സന്യാസിനികളുടെ മൃതസംസ്കാരം | സീറോമലബാർ ക്രമം
മൂന്നുഭാഗങ്ങളായാണ് ശുശ്രൂഷ ക്രമവല്കരിച്ചിരിക്കുന്നത്. സന്യാസ ഭവനത്തോടനുബന്ധിച്ചാണ് സെമിത്തേരിയെങ്കിൽ ഒന്നും രണ്ടും ഭാഗങ്ങൾ സന്യാസഭവനത്തിലെ കപ്പേളയിൽ വച്ചു നടത്താവുന്നതാണ്.
മുടിയണിയിക്കലിനുശേഷമോ, മനുഷ്യാ നീ പൊടിയാകുന്നു എന്ന പ്രാർത്ഥനയ്ക്കുശേഷമോ പുഷ്പദളങ്ങളിട്ട്
മൃതദേഹത്തോട് ആദരവു പ്രകടിപ്പിക്കാവുന്നതാണ്.
ഭാഗം ഒന്ന്
സന്യാസഭവനത്തിൽ
(കാർമ്മികൻ മൃതശരീരത്തിന്റെ പാദത്തിങ്കൽ നിന്നുകൊണ്ട് കർമ്മങ്ങളാരംഭിക്കുന്നു.)
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി (3)
സമൂഹം: ആമ്മേൻ. (3)
കാർമ്മി: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേയ്ക്കും
സമൂ: ആമ്മേൻ.
കാർമ്മി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹം ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾ ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാനിടയാകരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ. ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹം ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെരാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ
കാർമ്മി: ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, നീ ഉയിർപ്പിക്കുന്ന നിദ്ര പ്രാപിച്ചവരാലും നീ രൂപാന്തരപ്പെടുത്തുന്ന ജീവിക്കുന്നവരാലും നീ സന്തോഷിപ്പിക്കുന്ന നീതിമാന്മാരാലും സ്വർഗ്ഗത്തിലും ഭൂമിയിലും നിന്റെ മഹനീയവും പരിശുദ്ധവുമായ നാമം ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യുമാറാകട്ടെ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ.
ശുറായ ദക്ക്ദം (സങ്കീ. 103)
മ്ശം: മനുഷ്യജീവിതം പുൽക്കൊടിക്കു തുല്യമാകുന്നു.
(കാനോന) മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
(സമൂഹം രണ്ടു ഗണമായി തുടരുന്നു).
മനുഷ്യജീവിതം പുൽക്കൊടിക്കു തുല്യമാകുന്നു.
വയലിലെ പുഷ്പം പോലെ അതുവിരിയുന്നു.
ചുടുകാറ്റടിക്കുമ്പോൾ വാടിപ്പോവുകയും ചെയ്യുന്നു.
അതുനിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരുന്നു
കർത്താവിനെ സ്നേഹിക്കുന്നവരുടെമേൽ,
എന്നും അവന്റെ അനുഗ്രഹമുണ്ടായിരിക്കും.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
മ്ശം: മനുഷ്യജീവിതം പുൽക്കൊടിക്കു തുല്യമാകുന്നു.
(കാനോന) മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ
സ്ലോസാ
കാർമ്മി: മണ്ണിൽനിന്ന് ആദത്തെ സൃഷ്ടിച്ചവനും പൊടിയിൽ നിന്ന് അവന്റെ സന്താനങ്ങളെ പുനരുജ്ജീവിപ്പിക്കുനവനുമായ കർത്താവേ, സ്വർഗ്ഗത്തിലും ഭൂമിയിലും ഞങ്ങൾ അങ്ങയെ ഏറ്റുപറയുകയും സ്തുതിക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ.
ശുറായ ദ് വാസർ (സങ്കീ. 39)
മ്ശം: എന്റെ ദിവസങ്ങൾ എത്ര പരിമിതങ്ങളാകുന്നു.
(കാനോന) മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി
(സമൂഹം രണ്ടു ഗണമായി തുടരുന്നു.)
എന്റെ ദിവസങ്ങൾ എത്ര പരിമിതങ്ങളാകുന്നു.
എന്റെ ജീവിതം നിന്റെ മുമ്പിൽ എത്ര നിസ്സാരവുമാകുന്നു
എന്തുകൊണ്ടെന്നാൽ, ജീവിതം നിഴൽ പോലെ കടന്നു പോകുന്നു.
മനുഷ്യനോ നിക്ഷേപം കൂട്ടുന്നു.
അത് ആർക്കുവേണ്ടിയാണെന്നു അവനറിയുന്നില്ല.
കർത്താവേ, നീയല്ലാതെ ആരെനിക്കായം?
എല്ലാ തിന്മകളിൽ നിന്നും എന്നെ രക്ഷിക്കണമേ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
മ്ശം: എന്റെ ദിവസങ്ങൾ എത്ര പരിമിതങ്ങളാകുന്നു.
(കാനോന) മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
സ്ലോസാ
കാർമ്മി: തന്റെ കൃപയാൽ ഞങ്ങളെ സൃഷ്ടിക്കുന്നവനും തന്റെ നീതിയാൽ ഞങ്ങളെ മരണവിധേയരാക്കുന്നവനും തന്റെ കാരുണ്യാതിരേകത്താൽ ഞങ്ങളെ ഉയിർപ്പിക്കുന്നവനുമായ കർത്താവേ, നീ സൃഷ്ടിച്ച് ഇരുലോകങ്ങളിലും ഞങ്ങൾ നിന്നെ ഏറ്റുപറയുകയും സ്തുതിക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ.
ഓനീസാ
(ഹന്താന പ്ശേ ദവദാക്… അംകൊലഹോൻ കന്തീശൈക്ക്…)
1) നിന്റെ ദാസിയുടെ ആത്മാവിനെ സന്തോഷിപ്പിക്കണമേ.
നൃപനാം മിശിഹാ കർത്താവേ
അഴലും മരണവുമില്ലാതെ
ജീവൻവിളയും രാജ്യത്തിൽ
വാനവരോടെ ചിരകാലം
ആനന്ദത്തോടു വാണിടുവാൻ
ദാസിക്കുവരമിന്നരുളേണം.
2) കർത്താവു വലിയവനും സ്തുത്യർഹനുമാകുന്നു.
ആദിപിതാവാമാദത്തെ
സൃഷ്ടിച്ചവനാം ദൈവത്തിൽ
ആശ്രയമഖിലമണയ്ക്കുന്നു
മർത്യനുശരണം നീയല്ലോ;
ലോകം വ്യർത്ഥം; സകലേശാ,
ഞങ്ങൾക്കരുളുക നവജീവൻ.
3) വാഗ്ദാനങ്ങളിൽ കർത്താവു വിശ്വാസ്യനാകുന്നു.
വിലപിക്കരുതേ മരണത്തിൽ
പുനരുത്ഥാനം വരുമല്ലോ
അരുൾ ചെയ്തില്ലേ തിരുനാഥൻ
ദൃഢമായെന്നിൽ വിശ്വാസം
നിക്ഷേപിക്കും മനുജനു ഞാ
നന്തിമദിവസമുയിർപ്പേകും.
4) നീതിമാൻ വിജ്ഞാനം പ്രസംഗിക്കുന്നു.
പൗലോസിൻ തിരുവാക്യങ്ങൾ
ശാന്തി നിനക്കു പകർന്നീടും
മർത്യനമർത്യത പുണരുന്നു
ക്ഷയമുള്ളാനക്ഷയനാകും
മർത്യതയേവം സകലേശൻ
നിതരാം നൂതനമാക്കുന്നു.
5) ചിറകുവിടർത്തി അവരെ സ്വീകരിക്കുന്നു.
അംബരവീഥിയിലഖിലേശൻ
മിശിഹാരാജനെഴുന്നെള്ളും;
പരിശുദ്ധന്മാരണിയണിയാ
യെതിരേല്പിന്നു നിരന്നീടും
ആനന്ദത്തിൻ മണിയറയിൽ
ചിരമായ വാണിടുമവരെല്ലാം
6) ഇന്നുമുതൽ എന്നേയ്ക്കും.
നിത്യോന്നതമാം സായുജ്യം
പുല്കുന്നതിനീയാത്മാവും
നിൻവിളികേട്ടു ശരീരത്ത
വിട്ടുപിരിഞ്ഞു തിരിക്കുന്നു.
വാനവഗനമാദിനവും കാ
ത്തക്ഷമരായിക്കഴിയുന്നു.
7) അവൻ എനിക്കു കയ് പ്പുള്ള ഭക്ഷണം തന്നു.
പറുദീസായിൽനിനീട്ടി
വൃക്ഷം മർത്യനു മൃതിയേകി
ഗാഗുൽത്തായിൽ ക്കൈനീട്ടി
കുരുശാമർത്യനുയിർപ്പേകി
മിശിഹാനാഥൻ മരണത്താൽ
മരണത്തിന്മേൽ ജയമാർന്നു.
8) ദൈവമേ, ഞങ്ങൾ തെളിവായിക്കേട്ടു.
നിന്നുടെ നീതിവിശുദ്ധന്മാർ
കാനന്ദത്തിൻ പൂന്തേനും
ദുഷ്ടജനത്തിനു പീഡകളും
നല്കി ഞങ്ങളിതറിയുന്നു
നാഥാ, ഞങ്ങളെ മൃതരെല്ലാം
നുകരാവു നിൻ കൃപയെന്നും
9) അവയെല്ലാം നശ്വരങ്ങളാകുന്നു.
ലോകവുമതിനുടെയാശകളും
നിശ്ശൂന്യതയിൽത്താഴുന്നു
സത്യം, നീതിയുമെന്നെന്നും
ലയമില്ലാതെ വിളങ്ങീടും
നിലനില്ക്കുന്നു സകലേശൻ
നല്കുന്നൊരു നിത്യായുസ്സും.
10) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
നൃപനാം മിശിഹാകർത്താവേ,
വാഴ്ത്തിപ്പാടി നമിക്കുന്നേൻ
വിശ്വത്തിന്റെ വിധാതാവേ,
നല്കണമെ പുനരുത്ഥാനം:
പരിശുദ്ധന്മാർ വാഴുമിടം
ചേർക്കണമെന്നെയുമഖിലേശാ
11) ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
മഹിമയൊടന്തിമവിധിനാളിൽ
കർത്താവേ നീയണയുമ്പോൾ
കരുണയോടെന്നെ നിറുത്തണമേ
നല്ലവരൊത്തുവലംഭാഗ
നല്കണമേ നിത്യായുസ്സിൻ
പരമോന്നതമാം പരിവേഷം.
ഏംഗർത്താ
മ്ശം: എന്റെ സഹോദരരേ, അപ്പസ്തോലപ്രവർത്തനങ്ങളിൽ നിന്നുള്ള വായന (അപ്പ. പ്രവ. 9:36-43)
യോപ്പേ പട്ടണത്തിൽ ത് വീസാ എന്നുപേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. അവൾ താൻ ചെയ്തിരുന്ന സൽപ്രവൃത്തികളിലും ദാനധർമ്മങ്ങളിലും സമ്പന്നയായിരുന്നു. ആ ദിവസങ്ങളിൽ അവൾ രോഗബാധിതയാകുകയും മരണമടയുകയും ചെയ്തു. അവർ അവളെ കുളിപ്പിച്ച് മാളികയിൽ കൊണ്ടുപോയിക്കിടത്തി. ശെമയോൻ യോപ്പേയ്ക്ക് സമീപത്തുള്ള ലോദ് പട്ടണത്തിൽ ഉണ്ടെന്നു ശിഷ്യർ കേട്ടു. തങ്ങളുടെ അടുക്കൽ വരാൻ മടിക്കരുതെന്നു അയാളെ അറയിക്കുന്നതിന് രണ്ടുപേരെ അയാളുടെ അടുക്കൽ അവർ അയച്ചു. ശെമയോൻ എഴുന്നേറ്റ് അവരോടുകൂടെപ്പോയി. അയാൾ അവിടെ എത്തിയപ്പോൾ അവർ മാളികയിലേക്കു കയറ്റിക്കൊണ്ടുപോയി. ത് വീസാ ജീവിച്ചിരുന്നപ്പോൾ അവൾ നല്കിയ അങ്കികളും പുറംകുപ്പായങ്ങളും അയാളെ കാണിച്ചുകൊണ്ട് വിധവകൾ വിലാപത്തോടെ അയാളുടെ ചുറ്റും കൂടി നിന്നു. ശെമയോൻ എല്ലാവരെയും പുറത്തേക്കു പറഞ്ഞയച്ചിട്ട് മുട്ടുകുത്തി പ്രാർത്ഥിച്ചു. പിന്നെ അയാൾ മൃതദേഹത്തിലേക്ക് തിരിഞ്ഞ്, ത് വീസാ എഴുന്നേൽക്കുക എന്നു പറഞ്ഞു. അവൾ കണ്ണു തുറന്നു ശെമയോനെ കണ്ടപ്പോപ്പോൾ എഴുന്നേറ്റിരുന്നു. അയാൾ കൈനീട്ടിക്കൊടുത്ത് അവളെ എഴുന്നേല്പിച്ചു. അനന്തരം വിശുദ്ധരെയും വിധവകളെ യും വിളിച്ച് അവളെ ജീവനുള്ളവളായി അവർക്കുഏല്പിച്ചുകൊടുത്തു. പട്ടണം മുഴുവൻ ഇതു പ്രസിദ്ധമായി വളരെ പേർ നമ്മുടെ കർത്താവിൽ വിശ്വസിച്ചു. പിന്നെ അയാൾ തുകൽപണിക്കാരനായ ശെമയോന്റെ വീട്ടിൽ താമസിച്ചുകൊണ്ട് വളരെനാൾ യോപ്പയിൽത്തന്നെ കഴിച്ചു.
സമു. നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
സുമാറ (സങ്കീ. 88)
(സമൂഹം രണ്ടു ഗണമായി തിരിഞ്ഞ്)
കർത്താവേ, എന്റെ രക്ഷകനായ ദൈവമേ,രാവും പകലും നിന്നോടു ഞാൻ പ്രാർത്ഥിക്കുന്നു.
എന്റെ പ്രാർത്ഥന നിന്റെ പക്കലെത്തട്ടെ; എന്റെ അപേക്ഷ നീ കേൾക്കണമേ.
ഏവൻഗലിയോൻ
കാർമ്മി. വി. മത്തായി അറിയിച്ച് നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം (മത്താ 25: 1-13)
“മണവാളനെയും മണവാട്ടിയെയും എതിരേല്ക്കാൻ വിളക്കുകളുമേന്തി പുറപ്പെട്ട പത്തു കന്യകകളോട് സദൃശ്യമായിരിക്കും സ്വർഗ്ഗരാജ്യം. അവരിൽ അഞ്ചുപേർ ബുദ്ധിയുള്ളവരും അഞ്ചുപേർ ബുദ്ധിയില്ലാത്തവരുമായിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്കുകളെടുത്തു, എന്നാൽ എണ്ണയെടുത്തില്ല. ബുദ്ധിമതികൾ വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയുമെടുത്തു. മണവാളൻ വരാൻ താമസിക്കുകയാൽ എല്ലാവർക്കും ഉറക്കം വരുകയും അവർ ഉറങ്ങുകയും ചെയ്തു. അർദ്ധരാത്രിയിൽ, ഇതാ മണവാളൻ വരുന്നു; അവനെ എതിരേല്ക്കാൻ പുറപ്പെടുവിൻ എന്ന് ആർപ്പുവിളിയുണ്ടായി. അപ്പോൾ ആ കന്യകമാർ എഴുന്നേറ്റ് വിളക്കുകൾ ക്രമപ്പെടുത്തി. ബുദ്ധിശൂന്യർ ബുദ്ധിമതികളോട് പറഞ്ഞു: നിങ്ങളുടെ എണ്ണയിൽ അല്പം ഞങ്ങൾക്കു തരിക ഞങ്ങളുടെ വിളക്കുകൾ കെട്ടുപോയിരിക്കുന്നു. പക്ഷേ ആ ബുദ്ധിമതികൾ പറഞ്ഞു: ഞങ്ങൾക്കും നിങ്ങൾക്കും മതിയാകാതെ വരാതിരിക്കാൻ നിങ്ങൾ വ്യാപാരികളുടെ അടുക്കൽ ചെന്ന് വാങ്ങിക്കൊള്ളുക. അവർ എണ്ണ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിയിരുന്നവർ അവനോടുകൂടെ മണവറയിൽ പ്രവേശിച്ചു. വാതിൽ അടയ്ക്കപ്പെട്ടു. പിന്നീട് മറ്റേ കന്യകമാരും വന്ന്, കർത്താവേ, കർത്താവേ, ഞങ്ങൾക്ക് വാതിൽ തുറന്നു തരണമേ എന്നു പറഞ്ഞു. അവൻ ഉത്തരം നല്കി സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: ഞാൻ നിങ്ങളെ അറിയുകയില്ല. ആകയാൽ നിങ്ങൾ ഉണർന്നിരിക്കുവിൻ. ആ ദിവസമോ ആ നാഴികയോ നിങ്ങളറിയുന്നില്ല.”
സമൂ. നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
(പ്രസംഗമുണ്ടെങ്കിൽ ഇവിടെ പറയുന്നു)
കാറോസൂസാ
മ്ശം: നമുക്കെല്ലാവർക്കും അനുതാപത്തോടും ഭക്തിയോടും കൂടെ നിന്ന് കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ എന്നു പ്രാർത്ഥിക്കാം.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെ ത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന് ആഹ്വാനം ചെയ്ത കർത്താവേ, അങ്ങയുടെ സ്നേഹമസൃണമായ വിളി ശ്രവിച്ച് സന്യാസ ജീവിതത്തിലൂടെ അങ്ങയെ അനുഗമിച്ച ഈ ദാസിയെ നിത്യഭാഗ്യത്തിൽ ചേർക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ലോകത്തിൽ സ്വർഗ്ഗപിതാവിനെ നിരന്തരംമഹത്വപ്പെടുത്തിയ മിശിഹായേ, ബ്രഹ്മചര്യവും ദാരിദ്ര്യവും അനുസരണവും വഴി സ്വർഗ്ഗപിതാവിനെ മഹത്വപ്പെടുത്തിയ ഈ ദാസിക്ക് നിത്യഭാഗ്യം നൽകണമെന്നു ഞങ്ങൾ
പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം. നിന്നോടുകൂടി ആയിരിക്കുവാനും നിന്റെ വചനങ്ങൾ പ്രഘോഷിക്കുവാനും നിനക്ക് സ്തുതിയുടെ ബലികളർപ്പിക്കുവാനും വിളിക്കപ്പെട്ട ഈ ദാസിയെ നിത്യഭാഗ്യത്തിൽ ചേർക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ഒരുക്കത്തോടുകൂടി വി. കൂദാശകൾ സ്വീകരിച്ചും തീഷ്ണതയോടുകൂടി അവിടുത്തെ വചനങ്ങൾ പങ്കുവച്ചും ഉത്സാഹത്തോടുകൂടി അങ്ങേയ്ക്ക് സാക്ഷ്യം വഹിച്ചുംഅങ്ങയെ അനുഗമിച്ച ഈ ദാസിക്ക് നിത്യവിശ്രമം നൽകണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ദൈവികരഹസ്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ട് രക്ഷാകർമ്മത്തിൽ പങ്കുചേർന്ന കന്യകാമറിയത്തെപ്പോലെ രാപകൽ ദൈവപ്രമാണങ്ങൾ ധ്യാനിച്ച് സുകൃതധന്യയായി ജീവിക്കാൻ വിളിക്കപ്പെട്ട ഈ ദാസിക്ക് സ്വർഗ്ഗീയാനന്ദം നൽകണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: നിന്റെ പാദാന്തികത്തിലിരുന്ന് തിരുവചനങ്ങൾ ശ്രവിച്ച മറിയത്തേയും നിനക്ക് ശുശ്രൂഷകൾ ചെയ്ത മർത്തായേയും പോലെ പ്രാർത്ഥനയും പ്രവർത്തനവും വഴി ഈ ലോകത്തിൽ അങ്ങയെ അനുഗമിച്ച ഈ ദാസിയെ സ്വർഗ്ഗീയ മണവറയിൽ ചേർക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: അല്പകാര്യങ്ങളിൽ വിശ്വസ്തരായവരെ അധികകാര്യങ്ങളിൽ നിയമിച്ചാക്കും എന്നു വാഗ്ദാനം ചെയ്ത കർത്താവേ, തനിക്ക് ഏല്പ്പിക്കപ്പെട്ടിരുന്ന ദൗത്യങ്ങൾ വിശ്വസ്താതാപൂർവം നിർവ്വഹിച്ച് അങ്ങേയ്ക്ക് ശുശ്രൂഷ ചെയ്ത ഈ ദാസിക്ക് നിത്യഭാഗ്യം കൽപിച്ചരുളണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ലോകസുഖങ്ങളുടെ വിസ്തൃതമാർഗ്ഗം തേടാതെ അങ്ങയുടെ ദിവ്യകല്പനകളുടെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് നിത്യാനന്ദത്തിന്റെ തുറമുഖത്തെത്തിയ ഈ ദാസിയെ നിത്യജീവിതത്തിലേക്ക് ആനയിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: അങ്ങയുടെ കല്പനകൾ വിശ്വസ്തതാപൂർവ്വം പഠിച്ചും പാലിച്ചും തീഷ്ണതയോടെ പഠിപ്പിച്ചും ചിതലും പുഴുവും നശിപ്പിക്കാത്ത സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപം കരുതി വച്ച ഈ ദാസിയെ നിത്യഭാഗ്യത്തിൽ ചേർക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: രോഗികളെ ആശ്വസിപ്പിച്ചും പരദേശികളെ സ്വീകരിച്ചും ദരിദ്രരെ സഹായിച്ചും ഈ ലോകത്തിൽ അങ്ങേക്ക് സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ട ഈ ദാസിക്ക് നിത്യകിരീടം നൽകണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ലോകത്തിന്റെ ദീപവും ഭൂമിയുടെ ഉപ്പുമാകുവാനുള്ള അങ്ങയുടെ ആഹ്വാനം ശിരസ്സും വഹിച്ച് സ്നേഹത്തിന്റെയും സേവനത്തിന്റെയും മാതൃക നൽകിയ അങ്ങയുടെ ഈ ദാസിയെ നിത്യജീവിതത്തിലേക്ക് ആനയിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഈ ഭാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ബുദ്ധിമതികളായ കന്യകമാരെപ്പോലെ ഉണർവ്വിന്റെയും വിശുദ്ധിയുടെയും എണ്ണയിൽ സ്വയം പ്രകാശിപ്പിച്ച് അങ്ങയെ കാത്തിരുന്ന ഈ ദാസിയെ സ്വർഗ്ഗീയ മണവറയിലേക്ക് ആനയിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ഭാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ദൈവാരാധനയിലൂടെ അങ്ങയെ സ്തുതിക്കുകയും നിത്യജീവന്റെ അച്ചാരമായ വിശുദ്ധ രഹസ്യങ്ങൾ സ്വീകരിച്ച് അങ്ങിൽ ഒന്നുചേരുകയും ചെയ്ത അങ്ങയുടെ ദാസിയെ നവ്യലോകത്തിൽ സ്വർഗ്ഗീയഗണങ്ങളോടു ചേർന്ന് അങ്ങയെ നിത്യം സ്തുതിച്ചാരാധിക്കുവാൻ അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി എന്നു പറഞ്ഞ വി. പൗലോസ് ശ്ലീഹായെപ്പോലെ സുവിശേഷഭാഗ്യങ്ങൾക്കനുസൃതം ജീവിച്ചുകൊണ്ട് അങ്ങയെ അനുഗമിച്ച ഈ ദാസിക്ക് നിത്യകിരീടം നൽകണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
മ്ശം: ജീവിതകർത്തവ്യനിർവ്വഹണത്തിനിടയിൽ വന്നുപോയ കുറവുകളെല്ലാം പരിഹരിച്ച് ഈ ദാസിയെ സ്വർഗ്ഗഭാഗ്യത്തിൽ ചേർക്കണമെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവേ, ഈ ദാസിയുടെ മേൽ കരുണ തോന്നണമേ.
സ്ലോസാ
കാർമ്മി. കാരുണ്യവാനും മനുഷ്യവർഗ്ഗത്തിന്റെ പ്രതീക്ഷയുമായ മിശിഹായെ, നിന്റെ അലംഘ്യമായ കല്പനയനുസരിച്ച് ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞുപോയിരിക്കുന്ന ഞങ്ങളുടെ സഹോദരി (പേര്) യെ അനുഗഹിക്കണമേ. വിചാരത്താലും വചനത്താലും പ്രവർത്തിയാലും ഈ സഹോദരി ചെയ്തുപോയ പാപങ്ങളെല്ലാം പൊറുത്ത് വിശുദ്ധരുടെ സമൂഹത്തിലേക്ക് പ്രവേശിപ്പിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും.
സമൂ. ആമ്മേൻ
വിശ്വാസപ്രമാണം
കാർമ്മി. സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹം തുടർന്നു ചൊല്ലുന്നു) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുൻപ് പിതാവിൽ നിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യ ദൈവവും പിതാവിനോടുകൂടെ ഏകസത്തയുമാകുന്നു. അവിടുന്നു വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കു വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്ന് ശരീരം സ്വീകരിച്ചു. മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കു കയും സ്ലീവായിൽ തറയ്ക്കപ്പെട്ടു മരിക്കുകയും സംസ്ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. അവിടുന്നു സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നള്ളി പിതാവിന്റെ വലത്തു ഭാഗത്തിരിക്കുന്നു. മരിച്ചവരേയും ജീവിക്കുന്നവരേയും വിധിക്കുവാൻ അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസായും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
സ്ലോസാ
കാർമ്മി: കർത്താവേ, നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങൾ മായിച്ചുകളയുകയും ചെയ്യട്ടെ. നിന്റെ മഹനീയമായ ത്രിത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കുമാറാകട്ടെ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ. കർത്താവേ അനുഗ്രഹിക്കണമേ.
ഹാസാ
കാർമ്മി: കർത്താവേ നീ ആകാശത്തിലും ഭൂമിയിലും സ്തുത്യർഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ.
മദ് രാശാ
കാർമ്മി. അന്നൊരു ദിവസം ബേസനിയായിൽ
സോദരിമാരാം മർത്താമറിയം ചുടുകണ്ണീരും
വീഴ്ത്തിയിരുന്നു
സമൂ. അന്നൊരു ദിവസം…..
കാർമ്മി. മരണമടഞ്ഞൊരു സോദരനേയും
ചിന്തിച്ചഴലിൽ നെടുവീർപ്പിട്ടു കരഞ്ഞു
കരഞ്ഞാക്കണ്ണുകൾ താണു
സമൂ. അന്നൊരു ദിവസം…….
കാർമ്മി. ജീവനുമുയിരും ഞാനാകുന്നു
കരയരുതേവം കരുണയൊടന്തിക
മാർന്നഖിലേശൻ ശാന്തിപൊഴിച്ചു.
സമൂ. അന്നൊരു ദിവസം…….
മുടിയണിയിക്കൽ
മ്ശം: ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി. എന്റെ വിശ്വാസം ഞാൻ സംരക്ഷിച്ചു. അതിനാൽ നീതിയുള്ള ന്യായാധിപനായ കർത്താവ് ഈ ദിവസം നീതിയുടെ മുടി എന്നെ അണിക്കുമാറാകട്ടെ (2തിമോ 4:7)
കാർമ്മി: വിശ്വസ്തരായ ഭൃത്യർക്കു വാഗ്ദാനം ചെയ്യപ്പെട്ട നിത്യാനന്ദത്തിലേയ്ക്ക് ദൈവം നിന്നെ പ്രവേശിപ്പിക്കുമാറാകട്ടെ.
(അനന്തരം പുരോഹിതൻ മൃതശരീരത്തിന്റെ ശിരസ്സിൽ ഒരു പുഷ്പമുടി ചാർത്തുന്നു. തത്സമയം മറ്റുള്ളവർ റീത്തുകൾ സമർപ്പിക്കയോ പുഷ്പദളങ്ങൾ ശരീരത്തിൽ വിതറുകയോ ചെയ്യുന്നു.)
ഓനീസാ
(മെക്കേൽ ഹാശാ… പൂശബശ്ശാമ്മാ…)
1) എന്റെ സഹോദരരേ, ഞാനിപ്പോൾ നിങ്ങളോടു യാത്ര പറയുന്നു; നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ
വിടവാങ്ങുന്നേൻ നശ്വരമുലകിൽ
വിടുതിയെനിക്കായ് നല്കിയ വസതി
പരിശുദ്ധന്മാർ പരമാനന്ദം
നുകരുമിടത്തിൽപ്പോകുന്നു ഞാൻ.
2) അവയെല്ലാം കടന്നുപോകുന്നു.
ശാശ്വതഭാഗ്യം നരനരുളീടാൻ
കഴിവില്ലാത്തോരെൻ പാർപ്പിടമേ
പ്രഭയുടെ നാട്ടിൽ നിത്യവിരുന്നി
ന്നണയട്ടേ ഞാൻ – അന്തിമയാത്ര.
3) എന്നും എന്നേയ്ക്കും.
സഹജന്മാര, സ്നേഹിതഗണമേ
യാത്രയിൽ ഞാൻ ചോദിക്കുന്നു
നിങ്ങളെനിക്കായ് ചെയ്തതിനെല്ലാം
മിശിഹാനാഥൻ പ്രതിയാകും.
4) എന്റെ പ്രാർത്ഥന നിന്റെ പക്കലെത്തട്ടെ.
പ്രാർത്ഥിപ്പതിനായി പരിപാവനമാം
ദൈവികവനം പൂകുന്നേരും
സ്നേഹർദ്രതയാർന്നെൻ പ്രിയജനമേ
അനുദിനമലിവോടോർക്കണമെന്നെ
5) ഭൂമിയിൽ അവർ വിലപിക്കുന്നു.
ആഡംബരവും പ്രൗഡിയുമെല്ലാം
നാശോന്മുഖമായി നിഷ്പ്രഭമാകും
പോകുന്നു ഞാൻ ലയമിയലാത്തോ –
രുന്നതാമോർശ്ലം പ്രാപിപ്പതിനായി
6) നീ എന്നും നിലനില്ക്കുന്നു.
പോയ്മറയുന്നീ ക്ഷണഭംഗുരമാ
ലോകവുമതിലേ ജഡികാശകളും
അക്ഷയ രാജ്യം നേടാനുതകും
നിക്ഷേപങ്ങൾ കരുതുക നമ്മൾ
7) അവനെ തേടി കണ്ടെത്തിയില്ല.
ദുഷ്ടത കുടിവാണഴുകി നശിക്കും
ലോകമിതെന്നിൽ ഭീതിയുണർത്തി
ഓടിപ്പോയ് ഞാൻ ജീവൻ പകരും
കുരുശിനെ വിരവോടാശ്ലേഷിച്ചു.
8) നിന്റെ കരുണ എന്നെയറിയിക്കണമേ.
ശാന്തിയിൽ മകളേപൊയ്ക്കൊള്ളുക നിൻ
പാപത്തിനു ഞാൻ മാപ്പേകുന്നു
പാപിനിയോടായ്ക്കല്പിച്ചതുപോ
ലെന്നൊടുമിപ്പോൾ കല്പിക്കണമേ
9) കാഹളമൂതി അവനെ പുകഴ്ത്തുവിൻ.
ദൂതർ വിളിക്കും കാഹളനാദം
വിധിനാളുയരും മോഹനഗാനം
അതുകേട്ടുണരും മൃതരെല്ലാരും
ത്രിത്വത്തിന്നായ് ക്കീർത്തനമോതും.
10) സ്വർഗ്ഗം ഭൂമിയിലിറങ്ങി.
ആദത്തിനും സന്തതികൾക്കും
പറുദീസായിൽ പുനരധിവാസം
നൽകുന്നതിനായ് സ്വർഗ്ഗംതന്നെ
ഭൂവിലിറങ്ങി-മഹിതാത്ഭുതമേ
11) വിശുദ്ധർക്ക് അന്ധകാരത്തിൽ പ്രകാശമുദിച്ചു.
വിധിയുടെ ദിവസം മിശിഹാരാജൻ
വിണ്ണിൽ വരുമ്പോൾ മൃതരെഴുനേല്ക്കും
ജീവിപ്പവരോ വിസ്മയകരമായ്
രൂപാന്തരവും പ്രാപിച്ചീടും
12) നിന്റെ കരുണ ഞങ്ങളെ അനുഗമിക്കട്ടെ.
പരിശുദ്ധന്മാരെതിരേല്പിനുവ
നംബരമദ്ധ്യേ നിരചേരുന്നു
സ്നേഹിതരേ, ഞാനവരുടെയണിയിൽ
ചേരുന്നതിനായ് പ്രാർത്ഥിക്കണമേ.
13) നിന്റെ അരൂപിയെ അയയ്ക്കുക അവ സൃഷ്ടിക്കപ്പെടും.
മിശിഹാനാഥാ, പാപികളെല്ലാം
നിൻകല്പനയാലുിതരായി
ഇരുളനിറഞ്ഞോരവനിയിലെങ്ങും
തിരുവുത്ഥാനം ദീപ്തിപരത്തി
14) ധനികരും ദരിദ്രരും.
മൃതിയുടെ പൊതുവാം പാതയിലല്ലോ
നീങ്ങുന്നുലകിൽ മാനവരെല്ലാം
ധനികന്മാരും നിസ്സ്വരുമൊപ്പം
പ്രതിഫലമതിനായ് പായുന്നനിശം
15) അവൻ ചിറകുവിരിച്ചു പറന്നുവന്നു.
ദൈവികദൂതൻ ധരയിലിറങ്ങി
കന്യാംബികതൻ സവിധമണഞ്ഞു
മനുജനുശരണം ശാന്തിയുമരുളും
തിരുസന്ദേശം മേരിക്കേകി.
16) നീയവർക്കു പാനീയം കൊടുത്തു.
പൈദാഹത്താൽ വലയും ധരതൻ
നീരുരവകളേ ശ്ലീഹന്മാരേ,
നിങ്ങളണയ്ക്കും പ്രാർത്ഥനയെന്നും
നല്കണമഭയം ഞങ്ങൾക്കുലകിൽ
(മൃതശരീരം മഠത്തിൽ നിന്നെടുക്കുന്നു.)
വിലാപയാത്ര
കാലാദുറഹാ
1) ലോകസൃഷ്ടിക്കു മുമ്പുതന്നെയുള്ളവൻ.
ദൃശ്യാദൃശ്യങ്ങൾ സകലം തീർത്തോനേ,
നാഥാ, സകലേശാ,
നിൻ സാദൃശ്യത്തിൽ തീർത്തോരെന്നുടെമേൽ
കൃപ നീ ചിന്തണമേ.
2) ആദിമുതലന്ത്യംവരെയുള്ളവയെല്ലാം.
എല്ലാമറിയുന്നു ദൈവം മനുജന്റെ
ഗൂഢവിചാരങ്ങൾ
വാക്കും ചെയ്തികളും നിഖിലം മറയെന്യേ
തെളിവായ്ക്കാണുന്നു.
3) ഹൃദയങ്ങൾ നീ പരിശോധിക്കുന്നു.
സ്ഫുടമായ് നിൻമുമ്പിൽക്കണ്ടു ഭുവനത്തിൻ
തിന്മകളെല്ലാം നീ
പെരുകീ പാപങ്ങൾ, ഫലമായ് പീഡകളും
തിങ്ങിനിറഞ്ഞല്ലോ.
4) കോപത്തിൽ ഞങ്ങളെ ശിക്ഷിക്കരുതേ.
ജനനംമുതലെന്നും മനുജൻ പാപത്തിൻ
വഴിയിൽച്ചായുന്നു
കോപംകലാരാതെ നാഥാ, കനിവോടെ
തൃക്കൺ പാർക്കണമേ.
5) കണ്ണുനീരുകൊണ്ട് എന്റെ കിടക്ക ഞാൻ നനച്ചു.
നാഥാ, പാപിനിയാം മറിയം മിഴിനീരിൽ
പാദം കഴുകുമ്പോൾ
ഹൃദയം തരളിതമായി സഹതാപാകുലമായ്
പൊറുതിയവൾക്കരുളി.
6) കർത്താവേ കാരുണ്യം വർഷിക്കണമേ.
പശ്ചാത്താപത്താലൊഴുകുന്നെൻ കണ്ണീ
കണ്ടുകനിഞ്ഞാലും
ദൈവാനുഗ്രഹവും കൃപയും ചിരമെന്നിൽ
ചൊരിയണമഖിലേശാ
7) നീ എന്നെ സൃഷ്ടിച്ച് എന്റെമേൽ കൈകൾ വച്ചു.
തീർത്തുപൊടിയിൽ നിന്നാദാമിനെ ദൈവം
ചേർത്തു ജീവനതിൽ
സ്തുതിതൻ ഗീതങ്ങൾ നിയതം പാടിടുവാൻ
നാവുമവനേകി.
8) വലിയവരും ചെറിയവരും.
അനുതാപാകുലരായണയും പാപികളെ
കൈക്കൊൾവു ദൈവം
പശ്ചാത്താപത്തിൻ കണ്ണീർ ചിന്തുകനാം
ദൈവം കൃപചെയ്യും
9) രക്ഷകനായ ദൈവമേ ഞങ്ങളെ സഹായിക്കണമേ.
നരനീലോകത്തിൽ ദൈവം തുണയാകാ
തൊന്നും കഴിവില്ല
നാഥാ, ദുർബലരാം ഞങ്ങൾക്കവശതകൾ
തീർക്കണമനുനിമിഷം
10) നിനക്കു ഞാനഭിവാദനമർപ്പിക്കും.
സ്വസ്തി, ദാവീദിന്റെ പുത്രി മാലാഖാ
മറിയത്തോടരുളി
കന്യാമാതാവേ, സെഹിയോൻ പുത്രീ നിൻ
ധന്യതനിസ്തുലമാം
11) കർത്താവിനെ പ്രാർത്ഥിച്ചു ശക്തരാകുവിൻ.
നിറയും മോദമോടെ വാനിൽ വാണരുളും
പരിശുദ്ധന്മാരേ.
കൃപയും മോചനവും ഞങ്ങൾ നേടിടുവാൻ
നിതരാം പ്രാർത്ഥിപ്പിൻ
ഭാഗം രണ്ട്
ദേവാലയത്തിൽ
വിലാപയാത്രയുടെ അവസാനം മൃതശരീരം ദേവാലയമദ്ധ്യത്തിൽ വയ്ക്കുന്നു. കുർബാനയുണ്ടെങ്കിൽ അതിനുശേഷം പുരോഹിതർ കൊത്തീനാ, ഊറാറ, കാപ്പ് എന്നിവ ധരിച്ച് മൃതശരീരത്തിന്റെ പക്കൽ വന്നു നിന്നുകൊണ്ട് കാലാദ്കവുറാ ആരംഭിക്കുന്നു.
കാലാദ്കവുറാ
(ഹദീസ് കദ്… മാറൻ ആസേ…)
1) അവരതു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
അണയുന്നീശോ മൃതരാമഖിലർക്കും
ജീവനുമതുപോൽ ശരണവുമരുളീടാൻ
2) കർത്താവിനെ ഞാൻ നിരന്തരം പ്രകീർത്തിക്കും.
മൃതിയാൽത്തന്നെ മൃതിയുടെ കയ്പ്പെല്ലാം
കഴുകിയ നാഥാ, നിന്നെ നമിക്കുന്നേൻ.
3) അവൻ ശബ്ദമുയർത്തിയപ്പോൾ ഭൂമികുലുങ്ങി
മിശിഹാനാഥൻ ശബ്ദമുയർത്തുമ്പോൾ
കല്ലറപിളരും മൃതരുടനെഴുനേല്ക്കും
4) അവന്റെ നാമം എന്നും ധന്യമാകുന്നു.
മൃതിയേ മുറപോൽ നാഥനയയ്ക്കുന്നു
ദുഷ്ടനുമിളയിൽ ശിഷ്ടനുമൊരുപോലെ.
5) ഞാൻ ദൈവത്തിലാനന്ദിക്കും.
അഭയം കുരിശിൽക്കണ്ടവനവസാനം
വിധിയുടെ നാളിൽ കൈവരുമാനന്ദം
6) നീ എന്നെ സൃഷ്ടിച്ച് എന്റെ മേൽ കൈകൾ വച്ചു.
ധൂളിയിൽനിന്നും ജന്മമെനിക്കേകി
നിന്നെ നമിക്കാൻ നല്കണമുത്ഥാനം
7) നീതിമാന്മാർക്ക് അന്ധകാരത്തിൽ പ്രകാശമുദിച്ചു.
മേഘത്തേരിൽ നാഥനെഴുന്നെള്ളും
മൃതരെ വിളിക്കും ജീവനവർക്കേകും
8) വിശുദ്ധർക്കു പ്രകാശമുദിച്ചു.
കനകപ്രഭയിൽ കബറിടമൊളിചിന്നും;
അതിലുള്ളവരോ നാഥനു പുകൾ പാടും
9) ചെറിയവരും വലിയവരും.
പ്രിയരേ, നിങ്ങൾ കരയരുതഖിലേശൻ
പുനരുത്ഥാനം നൽകാൻ വരുമല്ലോ.
10) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
താതനുമേവം സുതനും റൂഹായ്ക്കും
കീർത്തനമെന്നും ഞങ്ങളണയ്ക്കുന്നു.
11) ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
ഈശോനാഥാ, മരണവുമുയിരും നിൻ
കൈകളിലല്ലോ; നിന്നെ നമിക്കുന്നു.
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാറോസുസാ
മ്ശം: സത്യവിശ്വാസത്തോടുകൂടെ ഈ ലോകം വിട്ടുപോയിരിക്കുന്ന നമ്മുടെ സഹോദരിക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. ജീവിതകാലത്തു സൽകൃത്യങ്ങളാൽ ദൈവത്തെ പ്രസാദിപ്പിച്ച ഈ ആളെ ദൈവം നീതിമാന്മാരുടെ സമൂഹത്തിലേയ്ക്കു പ്രവേശിപ്പിക്കുമാറാകട്ടെ.
സമൂ. ആമ്മേൻ.
മ്ശം: മരിച്ചവരെ ഉയിർപ്പിക്കുകയും നല്ലവർക്കു സ്വർഗ്ഗരാജ്യം നൽകുകയും ചെയ്യുമ്പോൾ തന്റെ അനുഗ്രഹത്താലും തന്റെ മാതാവായ കന്യകാമറിയത്തിന്റെ പ്രാർത്ഥനയാലും മിശിഹാ അവരോടുകൂടെ ഈ ആളെയും തന്റെ വലത്തുഭാഗത്തു നിർത്തുമാറാകട്ടെ.
സമൂ. ആമ്മേൻ.
മ്ശം: ജീവന്റെ പുസ്തകത്തിൽ ദൈവം ഈ ആളുടെ പേരെഴുതുകയും തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിൽ ഈ ആളെ ചേർക്കുകയും ചെയ്യുമാറാകട്ടെ.
സമൂ. ആമ്മേൻ.
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ
സ്ലോസാ
കാർമ്മി. കർത്താവേ, വാത്സല്യപൂർവ്വം ഞങ്ങളെ സന്ദർശിക്കുകയും കരുണാപൂർവ്വം ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ. ഉത്ഥാനം പ്രതീക്ഷിച്ചു കഴിയുന്ന മരിച്ചവരെ നീ ഉയിർപ്പിക്കണമേ. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിന്റെയും ഭൂമിയുടെയും രാജാവാകുന്നു. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ. കർത്താവേ അനുഗ്രഹിക്കണമേ.
ഹാസാ
കാർമ്മി. കർത്താവേ, നിന്റെ പൈതൃകമായ പരിപാലനയെ ഞങ്ങളാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളെമരണവിധേയരാക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. ഉത്ഥാനത്തിൽ ഞങ്ങളുടെ ശരീരങ്ങളെ നീ മഹത്വമണിയിക്കുന്നു. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാ
ത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ.
(ദേവാലയത്തിൽ നിന്നു മൃതശരീരമെടുക്കുന്നു. തത്സമയം താഴെ ചേർത്തിരിക്കുന്ന യാത്രാവന്ദനം ചൊല്ലുന്നു.)
യാത്രാവന്ദനം
മ്ശം: ദൈവത്തിന്റെ ഭവനമേ, ഞാൻ നിന്നോടു യാത്രപറയുന്നു. മാമ്മോദീസായാൽ എന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധ കുർബാനയാൽ എന്റെ ആത്മാവിനെ പോഷിപ്പിക്കുകയും മറ്റു കൂദാശകളാൽ എന്റെ ആത്മാവിൽ കൃപാവരം ചിന്തുകയും സന്യാസവ്രതങ്ങളാൽ എന്നെ പുണ്യപൂർണ്ണതയിലേക്കാനയിക്കുകയും ചെയ്ത പ്രിയപ്പെട്ട ദേവാലയമേ, ഞാൻ നിനക്കു വന്ദനം പറയുന്നു. എന്റെ പിതാക്കന്മാരും ആത്മീയ പാലകരുമായ പുരോഹിതന്മാരേ, ദൈവവചനങ്ങളാൽ എന്റെ ആത്മാവിനു പോഷണം നല്കിയ നിങ്ങളോടും ഞാൻ യാത്രപറയുന്നു. (സന്യാസസമൂഹത്തിന്റെ പേര്) സന്യാസിനീ സമൂഹത്തിന്റെ ചൈതന്യത്തിൽ ജീവിക്കാൻ എന്നെ സഹായിച്ച പ്രിയ സഹോദരിമാരേ, ദൈവജനമേ, നിങ്ങളോടും ഞാൻ യാത്ര പറയുന്നു.
ബൂയാആ
ആമോറ: എന്റെ സഹോദരരേ, നമ്മെ സൃഷ്ടിക്കുകയും മരണവിധേയരാക്കുകയും മരണശേഷം ഉയിർപ്പിച്ച് അക്ഷയരാക്കുകയും ചെയ്യുന്ന ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.
(രീതി: കമ്പൽ മാറൻ / കൈക്കൊള്ളണമേ ഹൃദയംഗമമാം…)
വ്രതവാഗ്ദാനം നിറവേറ്റുകയാൽ
സുകൃതികളൊപ്പം നാഥൻ നിന്നെ
അന്തിമദിവസം അണിചേർക്കട്ടെ.
ഉത്ഥാനത്തിൻ നവമായ് ദേഹം
നേടുംവരെ നീ ദൈവഹിതം പോൽ
മണ്ണിൽ മണ്ണായ് വിലയിച്ചീടും
തിരുസന്നിധിയിൽ പോവുക നീ നിൻ
സത്കർമ്മങ്ങൾ കാണും നാഥൻ
പ്രതിഫലമേകും വാഗ്ദാനം പോൽ
തിരുവചനങ്ങൾ ഘോഷിച്ചൊരു നിൻ
അധരവുമെന്നും സ്വർഗതലത്തിൽ
നാഥനു നവമാം സ്തുതി പാടട്ടെ.
നാഥനെ മാത്രം ധ്യാനിച്ചൊരു നിൻ
മാനസമെന്നും ദിവ്യപ്രഭയാൽ
നവലോകത്തിൽ ശോഭിതമാവൂ
തിരുവചനങ്ങൾ മാർഗേ ചേലിൽ
പദമൂന്നിയ നീ നവലോകത്തിൻ
നാട്ടിൽ ചേരാൻ പോവുകമോദാൽ
നിർമലചരിതർ കന്യകളൊപ്പം
നാഥൻ നിന്നെ സ്വർല്ലോകത്തിൽ
ആനന്ദത്തോടെതിരേല്ക്കട്ടെ.
ഭൂവിന്നുദരേ കബറിടമാകും
തുറമുഖമതിലായ് ഉത്ഥാനത്തിൻ
ദിനമതിലുണരാൻ കാത്തിടുക നീ
പ്രതിസമ്മാനം നാഥനിൽനിന്നും
നേടുവതിന്നായ് സൽകർമണ്യേ
ഗുണവതിയേ നീ പോവുക ചേലിൽ
കർമ്മോത്സുകയായ് ജീവിതമഖിലം
നാഥനു ബലിയായ് അർപ്പിച്ചൊരു നിൻ
ഉത്ഥാനത്തിന്നുദയം വരവായ്.
മിശിഹാ ദാസീ പോവുകമോദാൽ
നാഥൻ നിന്നെ ധന്യകളൊപ്പം
നവലോകത്തിൽ അണിചേർക്കട്ടെ.
അർപ്പിതധർമ്മം സഭയിൽ സതതം
പാലിച്ചവരാം ധന്യർക്കൊപ്പം
നാഥൻ നിന്നിൽ പ്രഭചൊരിയട്ടെ
വധുവാം സഭയെ മിശിഹാ നാഥൻ
മുടിചൂടിക്കും നാളിൽ നീയും
മഹിതോജ്ജ്വലമാം മകുടം ചൂടും
ആമോറ: കർത്താവേ, നിന്റെ ദാസിയുടെ ആത്മാവിനെ നീതിമാന്മാരുടെ രാജ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കണമേ.
സമൂ. അവൾക്കു നിത്യാശ്വാസം കൊടുക്കുകയും ചെയ്യണമേ.
ഭാഗം മൂന്ന്
സെമിത്തേരിയിൽ
കുഴിവെഞ്ചരിപ്പ്
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ
സ്ലോസാ
കാർമ്മി: മണ്ണിൽനിന്നു മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണവിധേയനാക്കുകയും ചെയ്യുന്ന ദൈവമേ, നിന്റെ വിശുദ്ധമാർ വിശ്രമം കൊള്ളുന്ന കബറിടം എത്ര മനോഹരമാകുന്നു. വിശുദ്ധ മാമ്മോദീസായാൽ മുദ്രിതവും പരിശുദ്ധ കുർബാനയാൽ പരിപുഷ്ടവും വിശുദ്ധ തൈലത്താൽ അഭിഷിക്തവും സന്യാസവ്രതങ്ങളാൽ സമർപ്പിതവുമായ ഈ ശരീരത്തിനു നിന്റെ ദിവ്യ പുത്രന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്രമം നല്കേണ്ട ഈ കബറിടം നീ പവിത്രീകരിക്കണമേ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ.
(കാർമ്മികൻ ധൂപം വാഴ്ത്തുന്നു)
കാർമ്മി: സോപ്പാ കൊണ്ടു നീ എന്നെ തളിക്കുക; ഞാൻ നിർമ്മലനാകും.
കർത്താവേ നിന്റെ അനുഗ്രഹത്തിന്റെ ദിവ്യജലത്താൽ ഈ ആളെ ആശ്വസിപ്പിക്കണമേ.
(മൃതശരീരത്തിന്മേൽ കുരിശാകൃതിയിൽ ഹന്നാൻ വെള്ളം തളിക്കുന്നു)
അതിൽ എന്നെ കഴുകുക. ഞാൻ മഞ്ഞിനേക്കാൾ വെണ്മയുള്ളവനാകും.
കർത്താവേ നിന്റെ അനുഗ്രഹത്തിന്റെ ദിവ്യജലത്താൽ ഈ കബറിടം പവിത്രീകരിക്കണമേ.
(കുഴിയിൽ കുരിശാകൃതിയിൽ ഹന്നാൻ വെള്ളം തളിക്കുന്നു.)
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംസ്തുതി
സ്ലീവാ വഴിയായി നമ്മെ രക്ഷിച്ച പുത്രനു സ്തുതിയും ബഹുമാനവും സമർപ്പിക്കാം.
(കാർമ്മികൻ മൃതശരീരത്തെ ഈരണ്ടുവീതം മൂന്നുപ്രാവശ്യം ധൂപിക്കുന്നു.)
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
ഞങ്ങളുടെ പ്രാർത്ഥനകൾ പരിമള ധൂപംപോലെ നിന്നെ പ്രസാദിപ്പിക്കട്ടെ.
(പുരോഹിതൻ കുഴി ഈരണ്ടുവീതം മൂന്നുപ്രാവശ്യം ധൂപിക്കുന്നു.)
കുന്തിരിക്കമിടീൽ
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ
സ്റ്റോസാ
കാർമ്മി: മനുഷ്യാ, നീ പൊടിയാകുന്നു. പൊടിയിലേയ്ക്കു തന്നെ മടങ്ങും എന്ന് അരുളിച്ചെയ്ത സകലത്തിന്റെയും നാഥനായ ദൈവം നിന്നെ ഉയിർപ്പിന്റെ മഹത്വത്തോടു കൂടെ അവസാനദിവസം തന്റെ വലത്തുഭാഗത്തു നിർത്തട്ടെ. നീ സ്വീകരിച്ച വിശുദ്ധ കൂദാശകൾ അത്യുന്നത ദൈവത്തിന്റെ ന്യായാസനത്തിങ്കൽ നിന്നെ സഹായിക്കട്ടെ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ.
കാർമ്മി: മനുഷ്യാ, നീ പൊടിയാകുന്നു. പൊടിയിലേയ്ക്കു തന്നെ മടങ്ങുമെന്ന് ഓർത്തുകൊള്ളുക.
(പുരോഹിതൻ മൃതശരീരത്തിന്മേൽ കുന്തുരുക്കമിടുന്നു. തത്സമയം താഴെ കൊടുത്തിരിക്കുന്ന ഓനീസാ പാടുന്നു.)
ഓനീസാ
(മൽക്കാമിശിഹാ…)
1) എന്റെ കർത്താവേ, നിന്നെ ഞാൻ പ്രകീർത്തിക്കും.
മഹിമയൊടന്തിമ വിധിനാളിൽ
കർത്താവേ നീയണയുമ്പോൾ
കരുണയോടെന്നെ നിർത്തണമേ
നല്ലവരൊത്തു വലംഭാഗേ.
2) കർത്താവെ നിന്നെ ഞാനാശ്രയിച്ചു.
കർത്താവേ നിൻ കുരിശിനെ
ഞാനാരാധിച്ചു വണങ്ങുന്നു
അതുതാൻ ഞങ്ങൾക്കുാത്ഥാനം
രക്ഷയുമുയിരും നൽകുന്നു.
3) ആകാശവും ഭൂമിയും നിന്റേതാകുന്നു.
ആകാശവുമീഭൂതലവും
താവകമല്ലോ കർത്താവേ,
ജീവിക്കുന്നവനഭയം നീ
നൽകണമേ മൃതനായുസ്സും
4) അവരാനന്ദ കീർത്തനങ്ങൾ പാടും.
മൃതരാം നരരുടെ പാപങ്ങൾ
മായ്ക്കണമേ നിൻ കൃപയാലേ
മാമ്മോദീസാ വഴിയങ്ങേ
സുതാരാണവരെന്നോർക്കണമേ.
5) അവന്റെ സന്തോഷത്തിലവരാനന്ദിക്കും.
കർത്താവേ, നിൻ ശോണിതവും
ദിവ്യശരീരവുമറിവോടെ
ഉൾക്കൊണ്ടവരാം നിൻ സുതരേ
നിത്യവിരുന്നിൽച്ചേർക്കണമേ.
6) അവരിലാരും അവശേഷിച്ചില്ല.
മഴപെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടിമുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മൃതരിൽ ജീവനുദിക്കുന്നു.
7) ആദിമുതലുള്ളവയെല്ലാം.
തെളിവായെന്നുടെ നാഥാ, നിൻ
തിരുമിഴിയെല്ലാം കാണുന്നു.
നിരവധിയാമെൻ പാപങ്ങൾ
നിരയായെണ്ണിവിധിക്കല്ലേ.
8) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ബാവാ പുത്രൻ റൂഹായേ,
മൃതനാമെന്നിൽക്കനിയേണം
ജീവൻ നൽകി മഹോന്നതമാം
പ്രഭയുടെ നാട്ടിൽച്ചേർക്കണം.
9) ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
സർവ്വാധിപനാം കർത്താവേ,
നിന്നെ വണങ്ങി നമിക്കുന്നു
ഈശോനാഥാ, ഞങ്ങളിതാ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
10) ജനമെല്ലാം പ്രകീർത്തിക്കട്ടെ.
ഞങ്ങടെ മർത്യശരീരങ്ങൾ
സ്ഥാനം നീയേകുന്നു
നാഥാ, ഞങ്ങടെയാത്മാവും
രക്ഷിക്കുന്നവനല്ലോ നീ.
11) ആമ്മേൻ ആമ്മേൻ എന്നുദ്ഘോഷിക്കുവിൻ.
സർവ്വേശാ, നീ പരിശുദ്ധൻ
ബലവാനേ, നീ പരിശുദ്ധൻ
നിത്യനമർത്യൻ നീ പരിശുദ്ധൻ
നിൻകൃപ ഞങ്ങൾക്കേകണമേ
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
സ്ലോസാ
കാർമ്മി: പാപിനിക്കു പൊറുതി കൊടുത്ത് അവളെ വിശുദ്ധീകരിച്ച കർത്താവേ, നിന്റെ അനുഗ്രഹത്താൽ മരിച്ചവരെ വിശുദ്ധീകരിക്കണമേ, മാലാഖാമാരോടുകൂടെ സ്വർഗ്ഗത്തിൽ നിന്നെ സ്തുതിക്കുവാൻ അവരെ യോഗ്യരാക്കണമേ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമു. ആമ്മേൻ. കർത്താവേ അനുഗ്രഹിക്കണമേ.
ഹാസാ
കാർമ്മി: മരിച്ചവരെ ഉയിർപ്പിക്കുന്നവനും അവർക്കു നിത്യാശ്വാസം കൊടുക്കുന്നവനുമായ കർത്താവേ, നിന്നെ ഞങ്ങൾ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ. ആമ്മേൻ.
മദ് രാശാ
(മിശിഹാ കർത്താവിൻ ദാസി… എന്നതിനു പകരം)
“സ്വർഗ്ഗരാജ്യം പത്തുകന്യകകൾക്കു സദൃശ്യമാകുന്നു.”
പരിചിൽ പരിചരണോത്സുകരായ്
മണവാളനെയന്നെതിരേല്ക്കാൻ
കന്യകമാരവിടാഗതരായ്
അണിയായ് പത്തുലതാംഗികളും
മണവറവാതിൽ ചേർന്നിരവിൽ
മണിദീപങ്ങളുമായ് നിന്നു
രാവിൽ പാതികഴിഞ്ഞിട്ടും
മണവാളൻ വന്നെത്തീലാ
മന്ത്രധ്വനികളുയർന്നീലാ
അഴലും ക്ഷീണവുമാർന്നവരോ
നിദ്രയ്ക്കവിടന്നടിമകളായ്
“വിവേകമതികളായ കന്യകമാർ.”
ആർപ്പും കുരവയുമുയരുന്നു
കാഹളനാദം കേൾക്കുന്നു
കന്യകമാരവിടുണരുന്നു.
ആരും നിനയാനിമിഷത്തിൽ
മണവാളൻ വന്നെത്തുകയാൽ
ദീപമൊരുക്കാൻ വ്യഗ്രതയായ്.
ദീപം തെളിയ്ച്ചീടാനായ്
എണ്ണയുമൊപ്പം കരുതിയവർ
മണവറ പൂകി സാനന്ദം
ഹൃദയം ദൈവസ്നേഹത്താൽ
പ്രോജ്ജ്വലമാക്കിയ കന്യകമാർ
“സ്വർഗ്ഗീയമണവാളനെ എതിരേല്ക്കുവിൻ”.
തപസ്സിൻ ചൈതന്യം വഴി നീ
നേടിയൊരാത്മദ്യുതിയാലെ
മണവറ മിന്നിവിളങ്ങട്ടെ
ഉയിരിന്നുടയവനായീടും
കർത്താവല്ലോ മണവാളൻ
മണവറ നിൻ നിത്യായുസ്സും
ദീപം കൈയിലിരിക്കുകിലും
എണ്ണവിളക്കിൽ കരുതാത്തോർ
ഭഗ്നാശയരായ് പിൻവാങ്ങി
തപസ്സിന്നെണ്ണയെടുത്തവരോ
മഹിതോജ്ജ്വലസന്നിധിപൂകി.
ശൂറായ
മ്ശം: കാട്ടരുവി തേടി നടക്കുന്ന മാൻപേടയെപ്പോലെ കർത്താവേ നിന്നെ ഞാൻ തേടി വിളിക്കുന്നു.
(കാനോനാ.) മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
(സമൂഹം രണ്ടു ഗണമായി തുടരുന്നു.)
സജീവനായ ദൈവത്തെ ഞാൻ ദാഹിക്കുന്നു.
ഞാൻ എപ്പോൾ എന്റെ ദൈവത്തെ കാണും.
രാവും പകലും ഞാൻ കണ്ണീരു കുടിക്കുന്നു.
എന്തുകൊണ്ടെന്നാൽ “നിന്റെ ദൈവം എവിടെ?
എന്ന് അവർ നിത്യവും എന്നെ പരിഹസിക്കുന്നു.
എന്റെ ആത്മാവേ, നീ എന്തിനു നിരാശപ്പെടുന്നു.
നീ എന്തിനു വിഷാദിച്ചു കലങ്ങുന്നു?
നീ ദൈവത്തിലാശ്രയിക്കുക.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
മ്ശം: കാട്ടരുവി തേടിനടക്കുന്ന മാൻപേടയെപ്പോലെ കർത്താവേ നിന്നെ ഞാൻ തേടി വിളിക്കുന്നു.
(കാനോന) മരിച്ചവരെ ഉയിർപ്പിക്കുന്നവരേ, നിന്റെ തിരുനാമത്തിന് സ്തുതി.
മ്ശം: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ
സമാപന ശുശ്രൂഷ
(മൃതദേഹം കുഴിയിലേക്കിറക്കുന്നു.)
കാർമ്മി: സജീവവും ജീവദായകവുമായ ശബ്ദത്താൽ ലാസറിനെ ഉയിർപ്പിച്ച കർത്താവേ, നിന്റെ മഹത്വമേറിയ രണ്ടാമത്തെ ആഗമനത്തിൽ ഈ ദാസിയെ വിളിച്ചെഴുന്നേല്പിച്ച് നിന്റെ വലത്തുഭാഗത്തു നിറുത്തുമാറാകട്ടെ.
ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ: ആമേൻ, കർത്താവേ, അനുഗ്രഹിക്കണമേ.
ഹാസാ
കാർമ്മി: നിദ്ര പ്രാപിച്ചവർക്ക് പുനരുത്ഥാനം നൽകുന്നവനും ജീവനുള്ളവരുടെമേൽ തന്റെ സമൃദ്ധമായ കരുണ ചൊരിഞ്ഞ് കാത്തുസംരക്ഷിക്കുന്നവനുമായ കർത്താവേ പുനരുത്ഥാനത്തിന്റെ പ്രത്യാശയിൽ നിദ്രപാപിച്ചിരിക്കുന്ന ഈ ദാസിക്ക് ഉത്തമമായ പുനരുത്ഥാനം നല്കണമേ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ: ആമ്മേൻ, കർത്താവേ, ആശീർവദിക്കണമേ.
ഹുത്താമ്മാ
കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം തന്നെ പ്രസാദിപ്പിച്ച എല്ലാ വിശുദ്ധരോടും കൂടി ഈ ദാസിക്ക് നീതിയുടെ മഹത്വമേറിയ പുനരുത്ഥാനവും തന്റെ മുൻപാകെയുള്ള പ്രസന്നവദനവും നൽകുമാറാകട്ടെ. ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞ് തന്റെ അടുക്കലേക്ക് യാത്ര പുറപ്പെട്ടുകടന്നുപോയ മിശിഹായുടെ മൗതികശരീരത്തിലെ ഈ അംഗത്തെ ആഘോഷപൂർവ്വം എതിരേല്ക്കുകയും ബഹുമാനിക്കുകയും സംസ്ക്കരിക്കുകയും ചെയ്ത ഈ സമൂഹം മുഴുവന്റെ മേലും ആരാധ്യനായ ദൈവത്തിന്റെ കരുണയും കൃപയും ചൊരിയുമാറാകട്ടെ. മിശിഹായുടെ സ്വർഗ്ഗത്തിൽനിന്നുള്ള രണ്ടാമത്തെ ആഗമനം വരെ ഈ കല്ലറ മുദ്രിതവും സംരക്ഷിതവുമായിരിക്കട്ടെ. നമ്മുടെമേൽ അവന്റെ കരുണയും കൃപയും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എല്ലാസമയവും എന്നേയ്ക്കും.
സമൂ: ആമ്മേൻ
(എല്ലാവരും പുഷ്പദളങ്ങിട്ട് ആദരവ് പ്രകടിപ്പിക്കുന്നു)



Leave a comment