മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
പൗരോഹിത്യത്തെയും പൗരോഹിത്യ കൂട്ടായ്മയെയും സ്നേഹിച്ച ജോസഫ് കൈപ്പള്ളിൽ അച്ചൻ…
കാർത്തികപ്പള്ളി മലങ്കര കത്തോലിക്കാ ഇടവകാംഗമായ തോമസ് ഈപ്പന്റെയും റാഹേലമ്മയുടെയും മകനായി 1934 ഫെബ്രുവരി 26ന് കെ.റ്റി. ജോസഫ് ജനിച്ചു. കുഞ്ഞമ്മ, കെ.ഇ.തോമസ്, തങ്കമ്മ, ചെല്ലമ്മ എന്നിവരായിരുന്നു സഹോദരങ്ങൾ.
കാർത്തികപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് സ്ത്രീ ശാക്തീകരണത്തിനും കുടുംബങ്ങളുടെ നവീകരണത്തിനുമായി നങ്ങ്യാർകുളങ്ങര കേന്ദ്രമാക്കി ബഥനി മഠവും സ്കൂളും സ്ഥാപിച്ചു. കാർത്തികപ്പള്ളി നങ്ങ്യാർകുളങ്ങരയോട് അടുത്ത പ്രദേശമായതിനാൽ ബാല്യത്തിൽ തന്നെ ജോസഫിന് മാർ ഈവാനിയോസ് പിതാവിനെ കാണുവാനും പുനരൈക്യ പ്രസ്ഥാനത്തിന്റെ വൈഷമ്യ ഘട്ടങ്ങളെ അടുത്തറിയാനുമെല്ലാം ഇടയായി. അതിനോടൊപ്പം വൈദികരോടും സിസ്റ്റേഴ്സിനോടുമെല്ലാം അടുത്ത ബന്ധം സൂക്ഷിക്കുവാനും അതിലൂടെ വൈദിക ജീവിതത്തിലേക്ക് കടക്കാനും പ്രേരണയായി.
പത്താം ക്ളാസ് പഠനം പൂർത്തിയാക്കി പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർ പഠനം മംഗലാപുരം സെന്റ് ജോസഫ് മേജർ സെമിനാരിയിലായിരുന്നു. വൈദികപഠനം പൂർത്തിയാക്കി സെമിനാരി ചാപ്പലിൽ വെച്ച് 1959 ഡിസംബർ 3ന് പട്ടം സ്വീകരിച്ചു. നാട്ടിലെത്തി നങ്ങ്യാർകുളങ്ങര ബഥനി മഠം ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ബാലരാമപുരം, പുതിയകാവ്, കല്ലുമല, കാട്ടൂർ, തോട്ടപ്പള്ളി, കായംകുളം, ചെറുവക്കൽ,
മണ്ണൂർ, കൊട്ടറ, ഓടനാവട്ടം, മീൻകുളം, ആനക്കുളം, ഇടമുളയ്ക്കൽ, കണ്ണൻകോട്, കൊടങ്ങാവിള, പാറക്കൂട്ടം, പെരിങ്ങനാട്, പഴകുളം, ചെന്നിത്തല, എരുമത്തൂർ, തലച്ചിറ, പനവേലി, കോക്കാട്, ചെറുതന എന്നീ ഇടവകകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
അച്ചൻ ശുശ്രൂഷ ചെയ്ത ദേവാലയങ്ങളിലെ വിശ്വാസ സമൂഹം അച്ചന്റെ ശുശ്രൂഷയെ ഇന്നും അനുസ്മരിക്കുന്നു.
തോട്ടപ്പള്ളി ഫിഷറീസ് പ്രൊജക്ടിന് ചുക്കാൻ പിടിച്ചതും പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും കൈപ്പള്ളിൽ അച്ചനാണ്. തെങ്ങ്, ജാതി, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയെല്ലാം അവിടെ നട്ടു പരിപാലിച്ചു . രണ്ട് വട്ടം മാവേലിക്കര കല്ലുമലയിലെ എസ്റ്റേറ്റിൽ സേവനമനുഷ്ഠിച്ച അച്ചൻ ഈ കാലത്ത് വിവിധ തരത്തിലുള്ള ഫലവൃക്ഷങ്ങളും സുഗന്ധവ്യജ്ഞനങ്ങളും നട്ടുപിടിപ്പിക്കാനും കൃഷി ആദായകമാക്കാനും ശ്രദ്ധിച്ചു. വലിയ കുളങ്ങളും കിണറുമെല്ലാം അതിനായി നിർമ്മിച്ചിരുന്നു, ആ ജലസ്രോതസ്സുകൾ ഇപ്പോഴും ഉപയോഗയോഗ്യമാണ്.
തന്നെ ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നൂറു ശതമാനം വിശ്വസ്തതയോടെ പൂർത്തീകരിക്കുവാനും ചെറിയ കാര്യങ്ങൾ പോലും കൃത്യതയോടെ ചെയ്യുവാനും കൈപ്പള്ളിൽ അച്ചൻ ജാഗരൂകനായിരുന്നു. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കൻമാരോടും പോലീസിലെ ഉന്നത അധികാരികളോടുമെല്ലാം നല്ല ബന്ധം പുലർത്തിയിരുന്ന അച്ചൻ അതെല്ലാം ജനക്ഷേമത്തിനായി വിനിയോഗിക്കാൻ പരിശ്രമിച്ചു.
അച്ചൻമാരുടെ കൂട്ടായ്മയും ഐക്യവും ഇഷ്ടപ്പെട്ടിരുന്ന അച്ചൻ ക്രിസ്മസ് കാലത്ത് രൂപതയിലെ എല്ലാ വൈദികർക്കും ക്രിസ്മസ് ആശംസാ കാർഡുകൾ അയക്കുന്നതിൽ നിഷ്ഠ പുലർത്തിയിരുന്നു. അതിഥികളെ സത്കരിക്കാൻ സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്ന അച്ചൻ വൈദികരുടെ മാസ ധ്യാനം താൻ ശുശ്രൂഷ ചെയ്യുന്ന പളളികളിൽ ക്രമീകരിക്കുവാനും വലിയ താത്പര്യത്തോടെ ആഹാരം നൽകി സൽക്കരിക്കാനും ശ്രദ്ധിച്ചിരുന്നു. കൊച്ചച്ചന്മാരോടു സ്നേഹവും കരുതലും കാട്ടിയ കൈപ്പളളിൽ അച്ചൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ഉചിതമായ ഉപദേശങ്ങൾ നൽകി അവരെ വളർത്താനും പരിശ്രമിച്ചു.
നല്ലൊരു കുമ്പസാരക്കാരനായിരുന്ന അച്ചൻ ഇടവക ശുശ്രൂഷകളിൽ നിന്ന് വിരമിച്ചതിനു ശേഷവും ക്ളർജി ഹോമിൽ തന്റെ അടുക്കലേക്ക് എത്തുന്നവരെ ആർദ്രതയോടെ കേൾക്കാനും പാപസങ്കീർത്തന വേദിയിലേക്ക് അവരെ ചേർത്തു നിർത്താനും ശ്രദ്ധിച്ചു.
സഭയിലെ എല്ലാ പിതാക്കന്മാരുമായും അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന അച്ചൻ പിതാക്കൻമാർ പറയുന്നത് അതേപോലെ അനുസരിക്കാനും ചെറിയ കാര്യങ്ങളിൽ പോലും വിശ്വസ്തത പുലർത്താനും ജാഗരൂകനായിരുന്നു. അച്ചന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി മാതൃ ഇടവകയായ കാർത്തികപ്പള്ളി മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ വച്ച് ആഘോഷിക്കുകയുണ്ടായി.
2021 ഒക്ടോബർ 30ന് ക്ലർജി ഹോമിൽ വെച്ച് അച്ചൻ നിര്യാതനായി. നമ്മുടെ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ നവംബർ 2ന് കാർത്തികപ്പള്ളി മലങ്കര കത്തോലിക്കാ ദേവാലയത്തിൽ കബറടക്കി.
എല്ലാവരോടും സഹകരിച്ച്, സകലരോടും സ്നേഹത്തിൽ ആയിരുന്ന്, ശാന്തതയിൽ ജീവിച്ച അച്ചന്റെ മരണവും പിതാക്കൻമാരുടെയും വൈദികരുടെയും തന്റെ പ്രിയപ്പെട്ടവരുടെയും സാനിദ്ധ്യത്തിൽ തികഞ്ഞ ശാന്തതയോടെയായിരുന്നുവെന്ന് അനേകർ സാക്ഷ്യപ്പെടുത്തുന്നു. ജീവിതം പോലെ തന്നെ പ്രശാന്തമായിരുന്നു അച്ചന്റെ വിടവാങ്ങലും…
കടപ്പാട് : ജേക്കബ് തോമസ് (റെഞ്ചി), കൈപ്പള്ളിൽ അച്ചന്റെ സഹോദര പുത്രൻ
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)



Leave a comment