മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
പൗരോഹിത്യം അതിന്റെ സമഗ്രതയിലും തനിമയിലും വ്യതിരക്തതയിലും ജീവിച്ച
എബ്രഹാം വാലുപറമ്പിൽ അച്ചൻ…
“എബ്രഹാം അച്ചന്റെ ശ്രേഷ്ഠവും പക്വവുമായ ജീവിതത്തെ അടുത്തറിയാവുന്നതിനാൽ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് അച്ചന്റെ ശിക്ഷണത്തിലും മാതൃകയിലും വളരുവാൻ യുവവൈദികരെ സഹവികാരിമാരായി നിയമിക്കുവാൻ ശ്രദ്ധിച്ചിരുന്നു. അതിനാൽതന്നെ നിരവധി കൊച്ചച്ചൻമാർ അച്ചനോടൊപ്പം സഹവികാരിമാരായി ശുശ്രൂഷ ചെയ്തിട്ടുണ്ട്, പുറമെ ഗൗരവപ്രകൃതക്കാരനായി തോന്നുമെങ്കിലും ഒപ്പമുള്ള വൈദികരെ കരുതുവാനും വളർത്തുവാനും അച്ചൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു, വൈദികജീവിതത്തിന്റെ ആദ്യനാളുകളിലെ ഈ പരിശീലനം തുടർജീവിതത്തിൽ ഏറെ ഗുണകരമായിരുന്നു. ഇടവകക്കാരെ നെഞ്ചോട് ചേർത്ത് സ്നേഹിച്ചിരുന്ന അച്ചനെ ജനങ്ങളും അകമഴിഞ്ഞ് സ്നേഹിച്ചിരുന്നു. വാക്കും പ്രവൃത്തിയും ഒന്നുപോലുള്ള ജീവിതം, ചുരുക്കത്തിൽ a man of integrity and conviction”. ഏബ്രഹാം അച്ചനോടൊപ്പം സഹവികാരിയായി ശുശ്രൂഷ ആരംഭിച്ച തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് പിതാവിന്റെ ഈ വാക്കുകൾ വാലുപറമ്പിൽ അച്ചന്റെ ജീവിതത്തെ അടുത്തറിയാൻ സഹായകമാണ്.
ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിൽ വാലുപറമ്പിൽ വീട്ടിൽ വി. ജി. പാപ്പി, ശോശാമ്മ ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമനായി 1934 ആഗസ്റ്റ് 29ന് കുഞ്ഞ്‌കുഞ്ഞ് ജനിച്ചു.
1934 നവംബർ 21ന് മാമോദീസ സ്വീകരിച്ച പൈതലിന് പൂർവ്വ പിതാവായ എബ്രഹാമിന്റെ പേര് നൽകി.
പ്രാഥമിക വിദ്യാഭ്യാസം ചെങ്കിലാത്ത് എൽ. പി സ്കൂൾ, ഹൈസ്കൂൾ വിദ്യാഭ്യാസം നായർ സമാജം സ്കൂൾ മാന്നാർ എന്നിവിടങ്ങളിലായി പൂർത്തിയാക്കി. പത്താം ക്ളാസ് പഠനം കഴിഞ്ഞപ്പോൾ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനത്തിനായി പ്രവേശിച്ചു, തുടർന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കി.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രാരംഭ ചർച്ചകൾക്കായി തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് റോമിലായിരുന്നതിനാൽ 1961 മാർച്ച് 14ന് തിരുവല്ല രൂപതാധ്യക്ഷൻ ഭാഗ്യസ്മരണാർഹനായ സക്കറിയാസ് മാർ അത്തനാസിയോസ് പിതാവിൽ നിന്നും തിരുവല്ല കത്തീഡ്രലിൽ വച്ച് വൈദിക പട്ടം സ്വീകരിച്ചു. ചന്ദനപള്ളി ഇടവകാംഗമായ ദാനിയേൽ വടക്കേക്കര കോർ – എപ്പിസ്കോപ്പയും അന്ന് വൈദിക പട്ടം സ്വീകരിച്ചു. 1961 മാർച്ച് 15ന് മാതൃദേവാലയമായ ചെന്നിത്തല സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.
ആയൂർ, ഇളമാട്, കിഴക്കേതെരുവ്, പുത്തൻകാവ്, മരിയാഗിരി, നരിക്കൽ, പുനലൂർ, കടമ്പനാട്, ചന്ദനപ്പള്ളി, അങ്ങാടിക്കൽ, ചേപ്പാട്, നല്ലില, കടപ്പാക്കട, ചൊവ്വള്ളൂർ, പെരുമ്പുഴ, മാവേലിക്കര ഇടവകകളിലായി സുദീർഘമായ ഇടവക ശുശ്രൂഷ. ആയൂർ ഇടവകയിൽ 3 തവണകളായി 10 വർഷം അച്ചൻ വികാരിയായി ശുശ്രൂഷ ചെയ്തു.
പത്തനംതിട്ട ഭദ്രാസന വികാരി ജനറാളായിരുന്ന ചാക്കോ തടത്തിൽ അച്ചൻ ഇടവക ശുശ്രൂഷ ആരംഭിക്കുന്നത് വാലുപറമ്പിൽ അച്ചന്റെ സഹവികാരിയായാണ്. വർഷങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും ഓർമ്മകൾ തെളിമയോടെ തടത്തിൽ അച്ചൻ പങ്കു വെക്കുന്നു, “എന്റെ പൗരോഹിത്യ ജീവിതത്തെ അസാധാരണമാം വിധം സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊരാളാണ് എബ്രഹാം അച്ചൻ. ഔദാര്യത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃക. ലൗകീകമായ ഒന്നിനോടും ആർത്തിയില്ലാതെ, മദമാത്സര്യങ്ങൾ ഭ്രമിപ്പിക്കാതെ, സ്ഥാനമാനങ്ങളുടെ പിന്നാലെ പരക്കം പായാതെ ദൈവജനത്തോടൊപ്പം അവരിലൊരാളായി ജീവിച്ചു. സ്വന്തം ഭവനത്തിലേക്ക് പോകുന്നത് പോലും വിരളമായിരുന്ന അച്ചന് സ്വന്തമായി വാഹനങ്ങളും ആ നാളുകളിൽ ഉണ്ടായിരുന്നില്ല, പള്ളികളിലേക്കുളള യാത്രയിൽ ഏറിയപങ്കും കാൽനടയായിട്ടായിരുന്നു”.
പ്രിയപ്പെട്ടവർ വി.പി അച്ചൻ എന്നു വിളിച്ചിരുന്ന ഫാ. എബ്രഹാം വാലുപറമ്പിൽ എന്ന ധീരനായ സഭാസ്നേഹി 1968 – 1969 കാലത്ത് അഞ്ചൽ കോളേജിന് എതിരെയുണ്ടായ സമരമുഖത്ത് ജീവനു ഭീഷണി ഉണ്ടായിട്ടും അതു വകവെക്കാതെ സഹവൈദികരെയും തന്റെ ഇടവകക്കാരെയും കൂട്ടി രാപകൽ ഭേദമന്യേ കാവലിരുന്നതും അങ്ങനെ സമരക്കാരുടെ അക്രമങ്ങളിൽ നിന്ന് കോളേജിനെ സംരക്ഷിച്ചതും പഴയ തലമുറ ആവേശത്തോടെ ഇന്നും അനുസ്മരിക്കുന്നു.
ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനോട് അച്ചന്റെ കുടുംബത്തിന് വ്യക്തിപരമായ അടുപ്പവും സ്നേഹവുമുണ്ടായിരുന്നു. എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന അച്ചന്റെ അപ്പനുമായി ആത്മബന്ധം മാർ ഇവാനിയോസ് പിതാവിനുണ്ടായിരുന്നു. സെമിനാരി പരിശീലന കാലത്ത് ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനെ അടുത്തറിയാൻ ഭാഗ്യമുണ്ടായ എബ്രഹാം അച്ചന് പിതാവിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിന് ഏറെ താൽപര്യമുണ്ടായിരുന്നു. പുനരൈക്യത്തിന്റെ ആദ്യ നാളുകളിലെ പ്രതിസന്ധികളും പ്രയാസങ്ങളും അടുത്തറിഞ്ഞ അച്ചൻ സഭയുടെ വളർച്ചക്കായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തു.
ജില്ലാവികാരി, സ്കൂൾ മാനേജർ, പുനരൈക്യ ആഘോഷ കൺവീനർ തുടങ്ങിയ മേഖലയിലെല്ലാം അച്ചൻ പ്രവർത്തിച്ചു. സഭയെ നയിച്ച എല്ലാ പിതാക്കന്മാരോടും അടുത്ത ബന്ധം പുലർത്തിയിരുന്ന അച്ചൻ ആവശ്യമെങ്കിൽ വേണ്ട നിർദ്ദേശവും തിരുത്തലുകളും സ്നേഹബുദ്ധ്യാ നൽകുന്നതിൽ മടിച്ചിരുന്നുമില്ല.
വൈദിക ജീവിതത്തിൽ തനിക്കു മാതൃകയും പ്രചോദനവുമായിരുന്ന് ഇടവക വികാരിയായിരിക്കുമ്പോൾ സെമിനാരിയിലേക്ക് പ്രോത്സാഹിപ്പിച്ചയച്ച വാലുപറമ്പിൽ അച്ചനെ തിരുവനന്തപുരം മേജർ അതിഭദ്രാസന വൈദികനായിരിക്കുന്ന ഫാ. ജോൺ വിളയിൽ അനുസ്മരിക്കുന്നു, “ഇടവകയിലെ ഓരോരുത്തരെയും പേരുചൊല്ലി വിളിക്കുന്ന അവരുടെ സുഖത്തിലും ദുഖത്തിലും ഒന്നുപൊലെ കൂടെയായിരുന്ന അച്ചൻ ആളുകളോട് വളരെ സ്നേഹത്തോടെയാണു ഇടപെട്ടിരുന്നത്. ക്ഷിപ്രകോപിയായിരുന്നെങ്കിലും അതിലുപരി ക്ഷിപ്രസാധിയുമായിരുന്നു. കാരുണ്യത്തോടെ അനേകരുടെ ജീവിതത്തിലേക്ക് ആശ്വാസമായി കടന്നുചെന്ന അച്ചൻ അഗതികളും ദരിദ്രരുമായവരെ പ്രത്യേകം കരുതി. സഹായത്തിന് അണഞ്ഞിരുന്നവരെ ചേർത്ത് നിർത്തി മറ്റാരും അറിയാതെ സഹായിച്ചു”.
പൗരോഹിത്യ സ്വീകരണ രജത ജൂബിലി മാതൃദേവാലയമായ ചെന്നിത്തല പള്ളിയിൽ സഭയിലെ പിതാക്കൻമാരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. 2005 മെയ് 29ന് ഹൃദ്രോഗത്താൽ അച്ചൻ സ്വർഗീയ സമ്മാനത്തിനായി യാത്രയായി, ചെന്നിത്തല പള്ളിയിൽ സംസ്കരിച്ചു.
അച്ചന്റെ സഹോദരങ്ങളായ വി.പി.വർഗീസ്, വി.പി. ജോർജ്, വി.പി. തോമസ് എന്നിവരും അവരുടെ മക്കളുമെല്ലാം അച്ചനെപോലെ തന്നെ സഭയെ സ്നേഹിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹിയിലെ മിഷൻ മേഖലയിലെ പ്രവർത്തനങ്ങളിൽ വൈദികർക്കും മിഷണറിമാർക്കും താങ്ങും തണലുമായി കൂടെയായിരുന്ന ഇളയ സഹോദരൻ വി.പി. തോമസിന് 2004ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഷെവലിയർ സ്ഥാനം നൽകി ആദരിച്ചു.
കടപ്പാട് : ബാബു വാലുപറമ്പിൽ (എബ്രഹാം അച്ചന്റെ ജേഷ്ഠന്റെ മകൻ)
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)



Leave a comment