വിഭൂതി സന്ദേശം

തലേവർഷത്തെ ഓശാനഞായറാഴ്ചയിലെ വെഞ്ചരിച്ച കുരുത്തോല കത്തിച്ച ചാരം നെറ്റിയിൽ കുരിശാകൃതിയിൽ പൂശി അനുതാപത്തിന്റെ യാത്ര ആരംഭിക്കുന്നു. “മനുഷ്യാ, നീ മണ്ണാകുന്നു; മണ്ണിലേക്കു മടങ്ങും നൂനം; അനുതാപ കണ്ണുനീർ വീഴ്ത്തി : പാപപരിഹാരം ചെയ്തുകൊൾക നീ”, എന്ന് ഗായകസംഘം പാടുമ്പോൾ മരവിക്കാത്ത ഹൃദയങ്ങളൊക്കെയും അനുതാപത്തിന്റെ ജലധാര ഒഴുക്കും. 2010 ലെ തപസ്സാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് റോമിലെ വി. സബീനായുടെ ബസിലിക്കായിൽ ബനഡിക്ട് 16 –മൻ മാർപ്പാപ്പ ജനങ്ങളെ ഇപ്രകാരം ആഹ്വാനം ചെയ്തു. ” ഒരുവനോട് ക്ഷമിക്കുന്നത്, നീ നശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; നീ ജീവിക്കണം; നിന്റെ കുറവുകളിൽ നിന്നും വീണ്ടും ഉണരണം എന്നതിനു തുല്യമാണ്”. വീണ്ടും, ദൈവം നമ്മോട് ക്ഷമിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നതെന്നും, നമ്മുടെ പാപങ്ങളെ അവഗണിച്ചുകൊണ്ടും അവിടുന്ന് നമ്മോട് കരുണ കാണിക്കുന്നുവെന്നും ജ്ഞാനത്തിന്റെ പുസ്തകം ഉദ്ധരിച്ചുകൊണ്ടും പാപ്പാ വിശ്വാസികളെ വലിയനോമ്പാചരണത്തിന് ക്ഷണിച്ചു.(cf ജ്ഞാനം 11: 23-26 )

മാറ്റവും മാനസാന്തരവുമാണ് നോമ്പിനെ ശ്രേഷ്ഠമാക്കുന്നത്. പാപം ഭരിക്കപ്പെടുന്ന ജീവിതത്തിൽനിന്നും ദൈവത്തിലേയ്ക്കുളള തിരിച്ചുനടപ്പാണ് മാനസാന്തരം. ചാക്കുടുത്ത് ചാരത്തിലിരുന്ന് മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ച നിനവേ നിവാസികളെപ്പോലെ ( യോനാ 3 : 4- 5) മനസ്സിലും പ്രവർത്തിയിലും അടിഞ്ഞുകൂടിയ മാലിന്യമെല്ലാം കഴുകി ശുദ്ധീകരിച്ച് സഹോദരങ്ങളോട് രമ്യതപ്പെട്ട് ദൈവവുമായി ഐക്യം സ്ഥാപിക്കുമ്പോൾ അനുതാപം ആനന്ദക്കണ്ണീരായി മാറും. വീഴചകളിൽ നിന്നും പതനങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അനാവശ്യ കണക്കുപുസ്തകങ്ങൾ മുൾച്ചെടികളോട് ചേർന്ന് കത്തിച്ചുകളയുമ്പോൾ വയൽ ഒരുക്കപ്പെടുകയും നൂറുമേനിയുടെ വിത്തുകൾ വിതയ്ക്കപ്പെടുകയും ചെയ്യും . അവിടെ മുളച്ചുവളരുന്ന ഓരാ ചെടിയ്ക്കും ദൈവത്തിന്റെ കരുതലും സംരക്ഷണവും കൂട്ടിനുണ്ടാകും. അനുതാപം ജീവിക്കുമ്പോഴാണ് നോമ്പ് അർത്ഥപൂർണമാകുന്നത്. കടുംപിടുത്തവും പുച്ഛഭാവവും അകറ്റി നെറ്റിയിൽ പൂശപ്പെട്ട ചാരത്തിന്റെ വിലയും മനുഷ്യന്റെ നിസ്സാരതയും ധ്യാനിക്കുമ്പോഴേണ് മൽപിടുത്തങ്ങളും പാപത്തിന്റെ കൂട്ടുകെട്ടുകളും തകർന്നടിയുന്നത്. പുതുജീവിതത്തിന്റെ മാനദണ്ഡം തിന്മകളുടെ ഒഴിവാക്കലും, സ്വഭാവം ദൈവത്തിന്റെ കരം പിടിക്കലുമാണ്.
“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?”(മത്തായി 16 : 26) എന്നതായിരിക്കട്ട ഇന്നത്തെ നമ്മുടെ ധ്യാനവിഷയം.

    ഫാ. ഷാജി പുതുപ്പറമ്പിൽ
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment