{പുലർവെട്ടം 528}
നഗരകൗതുകങ്ങളിൽനിന്ന് പ്രകൃതിയുടെ വിശ്രാന്തി തേടിപ്പോയ ഒരാളായിരുന്നു ഹെൻറി ഡേവിഡ് തോറോ. വാൾഡനാണ് ലോകത്തിന്റെ ഗതിയെ ഗണ്യമായി സ്വാധീനിച്ച അയാളുടെ ഗ്രന്ഥം. അതിലെ ഒരു കഥയ്ക്ക് അസാധാരണ വശ്യതയുണ്ട്.
ഓക്കുമരത്തിൻ്റെ പൊത്തിൽ ഒരു ശലഭം മുട്ടയിട്ടു. അത് വിരിയുന്നതിന് മുമ്പ് തന്നെ ഒരു മരയാശാരി പണിത്തരങ്ങൾക്ക് വേണ്ടി അതിനെ മുറിച്ചെടുത്തു. അയാൾ അതുകൊണ്ട് ഒരു ഭക്ഷണമേശയാണ് നിർമ്മിച്ചത്.അതിഥികൾക്ക് വേണ്ടിയുള്ള മുറിയിൽ അത് അലങ്കാരമായി.
ഒരിക്കൽ ഒരു പാത്രം ചൂടുചായ ആരോ അതിൽ വച്ചു. പാത്രത്തിൻ്റെ ചൂടേറ്റ് ശലഭങ്ങൾ വിരിഞ്ഞു.എത്ര സാധാരണ അനുഭവങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നുമാണ് നിനച്ചിരിക്കാത്ത നേരത്ത് വർണ്ണപ്പറവകൾ പറന്നുയരുന്നത്. ജീവിതം എന്തൊക്കെ വിസ്മയങ്ങളാണ് ഒരാൾക്കുവേണ്ടി കരുതി വയ്ക്കുന്നത്.
പിരിയൻഗോവണികളിലൂടെയാണ് ആയുസ്സിന്റെ സഞ്ചാരമെന്നു പറയുമ്പോൾ അവിചാരിതാനുഭവങ്ങളുടെ ഭീതി മാത്രമല്ല ഹർഷവും അതിൽ അടക്കം ചെയ്തിട്ടുണ്ട്.നാളെ കുറേക്കൂടി നല്ലതായിരിക്കും.
– ബോബി ജോസ് കട്ടികാട്
Advertisements

പുലർവെട്ടം | Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Advertisements


Leave a comment