മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
ആകാരസൗഷ്ഠവത്താലും പ്രസന്ന വദനത്താലും ജനഹൃദയങ്ങളെ കീഴടക്കിയ മാർട്ടിൻ അച്ചൻ…
ഒരിക്കൽ കണ്ടിട്ടുള്ളവർ, പരിചയപ്പെട്ടിട്ടുള്ളവർ പിന്നീടൊരിക്കലും മാർട്ടിൻ അച്ചനെ മറക്കുകയില്ല. ആറടിയിലധികം ഉയരവും അതിന് അനുയോജ്യമായ ശരീരവും സ്വതവേ പ്രസന്നമായ മുഖവും തന്റെ കരുതലാവശ്യമുള്ളവരെ ചേർത്തു നിർത്തുന്ന പ്രകൃതവും അച്ചന്റെ പ്രത്യേകതകളായിരുന്നു.
പത്തനംതിട്ട ജില്ലയുടെ മലയോര പ്രദേശമായ കോന്നിയിൽ കുമ്മണ്ണൂർ പ്രദേശത്ത് പുത്തൻവീട് പി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും രണ്ട് മക്കളിൽ ഇളയ മകനായി 1980 മെയ് 7ന് ഫാ. മാർട്ടിൻ ജോസഫ് ജനിച്ചു. മുളന്തറ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ മാമോദീസ സ്വീകരിച്ചു. മൂത്ത സഹോദരൻ സ്റ്റാൻലി ജോസഫ് വിവാഹിതനാണ്, ജീവിത പങ്കാളി
അലീനാ ജോസഫ്.
കോന്നിക്ക് അടുത്തുള്ള ഐരവണിലെ PSVPMHHS സ്കൂളിൽ പത്താം ക്ളാസ് പഠനം പൂർത്തിയാക്കി തുടർന്നു പ്രീഡിഗ്രി പഠനം പത്തനംതിട്ടയിലുള്ള ട്രിനിറ്റി കോളേജിൽ പ്രൈവറ്റായി പൂർത്തീകരിച്ച് 1999 ജൂൺ 19ന് വൈദിക പഠനത്തിനായി തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ പ്രവേശിച്ചു. മൈനർ സെമിനാരി റെക്ടറായി ആ വർഷം ചുമതല ഏറ്റെടുത്ത ഫാ. ജോൺ കൊച്ചുതുണ്ടിലാണ് അവിടെ അവരെ വരവേറ്റത്. ഇപ്പോൾ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായിരിക്കുന്ന യൂഹാനോൻ മാർ തെയോഡോഷ്യസ് പിതാവ് മാർട്ടിൻ അച്ചന്റെ സെമിനാരിക്കാലത്ത് എന്നും താങ്ങും തണലുമായിരുന്നു.
തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. പരിശുദ്ധ ദൈവമാതാവിനോടു അച്ചന് സവിശേഷമായ ഭക്തി ഉണ്ടായിരുന്നുവെന്നും സെമിനാരിയിൽ രാത്രിയിലെ പൊതുവായ പ്രാർത്ഥനകൾക്ക് ശേഷം ചാപ്പലിൽ ജപമാല ചൊല്ലി ദീർഘനേരം ആയിരുന്നതും ഡാനിയേൽ പുളിവേലിൽ അച്ചൻ അനുസ്മരിക്കുന്നു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയിൽ നിന്നും 2008 ഏപ്രിൽ 2ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ സതീർത്ഥ്യരായ ഫാ. മോൻസി കളീക്കൽ, ഫാ. ബിനോയി കൊച്ചുകരിക്കകത്തിൽ, ഫാ. ഗീവർഗീസ് പാലമൂട്ടിൽ, ഫാ.ഷീൻ പാലക്കുഴി, ഫാ. ഷീൻ തങ്കാലയം, ഫാ. അരുൺ ഏറത്ത്, ഫാ. കോശി പുന്നമൂട്ടിൽ, ഫാ. ജോൺ കുറ്റിയിൽ, ഫാ.നിധീഷ് വല്യയ്യത്ത് എന്നിവരോടൊപ്പം വൈദിക പട്ടം സ്വീകരിച്ചു. പ്രഥമ ദിവ്യബലിയർപ്പണം ഏപ്രിൽ 5ന് മാതൃദേവാലയമായ മുളന്തറ പള്ളിയിൽ.
ആദ്യ നിയമനം തിരുവനന്തപുരത്തിന് തെക്ക് ചെമ്പൂർ വൈദിക ജില്ലയിലെ പന്ത, കുടപ്പനമൂട്, വാഴിച്ചാൽ, കുട്ടമല, മണ്ണാംകോണം, അമ്പൂരി പള്ളികളിൽ വർഗ്ഗീസ് കിഴക്കേക്കര അച്ചനോടൊപ്പം സഹവികാരിയായി. തുടർന്ന് 2009 മുതൽ 2010 വരെ അവിടെ തന്നെ പന്ത, കുടപ്പനമൂട്, വാഴിച്ചാൽ പള്ളികളിൽ വികാരിയായി നിയോഗിക്കപ്പെട്ടു.
പത്തനംതിട്ട ദദ്രാസനം നിലവിൽ വന്നപ്പോൾ പത്തനംതിട്ടയിലേക്ക് കടന്നുവന്ന അച്ചൻ 2010ൽ കൊക്കാതോട്, കല്ലേലിതോട്ടം ഇടവകകളിൽ ശുശ്രൂഷക്കായി നിയോഗിതനായി. പിന്നീട് 2013 മുതൽ 2016 വരെ മണ്ണീറ, എലിമുളളുംപ്ളാക്കൽ പള്ളികളിൽ സേവനം ചെയ്തു. 2016ൽ ളാക്കൂർ പള്ളിയുടെ വികാരിയായും ളാക്കൂർ കേന്ദ്രമായി പത്തനംതിട്ട രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അശരണരും ആലംബഹീനരുമായവരും മാനസിക രോഗത്താൽ ക്ളേശിക്കുന്നവരുമായവരെ ശുശ്രൂഷിക്കുന്ന കാരുണ്യഭവൻ ഡയറക്ടറായും ശുശ്രൂഷ ചെയ്തു. പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹഗിരി മിഷൻ സിസ്റ്റേഴ്സിനെ (SMS Congregation) പത്തനംതിട്ട രൂപതയിലേക്ക് ശുശ്രൂകൾക്കായി കൂട്ടികൊണ്ടു വന്നതും അച്ചനായിരുന്നു.
2010- 2016 വരെ കോന്നി വൈദിക ജില്ലയിലെ അമ്മമാരുടെ കൂട്ടായ്മയായ കാരുണ്യമാതാ മാതൃവേദിയുടെ ഡയറക്ടറായി സേവനം ചെയ്ത അച്ചൻ ഈ കാലയളവിൽ പ്രാർത്ഥനാ കൂട്ടായ്മകളും സെമിനാറുകളും ക്രമീകരിച്ച് എല്ലാ പള്ളികളും സന്ദർശിക്കുകയും അമ്മമാരുടെ ശുശ്രൂഷകളെ ഊർജ്ജിതപ്പെടുത്തുകയും അമ്മമാരെ ഏകോപിപ്പിച്ച് ചെങ്ങറ പ്രദേശത്ത് ഒരു വീട് വെച്ചു നൽകുകയും ചെയ്തു.
ആഗോള കത്തോലിക്കാ സഭയിൽ അല്മായരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പരോപകാര സംഘടനായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പത്തനംതിട്ട ദദ്രാസനത്തിലെ ആത്മീയ ഉപദേഷ്ടാവായി അനുഗ്രഹീതമായ ശുശ്രൂഷ ചെയ്ത അച്ചൻ പാവങ്ങളെ സഹായിക്കുന്നതിൽ ഉത്സാഹിയായിരുന്നു.
2017ൽ സീതത്തോട് വൈദിക ജില്ലയിലെ ചിറ്റാർ, അമലഗിരി പള്ളികളിൽ വികാരിയായ അച്ചൻ തുടർന്ന് 2019ൽ മിഷൻ പ്രദേശങ്ങളിൽ ദൈവശുശ്രൂഷ ചെയ്യണമെന്നുള്ള ആഗ്രഹത്താൽ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മിഷൻ രൂപതയായ പാറശാല ഭദ്രാസനത്തിലേക്ക് പോവുകയും അരുവിക്കുഴി, ആനാകോട് പള്ളികളുടെ വികാരിയായും കാട്ടാക്കടയിലെ ബോയ്സ് ഹോമിന്റെ ഡയറക്ടറായും ശുശ്രൂഷ ചെയ്തു വരവെ 2020ൽ ഹൃദയരോഗത്താൽ ക്ളേശിതനാകുകയും തുടർന്ന് പത്തനംതിട്ടയിലേക്ക് തിരികെ വന്ന് രൂപതയുടെ ക്‌ളർജി ഹോമിൽ താമസിച്ച് ചികിത്സകൾ തുടരുകയും ചെയ്തു.
നിഷ്കളങ്കമായ സ്നേഹത്തിനുടമയായ അച്ചൻ പാവങ്ങളെ ചേർത്തു നിർത്തുകയും അവരെ ബലപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെന്നും തന്നെ ഏല്പിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർണമായി നിറവേറ്റുന്നതിൽ ജാഗ്രത പുലർത്തിയിരുന്നുവെന്നും സഹപാഠിയായ ഫാ. ഗീവർഗീസ് പാലമൂട്ടിൽ അനുസ്മരിക്കുന്നു.
പത്തനംതിട്ടയിൽ സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ അഭിഷേകാഗ്നി ശുശ്രൂഷകളും കൺവെൻഷനും നടത്തിയപ്പോൾ ഭക്ഷണത്തിന്റെ ക്രമീകരണം മാർട്ടിൻ അച്ചൻ്റെ നേതൃത്വത്തിലായിരുന്നു. സഭയിലെ എല്ലാ പൊതുപരിപാടികളിലും അച്ചന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
പൗരോഹിത്യ കൂട്ടായ്മകളെ സ്നേഹിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്ന അച്ചൻ വളരെ ചെറിയ പള്ളിയായ എലിമുള്ളുംപ്ളാക്കലിൽ കോന്നി വൈദിക ജില്ലയിലെ അച്ചൻമാരുടെ മാസധ്യാനം ക്രമീകരിച്ച് ഹൃദ്യമായി ആതിഥ്യമരുളിയതും വിഭവസമൃദ്ധിയാൽ മനം നിറച്ചതും അന്ന് അവിടെയായ വൈദികർക്കാർക്കും ഇന്നും മറക്കാനാകില്ല. ശാരീരികമായ ക്ളേശങ്ങൾക്കും രോഗപീഢകൾക്കുമിടയിലും തൻ്റെ സഹായം ആവശ്യപ്പെടുന്ന ഇടവക വൈദികരെയെല്ലാം അവരുടെ ശുശ്രൂഷകളിൽ, വിശുദ്ധ കുർബാന അർപ്പണത്തിനും കുമ്പസാരത്തിനും തിരുനാൾ റാസയ്ക്കും എല്ലാം സഹായിച്ചിരുന്നു. സഹപാഠിയായ ഷീൻ തങ്കാലയം അച്ചന്റെ അമ്മയുടെ മരണവാർത്തയറിഞ്ഞ് ഓടിയെത്തിയ മാർട്ടിൻ അച്ചൻ കുടുംബത്തിലെ ഒരംഗമായി ഉള്ളുനീറുന്ന വേദനയിൽ താങ്ങായി മാറിയത് ആ കുടുബം ഇന്നും അനുസ്മരിക്കുന്നു.
ശുശ്രൂഷ ചെയ്ത പള്ളികളിലെ ഓരോരുത്തരെയും വ്യക്തിപരമായി അറിയാവുന്ന മാർട്ടിൻ അച്ചൻ അവരുടെ സുഖദുഃഖങ്ങളിൽ പ്രാർത്ഥനകളാൽ ബലപ്പെടുത്തിയ ഇടയനാണ്. ദൈവവിളികൾ കണ്ടെത്തുന്നതിനും അതിനെ പരിപോഷിപ്പിക്കുന്നതിനും വളർത്തുന്നതിനും അച്ചൻ സവിശേഷമായി ശ്രദ്ധിച്ചിരുന്നു. മെയ് 25ന് മൈനർ സെമിനാരിയിലെ വൈദികാർത്ഥികൾക്ക് വൈദിക പട്ടത്തിന് ഒരുക്കമായ ചെറുപട്ടങ്ങൾ നൽകുന്ന ശുശ്രൂഷയാണ് അവസാനമായി സംബന്ധിച്ച ഔദ്യോഗിക ചടങ്ങ് എന്നതും യാദൃശ്ചികമല്ല.
2020 മുതൽ വിവിധ രോഗങ്ങളാലും ശാരീരിക അസ്വാസ്ഥ്യങ്ങളാലും ഏറെ ക്ളേശിച്ച അച്ചൻ കഴിഞ്ഞ ഒരു മാസത്തിൽ അധികമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. 2024 ജൂൺ 30ന് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. ജൂലൈ 2ന് അച്ചന്റെ കബറടക്കം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുടെയും സഭയിലെ മെത്രാപ്പൊലീത്തമാരുടെയും കാർമ്മികത്വത്തിൽ മുളന്തറ പള്ളിയിൽ.
മാർട്ടിൻ അച്ചന്റെ മരണവാർത്തയറിഞ്ഞ് ഊന്നുകൽ ഇടവകാംഗമായ ജോർജ് പച്ചയിൽ എഴുതിയത് ശ്രദ്ധേയമാണ്, ഒരിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം മാർട്ടിനച്ചൻ അൾത്താരയിൽ നിന്ന് പറഞ്ഞു “എത്ര നാൾ എനിക്ക് കുർബാന ചൊല്ലാൻ കഴിയും എന്നറിയില്ല. എന്നാലും എന്റെ ജീവനുള്ളിടത്തോളം കാലം ഞാൻ തിരുബലി അർപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ല. കാരണം ഞാൻ അത്ര തീവ്രമായ ആഗ്രഹത്തോടെയാണ് ഒരു പുരോഹിതനായത്.”
തീവ്രമായ ആഗ്രഹത്തോടെ പുരോഹിതനായ മാർട്ടിൻ അച്ചാ സ്വർഗ്ഗീയ യേറുശലേമിൽ ഇനി അങ്ങ് ബലിയർപ്പിക്കുക.
✍️ ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)



Leave a comment