സമ്പൂർണ ആത്മസമർപ്പണ പ്രാർത്ഥന

നിത്യനും മനുഷ്യനായി പിറന്നവനുമായ ജ്ഞാനമേ! ഏറ്റവും മാധുര്യവാനും ആരാധ്യനുമായ ഈശോ, യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനുമായവനെ, പിതാവിന്റെയും നിത്യകന്യകാമറിയത്തിന്റയും ഏകസുതാ, നിത്യതയിൽ പിതാവിന്റെ വക്ഷസ്സിലും പ്രതാപങ്ങളിലും അങ്ങയെ ഞാൻ ആരാധിക്കുന്നു.

മനുഷ്യാവതാരവേളയിൽ അവിടുത്തേക്ക് അങ്ങേയറ്റം അനുരൂപയായ മറിയത്തിന്റെ വിശുദ്ധോദരത്തിലും അങ്ങയെ ഞാൻ താണുവീണാരാധിക്കുന്നു.

പിശാചിന്റെ നിഷ്ഠൂരമായ അടിമത്തത്തിൽനിന്ന് എന്നെ രക്ഷിക്കുവാൻ വേണ്ടി സ്വയം ശൂന്യനാക്കി അടിമയെപ്പോലെ ആയ നാഥാ, അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു.

മറിയം വഴി എന്നെ അങ്ങയുടെ വിശ്വസ്തദാസനാക്കുവാൻ വേണ്ടി, അവിടുത്തെ പരിശുദ്ധ മാതാവിന് എല്ലാ കാര്യങ്ങളിലും കീഴ്പ്പെടുവാൻ ഇഷ്ടപ്പെട്ട അങ്ങയെ ഞാൻ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

എന്നാൽ, കഷ്ടം ഭാഗ്യഹീനനും നന്ദിഹീനനും അവിശ്വസ്തനുമായ ഞാൻ മാമ്മോദീസയിൽ പരസ്യമായി അങ്ങയോടു ചെയ്ത ദൃഢപ്രതിജ്ഞകൾ പാലിച്ചില്ല.
എന്റെ കർത്തവ്യങ്ങൾഞാൻ നിർവഹിച്ചില്ല. അങ്ങയുടെ സുതനെന്നല്ല, അടിമയെന്നുപോലും വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല. അവിടുത്തെ കോപവും തിരസ്കരണവും അർഹിക്കാത്ത ഒന്നുപോലും എന്നിലില്ല. ആകയാൽ, പരമപരിശുദ്ധനും മഹത്വപൂർണനുമായ അവിടുത്തെപ്പക്കൽ വരുവാൻ എനിക്ക് ധൈര്യമില്ല.

അതുകൊണ്ട് അവിടുത്തെ ഏറ്റവും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഞാൻ അപേക്ഷിക്കുന്നു. മറിയത്തെയാണല്ലോ അവിടുന്ന് ഞങ്ങൾക്ക് മധ്യസ്ഥയായി തന്നിട്ടുള്ളത്.

ഈ നാഥയിലൂടെ മനസ്താപവും പാപമോചനവും അങ്ങിൽ നിന്നു ലഭിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അതുപോലെതന്നെ ജ്ഞാനസമ്പാദനവും അതിന്റെ സൂക്ഷിപ്പും ഞാൻ പ്രതീക്ഷിക്കുന്നു.

അമലോത്ഭവയായ മറിയമേ, ജീവനുള്ള ദൈവത്തിന്റെ സജീവാലയമേ, സ്വസ്‌തി! അങ്ങിൽ നിത്യജ്ഞാനം വസിക്കുവാനും മാലാഖമാരാലും മനുഷ്യരാലും ആരാധിക്കപ്പെടുവാനും ഇടയായല്ലോ.

ഭൂസ്വർഗ്ഗങ്ങളുടെ രാജ്ഞി, സ്വസ്തി! ദൈവത്തിന്റെ അധികാരസീമയിലുള്ളവ നിനക്ക് അധീനമാണല്ലോ. പാപികളുടെ സങ്കേതമേ, സ്വസ്‌തി! അങ്ങയുടെ കരുണ ആർക്കാണ് ലഭിക്കാതെ പോകുക? ദൈവികജ്ഞാനം ലഭിക്കുവാനുള്ള എന്റെ ആഗ്രഹം ഞാനിതാ സമർപ്പിക്കുന്നു. അതിനായി എന്റെ ഇല്ലായ്മയുടെ അഗാധത്തിൽ നിന്നുള്ള എന്റെ സമർപ്പണവും പ്രതിജ്ഞകളും അവിടുന്ന് ദയാപൂർവം സ്വീകരിക്കണമേ.

ഞാൻ……………………….(പേര് ) അവിശ്വസ്തനായ ഒരു പാപി മാമ്മോദീസയിൽ ചെയ്ത പ്രതിജ്ഞകളെ ഇന്ന് നവീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. പിശാചിനെയും അവന്റെ ആഡംബരങ്ങളെയും പ്രവർത്തനങ്ങളെയും ഞാൻ എന്നെന്നേക്കുമായി പരിത്യജിക്കുന്നു. ജീവിതത്തിലെ എല്ലാ ദിവസവും എന്റെ കുരിശു വഹിച്ചുകൊണ്ട് ഈശോയെ പിന്തുടരുവാനും ഇനിമേൽ അവിടുത്തോട് കൂടുതൽ വിശ്വസ്തനായിരിക്കുവാനും വേണ്ടി ഞാൻ എന്നെത്തന്നെ പൂർണമായി ഈശോക്ക് സമർപ്പിക്കുന്നു.

ഓ! മറിയമേ, സ്വർഗ്ഗനിവാസികൾ എല്ലാവരുടെയും സാന്നിധ്യത്തിൽ ഇന്നേ ദിവസം എന്റെ മാതാവും നാഥയുമായി അങ്ങയെ ഞാൻ സ്വീകരിക്കുന്നു. അങ്ങയുടെ അടിമയായി എന്നെത്തന്നെ സമർപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്റെ ആത്മാവും ശരീരവും, ആന്തരികവും ബാഹ്യവുമായ എല്ലാവയും എന്റെ എല്ലാ നല്ല പ്രവർത്തികളുടെ യോഗ്യതകളും, കഴിഞ്ഞതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതും, ഒന്നും മാറ്റിവെക്കാതെ എല്ലാം ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എന്റെയും എനിക്കുള്ളവയുടെയും മേൽ പരിപൂർണമായ അധികാരാവകാശങ്ങൾ ഞാൻ അങ്ങേയ്ക്ക് നൽകുന്നു. സമയത്തിലും നിത്യതയിലും ദൈവമഹത്വത്തിനുവേണ്ടി അങ്ങ് ഇഷ്ടംപോലെ അവയെ വിനിയോഗിച്ചാലും.

കരുണാനിധിയായ കന്യകേ, അങ്ങേ മാതൃത്വത്തോട് നിത്യജ്ഞാനം പ്രകടിപ്പിച്ച വിധേയത്വത്തോട് യോജിച്ചു, ആ വിധേയത്വത്തിന്റെ സ്തുതിക്കായി, എന്റെ അടിമത്തത്തിന്റെ ഈ ചെറിയ സമർപ്പണത്തെ അങ്ങ് സ്വീകരിക്കണമേ. അതിനിസ്സാരനും വലിയ പാപിയുമായ എന്റെമേൽ നിങ്ങൾക്കിരുവർക്കുമുള്ള അധികാരത്തിനു എന്റെ അർച്ചനയായും പരിശുദ്ധത്രിത്വം അങ്ങേമേൽ വർഷിച്ച നിരവധിയായ അനുഗ്രഹങ്ങൾക്ക് കൃതജ്ഞതയായും ഇത് സ്വീകരിച്ചാലും. ഇനിമേൽ എന്നും യഥാർത്ഥ അടിമയെപ്പോലെ അങ്ങേ ബഹുമാനിക്കുവാനും എല്ലാകാര്യങ്ങളിലും അങ്ങേ അനുസരിക്കുവാനും ആഗ്രഹിക്കുന്നുവെന്നു ഞാനിതാ പ്രഖ്യാപിക്കുന്നു.

ഓ!അതുല്യയായ മാതാവേ, അങ്ങേ പ്രിയസുതന് നിത്യ അടിമയായി എന്നെ സമർപ്പിക്കണമേ. അങ്ങുവഴി അവിടുന്ന് എന്നെ രക്ഷിച്ചതുപോലെ, അങ്ങുവഴി അവിടുന്ന് എന്നെ സ്വീകരിക്കുകയും ചെയ്യട്ടെ!

ഓ! കരുണയുടെ മാതാവേ, യഥാർത്ഥമായ ദൈവികജ്ഞാനം ലഭിക്കുവാൻ തക്കസഹായം എനിക്ക് നല്കണമേ. ഇതിനായി, മക്കളെയും അടിമകളെയുംപോലെ അങ്ങ് സ്നേഹിക്കുകയും പഠിപ്പിക്കുകയും തീറ്റിപ്പോറ്റുകയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ എന്നെയും അങ്ങ് ചേർക്കണമേ.

ഓ! വിശ്വസ്തയായ കന്യകേ, എന്നെ അങ്ങയുടെ സുതനും മാംസം ധരിച്ച ജ്ഞാനവുമായ ഈശോമിശിഹായുടെ യഥാർത്ഥശിഷ്യനും അനുയായിയും അടിമയുമാക്കണമേ!

അങ്ങനെ അങ്ങയുടെ മാധ്യസ്ഥവും മാതൃകയും വഴി ഭൂമിയിലെ അവിടുത്തെ പൂർണതയും സ്വർഗ്ഗത്തിലെ അവിടുത്തെ മഹത്വവും എനിക്ക് ലഭിക്കുമാറാകട്ടെ.

ആമേൻ.

ദിവസം ഒപ്പ്

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment