തിരുഹൃദയത്തിന്റെ എല്ലാ രൂപങ്ങളും ഉപയോഗിക്കാമോ?
🔵 “ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
ഇപ്രകാരം പറഞ്ഞുകൊണ്ട് “അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. ” (യോഹ. 20: 20)
🔵 “എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. (യോഹ . 20 : 27)
ഉത്ഥിതനായ കർത്താവ് തന്റെ ശിഷ്യർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താനായി അവരെ കാണിക്കുന്നത് തന്റെ കൈകളും പാർശ്വവുമാണ്. എന്നുവച്ചാൽ തന്റെ കൈളിലെയും പാർശ്വത്തിലെയും തിരുമുറിവുകളാണ്. കൈകളിലെയും പാർശ്വത്തിലെയും മുറിവുകളാണ്.
മേൽപ്പറഞ്ഞ രണ്ടു സുവിശേഷ വചനങ്ങളിലൂടെയും ഈശോ തന്റെ തിരുമുറിവുകൾ ശിഷ്യന്മാരെ കാണുകയാണ്. അതുപോലെ, ചരിത്രത്തിലൂടെ നാം കടന്നു പോകുമ്പോൾ കർത്താവ് പലർക്കും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം പ്രത്യക്ഷപ്പെട്ടത് കർത്താവാണ് എന്ന് തിരിച്ചറിയാനുള്ള മാർഗം അവിടുത്തെ തിരുമുറിവുകൾ ആയിരുന്നു.
ഒരിക്കൽ വിശുദ്ധ ഫ്രാൻസിസ് അസീസി തനിക്ക് മുമ്പിൽ കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോൾ എന്തോ സംശയം തോന്നി അദ്ദേഹം ചോദിച്ചു: “അങ്ങ് കർത്താവ് ആണെങ്കിൽ അങ്ങയുടെ തിരുമുറിവുകൾ എന്നെ കാണിക്കുക. “
ഉടൻതന്നെ അട്ടഹസിച്ചുകൊണ്ട് ഈശോയുടെ രൂപത്തിൽ വന്ന പിശാച് അപ്രത്യക്ഷനായി എന്നാണ് വിശുദ്ധ ഫ്രാൻസീസിന്റെ ജീവചരിത്രം പറയുന്നത്.
ഈശോയുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം അവിടുത്തെ തിരുമുറിവുകളാണ്. ഇന്നു വരയ്ക്കപ്പെടുന്ന, വിപണിയിലിറങ്ങുന്ന ക്രിസ്തുവിന്റെ പല ചിത്രങ്ങളിലും അവിടുത്തെ തിരുമുറിവുകൾ കാണുന്നില്ല.
ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഈശോയുടെ മാധുര്യമുള്ള തിരുഹൃദയത്തിൽ എല്ലാ അടയാളങ്ങളും ഉണ്ടോ എന്ന് കൃത്യമായി പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക. കൈകളിലെ തിരുമുറിവുകളും ഉണ്ടോ എന്ന് നോക്കുക. അല്ലാത്ത പക്ഷം അത്തരം ചിത്രങ്ങൾ കൈമാറാതെ ഇരിക്കുക. അറിയാതെ ആണെങ്കിലും പിശാചിന്റെ ഈ കുടില തന്ത്രങ്ങളിൽ പലരും അശ്രദ്ധയോടെ വീണു പോകുന്നത് വീണ്ടും കാണേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. തിരുസഭ ഇതിനെപ്പറ്റി വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ അനേകരെ നശിപ്പിക്കാൻ കഴിയുന്ന ഒരു തിന്മ കൂടിയാണിത്. പ്രത്യക്ഷത്തിൽ ഒന്നും തോന്നിയില്ല എങ്കിലും വലിയ തിന്മ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.
വിശുദ്ധ വിൻസെന്റ് ഫെറർ എന്ന വിശുദ്ധന്റെ കാലഘട്ടത്തിൽ പരിശുദ്ധ കുർബാന എഴുന്നള്ളിച്ചു വച്ച സമയത്ത് സമീപത്ത് പരിശുദ്ധ അമ്മ ഉണ്ണീശോയെ വഹിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ആളുകൾ ദിവ്യകാരുണ്യത്തിന് മുന്നിൽ നിന്ന് മാറി ആ പ്രത്യക്ഷപ്പെട്ട സ്ഥലത്തേക്ക് നോക്കി പ്രാർത്ഥിക്കുവാൻ തുടങ്ങി. വിശുദ്ധ വിൻസെന്റ് ഫെറർ ഉടൻ തന്നെ ദിവ്യകാരുണ്യം എടുത്തു ആ അമ്മയുടെ മുമ്പിൽ വന്നു ഉയർത്തുകയും തൽക്ഷണം മാതാവിന്റെ ശിരസ്സിന് മുകളിൽ കൊമ്പുകൾ ഉയർന്നു വരുകയും കാലുകൾ വിരൂപമാവുകയും ചെയ്തു. കാരണം അത് പിശാച് ആയിരുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ നിന്ന് ആളുകളെ വഴി തെറ്റിക്കാൻ അവൻ പ്രയോഗിച്ചു ഒരു തന്ത്രം ആയിരുന്നു അത്.
ഇന്നത്തെ കാലത്ത് മറ്റൊരു വിധത്തിൽ പിശാച് അതേ തന്ത്രം പ്രയോഗിക്കുമ്പോൾ അതിൽ അകപെടാതെ ഇരിക്കുവാൻ ജാഗ്രത പാലിക്കുക.



Leave a comment