അമ്മ വിചാരങ്ങൾ 05 രക്ഷയുടെ വഴിയിലൂടെ എന്നെ നയിക്കണമേ

അമ്മ വിചാരങ്ങൾ 05
മറിയമേ, രക്ഷയുടെ വഴിയിലൂടെ എന്നെ നയിക്കണമേ.
 
Angelic Doctor അഥവാ മാലാഖപോലുള്ള വേദപാരംഗതൻ എന്നറിയപ്പെടുന്ന വിശുദ്ധ തോമസ് അക്വീനാസിൻ്റെ (1225-1274) പരിശുദ്ധ മറിയത്തോടുള്ള ഭക്തി സാന്ദ്രമായ പ്രാർത്ഥനയാണ് ഇന്നത്തെ അമ്മ വിചാരം
ഏറ്റവും അനുഗ്രഹീതയും മാധുര്യമുള്ളവളുമായ കന്യകാമറിയമേ, ദൈവമാതാവേ, എല്ലാ ആർദ്രതയാലും നിറഞ്ഞവളെ, അത്യുന്നതനായ രാജാവിന്റെ മകളെ, മാലാഖമാരുടെ മാതാവേ, എല്ലാ വിശ്വസ്തരുടെയും അമ്മേ, ഈ ദിനത്തിലും എന്റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും, ഞാൻ എന്നെത്തന്നെ അങ്ങയുടെ കരുണാർദ്ര ഹൃദയത്തിനു എന്റെ ശരീരവും ആത്മാവും, എന്റെ എല്ലാ പ്രവൃത്തികളും, ചിന്തകളും, തീരുമാനങ്ങളും, ആഗ്രഹങ്ങളും, വാക്കുകളും, പ്രവൃത്തികളും, എന്റെ മുഴുവൻ ജീവിതവും മരണവും, ഭരമേൽപ്പിക്കുന്നു. അങ്ങനെ, നിൻ്റെ സഹായത്താൽ, നിൻ്റെ പ്രിയപ്പെട്ട പുത്രന്റെ ഹിതപ്രകാരം എല്ലാം സംഭവിക്കട്ടെ. ലോകത്തിന്റെയും ജഡത്തിന്റെയും പിശാചിന്റെയും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുള്ള കൃപ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷകനുമായ കർത്താവായ ഈശോ മിശിഹായിൽ നിന്ന് എനിക്കുവേണ്ടി യാചിക്കണമേ.
എന്റെ പരമ പരിശുദ്ധയായ മാതാവേ,
യഥാർത്ഥ അനുസരണവും ഹൃദയവിനയവും എനിക്കു നേടിത്തരണമേ എന്ന് ഞാൻ നിന്നോടു അപേക്ഷിക്കുന്നു, അതുവഴി
എന്റെ സ്രഷ്ടാവിന്റെ കൃപയും സഹായവും നിൻ്റെ വിശുദ്ധ പ്രാർത്ഥനകളു കൂടാതെ,
പാപിയും, ദയനീയവും ദുർബലനും, ശക്തിയില്ലാത്തവനുമാണ്
ഞാൻ എന്നു സ്വയം മനസ്സിലാക്കട്ടെ.
ഏറ്റവും മാധുര്യമുള്ള അമ്മേ
എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന്, നിൻ്റെ ഏറ്റവും പരിശുദ്ധനായ പുത്രനും, നമ്മുടെ കർത്താവുമായ ഈശോമിശിഹായെ സ്നേഹിക്കാനും, അവനുശേഷം, മറ്റെല്ലാവർക്കും ഉപരിയായി നിന്നെ സ്നേഹിക്കാനും എനിക്കു കൃപ തരണമേ. സ്വർഗ്ഗരാജ്ഞി, എപ്പോഴും എന്റെ ഹൃദയത്തിൽ നിൻ്റെ ഏറ്റവും മാധുര്യമുള്ള പുത്രനോട് ഭയവും സ്നേഹവും നിലനിർത്താൻ എന്നെ പഠിപ്പിക്കണമേ
എന്റെ ജീവിതാവസാനത്തിൽ, സ്വർഗ്ഗത്തിന്റെ കവാടവും പാപികളുടെ വക്താവുമായ നീ നിൻ്റെ മഹത്തായ ഭക്തിയാലും കരുണയാലും എന്നെ സംരക്ഷിക്കുകയും, നിൻ്റെ പുത്രന്റെ അനുഗ്രഹീതവും മഹത്വപൂർണ്ണവുമായ പീഡാനുഭവത്താലും നിൻ്റെ മദ്ധ്യസ്ഥതയാലും, എന്റെ എല്ലാ പാപങ്ങളിൽ നിന്നും മോചനം നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ദൈവമാതാവേ, നിന്നിലും നിൻ്റെ പുത്രനിലും ഉള്ള സ്നേഹത്തിലും ഞാൻ മരിക്കുമ്പോൾ, രക്ഷയുടെയും അനുഗ്രഹത്തിന്റെയും വഴിയിൽ എന്നെ നയിക്കേണമേ. ആമ്മേൻ
 
പ്രാർത്ഥിക്കാം
 
മറിയമേ, എൻ്റെ അമ്മേ, ദൈവത്തിനു നീ സമ്പൂർണ്ണമായി സമർപ്പിച്ചതുപോലെ യാതൊന്നും പിടിച്ചു വയ്ക്കാതെ എന്നെത്തന്നെ മുഴുവനായും ഈശോയ്ക്കായി സമർപ്പിക്കാൻ എന്നെ പരിശീലിപ്പിക്കണമേ. ദൈവകാരുണ്യത്തിൽ എന്നെ സ്വീകരിക്കുവാനും ദൈവകൃപയിൽ എന്നെ സംരക്ഷിക്കുവാനും നിൻ്റെ പ്രിയപുത്രനോടു എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
2021 ഡിസംബർ 21
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment