ജോസഫ് എല്ലാ ആവശ്യങ്ങളിലും സഹായിക്കുന്ന വിശുദ്ധൻ

ജോസഫ് ചിന്തകൾ 36

ജോസഫ് എല്ലാ ആവശ്യങ്ങളിലും സഹായിക്കുന്ന വിശുദ്ധൻ


വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി ആവിലായിലെ വിശുദ്ധ അമ്മേ ത്രേസ്യായുടെ ആത്മീയ ജീവിതത്തിൻ്റെ മുഖമുദ്രയായിരുന്നു. “പ്രാർത്ഥനയുടെ വേദപാരംഗത” എന്നറിയപ്പെട്ടിരുന്ന അമ്മ ത്രേസ്യാ മരണകരമായ രോഗത്തിൽ നിന്നു സുഖപ്പെടാൻ കാരണം വിശുദ്ധ യൗസേപ്പിതാവിൻ്റെ ശക്തമായ മധ്യസ്ഥമാണന്നു ഉറച്ചു വിശ്വസിച്ചിരുന്നു. കർമ്മലീത്താ സഭയുടെ നവീകരണത്തിനായി അക്ഷീണം പ്രയ്നിച്ച അമ്മ താൻ സ്ഥാപിച്ച മഠങ്ങൾക്കു വിശുദ്ധ യൗസേപ്പിതാവിൻ്റെ (San Jose) പേരാണ് നൽകിയിരുന്നത്.

മഹാനായ യൗസേപ്പിതാവിനെപ്പറ്റി അമ്മ ത്രേസ്യാ ഇപ്രകാരം എഴുതിയിരിക്കുന്നു: “ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയിൽ എല്ലാവരെയും നയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു, ദൈവത്തിൽ നിന്നു അനുഗ്രഹങ്ങൾ നേടിത്തരാൻ അവനു സാധിക്കുമെന്നതിന് എനിക്ക് നിരവധി അനുഭവങ്ങളുണ്ട്. ഞാൻ അപേക്ഷിച്ച എന്തെങ്കിലും അവൻ സാധിച്ചു തരാത്തതായി എൻ്റെ ഓർമ്മയിലില്ല. ശ്രേഷ്ഠനായ ഈ വിശുദ്ധനിലൂടെ ദൈവം എന്നിൽ വർഷിച്ച വലിയ നന്മകളെ ഓർത്തും ശാരീരികവും മാനസികവുമായ ആപത്തുകളിൽ നിന്നു എന്നെ വിമോചിച്ചതിനെ ഓർത്തും ഞാൻ ആശ്ചര്യഭരിതയാകുന്നു…

മറ്റെല്ലാ വിശുദ്ധർക്കും നമ്മുടെ ചില ആവശ്യങ്ങളിൽ നമ്മളെ സഹായിക്കാൻ ദൈവം കൃപ നൽകുന്നതായി കാണുന്നു. പക്ഷേ എൻ്റെ അനുഭവത്തിൻ വിശുദ്ധ യൗസേപ്പ് പിതാവ് എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കുന്നു…

വിശുദ്ധ യൗസേപ്പിതാവിനോടു മാധ്യസ്ഥം തേടാൻ ഞാൻ ഉപദേശിച്ച മറ്റു വ്യക്തികൾക്കും ഇതേ അനുഭവമാണ് ഉള്ളത്…

ദൈവസ്നേഹത്താൽ എനിക്കു നിങ്ങളോട് ഒരു അപേക്ഷയേയുള്ളു. യൗസേപ്പിനോടുള്ള ഭക്തിയിൽ വളരുക. ഭാഗ്യപ്പെട്ട പിതാവായ യൗസേപ്പിനു തന്നെത്തന്നെ സമർപ്പിച്ച് അവനോടുള്ള ഭക്തിയിൽ വളർന്ന് അവൻ നൽകുന്ന വലിയ അനുഗ്രഹങ്ങൾ അനുഭവിച്ചു തുടങ്ങുമ്പോൾ എന്നെ വിശ്വസിക്കാത്തവർ പോലും ഞാൻ പറയുന്ന ഈ കാര്യങ്ങൾ പരിശോധിക്കും…. ” ഈ ആഹ്വാനത്തോടെയാണ് തിരുസഭ കണ്ട ഏറ്റവും വലിയ പ്രാർത്ഥനയുടെ അധ്യാപിക യൗസേപ്പിതാവിനെക്കുറിച്ചുള്ള വാക്കുകൾ അവസാനിപ്പിക്കുക.

എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കാനായി സ്വർഗ്ഗം നൽകിയിരിക്കുന്ന സൗഭാഗ്യമായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെയും പ്രിയപ്പെട്ട വിശുദ്ധനാക്കാം.


ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment