ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ

ജോസഫ് ചിന്തകൾ 221

ജോസഫ് ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ

 
ദിവ്യകാരുണ്യത്തിൻ്റെ സൈബർ അപ്പസ്തോലൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ കാർലോ അക്യുറ്റിസിൻ്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ” എല്ലാ മനുഷ്യരും ഒറിജിനലായി ജനിച്ചവരാണ്, പക്ഷേ പലരും ഫോട്ടോ കോപ്പികളായി മരിക്കുന്നു.” പതിനഞ്ചാം വയസ്സിൽ ലൂക്കേമിയ ബാധിച്ചു മരിച്ച ഒരു കൗമാരക്കാരൻ്റെ വാക്കുകളാണിവ. കാർലോയുടെ കൊച്ചു ജീവിതത്തിനിടയിൽ ആയിരക്കണക്കിനു മനുഷ്യരെയാണ് തൻ്റെ വിശ്വാസ സാക്ഷ്യത്താലും ദിവ്യകാരുണ്യത്തോടുള്ള അതിരറ്റ ഭക്തിയാലും അടുപ്പിച്ചത്.
 
വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതത്തെ നോക്കിക്കാണുമ്പോൾ ദൈവ പിതാവു സൃഷ്ടിച്ച ഒറിജിനാലിറ്റയിൽ തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു യൗസേപ്പിതാവ്. കപടതയോ വഞ്ചനയോ ഇരട്ട സ്വഭാവമോ ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ദൈവ പിതാവു സൃഷ്ടിച്ച ഒറിജിനാലിറ്റിയിൽ, തനിമയിൽ തന്നെ യൗസേപ്പിതാവു മരിക്കുകയും ചെയ്തു. ഭൂമിയിൽ ജീവിച്ച ആരുടെയും ഫോട്ടോ കോപ്പിയാകാൻ അവൻ പരിശ്രമിച്ചില്ല. ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും നിലകൊള്ളുകയായിരുന്നു അവൻ്റെ കടമയും ഉത്തരവാദിത്വവും. അതായിരുന്നു അവൻ്റെ ജീവിത വിജയവും. നിർമ്മലമായ മനസാക്ഷിയും ദൈവഹിതത്തോടുണ്ടായിരുന്ന തുറന്ന സമീപനവും അവനെ അതിനു സഹായിച്ചു എന്നു വേണം കരുതുവാൻ.
 
ആരുടെയെങ്കിലുമൊക്കെ ഫോട്ടോ കോപ്പികളാകാൻ നമ്മൾ പരിശ്രമിക്കുമ്പോൾ സന്തോഷവും സംതൃപ്തിയും നമ്മുടെ ജീവിതത്തിൽ നിന്നു പടിയിറങ്ങുകയാണ്. മറ്റുള്ളവരെ പ്രസാദിപ്പിക്കാൻ മാത്രം ജീവിതത്തെ ക്രമപ്പെടുത്തുമ്പോൾ സ്വജീവിതത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ നാം പരാജയപ്പെടുന്നു. ദൈവം നമുക്കു നൽകിയ തനിമയിൽ ജീവിച്ച് നമ്മുടെ ജീവിതത്തെ നമുക്കു മനോഹരമാക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment