മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
ശാന്തനായ തോമസ് വലിയവിളയിൽ അച്ചൻ…
വലിയവിളയിൽ ഏബ്രഹാം അന്നമ്മ ദമ്പതികളുടെ അഞ്ച് മക്കളിലൊരാളായി 1931 ജൂൺ 15ന് തോമസ് ജനിച്ചു. പി.എ ജോസഫ്, പി.എ ഫിലിപ്പ്, പി.എ ജോർജുകുട്ടി, ചിന്നമ്മ വിൻസെന്റ് എന്നിവരാണ് സഹോദരങ്ങൾ. മാമൂട്ടിൽ മൂലകുടുംബത്തിൽ
പളളിക്കൽ കുടുംബശാഖയിൽ കൈപ്പട്ടൂരിൽ താമസിച്ചിരുന്ന അച്ചന്റെ മാതാപിതാക്കൾ പിന്നീട് വകയാർ ഭാഗത്തേക്ക് വന്നു. അവിടെ വെച്ച് വകയാർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിലേക്ക് കുടുംബം പുനരൈക്യപ്പെട്ടു.
കോന്നിക്ക് അടുത്ത് എലിയറയ്ക്കൽ കെ.കെ.എൻ.എം. സ്കൂളിൽ (അമൃത ഹയർ സെക്കൻഡറി സ്കൂൾ) ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പത്താം ക്ളാസ് പഠനം പൂർത്തിയാക്കി തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. ഫിലോസഫിയും തിയോളജിയും തമിഴ്നാട്ടിലെ ട്രിച്ചി (തിരുച്ചിറപ്പള്ളി) സെന്റ് പോൾസ് മേജർ സെമിനാരിയിൽ പൂർത്തിയാക്കി. 1961 ജൂൺ 5ന് സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വച്ച് വൈദിക പട്ടം സ്വീകരിച്ചു.
ചോഴിയക്കോട്, മടത്തറ, മെതുകുമ്മേൽ, പാലവിള, പെരിങ്ങനാട്, പാറക്കൂട്ടം, വാളകം, പനവേലി, പൊടിയാട്ടുവിള, അമ്പലക്കര, തോട്ടപ്പള്ളി, ഹരിപ്പാട്, പള്ളിപ്പാട്, വഴുതാനം, കടക്കാമൺ, പിറവന്തൂർ, പുന്നല, പത്തനാപുരം, എലിക്കാട്ടൂർ, കറവൂർ, വിളക്കുവെട്ടം, ഉറുകുന്ന്, തെൻമല, ആര്യങ്കാവ്, ജവഹർകോളനി, ധനുവച്ചപുരം, പനയൻമൂല, പനയറയക്കാട്, പ്ളാങ്കാല, ആൽവാർകോയിൽ, പാപ്പാല, കാവടിത്തല, പരുത്തിയറ, പൗഡിക്കോണം, കാഞ്ഞിരംപാറ, മൂന്നാംമൂട്, മണലയം, എന്നീ പള്ളികളിലായി സ്ത്യുത്യർഹമായി പൗരോഹിത്യ ശുശ്രൂഷ ചെയ്തു.
ശാന്തനും സൗമ്യനുമായിരുന്ന അച്ചൻ ഏവരോടും സമാധാനത്തിലും സൗഹൃദത്തിലുമാണ് ഇടപെട്ടിരുന്നത്. ഏൽപ്പിക്കപ്പെട്ട ജോലികൾ ഉത്തരവാദിത്തത്തോടെ നിറവേറ്റി അധികാരികൾക്ക് വിധേയപ്പെട്ട് ശുശ്രൂഷകൾ നിർവ്വഹിച്ചു.
പള്ളികളുടെ ചുമതലകളിൽനിന്ന് വിരമിച്ച് ക്ളർജി ഹോമിൽ വിശ്രമിച്ചുവരവെ 1998 മാർച്ച് 18ന് സ്വർഗ്ഗീയ സമ്മാനത്തിനായി കടന്നുപോയി.
തിരുവനന്തപുരം അതിഭദ്രാസനാധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അനേകം വൈദികരുടെയും സന്യാസി സന്യാസിനികളുടെയും വലിയഗണം വിശ്വാസ സമൂഹത്തിന്റെയും സാന്നിദ്ധ്യത്തിൽ അച്ചന്റെ ഭൗതീകശരീരം സംസ്കരിച്ചു. അച്ചന്റെ സഹോദങ്ങളും കുടുംബവും വകയാർ പള്ളിയിൽ നിന്ന് കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലേക്ക് ഇതിനകം താമസം മാറിയിരുന്നതിനാൽ കിഴവള്ളൂർ പള്ളിയോട് ചേർന്നാണ് അച്ചനെ കബറടക്കിയത്.
✍️ ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)



Leave a comment