Rev. Fr Samuvel Thenguvilayil (1927-1986)

Advertisements

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

മിഷനറിമാരിലെ വലിയ മിഷനറി, ശാമുവേൽ തെങ്ങുവിളയിൽ അച്ചൻ…

Advertisements

അനിതര സാധാരണമായ സഭാ സ്നേഹം സ്വജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച കർമ്മനിരതനും അത്യദ്‌ധ്വാനിയുമായ പ്രേഷിതനായിരുന്നു തെങ്ങുവിളയിൽ അച്ചൻ. മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിലേക്ക് ചന്ദനപ്പള്ളി പ്രദേശത്ത് നിന്ന് ആദ്യമായി പുനരൈക്യപ്പെട്ട കുഞ്ഞാണ്ടി തെങ്ങുവിളയിലിന്റെ സഭാസ്നേഹം സിരകളിലോടുന്ന പ്രിയപുത്രൻ അങ്ങനെ ആയില്ലെങ്കിലാണതിശയം. ചന്ദനപള്ളിയിലെ ആദ്യത്തെ കത്തോലിക്കാ പള്ളിയായിരുന്നു കോട്ടപ്പള്ളി. പുനരൈക്യ പ്രസ്ഥാനത്തിന്റെ വിരോധികളെ ഭയന്ന് ഒറ്റ രാത്രി കൊണ്ട് ഓലയും പുല്ലുമുപയോഗിച്ചാണ് ആദ്യത്തെ പള്ളി പണിതത്. അതു കൂദാശ ചെയ്തത് മാർ ഈവാനിയോസ് പിതാവായിരുന്നു. ആ പള്ളി തീയിക്കിരയാക്കി നശിപ്പിക്കാതിരിക്കാൻ അനേകം രാത്രികളിൽ തെങ്ങുവിളയിൽ കുഞ്ഞാണ്ടിയും കുറ്റിയിൽ ഉണ്ണൂണ്ണിയും (ഫാ.ജോർജ്‌ കുറ്റിയിലിന്റെ പിതാവ്) അയ്യനേത്ത് ഫിലിപ്പ് സാറും (ഫാ. ദാനിയേൽ അയ്യനേത്തിന്റെ പിതാവ്, ചന്ദനപ്പള്ളി പ്രദേശത്ത് നിന്ന് കൊല്ലം രൂപതയിലേക്ക് ആദ്യമായി പുനരൈക്യപ്പെട്ടു) പുനരൈക്യപ്പെട്ട മറ്റ് അനേകരും കാവൽ നിന്നിരുന്നു. അങ്ങനെ എതിർപ്പുകളുടെയും ആക്ഷേപങ്ങളുടെയും മധ്യേ തങ്ങളുടെ ഇടവക സമൂഹത്തെ പടുത്തുയർത്താൻ അത്യദ്ധ്വാനം ചെയ്ത പഴയ തലമുറയുടെ പ്രോജ്ജ്വല ചരിത്രം ചന്ദനപ്പള്ളിയിലെ പഴയ തലമുറ ഇന്നും ഓർമ്മിക്കുന്നു.

1927 ഏപ്രിൽ 27ന് ചന്ദനപ്പള്ളി പ്രദേശത്തെ ആ കാലഘട്ടത്തിൽ ധനാഡ്യരായിരുന്ന തെങ്ങുവിളയിൽ കുഞ്ഞാണ്ടിയുടെയും സാറാമ്മയുടെയും 7 മക്കളിൽ മൂന്നാമത്തെ മകനായി ശാമുവേൽ ജനിച്ചു. ഒരു സഹോദരനും 5 സഹോദരിമാരും അടങ്ങിയ വലിയ കുടുംബം. ചന്ദനപ്പള്ളി എൽ.പി സ്കൂളിൽ ആയിരുന്നു പ്രാഥമിക പഠനം, തുടർപഠനം കൈപ്പട്ടൂർ സെൻറ് ജോർജ് സ്കൂളിൽ നടത്തി. പിന്നീട് സെന്റ് അലോഷ്യസ് മൈനർ സെമിനാരിയോട് ചേർന്നുള്ള അപ്പസ്തോലിക് സെമിനാരിയിൽ ചേർന്ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. വൈദിക ജീവിതത്തോട് ആഭിമുഖ്യമുള്ള കുട്ടികളെ സെമിനാരിയോട് ചേർന്ന് താമസിപ്പിച്ച് സ്കൂൾ പരിശീലനം നൽകുന്ന അപ്പസ്തോലിക് സെമിനാരിയിയിൽ ചേർന്ന ആ നാളുകളിൽ ദൈവദാസനായ മാർ ഈവാനിയോസ് പിതാവിന്റെ ജീവിതത്തെ അടുത്തറിയാനും മനസിലാക്കാനും പുനരൈക്യപ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിലെ പരാധീനതകളും കഷ്ടപ്പാടുകളും അനുഭവിച്ചറിയാനും സാധിച്ചു.

മൈനർ സെമിനാരി പഠനത്തെ തുടർന്ന് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര വൈദിക പഠനം പൂർത്തിയാക്കി. 1956 മാർച്ച് 16ന് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്നും തോമസ് പ്ളാവിള, ഉമ്മൻ അയ്യനേത്ത്, ജോൺ എഴുവങ്ങുവടക്കേതിൽ (ഇ.എസ് . ജോണച്ചൻ) എന്നിവർക്കൊപ്പം തട്ട ലൂർദ്ഗിരി കത്തോലിക്കപ്പള്ളിയിൽ വച്ച് വൈദിക പട്ടം സ്വീകരിച്ചു.

സമാനതകളില്ലാത്ത മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ ധീരനായ ഒരു പ്രേഷിതന്റെ ശുശ്രൂഷകളായിരുന്നു തുടർന്നുള്ള ജീവിതം. ആയൂർ, ചെറുവക്കൽ, വേങ്ങൂർ, കൊട്ടറ, അമ്പലക്കര, പൊടിയാട്ടുവിള, വാളകം, ഓടനാവട്ടം, കുമ്മല്ലൂർ, കട്ടിളപ്പാറ, തിങ്കൾകരിക്കം, കൈതകുഴി മലപ്പേരൂർ, ചോഴിയക്കോട്, മടത്തറ, പെരിങ്ങള്ളൂർ, ആങ്ങമൂഴി, ചിറ്റാർ, പെരുനാട്, സീതത്തോട്, വയ്യാറ്റുപുഴ, റോസ്മല, കുളത്തൂപ്പുഴ, മാർത്താണ്‌ഡം രൂപതയിലെ ആറ്റൂർ കേന്ദ്രമാക്കി വിവിധ പള്ളികൾ, ഇവിടെയെല്ലാം അച്ചൻ പ്രവർത്തിച്ചു. വയല പള്ളിയുടെ ആദ്യ വികാരിയും അച്ചനാണ്.

ജനങ്ങളെ സ്നേഹിച്ച് അവരോടൊപ്പം ജീവിച്ച് അവരുടെ സുഖദുഖങ്ങളിൽ ഒന്നു പോലെ പങ്കാളിയായ അച്ചനെ ജനങ്ങളും അതുപോലെ സ്നേഹിച്ചു. തെങ്ങുവിളയിൽ അച്ചൻ മലങ്കര കത്തോലിക്കരുടെ, താൻ വികാരിയായിരിക്കുന്ന ഇടവക സമൂഹത്തിന്റെ മാത്രം പുരോഹിതനായിരുന്നില്ല ആ ദേശത്തിന്റെ മുഴുവൻ കാവൽക്കാരനായിരുന്നു. പട്ടിണിയിലും രോഗത്തിലും പ്രയാസത്തിലും കൊടിയ ദൈന്യതയിലും കൂട്ടിരിക്കുന്ന കൂടെയായിരിക്കുന്ന ഇടയനായിരുന്നു.

അനുഗ്രഹീതമായ ശബ്ദ സൗകുമാര്യത്തിന്റെ ഉടമയായിരുന്ന അച്ചന്റെ വിശുദ്ധ കുർബാനയും ശുശ്രൂഷകളും വിശേഷിച്ച് ഹാശാ ആഴ്ചകളിലെ തിരുകർമ്മങ്ങളും വിശ്വാസികളിൽ സ്വർഗ്ഗീയാനുഭൂതി പകർന്നു നൽകുന്നതായിരുന്നു.

സീതത്തോട്ടിൽ കാട്ടാന ശല്യം രൂക്ഷമായിരുന്ന കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ അനേക ദിവസങ്ങളിൽ ഏറുമാടത്തിൽ താമസിച്ചിരുന്നു. കിഴക്കൻ മേഖലകളിലെ ദേവാലയങ്ങളിൽ എത്തിച്ചേരുവാൻ നല്ല റോഡുകളോ വാഹനങ്ങളോ ഇല്ലാതിരുന്ന കാലയളവിൽ വന്യമൃഗങ്ങളിൽ നിന്നുള്ള ഉപദ്രവവും യാത്രാ ക്ലേശങ്ങളും വകവെയ്ക്കാതെ കാൽനടയായും സൈക്കിളിലും ചുറ്റി നടന്ന് വിശ്വാസ സമൂഹത്തെ സന്ദർശിച്ചതും അവർക്കുവേണ്ടി കൂദാശ പരികർമ്മം ചെയ്തിരുന്നതും പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. പ്രതികൂലമായ . കാലാവസ്ഥകളിൽ, വൈദ്യുതി എത്തി ചേർന്നിട്ടില്ലാത്ത ഇടങ്ങളിൽ, പരിമിതമായ ജീവിത സാഹചര്യങ്ങളിൽ, കിലോമീറ്ററുകൾ നടന്ന് മാത്രം വിശ്വാസ സമൂഹത്തിന്റെ അടുത്ത് എത്തുന്ന ക്ളേശങ്ങളിൽ ഒന്നും മനം തകരാതെ അദ്ധ്വാനിച്ച സാമുവേലച്ചൻ. ഇന്ന് പത്തനംതിട്ട രൂപതയിലെ വലിയ പള്ളികളായി തലയെടുപ്പോടെ നിലകൊള്ളുന്ന ആങ്ങമൂഴി, ചിറ്റാർ, വയ്യാറ്റുപുഴ, സീതത്തോട്, പെരുനാട് പ്രദേശങ്ങളിലെ ഇടവക കൂട്ടായ്മകളെയെല്ലാം ദൃഢപ്പെടുത്താൻ അത്യദ്ധ്വാനം ചെയ്ത മിഷനറിയാണ് തെങ്ങുവിളയിലച്ചൻ. കത്തോലിക്കസഭയുമായി പുനരൈക്യപ്പെടുന്നവർക്ക് വേണ്ടി പുതിയ ഇടവകകൾ സ്ഥാപിക്കാനും ഇടവകകളെ ബലപ്പെടുത്താനും അച്ചൻ മുൻകൈ എടുത്തിരുന്നു. തെങ്ങുവിളയിൽ അച്ചന്റെ ശുശ്രൂഷകൾ സ്വീകരിച്ച, അച്ചനുമായി ഒരിക്കൽ ഇടപഴകിയ ഒരാളുപോലും അച്ചനെ മറക്കില്ല എന്നതാണ് അച്ചന്റെ സ്വഭാവത്തിന്റെ സവിശേഷത. ഇന്നും ‘ഞങ്ങളുടെ തെങ്ങുവിളയിലച്ചൻ’ എന്നു പറഞ്ഞാണ് ആളുകൾ അച്ചനെ അനുസ്മരിക്കുന്നത്.

വൈദിക കൂട്ടായ്മകളെ സ്നേഹിക്കുകയും പൗരോഹിത്യ സൗഹൃദത്തെ വിലമതിക്കുകയും ചെയ്തിരുന്ന അച്ചന്റെ വൈദിക മന്ദിരം സഹവൈദികർക്ക് ഒരുമിച്ചു കൂടുന്നതിനും സ്നേഹം പങ്കിടുന്നതിനുമുള്ള വേദിയായിരുന്നു. രുചികരമായി ഭക്ഷണം പാകം ചെയ്യാനുള്ള കൈപുണ്യം സിദ്ധിച്ചിരുന്ന അച്ചൻ അതിഥികളെ യഥോചിതം സ്വീകരിക്കുന്നതിലും സത്കരിക്കുന്നതിലും അതീവ തത്പരനായിരുന്നു. സമപ്രായക്കാർക്കും വൈദികജീവിതത്തിലെ ആരംഭകർക്കും ഒന്നു പോലെ പ്രിയങ്കരനായിരുന്നു സാമുവേലച്ചൻ.

വൈദിക ജീവിതത്തെ അതിരറ്റ് സ്നേഹിച്ചിരുന്ന സാമുവേലച്ചൻ വൈദിക സന്യസ്ത ദൈവവിളികൾ പ്രോത്സാഹിപ്പിച്ചിരുന്നു. വൈദിക ജീവിതത്തിലേക്ക് കടന്നുവരുന്നതിന് തനിക്ക് പ്രചോദനവും മാതൃകയുമായ, തന്നെ സെമിനാരിയിലേക്കയച്ച സീതത്തോട് വികാരിയായിരുന്ന തെങ്ങുവിളയിൽ അച്ചൻ വൈദിക സ്വീകരണ സമയത്ത് ഇടവക വികാരിയായിരുന്നില്ലെങ്കിലും പള്ളിയിലേക്ക് കടന്നുവന്ന് ശുശ്രൂഷകൾക്കും ക്രമീകരണങ്ങൾക്കുമെല്ലാം മേൽനോട്ടം വഹിച്ചത് സീതത്തോട് പ്രദേശത്തു നിന്നുള്ള ആദ്യ വൈദികനായ അഗസ്റ്റിൻ പുലിമുറ്റത്ത് കോർ – എപ്പിസ്കോപ്പ അച്ചൻ വികാരവായ്പോടെ അനുസ്മരിക്കുന്നു.

ചേപ്പാട് പള്ളിയിൽ ജോസ് കടകംപള്ളിൽ അച്ചനൊപ്പം താമസിച്ചു വരവെ ഹൃദയാഘാതത്താൽ സ്വർഗ്ഗീയ സമ്മാനത്തിനായി കടന്നുപോയി.1986 നവംബർ 15ന് 59-ാമത്തെ വയസ്സിലാണ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്. ഇടവക പട്ടക്കാരിൽ ആദ്യത്തെ മരണം ശാമുവേൽ തെങ്ങുവിളയിൽ അച്ചൻ്റേതായിരുന്നു അതിനാൽ കോട്ടപ്പള്ളിയുടെ അകത്താണ് അച്ചനെ അടക്കം ചെയ്തത്. സ്വപിതാവ് സഭക്കായി നൽകിയ സ്ഥലത്ത് സഭയുടെ ധീരനായ ആ മിഷനറി അന്ത്യ വിശ്രമം കൊള്ളുന്നു.

പുനരൈക്യത്തിന്റെ ആദ്യ നാളുകളിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട പിതാവിന്റെയും ധീര മിഷനറിയായ സഹോദരന്റെയും ത്യാഗോജ്വലമായ ജീവിതപാത പിന്തുടർന്ന് അച്ചന്റെ രണ്ടു സഹോദരിമാർ ബഥനി സന്യാസ സമൂഹത്തിൽ അംഗങ്ങളായി; സിസ്റ്റർ ജോസ്ഫിൻ എസ്.ഐ.സി , സിസ്റ്റർ പൗളിൻ എസ്.ഐ.സി. ഇരുവരും അധ്യാപികമാരായി വിദ്യാഭ്യാസ രംഗങ്ങളിൽ തീക്ഷ്ണതയോടെ പ്രവർത്തിച്ചു. 2017 സെപ്റ്റംബർ 26ന് സിസ്റ്റർ ജോസ്ഫിൻ നിത്യ സമ്മാനത്തിനായി 87-മത്തെ വയസ്സിൽ വിളിക്കപ്പെട്ടു. സിസ്റ്റർ പൗളിൻ നാലാഞ്ചിറ മഠത്തിൽ വിശ്രമ ജീവിതം നയിക്കുന്നു. സഹോദര പുത്രി സിസ്റ്റർ സുഷമ എസ് ഐ സി ബഥനി സന്യാസ സമൂഹത്തിലെ പത്തനംതിട്ട പ്രൊവിൻസിലെ അംഗമായി തട്ട മഠത്തിൽ സേവനമനുഷ്ടിക്കുന്നു.

സ്ഥാനമാനങ്ങളോ, സ്വാദിഷ്ടമായ ഭക്ഷണമോ, ലൗകീകമായ സമ്പാദ്യങ്ങളൊ, ജീവിത വ്യഗ്രതകളൊ ഒന്നും ഭ്രമിപ്പിക്കാതെ ഇടവക ശുശ്രൂഷകളിൽ സന്തോഷം കണ്ട ജനത്തോടൊത്ത് ജീവിക്കുന്നതിൽ അഭിരമിച്ച സാമുവേൽ തെങ്ങുവിളയിൽ അച്ചൻ ഇന്നും അനേകരുടെ ജീവിതത്തിൽ ഒളിമങ്ങാത്ത ശോഭയോടെ പ്രകാശിക്കുന്നു.

കടപ്പാട് – സി. സുഷമ എസ്. ഐ. സി (സാമുവേൽ അച്ചന്റെ സഹോദരന്റെ മകൾ )

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Advertisements
Rev. Fr Samuvel Thenguvilayil (1927-1986)
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment