മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
സഹനത്തിന്റെ നെരിപ്പോടിൽ സ്ഫുടം ചെയ്ത സ്കറിയാ കൊച്ചുമുരുപ്പേൽ അച്ചൻ…
പത്തനംതിട്ട ഭദ്രാസനത്തിലെ പുത്തൻപീടിക സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ കൊച്ചുമുരുപ്പേൽ വീട്ടിൽ ഗീവർഗീസ് ഡാനിയേലിന്റെയും പി.സി അന്നമ്മയുടെയും നാല് മക്കളിൽ ഏറ്റവും ഇളയവനായി ബിജി ഡാനിയേൽ 1968 ഒക്‌ടോബർ 21ന് ജനിച്ചു. ജോസ് ഡാനിയേൽ, ശാന്തമ്മ ഡാനിയേൽ, ബഥനി സന്യാസിനി സമൂഹത്തിലെ പത്തനംതിട്ട പ്രൊവിൻസിലെ അംഗമായ സി. ശാലിനി SIC എന്നിവരാണ് സഹോദരങ്ങൾ. 1968 നവംബർ 13ന് മാമോദീസ സ്വീകരിച്ച പൈതലിന് സ്കറിയ എന്ന നാമം നൽകി. MSC LPS പുത്തൻപീടിക, കാതോലിക്കേറ്റ് ഹൈസ്കൂൾ പത്തനംതിട്ട എന്നിവിടങ്ങളിൽ സ്കൂൾ പഠനം പൂർത്തിയാക്കി.
വൈദികൻ ആകണമെന്നുള്ള ബാല്യം മുതലേയുള്ള അതിതീവ്രമായ ആഗ്രഹത്താൽ
1984 ൽ തിരുവനന്തപുരം സെൻ്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. ഫിലോസഫി പഠനം സെന്റ്മേരീസ് മലങ്കര സെമിനാരിയിലും തിയോളജി പഠനം മംഗലാപുരം സെന്റ്ജോസഫ് സെമിനാരിയിലും പൂർത്തിയാക്കി
1995 മാർച്ച് 24ന് ഭാഗ്യസ്മരണാർഹനായ ലോറൻസ് മാർ അപ്രേം പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.
അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈസൻഷിയേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിൽ നിന്നു തന്നെ സൈക്കോളജി ഓഫ് കൺസൽട്ടേഷനിൽ ഡിപ്ലോമയും നേടി.
1995 മുതൽ 2017 വരെ വിവിധ ഇടവകകളിൽ ആത്മീയ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. മരിയഗിരി (മാർത്താണ്ഡം), വാളകം, നടക്കാവ്, പാലവിള, മങ്ങാട്, കോയിക്കത്തോപ്പ് തുടങ്ങിയ ഇടവകകളിൽ 1995 മുതൽ 2002 വരെ ശുശ്രൂഷ ചെയ്തു.
2002 മുതൽ റോം, യു എസ് എ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആത്മീയ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി വന്നു.
എളിമയുടെയും ലാളിത്യത്തിന്റെയും ആൾരൂപമായിരുന്ന പ്രിയപ്പെട്ട അച്ചൻ പ്രാർത്ഥനയെ എല്ലാറ്റിനും മീതേ പ്രതിഷ്ഠിച്ച ആത്മീയ ഗുരു ആയിരുന്നു. സ്വന്തമായി പടുത്തുയർത്താമായിരുന്ന അധികാരത്തിന്റെയും പണത്തിന്റെയും പ്രൗഢിയുടെയുമൊക്കെ സാധ്യതകളുടെ മുമ്പിൽ ബോധപൂർവ്വം മുഖം തിരിച്ചു നിൽക്കാൻ ധൈര്യം കാണിച്ചു ബഹുമാനപ്പെട്ട അച്ചൻ. കടന്നു ചെന്ന ഇടവകകളിലെല്ലാം നന്മ വിതറിയ ആ സൗമ്യ വ്യക്തിത്വം അനേകരുടെ ജീവിതത്തിന് താങ്ങും തണലുമായിരുന്നു. അച്ചന്റെ നിഷ്ഠയോടെയുള്ള ജീവിതവും ഏൽപ്പിക്കുന്ന കാര്യങ്ങളോട് അദ്ദേഹം കാണിച്ച പരിപൂർണ്ണ വിശ്വസ്തതയും ആഡംബരം തെല്ലുമില്ലാത്ത ജീവിതശൈലിയുമെല്ലാം അടുത്തറിയാവുന്ന, കൂടെജീവിച്ച അനേകരുടെ സാക്ഷ്യങ്ങളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
പ്രാർത്ഥനയാണ് എന്റെ ഹോബി എന്നു വളരെ ചെറുപ്പത്തിലേ ദൈവവിളി ക്യാമ്പിൽ പറഞ്ഞ അച്ചൻ എത്ര ബോധ്യത്തോടെയാണ് അന്ന് അതു പറഞ്ഞതെന്ന് കൂടെ ഉണ്ടായിരുന്നവർക്കുപോലും ഇന്നാണ് മനസിലാവുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും രോഗികളെ സഹായിക്കുന്നതിനും പ്രഥമ പരിഗണന കൊടുത്ത കരുണയുടെ മുഖമായ സ്കറിയാ അച്ചൻ ദൈവസ്നേഹത്തിനും പരസ്നേഹത്തിനും ഒരേ പോലെ പ്രാധാന്യം കൊടുത്തു. എല്ലാവരെയും സഹോദരങ്ങളായി കാണാനുള്ള തുറവി അച്ചനുണ്ടായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ മാത്രമല്ല രോഗികളെ ശുശ്രൂഷിക്കുന്നതിലും കൂടെയുള്ളവരെയൊക്കെ കാര്യമായി പരിഗണിക്കുന്നതിലും അച്ചൻ കാണിച്ച ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതാണ്. ട്രാൻസിറ്റ് (Transit) എന്ന പേരിൽ പത്തനംതിട്ട രൂപതയിലെ വിവിധ പള്ളികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി അച്ചന്റെ തന്നെ നേതൃത്വത്തിൽ ക്രമീകരിച്ച ക്യാമ്പുകളും പരിശീലനവും കേവലം സാമ്പത്തിക സഹായം എന്നതിലപ്പുറം ആത്മീയവും ബൗദ്ധീകവും സാമൂഹികവുമായ വികാസത്തിന് അനേകരെ പ്രാപ്തരാക്കി.
സ്വിറ്റ്സർലൻഡിൽ ശുശ്രൂഷ ചെയ്തു വരവെ 2020ൽ ബ്ലഡ് ക്യാൻസർ രോഗബാധിതനായ അച്ചൻ ആദ്യഘട്ട ചികിത്സ അവിടെ ചെയ്തുവെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങി വെല്ലൂർ ആശുപത്രിയിൽ ചികിത്സകൾ തുടർന്നു. രോഗത്തെയും അതിൻ്റെ വേദനകളെയും ശുഭപ്രതീക്ഷയോടെ നേരിട്ട അച്ചൻ പരാതിയും പരിഭവങ്ങളുമില്ലാതെ തൻ്റെ സഹനങ്ങളെല്ലാം നമ്മുടെ കർത്താവിൻ്റെ കുരിശോട് ചേർത്തുവെച്ച് അനേകരുടെ ജീവിതത്തിൽ പ്രത്യാശയുടെ പൊൻപ്രഭ നിറച്ചു.
ദൈവവുമായുള്ള ബന്ധത്തിലും അച്ചൻ നമ്മൾക്ക് ഒരു മാതൃകയായിരുന്നു. കഠിനമായ രോഗാവസ്ഥയിലും നിരാശയല്ല, പരിശുദ്ധാത്മാവ് നൽകുന്ന വലിയ പ്രത്യാശയാണ് ആ മുഖത്ത് തെളിഞ്ഞു നിന്നത്. ഇത്ര യോഗ്യതയോടെയും ഒരുക്കത്തോടെയും ഒരാൾക്ക് ഈ ലോകം വിട്ടു പോകാനാകുമെങ്കിൽ അത് തളർന്നുപോയ ഒരു ശരീരത്തിനുള്ളിൽ ദൈവവുമായി നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന ഒരു ആത്മാവ് ഉണ്ടെന്നതിന്റെ സൂചന അല്ലാതെ മറ്റെന്താണ്. അവസാന നിമിഷങ്ങളിൽ പോലും “ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു” എന്ന ഗാനം ആശ്വാസത്തോടും പ്രത്യാശയോടും കൂടെ പാടാൻ പ്രേരിപ്പിക്കുകയും കൂടെ പാടുകയും ചെയ്തതിന്റെ അനുഭവങ്ങളും അനേകർ പങ്കുവെക്കുന്നു. ആളുകൾ അച്ചനെ ഓർത്തെടുക്കുന്നത് ക്രിസ്തുവിനെപ്പോലെ കരുണയുള്ള ആൾ എന്നാണ്.
ഇഹലോക ജീവിതത്തിലെ തന്റെ ഓട്ടം പൂർത്തിയാക്കി 2024 ആഗസ്റ്റ് 17ന് നിത്യവിശ്രമത്തിനായി സ്കറിയ അച്ചൻ യാത്രയായി. താൻ മാമോദീസ സ്വീകരിച്ച, പ്രഥമ ദിവ്യബലി അർപ്പിച്ച പുത്തൻപീടിക ദേവാലയത്തിൽ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യ കർമികത്വത്തിൽ 2024 ആഗസ്റ്റ് 20ന് അച്ചൻ്റെ കബറടക്ക ശുശ്രൂഷ നിർവ്വഹിക്കപ്പെടുന്നു.
പഠിച്ചതും പഠിപ്പിച്ചതും ജീവിതാവസാനം വരെ നിറവേറ്റിയ വന്ദ്യ പുരോഹിതാ, സമാധാനത്താലേ പോവുക…
✍️ ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)



Leave a comment