ജോൺ ആലുങ്കൽ എഴുതിയ ഒരു ചെറുകഥ

അപരിചിതമായ സ്ഥലത്തെത്തിയ ഒരു സ്ത്രീ തൻ്റെ വിശന്നിരിക്കുന്ന കുഞ്ഞുമായി ഒരു സ്കൂളിൻ്റെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്നു. കുഞ്ഞിന് ഭക്ഷണം വേണം, നാട്ടിലെത്താൻ ചെറിയൊരു സഹായവും വേണം. ആരുടേയും മുന്നിൽ കൈ നീട്ടി ശീലമില്ല. മടിച്ചു മടിച്ചാണെങ്കിലും വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ,
അപമാനിക്കില്ല, സഹായം കിട്ടും എന്ന ധൈര്യമാണ് കാലുകളെ അങ്ങോട്ടു നയിച്ചത്.

മടിച്ചു മടിച്ച് ആവശ്യം ഒരു വിധം പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും ശ്രദ്ധിക്കാതെ അവരവരുടെ ലോകങ്ങളിലാണ്. ചിലർക്ക് ഒരു പുച്ഛം. ചിലർക്ക് ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവം. ബുദ്ധിജീവികൾ അവരുടെ കഴിവു പ്രകടിപ്പിച്ചു. കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ? പണിയെടുത്തു ജീവിച്ചുകൂടേ, വീട്ടിൽ നിന്നും ഇറക്കി വിട്ടതായിരിക്കും, ഇത്രയുമൊക്കെയായപ്പോഴേക്കും കൂടുതൽ കേൾക്കാൻ നിൽക്കാതെ ആ സ്ത്രീ അവിടെ നിന്നും രക്ഷപ്പെടുകയാണ്. സമയം കടന്നു പോകുകയാണ്. അവസാനം അവർ രണ്ടും കൽപ്പിച്ച് അടുത്തുകണ്ട കള്ളുഷാപ്പിനെ ലക്ഷ്യമാക്കി നടന്നു. കുടിച്ചു സമ നില തെറ്റിയ ആളുകൾ, ഉടുത്ത മുണ്ടഴിച്ചു തലയിൽക്കെട്ടി നിക്കർ മാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു എന്തൊക്കെയോ ഉച്ചത്തിലും, നാവു കുഴഞ്ഞു സംസാരിച്ച് കള്ളുമോന്തുന്ന മുഷിഞ്ഞതും കീറിയതുമായ വസ്ത്രം ധരിച്ചവർ.

എന്താ പെങ്ങളെ പെങ്ങൾക്ക് കള്ളുഷാപ്പിൽ കാര്യം. ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ്. സ്ത്രീ പേടിച്ചു വിറച്ച് ആവശ്യം പറഞ്ഞു.

കൊമ്പൻ മീശക്കാരൻ്റെ ഭാവം മാറി. കണ്ണുകളിലെ രോഷം കാരുണ്യത്തിനു വഴിമാറി. കൊമ്പൻ മീശ പെങ്ങളുടെ സുരക്ഷാ കവചമായി. അയാൾ വിവരം ഉച്ചത്തിൽത്തന്നെ ഷാപ്പിലുള്ളവരുമായി പങ്കുവെച്ചു, പങ്കുവെയ്ക്കലിൻ്റെ ഇടമാണല്ലോ ഷാപ്പ് . മുഷിഞ്ഞു നാറിയ പോക്കറ്റുകളിൽ നിന്ന് ചില്ലറത്തുട്ടുകളും, നോട്ടുകളും ഡസ്ക്കിൽ കൂട്ടംകൂടി. അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ കൊമ്പൻ മീശക്കാരനടക്കം ഒന്നുരണ്ടു പേർ അനുഗമിച്ചു. ആ സ്ത്രീക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു നിന്നപ്പോൾ കണ്ടക്ടറോട് പറഞ്ഞു ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ ഒരുപദേശവും,

പെങ്ങളേ ഇങ്ങനത്തെ ഒരാവശ്യമൊക്കെ വരുമ്പോൾ വല്ല സ്കൂളിലോ, സർക്കാരാപ്പിസിലോ ഒക്കെയേ ചെല്ലാവൂ, ഷാപ്പിലൊന്നും കേറരുത്, അതൊക്കെ മോശപ്പെട്ട സ്ഥലമാ…

Source: WhatsApp

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment