മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
കൊല്ലം രൂപതയിലേക്ക് പുനരൈക്യപ്പെട്ടവരിൽ ആദ്യമായി അന്ത്യോക്യൻ ആരാധനക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച വൈദികൻ, പി.ജി. ഏബ്രഹാം കോർ എപ്പിസ്കോപ്പ
പുത്തൻപീടികയിലെ പുരാതനമായ പീടികയിൽ കുടുംബത്തിൽ, പാരമ്പര്യമായ വൈദികരുടെ തലമുറയിലെ ശ്രേഷ്ഠമായ ഒരു കണ്ണിയായി, ഗീവർഗീസ് കോർ എപ്പിസ്കോപ്പ അച്ചന്റെ മകനായി, 1852ൽ ഏബ്രഹാം ജനിച്ചു. എഴുത്തുപള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്നുള്ള സ്കൂൾ പഠനത്തിനു ശേഷം ഇടവക പൊതുയോഗത്തിന്റെ ആലോചനയോടും അനുമതിയോടും കുടുംബാംഗങ്ങളുടെയും മാതാപിതാക്കളുടെയും ആശീർവാദത്തോടെയും വൈദിക പരിശീലനം ആരംഭിച്ചു. ഗുരുവിനോട് ഒപ്പം താമസിച്ച് ശിക്ഷണം അഭ്യസിക്കുന്ന മൽപ്പാൻ സമ്പ്രദായത്തിൽ സുറിയാനി ഭാഷാ അഭ്യസനവും ആരാധനക്രമ പരിശീലനവും പൂർത്തിയാക്കി 1876ൽ പൗരോഹിത്യം സ്വീകരിച്ചു. അതിനു മുമ്പായി വിവാഹിതനായി,
വേട്ടാകുളത്ത് കുടുംബത്തിലെ അന്നാമ്മയെ സഹധർമ്മിണിയായി സ്വീകരിച്ചു.
പത്തനംതിട്ട പ്രദേശത്തെ അതിസമ്പന്നമായ കുടുംബങ്ങളിലൊന്നായിരുന്നു പീടികയിൽ കുടുംബം. ധനാഡ്യരെന്ന് കരുതുന്നവർ കാളവണ്ടി ഉപയോഗിക്കുന്ന അന്നത്തെ കാലത്ത് സ്വന്തമായി കുതിരയും കുതിരവണ്ടിയും ഉള്ള കുടുംബം.
തലമുറകളോളം ഇടമുറിയാതെ വൈദികവൃത്തി സ്വീകരിച്ചു വന്ന കുടുംബമാണ് പീടികയിൽ, 18 തലമുറ വൈദികർ. പീടികയിൽ മൂലകുടുംബം
കുറവിലങ്ങാടു നിന്ന് കടമ്പനാടേക്കും അവിടെ നിന്ന് തുമ്പമൺ ഭാഗത്തേക്കും കുടിയേറി പിന്നീട് പുത്തൻപീടികയിലേക്ക് വന്ന് അവിടെ താമസമാക്കി.
മൈലപ്ര, പുത്തൻപീടിക, ഓമല്ലൂർ, വാഴമുട്ടം, മണ്ണാറകുളഞ്ഞി, ചന്ദനപള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാമുള്ള ഇന്നത്തെ ഓർത്തഡോക്സ് ഇടവകകളുടെ രൂപീകരണത്തിലും വളർച്ചയിലും പീടികയിൽ കുടുംബത്തിലെ വൈദികരുടെ നേതൃത്വം ഉണ്ടായിരുന്നു.
1875ൽ പത്രോസ് തൃതീയൻ നാലാമൻ പാത്രിയർക്കീസ് മലങ്കര സന്ദർശിക്കുക ഉണ്ടായി. മലങ്കര മെത്രാപ്പൊലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിനൊപ്പം അദ്ദേഹം മലങ്കരയിലെ പള്ളികൾ സന്ദർശിക്കുകയും 1876ൽ ഓമല്ലൂർ എത്തുകയും ചെയ്തു. അദ്ദേഹത്തിന് അന്ന് ആതിഥേയത്വം അരുളിയത് മധ്യതിരുവിതാംകൂറിലെ വൈദികരിൽ പ്രമുഖനായ പീടികയിൽ ഗീവർഗീസ് കോറെപ്പിസ്കോപ്പായുടെ ഭവനത്തിൽ ആയിരുന്നു, അങ്ങനെ പൗരസ്ത്യ സുറിയാനി സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസിനെ സ്വന്ത ഭവനത്തിൽ അതിഥി ആയി കൈക്കൊള്ളാൻ ഭാഗ്യവും സിദ്ധിച്ചു.
ഏബ്രഹാം കത്തനാർ – അന്നാമ്മ ദമ്പതികളുടെ ദാമ്പത്യ ജീവിതത്തിൽ ആറു മക്കളെ നൽകി സർവ്വശക്തനായ ദൈവം അനുഗ്രഹിച്ചു. പീടികയിൽ ഗീവർഗീസ് കത്തനാർ, പ്ളാന്റർ പി.എ. ജോഷ്വ പുനലൂർ, പി.എ. ഏബ്രഹാം സാർ കിഴക്കുപുറം എന്നീ മൂന്ന് ആൺ മക്കൾ മഠവിള മറിയാമ്മ, ചിറത്തലയ്ക്കൽ ഏലിയാമ്മ, ചക്കാലമണ്ണിൽ റാഹേൽ എന്നീ മൂന്ന് പെൺമക്കൾ.
കുടുംബത്തിന്റെ പൗരോഹിത്യ പാരമ്പര്യം പിന്തുടർന്ന് മൂത്ത മകനായ ഗീവർഗീസ് പീടികയിൽ വൈദികനായി. ഓർത്തഡോക്സ് – യാക്കോബായ കോടതി വ്യവഹാരങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നതിനായി മലങ്കര മെത്രാപ്പൊലീത്ത വട്ടശ്ശേരിൽ തിരുമേനിയുടെ നേരിട്ടുള്ള അധികാരത്തിൽ പീടികയിൽ കുടുംബത്തിന് അവകാശവുമായി പീടികയിൽ കുടുംബവകയായ സ്ഥലത്ത് മർത്തമറിയം പള്ളി (St.Marys Orthodox Church, Puthenpeedika South) ഗീവർഗീസ് അച്ചൻ സ്ഥാപിച്ചു. പുത്തൻപീടിക ഓർത്തഡോക്സ് വലിയപള്ളിയും (St. Marys Orthodox Church, Puthenpeedika North) പീടികയിൽ കുടുംബം സഭക്കായി ദാനം നൽകിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
നിരന്തരമായ പഠനത്തിനും പ്രാർത്ഥനക്കും ശേഷം കത്തോലിക്കാ സഭയാണ് യേശുക്രിസ്തു സ്ഥാപിച്ച കാതോലികവും ശ്ളൈഹികവും ഏകവും പരിശുദ്ധവുമായ സഭ എന്ന സത്യം തിരിച്ചറിഞ്ഞ് 1926ൽ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അലോഷ്യസ് മരിയ ബൻസിഗർ പിതാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാ സഭയിൽ അംഗമായി. അച്ചനോടൊപ്പം നൂറിലധികം പേരും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നു.
ഏബ്രഹാം കോർ എപ്പിസ്കോപ്പ അച്ചൻ മകനായ പീടികയിൽ വർഗീസ് അച്ചനു നൽകിയ സ്ഥലം കൊല്ലം രൂപതക്കായി വിട്ടു കൊടുത്തു, അവിടെയാണ് ഇന്ന് പുത്തൻപീടിക ലത്തീൻ പള്ളി (Guardian Angels Church, Puthenpeedika) സ്ഥിതി ചെയ്യുന്നത്.
ഗീവർഗീസ് അച്ചന്റെ പുനരൈക്യ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകി 1927ൽ തന്നെ ഏബ്രഹാം കോർ – എപ്പിസ്കോപ്പയും പുനരൈക്യപ്പെട്ടു. പത്തനംതിട്ട പ്രദേശങ്ങളിൽ പുനരൈക്യപ്പെട്ടിരുന്നവർ ചേർന്നിരുന്നത് കൊല്ലം ലത്തീൻ രൂപതിയിലേക്കായിരുന്നുന്നെങ്കിലും കൽദായ കുർബാനയും (സീറോ മലബാർ) പ്രാർത്ഥനകളുമാണ് അനുഷ്ഠിച്ചിരുന്നത്. ഏബ്രഹാം കോർ എപ്പിസ്കോപ്പയുടെ പ്രായത്തെയും ശാരീരികമായ ബലഹീനതകളെയും പരിഗണിച്ച് അന്ത്യോക്യൻ സുറിയാനി തക്സ ഉപയോഗിക്കുവാൻ റോമിൽ നിന്ന് വിശേഷാൽ അനുമതി ലഭിച്ചു. അന്നത്തെ രീതിയനുസരിച്ച് ലത്തീൻ സഭയിലേക്ക് പുനരൈക്യപ്പെട്ടുവെങ്കിലും അന്ത്യോക്യൻ ആരാധനാ പാരമ്പര്യത്തിലെ വിശുദ്ധ കുർബാന അർപ്പിക്കുവാൻ അച്ചന് സാധിച്ചു. മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ അന്ത്യോക്യൻ ആരാധനക്രമം പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് കത്തോലിക്കാ സഭയിലേക്കുളള പുനരൈക്യ പരിശ്രമങ്ങൾക്ക് സഹായകമാകുവാനും ഇതിനായി.
1929 ജൂൺ 16ന് കോർഎപ്പിസ്കോപ്പ അച്ചൻ മരണമടഞ്ഞു. ഗാർഡിയൻ എയ്ഞ്ചൽ പള്ളിയോട് ചേർന്നുളള സെമിത്തേരിയിൽ സംസ്കരിച്ചു.
പുനരൈക്യപ്പെട്ടവരിലെ ആദ്യ കോർഎപ്പിസ്കോപ്പ, ആദ്യമായി അന്ത്യോക്യൻ കുർബാന തക്സ ഉപയോഗിച്ച് വിശുദ്ധ കുർബാന അർപ്പിച്ച വൈദികൻ എന്നീ നിലകളിലെല്ലാം പീടികയിൽ ഏബ്രഹാം കോർ എപ്പിസ്കോപ്പ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ഏടുകളിലെ തേജസുറ്റ അധ്യായമായി ഇന്നും പ്രശോഭിക്കുന്നു.
കടപ്പാട് : രാജു ജോർജ് കുര്യന്റയ്യത്ത്, സജി പീടികയിൽ (ഏബ്രഹാം കോർ എപ്പിസ്കോപ്പയുടെ മകന്റെ കൊച്ചു മക്കൾ)
✍️ ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)


Leave a comment