കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ചൈതന്യം

ജോസഫ് ചിന്തകൾ 223
നമ്മുടെ കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ജോസഫ് ചൈതന്യം
 
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ( 1805- 1871) തന്റെ മരണപത്രത്തിൽ കുടുംബങ്ങൾക്കായി നൽകിയ അനർഘ ഉപദേശങ്ങളിലെ ഒരു ചാവരുളാണ് ഇന്നത്തെ ജോസഫ് ചിന്ത. യൗസേപ്പിതാവിൻ്റെ ചൈതന്യം സ്വീകരിക്കുന്ന കുടുംബങ്ങൾ നിർബദ്ധമായും പാലിക്കേണ്ട ഒരു ആത്മീയ നിഷ്ഠയിലേക്കാണ് ചാവറയച്ചൻ വിരൽ ചൂണ്ടുന്നത്. അതിപ്രകാരമാണ്: “കുടുംബത്തിൻ എത്ര വലിയ വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നാൽ തന്നെയും കുടുംബ പ്രാർത്ഥന മുടക്കരുത്. അത് നിശ്ചിത സമയത്ത് തന്നെ നടത്തണം മറ്റുള്ളവർക്ക് നിങ്ങളുടെ പ്രവൃത്തി ഒരു സാക്ഷ്യമാകട്ടെ.”
 
കുടുംബ പ്രാർത്ഥന കുടുംബത്തിലെ ബലി സമർപ്പണമാണ്. ആ ബലിയിൽ അതിഥികളെ ഉൾപ്പെടുത്തുമ്പോൾ ജീവൻ്റെ ഉറവിടമായ ദൈവത്തിങ്കലേക്ക് നാം അവരുടെ ജീവിതം കൂടി പുതുക്കി പ്രതിഷ്ഠിക്കുകയാണ്. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു ജീവിക്കുന്നു എന്നാണല്ലോ ജപമാലയുടെ വൈദികന് ഫാ. പാട്രിക്‌ പെയ്‌ടണിന്റെ അഭിപ്രായം അതിഥികൾ വരുമ്പോൾ കുടുംബ പ്രാർത്ഥന മുടക്കിയാൽ ഒന്നിച്ചു ജീവിക്കുവാനുള്ള ഹൃദയവിശാലതയ്ക്കു നാം തുരങ്കം സൃഷ്ടിക്കുകയാണ്.
 
ദൈവത്തിനു കുടുംബത്തിൽ ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ അവനാണ് ജീവൻ്റെയും കുടുംബത്തിൻ്റെയും കേന്ദ്രം. നസറത്തിലെ ദൈവം വസിച്ച ഭൂമിയിലെ കുടബത്തിൽ യൗസേപ്പിതാവും മാതാവും ഒരിക്കലും പ്രാർത്ഥന മുടക്കിയിട്ടില്ലായിരുന്നു. വീണു കിട്ടുന്ന ഓരോ അവസരവും അവർ പ്രാർത്ഥനയാക്കിയിരുന്നു. വിട്ടിൽ അതിഥികൾ വരുമ്പോൾ കുടുംബ പ്രാർത്ഥന ഒഴിവാക്കാനുള്ള കാരണമായി കാണാതെ ഒന്നിച്ചു പ്രാർത്ഥിക്കാനുള്ള അവസരമാക്കി നമുക്കു മാറ്റാം.
 
നമ്മുടെ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവരെയുംകൂട്ടി പ്രാർത്ഥിക്കാൻ തയ്യാറാകുമ്പോൾ യൗസേപ്പിതാവിൻ്റെ ചൈതന്യം നമ്മുടെ ഭവനങ്ങളിലും ഭരണം നടത്തും.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment