ഒന്നാം ദുഃഖം
വിശുദ്ധ യൗസേപ്പിതാവിൻ്റെ സംശയം
വചനം
യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു.(മത്തായി 1 : 18- 19)
ഒന്നാം സന്തോഷം
മാലാഖയുടെ സന്ദേശം (മത്താ 1: 20-21)
വചനം
ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്‌മാവില്‍നിന്നാണ്.
അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. (മത്തായി 1 : 20-21)
പ്രാർത്ഥന
ഓ മഹോന്നതനായ വിശുദ്ധ യൗസേപ്പിതാവേ, നിൻ്റെ ജീവിത പങ്കാളിയായ മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാൻ ചിന്തിച്ചപ്പോൾ നീ അനുഭവിച്ച ആന്തരിക സംഘർഷം എത്രയോ വലുതായിരുന്നു. എങ്കിലും ദൈവപുത്രൻ്റെ മനുഷ്യവതാരരഹസ്യം മാലാഖ അറിയച്ചപ്പോൾ നീ അനുഭവിച്ച സന്തോഷം വാക്കുകൾക്ക് അതീതമാണല്ലോ. പ്രിയ പിതാവേ, നിൻ്റെ ഒന്നാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ ഒരു നല്ല ജീവിതത്തിൻ്റെ ആനന്ദവും ആശ്വാസവും ഞങ്ങൾക്കു നൽകണമേ, അവസാനം നിന്നെപ്പോലെ മറിയത്തിൻ്റെയും ഈശോയുടെയും കരങ്ങളിൽ കിടന്നുള്ള വിശുദ്ധമായ ഒരു മരണവും നൽകണമേ. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…
നന്മ നിറഞ്ഞ മറിയമേ….
ത്രിത്വ സ്തുതി.

Leave a comment