പുലർവെട്ടം 420

{പുലർവെട്ടം 420}

 
അയാൾക്ക് ഒരു സൗഭാഗ്യം ഉണ്ടായി. യേശുവിന്റെ പിളർക്കപ്പെട്ട നെഞ്ചിലേക്കുള്ള നേർക്കാഴ്ച. അവിടെനിന്ന് ആരോ ഉറവക്കണ്ണിൽ കൊത്തിയെന്ന പോലെ രക്തവും ജലവും കുതിച്ചൊഴുകുകയാണ്. എത്ര പറഞ്ഞിട്ടും അയാൾക്ക് അത് മതിയാവുന്നില്ല. അത് കണ്ടവൻ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്, അവന്റെ സാക്ഷ്യം സത്യമാണ്. നിങ്ങളുമത് വിശ്വസിക്കാനാണ് അതെഴുതുന്നത് എന്നൊക്കെ പറഞ്ഞു പറഞ്ഞ് അയാൾ കവിഞ്ഞൊഴുകുകയാണ്.
 
പല രീതിയിൽ പിന്നീട് ഈ കാഴ്ച വ്യാഖ്യാനിക്കപ്പെടും. ജലം ജ്ഞാനസ്നാനത്തിന്റെയും രക്തം ദിവ്യബലിയുടെയും സൂചനയായി എണ്ണുന്ന മതവിചാരം മുതൽ പുതുപിറവിയുടെ മറുപിള്ളയായി അതിനെ കരുതുന്ന അപ്പോക്ലീറ്റസ് വായന വരെ. ഹൃദ്യമായി തോന്നുന്നത് മിഴിയടഞ്ഞാലും ഒഴുക്ക് നിലയ്ക്കാത്ത അവന്റെ സ്നേഹധാര തന്നെയാണ് ഇതെന്ന കവിതയാണ്. നമ്മുടെ വീട്ടുമുറ്റത്തെ കിണറിലും ആചാര്യന്മാരുടെ തടാകത്തിലും നീർപ്രസാദമായി ഒഴുകിയെത്തിയത് ഉന്നതങ്ങളിൽ നിന്നുള്ള ഈ ധാര തന്നെയായിരുന്നു.
 
അത്തരം ഒന്നിലേക്ക് നോട്ടം കിട്ടിയ ഒരാൾക്ക് ഉന്മാദിയാകാതെ തരമില്ല. അസ്സീസിയിലെ ഫ്രാൻസിസിൽ സംഭവിച്ചത് അതാണ്. വലിയൊരു സ്നേഹാനുഭവത്തിന്റെ തീവ്രതയിൽ സമനില തെറ്റി തെരുവോരങ്ങളിലും ചന്തസ്ഥലങ്ങളിലും അയാളിങ്ങനെ നെഞ്ചത്തടിച്ചും നിലവിളിച്ചും അലഞ്ഞു നടന്നു: സ്നേഹമേ സ്നേഹിക്കപ്പെടാതെ പോയ സ്നേഹമേ..
 
മറ്റൊരു ദേശത്ത് അക്കമഹാദേവി വിവസ്ത്രയായി നൃത്തം ചവിട്ടുന്നു. അദൃശ്യനായ ആരോ ഒരാളെ അവൾ മുറുകെ പിടിക്കുന്നു. സൂഫിസത്തിന്റെ ഗന്ധമുള്ള ഒരു പാട്ട് ആരോ മൂളുന്നു: തുള്ളിയാമെന്നുള്ളിൽ വന്നു നീയാം കടൽ പ്രിയനേഎപ്പോഴും അത് ദൈവസങ്കല്പങ്ങളിൽ തന്നെയാവണമെന്നില്ല. വ്യാഖ്യാനാതീതമായ, അമൂർത്തമായ എന്തോ ഒന്ന് എന്നെ പൊതിയുന്നുണ്ടെന്നുള്ള ബോധത്തിലാണ് അഗാധസ്നേഹത്തിന്റെ തളിർപ്പുകൾ ഉള്ളിലുണ്ടാകുന്നത്. ജോൺസിമാസ്റ്ററെ സംബന്ധിച്ചിടത്തോളം അത് കാടുരുകി പതഞ്ഞുയർന്ന ഒരു ഹരിതധാരയായിരുന്നു. ആത്മഹത്യയുടെ അതിരിൽനിന്ന് ഒരാളെ സ്നേഹം അതിന്റെ മായക്കാഴ്ച കാട്ടി വീണ്ടെടുക്കുകയായിരുന്നു. അതിനുശേഷമാണ് അയാൾക്ക് ഓരോ പുൽനാമ്പിനോടും ചെറുജീവികളോടും കൃതജ്ഞതയും അനുഭാവവുമുണ്ടായത്. അത്യപൂർവമായി മാത്രം തുറന്നടയുന്ന മനുഷ്യരുടെ സ്നേഹജാലകങ്ങളിലേക്ക് ഒരെത്തിനോട്ടം മാത്രം മതി ജീവിതത്തെ പ്രസാദമധുരവും താളാത്മകവുമാക്കാൻ. കുറേക്കാലം മുൻപ് മറിയത്തിന്റെ ഒരു ചിത്രം സമാനമായി കിട്ടി. അതിനടിയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. എത്ര അഗാധമായാണ് ഞാൻ നിന്നെ സ്നേഹിക്കുന്നത് എന്ന് പിടുത്തം കിട്ടിയിരുന്നുവെങ്കിൽ നിന്റെ ശിഷ്ടജീവിതം ആനന്ദത്തിന്റെ ഒരു നിലവിളിയായി രൂപാന്തരപ്പെട്ടേനേ. സ്നേഹിക്കപ്പെടുന്നു എന്നതിനേക്കാൾ സാന്ത്വനവും സൗഖ്യവും നൽകുന്ന മറ്റെന്തെങ്കിലും വിചാരം മറ്റെന്തുണ്ട്?
 
ബഷീർ മനുഷ്യപ്പറ്റുള്ള ഒരു എഴുത്തുകാരനായി നിലനിൽക്കുന്നതിൽ പേരില്ലാത്ത ‘ഒരു മനുഷ്യൻ’ സഹായിച്ചിട്ടുണ്ടാകും. ചായയ്ക്കുള്ള പണം കൊടുക്കാൻ പരതുമ്പോഴാണ് തന്റെ പേഴ്സ് കളഞ്ഞുപോയെന്ന് അയാൾക്ക് മനസ്സിലാവുന്നത്. ഒരു മുട്ടാന്യായവും വിലപ്പോകുന്നില്ല. ഓരോരോ വസ്ത്രങ്ങളായി ഉരിഞ്ഞെടുത്ത് അപമാനിക്കാനായിരുന്നു ശ്രമം. അടിവസ്ത്രത്തിലേക്കെത്തുമ്പോൾ ആരോ തടഞ്ഞു. അയാളുടെ കടം വീട്ടി, തന്നോടൊപ്പം പുറത്തേക്ക് വരുവാൻ ആവശ്യപ്പെട്ടു. ആൾപ്പാർപ്പില്ലാത്ത ഒരിടത്തുവന്നപ്പോൾ മേൽക്കുപ്പായം മാറ്റി കുറെയധികം പേഴ്സുകൾ കാണിച്ചുകൊടുത്തു: ഇതിലേതാണ് നിങ്ങളുടേത്?
അങ്ങയുടെ പേരെന്താണ്?
മനുഷ്യൻ!
അതെ, സ്നേഹമുള്ള മനുഷ്യൻ!
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment