സഭാ മാതാവായ മറിയത്തിൻ്റെ സംരക്ഷകൻ

ജോസഫ് ചിന്തകൾ 167

ജോസഫ് : സഭാ മാതാവായ മറിയത്തിൻ്റെ സംരക്ഷകൻ

 

2021 മെയ് മാസം ഇരുപത്തിനാലാം തീയതി സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ നാലാം തവണ തിരുസഭ ആഘോഷിക്കുന്നു. 2018 ലാണ് ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ തിരുനാളിനു കഴിഞ്ഞു പിറ്റേ ദിവസം സഭാ മാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ (Beatae Mariae Virginis, Ecclesiae Matris ) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്.
 
ഈ ഓർമ്മ തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും അവന്റെ മൗതീക ശരീരമായ സഭയുടെയും അമ്മയെന്ന നിലയിൽ മറിയത്തിനുള്ള കർത്തവ്യം വ്യക്തമാക്കുന്നു. വി. ലൂക്കാ പറയുന്നതനുസരിച്ച് പെന്തക്കുസ്താ ദിനം പരിശുദ്ധാത്മാവു ശിഷ്യന്മാരുടെ മേൽ ഇറങ്ങി വന്നപ്പോൾ മറിയം അവരോടൊപ്പം ഉണ്ടായിരുന്നു. അപ്പസ്തോലന്മാരുടെ ആദ്യകാല ശുശ്രൂഷക്കു മറിയം സാക്ഷി ആയിരുന്നു. ആദിമ ക്രൈസ്തവർ മറിയത്തെ സഭയുടെ ആത്മീയ മാതൃത്വത്തിന്റെ പ്രതീകമായി മനസ്സിലാക്കിയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം Lumen Gentium, എന്ന പ്രമാണരേഖയുടെ എട്ടാം അധ്യായം ക്രിസ്തുവിന്റെയും സഭയുടെയും രഹസ്യത്തിൽ കന്യകാമറിയത്തിന്റെ സ്ഥാനം എന്ന താണ്. വിശുദ്ധ പോൾ ആറാമാൻ പാപ്പയാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ മറിയത്തിനു സഭാ മാതാവ് എന്ന പദവി ഔദ്യോഗികമായി നൽകിയത്.
 
ജോസഫ് സഭയുടെ സംരക്ഷകനാണ്, അതോടൊപ്പം സഭാ മാതാവായ മറിയത്തിൻ്റെയും സംരക്ഷകനാണ്. ഉണ്ണിയേശുവിനും മറിയത്തിനും സംരക്ഷണയുടെ പടച്ചട്ട തീർത്ത യൗസേപ്പിതാവ് ഇഹലോക ജീവിതത്തിനു ശേഷം സ്വർഗ്ഗത്തിലിരുന്നു കൊണ്ട് മിശിഹായുടെ മൗതീക ശരീരമായ സഭയെ കാത്തു പാലിക്കാൻ നിരന്തരം ശ്രദ്ധ ചെലുത്തുന്നു. ഫ്രാൻസീസ് പാപ്പയുടെ അഭിപ്രായത്തിൽ “ സഭയിൽ, വൈദീകരിലും സന്യാസികളിലും വിശ്വാസികളിലും മാതൃത്വ ബോധം പ്രോത്സാഹിപ്പിക്കാനും, യഥാർത്ഥ മരിയ ഭക്തിയിൽ വളരുന്നതിനാണു ” സഭാ മാതാവായ മറിയത്തിന്റെ പുതിയ ഓർമ്മ ദിനത്തിനു ആരംഭം കുറിച്ചത് എന്നാണ്. മനുഷ്യവതാര രഹസ്യത്തിൽ മറിയത്തോടൊപ്പം സഹകാരിയായ യൗസേപ്പിതാവ് യഥാർത്ഥ മരിയ ഭക്തനായിരുന്നു.
 
ആ വത്സല പിതാവിൽ മാതൃത്വബോധവും ആഴത്തിലുണ്ടായിരുന്നു. മറിയത്തെ ഈശോയുടെ അമ്മയും നമ്മുടെ അമ്മയുമായി കാട്ടിത്തരുന്ന കെടാവിളക്കാണ് യൗസേപ്പിതാവ്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment