Rev. Fr Jacob Puthanveettil (1869-1948)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Jacob Puthanveettil (1869-1948)

പരിശുദ്ധനായ പരുമല തിരുമേനിയിൽ നിന്നു പട്ടമേറ്റ പുത്തൻവീട്ടിൽ യാക്കോബച്ചൻ…

“പുരോഹിതന്‍ അധരത്തില്‍ ജ്‌ഞാനം സൂക്‌ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനാണ്‌”(മലാക്കി 2 : 7).
അധരത്തിൽ ജ്‌ഞാനം സൂക്ഷിച്ച് ജനങ്ങൾക്ക് അത് വിളമ്പി നൽകിയിരുന്ന വാഗ്മിയായ പുരോഹിത ശ്രേഷ്ഠനായിരുന്നു
പുത്തൻവീട്ടിൽ അച്ചൻ.

തുമ്പമൺ ഓർത്തഡോക്സ് പളളിയിൽ 21 തലമുറ തുടർച്ചയായി പുത്തൻവീട്ടിൽ കുടുംബം പുരോഹിതരായി ശുശ്രൂഷ ചെയ്തു. ഇരുപത്തിയൊന്നാം തലമുറയിലെ പുരോഹിതനായ യാക്കോബ് കത്തനാർ, പുത്തൻവീട്ടിൽ ഗീവർഗീസ് കത്തനാരുടെയും പുത്തൻകാവിൽ പുത്തൻപുരയ്ക്കൽ മറിയാമ്മയുടെയും മകനായി 1869ൽ ജനിച്ചു.

തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം വൈദീക പഠനത്തിനുശേഷം 1886ൽ പതിനേഴാം വയസ്സിൽ
പരിശുദ്ധ പരുമല തിരുമേനിയിൽ നിന്ന് പട്ടത്വം സ്വീകരിച്ച് യാക്കോബായ സഭയിലെ വൈദീകനായി.
മലങ്കരയുടെ പുണ്യവാനെന്ന പേരിൽ പ്രഖ്യാതനായ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സന്തത സഹചാരിയും പ്രിയ ശിഷ്യനുമായിരുന്നു. വിശുദ്ധ ഗ്രന്ഥവും ആരാധനക്രമവുമെല്ലാം തിരുമേനിയിൽ നിന്ന് അഭ്യസിക്കുന്നതിന് ഭാഗ്യം സിദ്ധിച്ച അച്ചൻ അനന്യസാധാരണമായ വാഗ്‌വിലാസത്തിന്റെ ഉടമയായിരുന്നതിനാൽ 1886 മുതൽ 1895 വരെ പരിശുദ്ധ പരുമല തിരുമേനിയുടെ പ്രസംഗ പര്യടനത്തിൽ ഒപ്പമുണ്ടായിരുന്നു. നവീകരണ പ്രസ്ഥാനങ്ങൾ മലങ്കരയിലെ കുടുംബങ്ങളിലേക്ക് കടന്നു വരുന്നതിന് തടയിടാൻ അക്ഷീണം പരിശ്രമിച്ചവരിലൊരാളെന്ന് തുമ്പമൺ ഭദ്രാസന ഡയറക്ടറിയിൽ അച്ചന്റെ പ്രവർത്തനങ്ങളെ ശ്ളാഘിക്കുന്നുമുണ്ട്.
1895 മുതൽ 1908 വരെ അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ മിഷൻ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു.

വട്ടശ്ശേരിൽ തിരുമേനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അച്ചൻ പാത്രിയർക്കീസ് ബാവ വട്ടശ്ശേരിൽ തിരുമേനിയെ മുടക്കിയ നാളുകളിൽ തിരുമേനിക്കൊപ്പം നിന്നു. 1909ൽ മെത്രാൻകക്ഷിക്ക് വേണ്ടി കോട്ടയത്ത് നടത്തിയ പ്രസംഗം ഏറെ പ്രസിദ്ധമാണ്.
1913ൽ തുമ്പമൺ കത്തീഡ്രൽ വികാരിയായി. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്തെ ദിവാനായിരുന്ന പി.രാജഗോപാലാചാരിയെ അച്ചന്റെ നേതൃത്വത്തിൽ നേരിട്ട് കണ്ട് നിവേദനം നൽകിയതിന്റെ ഫലമായിട്ടാണ് തുമ്പമൺ പന്തളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചത്.

അന്ത്യോക്യൻ സിംഹാസനത്തിന്റെ പക്ഷമാണ് ശരിയെന്ന ബോധ്യത്താൽ 1914ൽ ബാവാകക്ഷിയിലേക്കു തിരികെ വരികയും ബാവാകക്ഷിയിലെ പ്രധാന വക്താക്കളിൽ ഒരാളാവുകയും ചെയ്തു. 1927ൽ പുത്തൻവീട്ടിലച്ചൻ തുമ്പമൺ സെന്റ് ജോർജ് പാത്രിയാർക്കൽ സിംഹാസന പള്ളി സ്ഥാപിച്ച് അവിടെ വികാരിയായി ശുശ്രൂഷ ചെയ്തു.

പരിശുദ്ധ പരുമല തിരുമേനിയോടൊപ്പവും മലങ്കര സഭാഭാസുരൻ എന്നറിയപ്പെടുന്ന വട്ടശ്ശേരിൽ തിരുമേനിക്കൊപ്പവും സുവിശേഷ പ്രസംഗ പര്യടനങ്ങൾ നടത്തിയിരുന്ന പുത്തൻവീട്ടിലച്ചൻ വട്ടശ്ശേരിൽ തിരുമേനിയുടെ അരുമശിഷ്യനായിരുന്ന പി.ടി.ഗീവർഗീസ് അച്ചനൊപ്പവും (മാർ ഈവാനിയോസ് തിരുമേനി) 1908-1912 കാലത്ത് പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഈവാനിയോസ് തിരുമേനി എം.ഡി സെമിനാരിയുടെ പ്രിൻസിപ്പൽ ആയിരുന്ന കാലത്തെ പ്രസംഗ പര്യടനത്തെക്കുറിച്ചും അച്ചന്റെ പേരുൾപ്പെടെ
മാർ ഈവാനിയോസ് പിതാവിന്റെ ജീവചരിത്രത്തിൽ പ്രസ്താവിക്കുന്നുമുണ്ട്.

മാരേട്ട് ഫിലിപ്പോസ് ജഡ്ജിയുടെ അമ്മാച്ചനായിരുന്ന അച്ചൻ മാർ ഈവാനിയോസ് പിതാവിനൊപ്പം പുനരൈക്യപ്പെട്ട സഹോദരീപുത്രനെ തിരുത്തുന്നതിനു വേണ്ടി ദീർഘമായ മണിക്കൂറുകൾ സംസാരിച്ചു. എന്നാൽ മാർ ഈവാനിയോസ് പിതാവിന്റെയും മാരേട്ട് ഫിലിപ്പോസ് ജഡ്ജിയുടെയും പ്രേരണയാൽ 1931ൽ അച്ചൻ മലങ്കര കത്തോലിക്ക സഭയിലേക്ക്‌ പുനരൈക്യപ്പെട്ടു. ദൈവമാതാവിന്റെ അമലോത്ഭവത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകളാണ് അതിന് പ്രധാന കാരണമായി ഭവിച്ചത് എന്ന് ഫിലിപ്പോസ് ജഡ്ജി തന്റെ ആത്മകഥയിൽ വിവരിക്കുന്നുമുണ്ട്.

കത്തോലിക്ക സഭയിൽ ചേർന്ന ശേഷം പുത്തൻവീട്ടിൽ വസ്തുവിൽ ഉണ്ടായിരുന്ന സെന്റ് ജോർജ് പള്ളിക്ക്‌ കർമലമാതാ കത്തോലിക്ക പള്ളി എന്ന് പുനർനാമകരണം ചെയ്യുക ഉണ്ടായി. കത്തോലിക്കാ സഭയിലേക്ക് മാർ ഈവാനിയോസ് പിതാവിനൊപ്പം പുനരൈക്യപ്പെട്ട ഏഴാമത്തെ വൈദീകനായ അദ്ദേഹം തുമ്പമൺ, കൂടൽ, തട്ട, ചന്ദനപ്പള്ളി, ചെന്നീർക്കര തുടങ്ങി ഒമ്പതോളം പള്ളികൾ ആരംഭിക്കുന്നതിന് നേതൃത്വം കൊടുത്തു.

1948 ഓഗസ്റ്റ് 29ന് തന്റെ എഴുപതിയൊൻപതാം വയസ്സിൽ പുത്തൻവീട്ടിലച്ചൻ നിര്യാതനായി. മരണത്തിന് ഏതാനം ദിവസങ്ങൾക്ക് മുമ്പ് മാർ ഈവാനിയോസ് തിരുമേനി അച്ചനെ സന്ദർശിച്ചിരുന്നു. മാർ ഈവാനിയോസ് പിതാവ് വിദേശത്തായിരുന്നതിനാൽ തിരുവല്ല രൂപതാധ്യക്ഷൻ യാക്കൂബ് മാർ തെയോഫിലോസ്‌ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ശവസംസ്കാര ശുശ്രൂഷകൾ നിർവ്വഹിച്ചു. അന്ന് പള്ളിയായിരുന്ന ഇന്നത്തെ കളീക്കൽ എം.എസ്.സി.എൽ.പി സ്കൂളിലാണ് അടക്കിയത്. അച്ചന്റെ ശുശ്രൂഷകൾ സ്വീകരിച്ച അനേകരിലൂടെ അച്ചന്റെ നന്മകൾ ഇന്നും പ്രഘോഷിക്കപ്പെടുന്നു.

കടപ്പാട്:
ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്, ഡോ.ടി.സി.സക്കറിയ,
ജേക്കബ് പുത്തൻവീട്ടിൽ,
ഫാ.പോൾ നിലയ്ക്കൽ തെക്കേതിൽ (കുടുംബാംഗങ്ങൾ)
&
തുമ്പമൺ വടക്കടത്ത് കുടുംബചരിത്രം

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment