പുലർവെട്ടം 427

{പുലർവെട്ടം 427}

രാജസദസ്സിലേക്ക് തന്റെ ചെരുപ്പുകൾ ശിരസോടു ചേർത്തുപിടിച്ച് പ്രവേശിച്ച ഒരു കിറുക്കൻഗുരുവിന്റെ കഥയുണ്ട്. എന്തേയിങ്ങനെ എന്ന് രാജാവിന്റെ ചോദ്യം. നിങ്ങളണിയുന്ന കിരീടത്തിന്റെ പൊരുളെന്തെന്ന മറുചോദ്യം കൊണ്ടാണ് അയാൾ നേരിട്ടത്. സമശീർഷത എന്ന തെറ്റിദ്ധാരണ ഒഴിവിക്കാനാണ് ഇതെന്ന് അയാളുടെ മറുപടി. അങ്ങനെയെങ്കിൽ ചെരുപ്പണിയുന്ന എല്ലാവർക്കും താഴെയാണ് താൻ എന്ന ബോധത്തിൽ നിന്നാണ് ഇതെന്ന് ഗുരുവിന്റെ വിശദീകരണം. ഉള്ളിലൊരു തിരിനാളം തെളിഞ്ഞ് കത്തിനിന്ന എല്ലാ മനുഷ്യരും തങ്ങളുടേതായ ഭാഷ്യങ്ങളിലൂടെ ലോകത്തോട് മന്ത്രിക്കാൻ ശ്രമിച്ചത് അതായിരുന്നു. മടങ്ങിപ്പോകുന്നതിനേക്കാൾ മുൻപേ ഒരാൾ തന്റെ സ്നേഹിതരുടെ വിണ്ടുകീറിയ പാദങ്ങൾ കഴുകി മുത്തമിടുന്നതു കണ്ടില്ലേ?

സച്ചി മരിക്കരുതായിരുന്നു. ഒരേ കഥയുടെ കാതലിൽ നിന്നായിരുന്നു അയാളുടെ അവസാനത്തെ രണ്ട് ചിത്രങ്ങളും എന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. പുരുഷന്റെ ഊതിവീർപ്പിച്ച അഹത്തിൽ ഓരോരുത്തരുടെയും സ്വകാര്യപ്രപഞ്ചം എത്ര കഠിനവും ദുഷ്കരവുമാണെന്നാണ് അയാൾ പറയാൻ ശ്രമിക്കുന്നത്. അവനവൻകടമ്പയിൽ തട്ടിവീണ് അടിമുടി പരിക്കേറ്റവരുടെ കഥകൾ കൊണ്ട് മുഖരിതമാവുകയാണ് ഓരോ ഇടവും. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ആ പുരാതനഗീതയിൽ അയാളത് പറയുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹം അഹങ്കരിക്കുന്നില്ല. സ്നേഹത്തിന്റെ നീലാകാശത്തിലേക്ക് പറക്കുന്നതിന് ഒരാൾ അയാളുടെ ചിറകുകളെ തീരെക്കനമില്ലാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. മഴയ്ക്കു ശേഷം ചെറുകിളികൾ കുഞ്ഞിത്തൂവലുകൾ വിരിച്ചു പിടിച്ച് കൊക്കുകൾ കൊണ്ട് വെള്ളം തെറിപ്പിച്ചു കളയുന്നതുപോലെ ശ്രദ്ധയും സൂക്ഷ്മതയും അർഹിക്കുന്ന സാധനയാണ് സ്നേഹം. ഓരോ സ്നേഹവും മന്ത്രിക്കുന്നത് അതാണ്:
എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ഉപേക്ഷിക്കുക. എല്ലാത്തരം സഞ്ചാരങ്ങളിലും ഗുരുക്കന്മാർ മുന്നറിയിപ്പ് നൽകിയത് അതിനെക്കുറിച്ച് മാത്രമായിരുന്നു. അതുകൊണ്ടാണ് എല്ലാ ധർമ്മങ്ങളിലും അവനവനില്ലാതെ ജീവിക്കാനുള്ള പാഠങ്ങൾ ഏറ്റവും ബേസിക് ആയിത്തന്നെ എണ്ണുന്നത്.

എക്കാർട്ട് തോലെ ഉൾപ്പെടെയുള്ള താരതമ്യേന പുതിയ കാലത്തിന്റെ എഴുത്തുകാർ പോലും പറയാൻ ശ്രദ്ധിക്കുന്നത് അതിനെക്കുറിച്ചാണ്. അതിലേക്കുള്ള സുദൃഢമായ ചില ചുവടുകളെക്കുറിച്ച് വായിച്ചതോർക്കുന്നു. Dissolving ego അയാളുടെ പ്രിയപ്പെട്ട വിഷയമാണ്. ഒന്നിനോടും പ്രതിരോധിക്കാതിരിക്കുക, ഈ നിമിഷത്തിലായിരിക്കുക, സ്വന്തം മനസ്സിനെ നിരീക്ഷിക്കുക, പ്രപഞ്ചത്തെ കളിക്കളമായി എടുക്കുക തുടങ്ങിയ ചുവടുകളിൽ karmic cycle, pain body തുടങ്ങിയ പദങ്ങൾ കൃത്യമായ ബുദ്ധപശ്ചാത്തലത്തിൽ നിന്നുള്ളതാണ്. എന്നിട്ടും ഇതൊന്നുമല്ല നമ്മുടെ സ്വാഭാവികവും സർവ്വവുമായ ജീവിതത്തെ അഹമുക്തമാക്കാനുളള ലാടവൈദ്യം. ചുറ്റിനും പതയുന്ന സ്നേഹത്തെ പകർന്നെടുക്കുവാൻ ഉള്ളം വക്കോളം ശൂന്യമാക്കുക എന്ന ലളിതമായ ബോധമാണത്. അതുകൊണ്ടാണ് മിസ്റ്റിസിസത്തിലൊക്കെ പറയുന്ന ആ പഴയ കഥയ്ക്ക് ജീവിതസായന്തനങ്ങളിൽ കുറേക്കൂടി അടുപ്പവും തെളിമയും ഉണ്ടാകുന്നത്. ആ പദത്തിന്റെ എറ്റിമോളജിയിൽ നിഗൂഢാനന്ദം എന്നർത്ഥം വരുന്ന ഗ്രീക്ക് പദമുണ്ട്.

കഥയിതാണ്- ഒരാൾ താൻ സ്നേഹിച്ച പെൺകുട്ടിയെ കാണാനെത്തിയതാണ്. ഒരു ചെറിയ കുടിലാണ് അവളുടേത്. പുറത്തുനിന്ന് അയാൾ കൊട്ടുമ്പോൾ അകത്തുനിന്ന് ‘ആരാണ് പുറത്ത്’ എന്നൊരു ചോദ്യമുണ്ടാകുന്നു. ‘ഇതു ഞാനാണ്’ എന്നു പറയുമ്പോൾ ‘ഒരാൾ തന്നെ ബുദ്ധിമുട്ടി പെരുമാറുന്ന ഈ കുടിലിൽ രണ്ടുപേർക്ക് ഇടമില്ല’ എന്ന് മറുപടി. പോയിട്ടു വാ. അന്നവർക്ക് തീരെ ചെറുപ്പമായിരുന്നു. എഴുപതു വർഷങ്ങൾക്കുശേഷം അയാൾ മടങ്ങിവരികയാണ്. ഈ വഴികളൊക്കെ എങ്ങനെ മറക്കാൻ? കൂനിപ്പിടിച്ച് പൊടിഞ്ഞു തുടങ്ങിയ അവളുടെ വാതിലിൽ അയാൾ കൊട്ടുന്നു. ഒക്കെ തനിയാവർത്തനം: “പുറത്താര്?”
ശരിക്കും പുറത്താരാണ്? അത് ഞാനാണെന്ന് പറയാനുള്ള ധൈര്യമില്ല. കഴിഞ്ഞ ദീർഘമായ ഒരു കാലം പറഞ്ഞതൊക്കെ അവളെക്കുറിച്ച്. പാടിയതുമങ്ങനെതന്നെ. പ്രദക്ഷിണം വച്ചത് അവളുടെ സ്മൃതികളെ. ശരിക്കും ഞാനാരാണ്? ‘പുറത്ത് നിൽക്കുന്നത് നീ തന്നെ’ എന്നായിരുന്നു പരിക്ഷീണിതമായ മറുപടി. അപ്പോൾ അകത്തുനിന്ന് മുള കീറിയതുപോലെ ഒരു നിലവിളി കേട്ടു. ഒരു സ്ത്രീ തനിക്ക് ആകാവുന്ന വേഗത്തിൽ പുറത്തേക്ക് ഒഴുകിയെത്തി…

അവനവനില്ലാതെയാകുന്ന ആ കളിയിലേക്ക് സ്വാഗതം.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 427”

  1. Reblogged this on Love and Love Alone.

    Liked by 1 person

Leave a comment