മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
ദൈവമാതൃഭക്തനായിരുന്ന മാത്യു ചെങ്കല്ലൂർ അച്ചൻ…
‘മാതാവിനോട് അകമഴിഞ്ഞ അടുപ്പമുണ്ടായിരുന്ന ചെങ്കല്ലൂർ അച്ചൻ പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനായി സവിശേഷമായ താൽപര്യം എടുത്തിരുന്നു.
ദൈവമാതൃഭക്തനായിരുന്ന അച്ചൻ മാതാവിന്റെ പടങ്ങളും ജപമാലയും കാശുരൂപങ്ങളും എല്ലാം വിദേശത്തു നിന്നും
പോസ്റ്റേജ് ഫീ (തപാൽ ചിലവുകൾ) നൽകി വരുത്തി സഹവൈദികർക്കും വിശ്വാസികളായ അനേകർക്കും സൗജന്യമായി നൽകിയിരുന്നു’ എന്നത് അന്ന് യുവവൈദികനായിരുന്ന വന്ദ്യ ജോസഫ് ചാമക്കാലായിൽ റമ്പാൻ അനുസ്മരിക്കുന്നു.
ചൊവ്വള്ളൂർ സെന്റ് റീത്താസ് ഇടവകാംഗമായ സി.വൈ. യോഹന്നാന്റെയും കൊച്ചുമറിയാമ്മയുടെയും ആറു മക്കളിലൊരുവനായി 1938 ഏപ്രിൽ 18ന് മാത്യു ജനിച്ചു. വൈ. ചാക്കോ, വൈ. കൊച്ചുകോശി, വൈ. എബ്രഹാം, വൈ. തോമസ്, സി. വൈ. വർഗീസ് പണിക്കർ എന്നീ അഞ്ച് സഹോദരങ്ങൾ അച്ചനുണ്ടായിരുന്നു.
കുണ്ടറ എം. ജി. ഡി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മാത്യു പള്ളിയിലേക്ക് കടന്നുവന്നിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിനോടുള്ള വ്യക്തിപരമായ സ്നേഹവും അടുപ്പവും മൂലവും ബാല്യം മുതലേയുള്ള ആഗ്രഹത്താലും സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു വൈദിക പഠനം ആരംഭിച്ചു.
തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിൽ പൂർത്തീകരിച്ച് 1963 ഡിസംബർ 3ന്, ഭാരത മണ്ണിന്റെ ദ്വിതീയ അപ്പസ്തോലനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ, സെമിനാരി ചാപ്പലിൽ വെച്ച് വൈദിക പട്ടം സ്വീകരിച്ചു. തോമസ് കുമ്പുക്കാട്ട് കോറെപ്പിസ്കോപ്പ, ഫിലിപ്പ് ഉഴുനല്ലൂർ കോറെപ്പിസ്കോപ്പ, ഫാ. അലക്സാണ്ടർ പനങ്കുന്നേൽ എന്നിവരായിരുന്നു അച്ചന്റെ സഹപാഠികൾ; നാല് പേരും ഒരുമിച്ച് ഒരേ ദിവസമാണ് പൗരോഹിത്യം സ്വീകരിച്ചത്.
കിഴക്കേതെരുവ്, കാരയ്ക്കാട്, പുന്തല, വെണ്മണി, കൊല്ലകടവ്, കോടുകുളഞ്ഞി, പുത്തൻകാവ്, ഇടയാറന്മുള, പാണ്ടനാട്, വള്ളിക്കോട് കോട്ടയം, ഇളപ്പുപാറ, കിളിമാനൂർ, കാരേറ്റ്, പ്ലാവോട്, മഞ്ഞപ്പാറ, നിലമേൽ, തട്ടത്തുമല, പള്ളിമല, കരിന്തോട്ടുവ, ചെപ്ര, ചെറുവള്ളൂർ, കുറവൻകുഴി, കൊട്ടാരക്കര, മൈലം, വേങ്ങൂർ, പരുത്തിയറ എന്നീ ഇടവകകളിൽ അച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രാൻസിസ്കൻ മിഷണറി ബ്രദേഴ്സിനോട് ചേർന്ന് കിളിമാനൂർ പ്രദേശങ്ങളിൽ കാര്യക്ഷമമായി മിഷൻ പ്രവർത്തനങ്ങളിലേർപ്പെട്ടു. കാരേറ്റ്, തട്ടത്തുമല, പുലമൺ എന്നിവിടങ്ങളിൽ പള്ളികൾ നിർമ്മിച്ചിട്ടുണ്ട്. അച്ചന്റെ ജീവിത മാതൃകയാലും
പ്രോത്സാഹനത്താലും അനേകരെ വൈദിക സന്യസ്തജീവിതത്തിലേക്ക് ആകർഷിക്കാനും അച്ചനായി.
അച്ചന്റെ വൈദിക രജത ജൂബിലി കൊട്ടാരക്കര മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ചും സുവർണ്ണ ജൂബിലി മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിന്റെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ 2013 ഏപ്രിൽ 29ന് ചൊവ്വള്ളൂർ സെന്റ് റീത്താസ് ദേവാലയത്തിൽ വച്ചും ആഘോഷിക്കുകയുണ്ടായി.
വൃക്ക സംബന്ധമായ രോഗത്താൽ 2013 ഓഗസ്റ്റ് 24ന് അച്ചൻ നിര്യാതനായി. മാതൃദേവാലയമായ ചൊവ്വള്ളൂർ സെന്റ് റീത്താസ് പള്ളിയിൽ കബറടക്കിയിരിക്കുന്നു.
കടപ്പാട് : ചെങ്കല്ലൂർ കുടുംബാംഗങ്ങൾ
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)



Leave a comment