മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
തീക്ഷ്ണമതിയായ പുനരൈക്യ പ്രേഷിതൻ മത്തായി കല്ലട അച്ചൻ…
പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗമായ മുളമ്പുഴമുറിയിൽ കരയത്ത് കല്ലട വീട്ടിൽ വർഗീസ് – അന്നമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമനായി 1900 ഫെബ്രുവരി 2ന് മത്തായി ജനിച്ചു.
മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പ്രാർത്‌ഥനാശീർവാദങ്ങളോടെ ഇടവക പൊതുയോഗത്തിന്റെ അംഗീകാരത്തോടെ 1914 ജൂലൈ മാസത്തിൽ വൈദിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഒരുക്കമായി ശെമ്മാശപട്ടം സ്വീകരിച്ചു. സമീപ പ്രദേശങ്ങളിലെങ്ങും സ്കൂൾ ഇല്ലാത്ത സാഹചര്യത്തിൽ വളരെ ക്ലേശങ്ങൾ സഹിച്ച് പതിനാറാമാത്തെ വയസ്സിൽ ഇന്നത്തെ SSLCക്ക് തുല്യമായ അന്നത്തെ Elementary School വിദ്യാഭ്യാസം ഉന്നത വിജയത്തോടെ പൂർത്തിയാക്കി. തുടർന്ന് വൈദിക പരിശീലനവും ആരാധനക്രമ പരിചയവും കോട്ടയം പഴയ സെമിനാരിയിൽ നടത്തി.
ഗോവൻ കത്തോലിക്കാ വൈദികനായിരുന്ന ഫാ. അൽവാരസ് (Fr. Antonio Francis Xavier Alvares) 1888 ൽ സ്ഥാപിച്ചതാണ് ബ്രഹ്മവാർ മിഷൻ. പിന്നീട് അദ്ദേഹം തന്റെ സഭയിലെ അധികാരികളുമായി തെറ്റുകയും തുടർന്ന് ഓർത്തഡോക്സ് വിശ്വാസം സ്വീകരിക്കുകയും 1889 ജൂലൈ 29ന് കോട്ടയം പഴയ സെമിനാരിയിൽ വെച്ച് അൽവാരസ് മാർ ജൂലിയസ് (Alavares Mar Julius I) എന്ന പേരിൽ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ഒരു ചെറിയ ഗണം കൊങ്കിണി കത്തോലിക്കരും അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു. കർണാടകയിലെയും ഗോവയിലെയും പ്രദേശങ്ങളിലാണ് ഇവരുടെ പള്ളികൾ സ്ഥിതി ചെയ്തിരുന്നത്. ഓർത്തഡോക്സ് സഭയിലെ വൈദികർ വിവാഹിതരായിരുന്നുവെങ്കിലും ബ്രഹ്മവാറിലുണ്ടായിരുന്നവർ കൊങ്കിണി കത്തോലിക്ക പാരമ്പര്യമുള്ളവരായിരുന്നതിനാൽ അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന വൈദികരും കത്തോലിക്കാ വൈദികരെ പോലെ അവിവാഹിതരായിരുന്നു. ഓർത്തഡോക്സ് യാക്കോബായ തർക്കങ്ങളും സഭയിലെ പ്രതിസന്ധികളും സമാധാന കാംക്ഷിയായിരുന്ന മത്തായി കല്ലട ശെമ്മാശനെ ഏറെ ഭാരപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ നാട്ടിൽ നിന്നും മാറി ഒരു മിഷണറിയായി ബ്രഹ്മവാർ മിഷനിൽ ശുശ്രൂഷ ചെയ്യണമെന്നുള്ള ആഗ്രഹത്താൽ അവിവാഹിതനായി തന്നെ 1929 നവംബർ 25ന് വൈദികപട്ടം സ്വീകരിച്ചു.
1930 സെപ്റ്റംബർ 20ന് ബഥനിയുടെ മെത്രാപ്പൊലീത്ത മാർ ഇവാനിയോസ് പിതാവിന്റെ നേതൃത്വത്തിലാരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിന്റെ അലയൊലികൾ ഇന്ത്യയൊട്ടാകെ വ്യാപിച്ചിരുന്നു. അന്നത്തെ മംഗലാപുരം ബിഷപ് റൊസാരിയോ ഫെർണാണ്ടസ് (Vittore Rosario Feranandes) മാർ ഈവാനിയോസ് പിതാവിനെ മംഗലാപുരത്ത് ക്ഷണിക്കുകയും കത്തോലിക്കാ സഭയുടെ സാർവ്വത്രിക കൂട്ടായ്മയിലേക്ക് കടന്നുവന്നതിനെ ശ്ളാഘിക്കുകയും ചെയ്തു.
കത്തോലിക്കാ സഭയിൽ നിന്ന് വിഘടിച്ചു മാറിയ ബ്രഹ്മവാർ പ്രദേശത്തെ ആളുകളെയും സഭയിലേക്ക് തിരികെ കൂട്ടി കൊണ്ടു വരേണ്ടതാവശ്യമാണ് എന്ന കാര്യം മംഗലാപുരം ബിഷപ് മാർ ഈവാനിയോസ് പിതാവിനെ ധരിപ്പിച്ചു. മാർ ഈവാനിയോസ് പിതാവ് അവിടെ ശുശ്രൂഷ ചെയ്തിരുന്ന വൈദികരും വിശ്വാസികളുമായി ബന്ധപ്പെടുകയും ‘കാതോലികവും ശ്ളൈഹികവും ഏകവും വിശുദ്ധവുമായ സഭ ‘ എന്ന് വിശ്വാസപ്രമാണത്തിൽ ഏറ്റുചൊല്ലി പ്രാർത്ഥിക്കുന്നതിന്റെ പൂർണ്ണത പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയിലാണെന്ന സത്യം അവരെ ബോധ്യപ്പെടുത്താൽ ശ്രമിക്കുകയും വിഘടിച്ച് നിൽക്കാതെ കത്തോലിക്കാ സഭയിലേക്ക് തിരികെ വരണമെന്നാവശ്യപ്പെടുകയും ചെയ്തു. തുമ്പമൺ സ്വദേശിയായ ഫാ. പി. കെ ദാനിയേൽ, കൈപ്പട്ടൂർ സ്വദേശിയായ ഫാ. ജോഷ്വാ കുന്നത്തേത്, പന്തളം സ്വദേശിയായ മത്തായി കല്ലട അച്ചൻ ഇവർ മൂവരും മധ്യതിരുവതാംകൂർ പ്രദേശവാസികളും സതീർത്ഥ്യരും തീക്ഷ്ണമതികളായ ശുശ്രൂഷകരുമായിരുന്നു. നിരന്തരമായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും ഒടുവിൽ ഈ മൂന്നു പേരും കത്തോലിക്കാ സഭയിലേക്ക് ചേർന്നു. അങ്ങനെ 1932 ജൂൺ 4 ന് കല്ലട അച്ചൻ പുനരൈക്യപ്പെട്ട് മലങ്കര സുറിയാനി കത്തോലിക്കാസഭയിലേക്ക് കടന്നുവന്നു.
ചെറിയനാട് പ്രദേശത്തേക്കാണ് മാർ ഈവാനിയോസ് പിതാവ് ആദ്യ നിയമനം നൽകിയത്. ഇന്ന് മാവേലിക്കര രൂപതയിലെ എണ്ണപ്പെട്ട പള്ളികളിലൊന്നായി ചെറിയനാട് വിശ്വാസ സമൂഹത്തെ രൂപപ്പെടുത്തി ഇടവകയുടെ ആദ്യ വികാരിയായി കൂട്ടായ്മക്ക് തുടക്കം കുറിച്ചു. ചെറിയനാട് വികാരിയായിരിക്കുന്ന കാലയളവിൽ ഇടവകയിലെ ഒരു വിശ്വാസി മരണമടഞ്ഞപ്പോൾ, സെമിത്തേരിക്ക് അനുമതി ലഭിച്ചിരുന്നുവെങ്കിലും ശവസംസ്കാരം തടയുന്നതിനായി പ്രവർത്തിയാരെ (ഇന്നത്ത വില്ലേജ് ഓഫീസർ) സ്വാധീനിച്ച് പുനരൈക്യവിരോധികൾ പരിശ്രമിക്കുന്നത് അച്ചൻ മുൻകൂട്ടി കണ്ട് രാവിലെ തന്നെ ഇടവകയോട് ചേർന്ന് തയ്യാറാക്കിയ സ്ഥലത്ത് ശവസംസ്കാരം നിർവ്വഹിച്ചു. അങ്ങനെ ഇടവക സെമിത്തേരിയിലെ ആദ്യ ശവസംസ്കാരവും നടത്തി.
മാവേലിക്കര ഭദ്രാസനത്തിന്റെ ഇന്നത്തെ കത്തീഡ്രലിൽ 3 തവണകളായി (1940 – 1944, 1953 – 1956, 1963 -1966) 10 വർഷം വികാരിയായി സ്ത്യുത്യർഹമായ ശുശ്രൂഷ ചെയ്തു. പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും എതിർപ്പുകളിലൂടെയും പുനരൈക്യ പ്രസ്ഥാനം കടന്നുപോകുന്ന ആദ്യ നാളുകളിൽ ത്യാഗോജ്‌ജ്വലമായി സഭയെ പടുത്തുയർത്തുവാൻ അക്ഷീണം കല്ലട അച്ചൻ പ്രയത്നിച്ചു. ആദ്യകാല വൈദികരോടു ചേർന്ന് ധാരാളം മലങ്കര കത്തോലിക്കാപള്ളികൾ, മഠങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനും വളർത്തുന്നതിനും പരിശ്രമിച്ചു.
മലങ്കര സഭയിലേക്ക് കടന്നുവന്ന ആദ്യ നാളുകളിൽ തന്നെ (1933-34) ഇന്നത്തെ പന്തളം മുടിയൂർക്കോണം സെൻറ് ജോസഫ് പള്ളിയുടെ മുന്നോടിയായി വെട്ടത്തേത്ത് (പന്തളം തെക്ക്) പള്ളി കല്ലട അച്ചനാണ് സ്ഥാപിച്ചത്.
കടമ്പനാട്, ഹരിപ്പാട്, കാർത്തികപ്പള്ളി, പുന്നമൂട് , ചെറിയനാട്, ഇലഞ്ഞിമേൽ, കടമ്പനാട്, തുവയൂർ ഈസ്റ്റ്, തുവയൂർ സൗത്ത്, പുത്തൻകാവ്, മുടിയൂർക്കോണം, ഇടപ്പോൺ, പമ്പുമല, ഇലത്തിമേൽ, ചെറിയനാട് എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാർ ഈവാനിയോസ് പിതാവ് സമാരംഭിച്ച കറ്റാനം പോപ്പ് പയസ് സ്കൂളിലും ഈരേഴ സ്കൂളിലും (ഈ സ്കൂൾ പിന്നീട് നിർത്തുകയുണ്ടായി) അധ്യാപകനായി സേവനം ചെയ്തു.
കല്ലട അച്ചൻ ജാതിമത ഭേദമന്യേ എല്ലാവരെയും സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്നുവെന്നും ആ സ്നേഹം പ്രദേശവാസികളല്ലൊം അച്ചനും നൽകിയിരുന്നുവെന്നും വാർദ്ധക്യ കാലത്ത് അച്ചനെ ശുശ്രൂഷിച്ച, കെ.എം. ഫിലിപ്പ്, (അച്ചന്റെ ജേഷ്ഠന്റെ കൊച്ചുമകൻ) അനുസ്മരിക്കുന്നു. സുമുഖനും സുഭഗനുമായ അച്ചന്റെ വെള്ള താടിയും സൗമ്യമായ ഇടപെടലുകളും വശ്യമായ പെരുമാറ്റ രീതികളും അനേകരെ അച്ചനിലേക്ക് ചേർത്തു നിർത്തി.
കല്ലട അച്ചൻ വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഇടവക ശുശ്രൂഷയിൽ നിന്ന് വിരമിക്കുകയും തിരുവനന്തപുരം കുറവൻകോണത്തെ പാസ്റ്ററൽ സെന്ററിൽ താമസിക്കുകയും ചെയ്തുവരവെ 1972 മാർച്ച് മാസം 22ന് എഴുപത്തിരണ്ടാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞ് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. അച്ചന്റെ ഭൗതികശരീരം മാർച്ച് 23ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ മുടിയൂർക്കോണം സെൻറ് പാട്രിക് പള്ളിയുടെ (വെട്ടത്തുപള്ളി) മദ്ധ്യഭാഗത്തായി അടക്കം ചെയ്തു. പിന്നീട് സെന്റ് ജോസഫിന്റെ നാമധേയത്തിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് പള്ളി മാറ്റി സ്ഥാപിച്ചപ്പോൾ ഭൗതിക ശരീരം പുതിയ പള്ളിയോട് ചേർത്ത് പ്രത്യേകമായ തയ്യാറാക്കിയ കല്ലറയിലേക്ക് മാറ്റി.
കല്ലട അച്ചൻ സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായെങ്കിലും അച്ചൻ ആരംഭം കുറിച്ച പള്ളികളും ശുശ്രൂഷ ചെയ്ത ഇടങ്ങളും അച്ചന്റെ പുനരൈക്യ തീക്ഷ്ണതയുടെ പ്രതീകങ്ങളായി നമുക്ക് മുന്നിലുണ്ട്.
കടപ്പാട് : സി. ജെ. തോമസ് (കല്ലട അച്ചന്റെ ഇളയ സഹോദരന്റെ മകൻ), കെ. എം. ഫിലിപ്പ് (കല്ലട അച്ചന്റെ ജേഷ്ഠ സഹോദരന്റെ കൊച്ചു മകൻ)
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)



Leave a comment