പുലർവെട്ടം 426

{പുലർവെട്ടം 426}


യുക്തിയെ ബുദ്ധിമുട്ടിലാക്കുന്ന എന്തോ ഒന്ന് സ്നേഹത്തിൽ സംഭവിക്കുന്നുണ്ട്, സയമീസ് ഇരട്ടകളുടെ കാര്യത്തിലെന്നപോലെ.

ഒരേ നേരത്ത് ഏതാണ്ട് ഒരേപോലുള്ള സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കഥ പറയുകയാണ് ഒരു ചേച്ചിയും അനുജത്തിയും. ഫലിതമായതിനെ പറഞ്ഞവസാനിപ്പിക്കുമ്പോഴും അത് അങ്ങനെയല്ലെന്ന് ഒരു തോന്നൽ ഉള്ളിൽ പതിയുന്നുണ്ട്.

മറ്റൊന്ന് ഇങ്ങനെയാണ്. മൂന്നുമണിവെളുപ്പിന് അയാൾ കടന്നുപോയി. അവളോടത് പുലരിയാകുമ്പോൾ നേരിട്ടു പറഞ്ഞ് ബോധ്യപ്പെടുത്താമെന്ന് കരുതി സാവകാശം കൊടുക്കുന്ന ഉറ്റവർ അറിഞ്ഞില്ല അയാൾ അണഞ്ഞു പോയ നിമിഷം കിടപ്പറയിലെ മാഞ്ഞുപോയ ഒരു വെളിച്ചം കൊണ്ട് അതവളുടെ ഉള്ളിൽ ആരോ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന്. അധികം പഴക്കമില്ലാത്ത വർത്തമാനമാണിത്. വിചിത്രഭാവനകളെ സബ്സ്ക്രൈബ് ചെയ്ത് സ്നേഹത്തിന് അഭൗമിക അലങ്കാരങ്ങൾ ചമയ്ക്കാനുള്ള വാശിയൊന്നുമല്ലിത്. വെറുതെ ഒരു ഭാവനയായി മാത്രം അതിനെ കരുതിയിരുന്ന കാലത്തെക്കുറിച്ചുള്ള അനുതാപവും വീണ്ടുവിചാരവുമായി മാത്രം ഈ കുറിപ്പിനെ ഗണിച്ചാൽ മതിയാകും.

സ്നേഹിക്കുന്നവർ ഒരു ശരീരമായി മാറുമെന്ന് ഒരു പുരാതനമൊഴി അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പരിണയത്തിന്റെ പശ്ചാത്തലത്തിലാണ് ആ അരുളെങ്കിലും എല്ലാ ബന്ധങ്ങൾക്കും പ്രസക്തമാകുന്ന ഒരു വിചാരം കൂടിയാണിത്. അതുകൊണ്ടാണ് ഡമാസ്കസിലേക്കുപോയ ഒരാളുടെ ബോധത്തിലേക്ക് ‘സാവൂൾ സാവൂൾ, നീ എന്തിനാണെന്നെ പീഡിപ്പിക്കുന്നത്’ എന്ന ആരായൽ വെള്ളിടി പോലെ പതിക്കുന്നത്. സാവൂൾ അയാളെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും ആരോ ചിലരുടെ ചുമലിൽ വീണ ചാട്ടവാർ അയാളുടെ ഉള്ളിലാണ് തിണർക്കുന്നത്. അയാളാണ് അടിമുടി നീലിച്ചുപോകുന്നത്.

മൂന്നുനാൾ സാവൂൾ അന്ധനായിരുന്നു. ആ ഇരുട്ടിലാണ് സ്നേഹത്തിന്റെ മിന്നാമിന്നികൾ അയാളുടെ ഉടലിനെ പൊതിഞ്ഞത്; പ്രാപഞ്ചികശരീരം- Cosmic body – എന്ന ബോധത്തിലേക്ക് അയാളുടെ പ്രജ്ഞ ജ്ഞാനസ്നാനം ചെയ്യപ്പെട്ടത്. അതിനുശേഷം സാവൂളെന്ന പേര് നിലനിർത്തുവാൻ അയാൾ ശ്രദ്ധിച്ചില്ല. ഇരട്ടനാമങ്ങൾ സർവ്വസാധാരണമായിരുന്ന അക്കാലത്ത് അയാൾക്ക് പോൾ എന്ന പേരു കൂടിയുണ്ടായിരുന്നു.Tarses എന്ന റോമൻ നഗരത്തിൽ ജനിച്ച ഹെബ്രായനായിരുന്നു അയാൾ. ഇനി അയാൾ തീരെ ചെറുതെന്ന് അർത്ഥമുള്ള പോൾ എന്ന റോമൻ നാമം തെരഞ്ഞെടുക്കുന്നു. സ്നേഹം അയാളുടെ അടഞ്ഞ ഹൃദയത്തിന് ചെറിയൊരു ജാലകക്കാഴ്ച നൽകിയ ആ ദിനങ്ങളിലായിരുന്നു അയാളുടെ വീണ്ടുംപിറവി. ഇനിയൊന്നും- ഒരാളും പഴയതല്ല. ശിമയോന്റെ കാര്യത്തിൽ അത് യേശുവിന്റെ അരുളിനുമീതെയായിരുന്നു. ഇതാവട്ടെ, സ്വന്തം ഇച്ഛയിൽ തന്റെ വഴിമാറ്റം രേഖപ്പെടുത്തുവാൻ അയാൾ കണ്ടെത്തിയ രീതിയുടെ ഭാഗമാണ്.

ഒക്കെ ഒരു ദർപ്പണക്കാഴ്ച കണക്ക് എന്നു പറഞ്ഞാണ് അയാൾ തന്റെ സ്നേഹസങ്കീർത്തനം അവസാനിപ്പിക്കുന്നത്. ഇന്ന് കണ്ണാടിയിൽ നാം കാണുന്നത് നാളെ നമുക്ക് മുഖാമുഖം കാണാനാകും. നമുക്കിന്നു പരിചയമുള്ള കണ്ണാടിക്കാഴ്ചകൾ പതിമൂന്നാം നൂറ്റാണ്ടുമുതലാണ്. ലോഹം മിനുക്കി മിനുക്കി അതിൽ പ്രതിബിംബം തെളിയുന്ന രീതിയായിരുന്നു അതിനുമുമ്പ് ഉണ്ടായിരുന്നത്. എത്ര മിനുക്കിയാലും അതിൽ തെളിയുന്ന ബിംബങ്ങൾ എത്ര അവ്യക്തമാണ്! കൊറീന്ത് അതിന്റെ ദർപ്പണങ്ങളുടെ കാര്യത്തിൽ കേളി കേട്ടിരുന്ന നഗരമായിരുന്നു.

സ്നേഹത്തിന്റെ തെളിച്ചമുള്ള ഒരു കാലം വരും. അതുവരെ ഭിത്തിയിൽ തൂക്കിയ തന്റെ ചിത്രം കണ്ട് ഫോട്ടോയുടെ ഫോട്ടോ എന്ന് പറഞ്ഞ് ഊറിച്ചിരിക്കുന്ന ഒരാചാര്യനെ ഓർക്കാം!


– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “പുലർവെട്ടം 426”

  1. Reblogged this on Love and Love Alone.

    Liked by 1 person

Leave a comment