത് കൊള്ളുക എന്ന അവന്റെ അവസാനമൊഴി ഏതൊക്കെ രാഗങ്ങളിലാണ് ഞങ്ങൾ സാധാരണക്കാർ പാടിത്തീർക്കുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment