ജോസഫ് ചിന്തകൾ 296
യൗസേപ്പിതാവും മുഖ്യദൂതന്മാരും
മുഖ്യദൂതന്മാരുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 29 ന് അവരെക്കൂട്ടിയാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവർ.
മിഖായേൽ എന്ന പേരിൻ്റെ അർത്ഥം ദൈവത്തെപ്പോലെ ആരുണ്ട് എന്നാണ്. എന്താണ്, ഇത് അർത്ഥമാക്കുക ദൈവമാണ് ഏറ്റവും മഹോന്നതൻ എന്നാണ്. തിന്മയിൽ നിന്നു സഭയെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മിഖായേൽ ദൂതനാണ്. ദൈവീക സിംഹാസനത്ത നിഷേധിച്ച ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്നു പുറത്താക്കിയതിൽ മിഖായേൽ മാലാഖയ്ക്ക് സുപ്രധാന പങ്കുണ്ട്.
ഗബ്രിയേൽ എന്ന പേരിൻ്റെ അർത്ഥം ദൈവം എൻ്റെ യോദ്ധാവ് എന്നാണ് അതായത് അടിസ്ഥാനപരമായി ദൈവം എൻ്റെ സംരക്ഷകൻ എന്നർത്ഥം. രക്ഷാകര ചരിത്രത്തിലെ സുപ്രധാനമായ രണ്ടു ജനനങ്ങളെപ്പറ്റി അറിയിക്കാൻ ഭാഗ്യം ലഭിച്ച ദൂതനാണ് പുതിയ നിയമത്തിൽ ആദ്യം പേര് പരാമർശിക്കുന്ന ഗബ്രിയേൽ ദൂതൻ.
ദൈവം സുഖപ്പെടുത്തുന്നു എന്നാണ് റഫായേൽ എന്ന പേരിൻ്റെ അർത്ഥം.
തോബിത്തിന്റെ പുസ്തകത്തിലാണ് റഫായേൽ മാലാഖയെ നാം കാണുക. തോബിത്തിനെ സുഖപ്പെടുത്താനും സാറയിൽ നിന്നു പിശാചിനെ ബഹിഷ്ക്കരിക്കാനും റഫായേൽ ദൂതൻ സഹായിക്കുന്നു. കൊച്ചു തോബിയാസിനു ജീവിതത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ നിർദ്ദേശങ്ങൾ നല്കാനും സഹായിക്കാനും റഫായേൽ മാലാഖ കൂട്ടിനുണ്ട്.
മൂന്നു മുഖ്യദൂതന്മാരുടെയും സ്വഭാവസവിശേഷതകൾ ഈശോയുടെ വളർത്തു പിതാവിൽ ഒന്നു ചേർന്നിരിക്കുന്നു. ദൈവമാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും മഹോന്നതൻ എന്നു യൗസേപ്പിതാവു തിരിച്ചറിഞ്ഞിരുന്നു. ദൈവ വഴി മാത്രമേ ജീവിതത്തിൽ മഹത്വം കൊണ്ടുവരുകയുള്ളു എന്നവൻ ഉറച്ചു വിശ്വസിച്ചിരുന്നു. സാത്താൻ്റെ കുത്തി തിരിപ്പുകൾ മുളയിലെ പിഴുതെറിയാൻ അവനുശക്തിയുണ്ട് അതിനാലാണ് വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയിൽ നാം ഇപ്രകാരം പ്രാർത്ഥിക്കുന്നത്. “അന്ധകാര ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ. “
ദൈവത്തെ തൻ്റെ സംരക്ഷകനായി യൗസേപ്പിതാവു കണ്ടപ്പോൾ ദൈവ പിതാവ് തൻ്റെ പ്രിയപുത്രൻ്റെ സംരക്ഷണം യൗസേപ്പിതാവിനു കൈമാറി എന്നതാണ് രക്ഷാകര ചരിത്രം. ” ഉണ്ണീശോയെ മരണകരമായ അപകടത്തിൽ നിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിൻറെ തിരുസഭയെ ശത്രുവിനെ കെണിയിൽനിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ” എന്ന യാചന യൗസേപ്പിതാവ് നമ്മളെ സംരക്ഷിക്കും എന്നതിൻ്റെ വലിയ ഉറപ്പാണ്.
ദൈവം സുഖപ്പെടുത്തുന്നു എന്ന റഫായേൽ മാലാഖയുടെ പേര് യൗസേപ്പിതാവ് ജീവിതത്തിൽഅന്വർത്ഥമാക്കി. കാരണം യൗസേപ്പിതാവിൻ്റെ സാന്നിധ്യവും സംരക്ഷണവും തിരുക്കുടുംബത്തിനു സൗഖ്യം നൽകുന്ന അനുഭവമായിരുന്നു. എന്ന പേരിൻ്റെ അർത്ഥം.
മുഖ്യ ദൂതന്മാരുടെ തിരുനാൾ ദിനത്തിൽ ദൈവത്തെപ്പോലെ ആരുണ്ട് എന്ന ചോദ്യത്തോടെ ദൈവമഹത്വം പ്രഘോഷിക്കുന്നവരും, ദൈവത്തിൻ്റെ ശക്തിയായ ഗബ്രിയേലിനെപ്പോലെ സത്യവിശ്വാസം സംരക്ഷിക്കുന്നവരും ദൈവത്തിൻ്റെ ഔഷധമായ റഫായേലിനെപ്പോലെ ലോകത്തിനു സൗഖ്യം പകരുന്നവരുമാകാൻ വിശുദ്ധ യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാം.
ഫാ. ജയ്‌സൺ കുന്നേൽ mcbs
Advertisements

Advertisements
Advertisements

Leave a comment