ജോസഫ് ചിന്തകൾ 17
ജോസഫ് വചനോപാസകൻ
വചനം മാംസമായി അവതരിച്ച വിശുദ്ധ ദിനത്തിൽ ദൈവവചനത്തിനനുസരിച്ച് സ്വജീവിതം മെനഞ്ഞെടുത്ത വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കുക ശ്രേഷ്ഠമായ കാര്യമാണ്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ ആ വചനത്തിനു വേണ്ടി (ഉണ്ണീശോയക്കു ) ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ സഹിച്ച വ്യക്തിയാണ്, ജോസഫ്. വചനത്തിനു വേണ്ടി ആദ്യം ക്ലേശം സഹിച്ച വ്യക്തിയും ജോസഫ് തന്നെ. ഉണർവിലും ഉറക്കത്തിലും ദൈവ സ്വരത്തോടു തുറവി കാണിച്ച യൗസേപ്പ് എല്ലാ അർത്ഥത്തിലും വചനത്തിൻ്റെ ഉപാസകനായിരുന്നു.
നമ്മുടെ ജീവിത്തിൽ ദൈവവചനം അനുസരിച്ച് ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം നിരന്തരം ഓര്മ്മപ്പെടുത്തുന്ന അധ്യാപകനാണ് വിശുദ്ധ യൗസേപ്പ്.
ജീവിതയാത്രയിൽ മുന്നോട്ടു നീങ്ങുമ്പോൾ വഴി തെറ്റാതെ ലക്ഷ്യത്തിലെത്തി ചേരാൻ വചനാനുസൃത ജീവിതം സഹായിക്കുമെന്നു അവതരിച്ച വചനത്തിൻ്റെ വളർത്തപ്പൻ നമ്മെ പഠിപ്പിക്കുന്നു. വചനബദ്ധ ജീവിതത്തെ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശന കവാടമായി തുറന്നു കാട്ടിയ യോഗിവര്യനാണ് മാർ യൗസേപ്പ്.
2011 ൽ വിശ്വാസ വർഷം പ്രഖ്യാപിച്ചു കൊണ്ട് ബനഡിക്ട് പതിനാറാമൻ മാർപാപ്പ എഴുതിയ വിശ്വാസത്തിന്റെ വാതിൽ ( Porta fidei) എന്ന അപ്പസ്‌തോലിക ലേഖനത്തിൽ ”ദൈവവചനത്താൽ മനസും ഹൃദയവും പ്രബുദ്ധമായവരെയാണ് ഇന്നു ലോകത്തിന് ആവശ്യം.” എന്നു പഠിപ്പിക്കുന്നു. ദൈവവചനത്തിനു മനസ്സിലും ഹൃദയത്തിലും ജീവൻ നൽകിയ യൗസേപ്പ് ക്രിസ്തുമസ് ദിനത്തിൽ വചനത്തിനനുസരിച്ചു ജീവിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/



Leave a comment