ദിവ്യകാരുണ്യ ഈശോയോടുള്ള ചെറുജപം

ദിവ്യകാരുണ്യ ഈശോയോടുള്ള ചെറുജപം



ദിവ്യകാരുണ്യ ഈശോയെ ഇതാ ഞാൻ എന്റെ ജീവിതവും ജീവിതാനുഭവങ്ങളും പേറി അങ്ങയുടെ മുന്നിൽ വന്നിരിക്കുന്നു. അങ്ങയുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കി ഇരിക്കുന്നു.

എനിക്കായി ജ്വലിച്ചെരിയുന്ന അങ്ങയുടെ ഹൃദയത്തിലെ സ്നേഹരശ്മികൾ പതിച്ചു എന്റെ മുഖത്തെ കണ്ണീരുണങ്ങുന്നത് വരെ ഞാൻ എന്റെ നോട്ടം മാറ്റുകയില്ല.

എനിക്ക് ഏറ്റവും പ്രിയങ്കരനായ അങ്ങ് എന്റെ ആത്മാവിനോട് സംസാരിക്കുന്നത് വരെ ഞാൻ അങ്ങയുടെ സന്നിധിയിൽ നിന്നും പോവുകയില്ല.

ഈശോയെ അങ്ങ് എന്നിലും ഞാൻ അങ്ങിലും വസിക്കുന്നു. എന്നാലും ചില സമയങ്ങളിൽ എന്റെ ആത്മാവിന് അങ്ങയുടെ ഹിതപ്രകാരം ഏകാന്തത തോന്നുന്നു. അങ്ങയെ ആത്മീയ നയനങ്ങളാൽ കാണാനോ അങ്ങയുടെ സ്വരം ശ്രവിക്കാനോ കഴിയാത്ത വിധം എന്റെ ചുറ്റുമുള്ള ലോകവും എന്റെ ഹൃദയവും ആത്മാവും ശബ്ദമുഖരിതവും കലുഷിതവുമായിരിക്കുന്നു.

ഇവിടെ, ഈ ദിവ്യകാരുണ്യ സന്നിധിയിൽ മനുഷ്യർക്ക്‌ ദൃശ്യനായി അവിടുന്ന് ഇരിക്കുമ്പോഴും അങ്ങയുടെ പക്കൽ ഞാൻ ഇരിക്കുമ്പോഴും പിതാവായ ദൈവത്തിനു തന്നെയാണല്ലോ മഹത്വം ലഭിക്കുന്നത്. പിതാവായ ദൈവം തന്നെയാണല്ലോ അങ്ങിലൂടെ സ്നേഹിക്കപ്പെടുന്നത്.

ഈശോയെ, അവിടുന്ന് എന്നെ നോക്കുകയും എന്റെ ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യണമെ.

അങ്ങയോടു ഞാൻ പറയാൻ വന്ന കാര്യങ്ങൾ ചെറുതോ വലുതോ ആകട്ടെ, ആത്മീയമോ ഭൗതികമോ ആകട്ടെ, അങ്ങയുടെ ഹൃദയത്തിൽ ഞാൻ തരുന്നു. എന്റെ ചിന്തകളും പ്രവൃത്തികളും അങ്ങ് കാണണമെ. അങ്ങയുടെ മുഖ പ്രകാശത്താൽ എന്നെ വിശുദ്ധീകരിക്കണമേ.

ദിവ്യകാരുണ്യ നാഥനായ ഈശോയെ അരൂപിയായി ഇപ്പോൾ എന്റെ ആത്മാവിലേയ്ക്ക് സർവമഹിമപ്രതാപവാനായി കടന്നു വന്നു എന്റെ ആത്മാവിനെ പൂർണമായും സ്വന്തമാക്കേണമേ.

അങ്ങ് എന്നിൽ വസിക്കുന്നു എന്നുള്ള ഓർമ എനിക്കെപ്പോഴും ഉണ്ടായിരിക്കട്ടെ. അങ്ങയുടെ മുൻപാകെ എന്റെ ആത്മാവ് നിശബ്ദമായി, വിനയത്തോടെ, അങ്ങയുടെ വാക്കുകൾ കേൾക്കാനായി വ്യാപരിക്കട്ടെ.

ഈശോയെ, അങ്ങയെ എന്റെ ആത്മാവിന്റെ നാഥനും രക്ഷകനും ഏകകർത്താവുമായി ഒരിക്കൽ കൂടി ഞാൻ ഏറ്റു പറയുന്നു.

ആത്മാവിൽ അനവരതം അങ്ങയെ സ്തുതിച്ചു പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കാനും ഓരോ നിമിഷവും എന്റെ ആത്മാവ് ജാഗരൂകതയോടെ നിലകൊണ്ട് ഒരുക്കമുള്ളതായി കാണപ്പെടാനും എന്നെ സഹായിക്കുവാനായി ആശ്വാസദായകനായ പരിശുദ്ധാത്മാവിനെ അങ്ങിലൂടെ എന്റെ പക്കലേയ്ക്ക് അയയ്ക്കണമേ.

ഈശോയെ,
നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.
(ഫിലിപ്പി 4 : 20)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment