ഓരോ സ്പന്ദനവും പ്രാർത്ഥന ആക്കിയവൻ

ജോസഫ് ചിന്തകൾ 298
ജോസഫ് ഹൃദയത്തിലെ ഓരോ സ്പന്ദനവും പ്രാർത്ഥന ആക്കിയവൻ
 
സ്നേഹം കൊണ്ടു സ്വർഗ്ഗം നേടാൻ നമ്മെ പഠിപ്പിക്കുന്ന ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ദിനത്തിൽ അവളുടെ ചില ദർശനങ്ങളാകട്ടെ ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. ഓരോ പ്രഭാതത്തിലുമുള്ള അവളുടെ സമർപ്പണം ഇപ്രകാരമായിരുന്നു. “എന്റെ ഹൃദയത്തിലെ ഓരോ സ്പന്ദനവും, ഓരോ ചിന്തയും, എന്റെ ഏറ്റവും ചെറിയ പ്രവൃത്തി പോലും, വിശുദ്ധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുവാനും, നിന്റെ കാരുണ്യ സ്നേഹത്തിന്റെ അഗ്‌നിയിൽ അവയെ ദഹിപ്പിക്കാനും ഞാൻ മനസ്സാകുന്നു”.
 
ദൈവത്തിൽ ഹൃദയമുറപ്പിച്ചവർക്കു മാത്രമേ അത്തരമൊരു സമർപ്പണം അനുദിനം നടത്താനാവു. ഈ സമർപ്പണമായിരുന്നു കൊച്ചുറാണിയുടെ ജീവിത വിശുദ്ധിയുടെ അടിസ്ഥാനം.
 
ഹൃദയത്തിൽ ദൈവത്തിനു ഒന്നാം സ്ഥാനം നൽകിയിരുന്ന യൗസേപ്പിതാവിൻ്റെയും ഓരോ ചിന്തയും ചെറിയ പ്രവർത്തിപോലും ദൈവത്തെ പ്രസാദിപ്പിക്കുന്ന തരത്തിലായിരുന്നു എന്നു നമുക്ക് അനുമാനിക്കാം.
 
“എനിക്ക് പ്രാർത്ഥന, ഹൃദയത്തിലെ ഓരോ സ്പന്ദനം പോലെയാണ്, സ്വർഗ്ഗത്തിലേക്കുള്ള ഒരു ചെറിയ നോട്ടമാണത്.”വിശുദ്ധ ചെറുപുഷ്പത്തിൻ്റെ ഈ വാക്കുകളിലും ജോസഫ് ചൈതന്യം ഒളിഞ്ഞു കിടപ്പുണ്ട്. നിശബ്ദനായ യൗസേപ്പിതാവ് ഓരോ ഹൃദയസ്പന്ദവും പ്രാർത്ഥനയാക്കിയവനാണ്. നിതീമാനായ ആ പിതാവിനു പ്രാർത്ഥന എന്നത് സ്വർഗ്ഗത്തിലേക്കുള്ള നോട്ടമായിരുന്നു. സ്വർഗ്ഗീയ പിതാവുമായിട്ടു അത്രയധികം ആത്മബന്ധമുണ്ടായിരുന്നു യൗസേപ്പിതാവിന്. വിശുദ്ധ കൊച്ചുത്രേസ്യായും ശിശുസഹജമായ ആശ്രയബോധത്തോടെ സ്വർഗ്ഗീയ പിതാവിനെ അപ്പാ എന്നു വിളിച്ചിരുന്നു.
 
സ്വർഗ്ഗീയ പിതാവിനെ അപ്പനായി സ്വീകരിച്ച് ഓരോ ഹൃദയസ്പന്ദനവും പ്രാർത്ഥനയാക്കി മാറ്റാൻ യൗസേപ്പിതാവും വിശുദ്ധ ചെറുപുഷ്പവും നമ്മെ സഹായിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
 
വിശുദ്ധ കൊച്ചുത്രേസ്യായെപ്പറ്റിയുള്ള മറ്റൊരു ജോസഫ് ചിന്തയുടെ link ചുവടെ ചേർക്കുന്നു
 
(ജോസഫ് ചിന്തകൾ 82
ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന്)
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment