ജോസഫ് ചിന്തകൾ 184
ജോസഫ് എന്തും സഹിക്കാൻ തയ്യാറായ നന്മ നിറഞ്ഞവൻ
ഡാനീഷ് തത്വചിന്തകനായ സോറെൻ കീർക്കെഗാഡ് (1813-1855) നന്മയുള്ള മനുഷ്യൻ്റെ ലക്ഷണത്തെപ്പറ്റി ഇപ്രകാരം പറയുന്നു: ” ഒരു മനുഷ്യൻ യഥാർത്ഥത്തിൽ നന്മയായത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കണം. അല്ലെങ്കിൽ ആ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാവണം.” യൗസേപ്പിതാവിൻ്റെ ജീവിതത്തെ ഈ ലക്ഷണങ്ങളിലൂടെ നോക്കിക്കാണുമ്പോൾ നന്മ നിറഞ്ഞ മനുഷ്യനായിരുന്നു ഈശോയുടെ വളർത്തു പിതാവ്.
നന്മ നിറഞ്ഞ മനുഷ്യൻ ഒന്നാമതായി നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കുന്നു. നന്മ നിറഞ്ഞ യൗസേപ്പിതാവ് പ്രപഞ്ചം കണ്ട ഏറ്റവും വലിയ നന്മയായ മനുഷ്യവതാരം ചെയ്ത ഈശോയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കുന്നു. ആ നന്മയ്ക്കു വേണ്ടി രാത്രികൾ പകലുകൾ ആക്കുന്നു, പലായനങ്ങൾ പതിവാക്കുന്നു, നിതാന്ത ജാഗ്രത ജീവിത താളമാകുന്നു. ദൈവപുത്രൻ്റെ നന്മയ്ക്കു വേണ്ടി മനുഷ്യ സാധ്യമായതെല്ലാം അവൻ ചെയ്യുന്നു.
രണ്ടാമതായി ഈശോയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്നു. ഈ സഹനത്തിൽ സ്നേഹം നിരന്തരം നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു. അതിനാലാണ് പന്ത്രണ്ടാം വയസ്സിൽ ഈശോയെ കാണാതായപ്പോൾ മൂന്നു ദിവസത്തെ യാത്രക്കൊടുവിൽ യൗസേപ്പും മറിയവും ഈശോയ കണ്ടെത്തിയപ്പോൾ ആത്മനിർവൃതി അണയുന്നത്.
യാസേപ്പിതാവിനു നസറത്തിലെ തൻ്റെ കുടുംബവും വലിയ നന്മയായിരുന്നു. ആ കുടുംബത്തിനു വേണ്ടി നന്മ ചെയ്തും ആ കുടുംബത്തിനു വേണ്ടി സഹനങ്ങൾ ഏറ്റെടുത്തും അവൻ മാതൃകയായി.
നന്മ നിറഞ്ഞ വ്യക്തികളാകാൻ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃക നമുക്കു സ്വന്തമാക്കാം
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements


Leave a comment