ദിവ്യകാരുണ്യം: സ്വയം ശൂന്യവത്കരണത്തിന്റെ പാരമ്യം
“കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങ് വലിയവനാണ്. അങ്ങയുടെ നാമം മഹത്വപൂര്‍ണമാണ്.
ജനതകളുടെ രാജാവേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളൂ? അങ്ങ് അതിന് അര്‍ഹനാണ്. ജനതകളിലെ സകല ജ്ഞാനികളുടെ ഇടയിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല.”
(ജറെമിയാ 10 : 6-7)
ഒരുവനെ സംബന്ധിച്ച് ഏറ്റവും പ്രധാനം അവന്റെ യഥാർത്ഥത്തിൽ ഉള്ള വ്യക്തിത്വമാണ്.
ആ വ്യക്തിത്വം പൂർണമായും മറച്ചു വയ്ക്കപ്പെട്ടാൽ യഥാർത്ഥ രീതിയിൽ കിട്ടേണ്ട ബഹുമാനമോ പരിഗണനയോ മറ്റുള്ളവരിൽ നിന്നും കിട്ടുകയില്ല എന്ന് മാത്രമല്ല, യഥാർത്ഥ അവസ്ഥ തിരിച്ചറിയാതെ പരിഹസിക്കപ്പെടുകയും ചെയ്തേക്കാം.
ഈശോയുടെ യഥാർത്ഥ വ്യക്തിത്വം എന്താണ്!
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
യോഹന്നാന്‍ 3 : 16
ദൈവത്തിന്റെ ഏകജാതൻ
മനുഷ്യനായി രൂപാന്തരപ്പെട്ട ദൈവവചനം
അത്യുന്നതസ്വർഗത്തിൽ സർവ്വമാലാഖമാരുടെയും ആരാധനഗീതങ്ങൾക്കും തന്റെ പിതാവിന്റെ സ്നേഹത്തിന്റെ അവർണനീയതയുടെയും സമൃദ്ധിയിൽ കഴിഞ്ഞിരുന്നവൻ
സ്വർഗീയ രാജകുമാരൻ
ഭൗമികരാജ്യങ്ങളിലെ രാജകുമാരന്മാർ പോലും എത്രയോ കോമളരും കുലീനരും മനോഹരരൂപരും സമ്പന്നമായ രീതിയിൽ ജീവിക്കുന്നവരും ആണ് ഓരോ രാജകുമാരന്മാരും.
വളരെയധികം സുരക്ഷിതത്വത്തിന്റെയും കാവലിന്റെയും നടുവിൽ ഏറ്റവും നല്ലത് മാത്രം അനുഭവിക്കുന്നവർ
രാജകുമാരൻ എന്ന ടൈറ്റിൽ അതിൽ തന്നെ ആ വ്യക്തിയുടെ പ്രാധാന്യത്തെയും പദവിയെയും കുറിച്ചുള്ള എല്ലാകാര്യങ്ങളും സ്വയം വെളിപ്പെടുത്തുന്നതാണ്.
എന്നാൽ ദൈവകുമാരൻ എന്ന പദവിയോ!
അത് വാച്യാർത്ഥത്തിൽ നോക്കുമ്പോൾ നമ്മുടെ സൃഷ്ടാവായ ദൈവത്തിന്റെ മകൻ!
എന്നാൽ നമുക്ക് അവിടുത്തെ കുറിച്ച് എന്തറിയാം!
അവിടുന്ന് ആത്മാവിൽ വെളിപ്പെടുത്തി തരുന്നിടത്തോളം മാത്രം!
സാധാരണക്കാരായ വലിയ അറിവുകൾ ഒന്നുമില്ലാത്ത നിസാര മനുഷ്യരായ നാം ഈശോയെ നോക്കി സ്നേഹിച്ചാൽ നമ്മുടെ നിസാരതയ്ക്ക് ചേർന്ന വിധം അവിടുന്ന് നമുക്ക് സ്വയം വെളിപ്പെടുത്തും
“എന്നെ സ്‌നേഹിക്കുന്നവരെ ഞാനും സ്‌നേഹിക്കുന്നു;
ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തുന്നു.”
(സുഭാഷിതങ്ങള്‍ 8 : 17)
നമ്മെ ഒരാൾ തിരക്കുമ്പോൾ സ്വാഭാവികമായും ആരാണത് എന്ന് നാം ശ്രദ്ധിക്കും. മറുപടി പറയുകയും ചെയ്യും.
ചെറുപ്പത്തിൽ ഒളിച്ചു കളിക്കുമ്പോൾ ഒത്തിരി ശ്രമിച്ചു വേണം ഒളിച്ചിരിക്കുന്ന ആളെ കണ്ടു പിടിക്കാൻ. നോക്കി നോക്കി നടന്നു അവസാനം കണ്ടു പിടിച്ചുകഴിയുമ്പോൾ എന്തൊരു സന്തോഷം ആണ്
എന്നാൽ ദിവ്യകാരുണ്യ ഈശോ നമ്മിൽ നിന്നും മറഞ്ഞിരിക്കുന്നതേയില്ല.
നമ്മുടെ മുന്നിൽ എപ്പോഴും നമുക്ക് വിധേയനായി അവിടുന്നുണ്ട്.
“യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി.
അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്‌ത്രം പ്രകാശം പോലെ ധവളമായി.
മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു.
പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്‌ക്ക്, ഒന്ന് ഏലിയായ്‌ക്ക്.
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍.
ഇതുകേട്ട ക്ഷണത്തില്‍ ശിഷ്യന്‍മാര്‍ കമിഴ്‌ന്നു വീണു; അവര്‍ ഭയവിഹ്വലരായി.
യേശു സമീപിച്ച് അവരെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ.
അവര്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.
(മത്തായി 17 : 1-8)
മഹത്വപൂർണനായി രൂപാന്തരീകരിക്കപ്പെട്ട ഈശോയുടെ പരിശുദ്ധിയുടെ ലാവണ്യത്തിൽ ആകൃഷ്‌ടനായി താൻ എവിടെയാണെന്നോ എന്താണ് പറയുന്നതെന്നോ ഓർക്കാതെ പത്രോസ് ഈശോയുടെ കൂടെ പിരിയാതെ ആയിരിക്കാൻ ആഗ്രഹിച്ചു
പരിശുദ്ധ കുർബാനയുടെ മുന്നിൽ നാം ദൈവകൃപയാൽ ആയിരിക്കുമ്പോഴും യഥാർത്ഥത്തിൽ ഈശോയുടെ പരിശുദ്ധിയുടെ മുൻപാകെ അല്ലേ നാം ആയിരിക്കുന്നത്!
അവിടുത്തെ മുന്നിൽ വസിക്കാൻ കിട്ടുന്ന ഒരു കുഞ്ഞു നിമിഷവും വെറുതെ കളയാതെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ആയിരിക്കേണ്ടതാണ്
ഈശോയെ ശ്രദ്ധിച്ചു നോക്കിയിരുന്നാൽ ദൈവപിതാവ് തന്നെ സ്നേഹത്തോടെ നമ്മുടെ ആത്മാവിന്റെ ഉള്ളിൽ ഈശോയെ കുറിച്ച് സംസാരിക്കും.
മകനെ കുറച്ചു ഒരു പിതാവിന് മാത്രം പറയാൻ കഴിയുന്ന കാര്യങ്ങൾ നമ്മോടു അവിടുന്ന് വെളിപ്പെടുത്തും
ഒരു പക്ഷെ, പരിശുദ്ധ കുർബാനയുടെ മുന്നിൽ ആയിരിക്കുമ്പോൾ ഇത്രയും മഹത്വപൂർണനും സത്യദൈവവും ആയ ഈശോയുടെ അടുത്തു നമുക്ക് ഇടപെടാൻ അറിയുകയില്ല എന്നൊരു ഭയം ഉണ്ടായേക്കാം
എന്നാൽ ഈശോയുടെ മുന്നിൽ തനിയെ ആയിരിക്കുമ്പോൾ തീർത്തും സ്വാഭാവികമായി, നമ്മുടെ ഹൃദയത്തിൽ എന്താണ് വരുന്നത് എന്ന് ഒരു നിമിഷം ശ്രദ്ധിക്കാം
ഒരു പക്ഷെ, ഈശോയെ കാണുമ്പോൾ വലിയൊരു സ്നേഹത്തിന്റെ അനുഭവം ആയിരിക്കാം ഹൃദയത്തിൽ വരുന്നത്, കാരണം ലോകത്തിൽ അനേകം കോടി ആളുകൾ ഉണ്ടായിട്ടും ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ മുഖാഭിമുഖം ഇരിക്കുവാൻ കൃപ ലഭിച്ചു എന്ന ചിന്തകൾ തന്നെ സ്നേഹദായകമാണ്
ഈശോയുടെ മുന്നിൽ ആയിരിക്കുമ്പോൾ എന്താണ് ഒരാൾ ചെയ്യേണ്ടത്!
ഈശോയെ കുറിച്ച് ഹൃദയത്തിൽ സ്വഭാവികമായി വരുന്ന വിധം സ്നേഹത്തോടെ ഓർക്കുക.
പരിശുദ്ധാത്മാവ് തന്നെ നമ്മുടെ സ്നേഹ ചിന്തകളെ നയിച്ചു കൊള്ളും
നമ്മുടെ സ്നേഹം ഈശോയ്ക്ക് അനുഭവവേദ്യമാകുകയും ചെയ്യും
ചില സമയം ഈശോയുടെ മുന്നിൽ ആയിരിക്കുമ്പോൾ ഈശോയുടെ പീഡാനുഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ ആയിരിക്കും.
അതോടൊപ്പം നമ്മുടെ ആത്മാവിന്റെ അവസ്ഥയും ഓർക്കുക, ഒന്ന് കൂടി ശ്രമിച്ചിരുന്നെങ്കിൽ എത്രയോ നന്നായി ഈശോയോട് ഇടപെടാൻ പറ്റുമായിരുന്നു എന്നും എത്രയോ പാപങ്ങൾ ഒഴിവാക്കാൻ പറ്റുമായിരുന്നു എന്നും ഓർക്കുക
ഓരോ പ്രാവശ്യവും കുമ്പസാരിക്കുമ്പോൾ ഇനിയൊരിക്കലും ആ പാപം ചെയ്യില്ല എന്നുറപ്പു പറഞ്ഞിട്ട് നമ്മുടെ വാക്കിന് നാം വില കൊടുത്തോ അതോ വീണ്ടും വീണ്ടും കിട്ടിയ പാപക്ഷമയ്ക്ക് ഒരു വിലയും ഇല്ലെന്നുള്ള മട്ടിൽ അതേ പാപം വീണ്ടും വീണ്ടും ചെയ്തു ദൈവസ്നേഹത്തെ പരീക്ഷിച്ചോ?
ഈശോയുടെ മുന്നിൽ ആയിരിക്കുമ്പോൾ അവിടുന്ന് നമ്മുടെ സഹോദരനും സുഹൃത്തും രക്ഷകനും ആണ്
അവിടുത്തോട് എന്തും നമുക്ക് ചോദിക്കാം. എത്ര നിസാരത സ്വയം തോന്നിയാലും ഈശോയുടെ മുന്നിൽ ചെല്ലാൻ ഭയപ്പെടേണ്ട.
നിസാരരുടെ ദൈവം ആകാൻ നിസാരനായവനാണല്ലോ അവിടുന്ന്.
അവിടുത്തെ മുൻപിൽ ആത്മാവിന്റെ സ്ഥിതി അതേ പടി തുറന്നുവയ്ക്കുന്നതിൽ തെറ്റില്ല എന്ന് മാത്രമല്ല അങ്ങനെയാണ് വേണ്ടത് താനും.
അനുതാപത്തോടും കണ്ണീരോടും കൂടെ ഈശോയോട് നമ്മുടെ കൂടെ യഥാർത്ഥത്തിൽ ജീവിക്കുന്ന ഒരാളോട് എന്നത് പോലെ ക്ഷമ ചോദിക്കുക.
നമ്മുടെ അനുതപിക്കാത്ത ഓരോ പാപവും ഏറ്റവും പരിശുദ്ധനായ ഈശോയെ വേദനിപ്പിക്കും.
എന്നാൽ ഈശോയോട് ചേർന്ന് നിരന്തരം നിന്നാൽ ഏതെങ്കിലും പാപം പിന്നെയും നമ്മുടെ ആത്മാവിൽ ഉണ്ടോ എന്നുള്ളത് വ്യക്തമായി ഈശോ പറഞ്ഞു തരും
അജ്‌ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്‌ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്‌ഞാപിക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 30
ഇത് പരിശുദ്ധാത്മാവിന്റെ കാലഘട്ടമാണ്.
പ്രവചിക്കപ്പെട്ട ഓരോ രക്ഷാകര രഹസ്യവും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മുടെ ഓരോരുത്തരുടെയും ആത്മാവിൽ വെളിപ്പെടുത്തുന്ന കാലഘട്ടം
ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടക്കുന്ന കൃപയുടെയും കരുണയുടെയും കാലഘട്ടം
ദൈവത്തിന്റെ തിരുക്കുമാരൻ തന്നെ ദിവ്യ കാരുണ്യമായി തന്റെ ജനത്തിന്റെ ഇടയിൽ അവരുടെ ഹൃദയങ്ങളിൽ വാഴുന്ന കാലഘട്ടം
ദിവ്യകാരുണ്യത്തിന് മുന്നിൽ ആയിരിക്കുമ്പോൾ ചിലപ്പോൾ നമ്മുടെ ആത്മാവിന് പ്രേരണ ലഭിക്കുന്നത് അവിടുത്തെ സ്തുതിച്ചു ആരാധിക്കാൻ ആയിരിക്കാം
മാലാഖമാരുടെ സ്തുതി ആരാധനകളും മനുഷ്യരുടേതും തമ്മിൽ വ്യത്യാസം ഉണ്ടെന്നു എനിക്ക് തോന്നാറുണ്ട്
മാലാഖാമാർ അവരുടെ അസ്തിത്വത്തിൽ തന്നെ നിർമലമായ സ്വഭാവപ്രകൃതി ഉള്ളവരാകയാൽ അവരുടെ ആരാധനയും അതിസ്വാഭാവികതലത്തിൽ ഉള്ളത് ആയിരിക്കുമല്ലോ
എന്നാൽ നിസാരനായ ഒരു മനുഷ്യൻ ഇത്തിരി നേരം തന്റെ ജീവിതത്തിന്റെ മണിക്കൂറുകളിലൊന്നിൽ ദിവ്യകാരുണ്യത്തിന് മുന്നിൽ ആയിരിക്കുമ്പോൾ അവന്റെ മുന്നിൽ ഒത്തിരി കാര്യങ്ങൾ ഉണ്ട്….
ഈശോയോട് പറയാൻ…
എന്നാൽ ഈശോയോട് സംസാരിക്കാൻ വന്ന മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ചു പരിശുദ്ധ കുർബാനയെ നോക്കി ഇരിക്കുമ്പോൾ ആ വ്യക്തിയുടെ ആത്മാവ് പ്രകാശിതം ആകുന്നതിനാൽ ജീവിതത്തിലെ എല്ലാമായ ഈശോയോട് വല്ലാത്തൊരു നന്ദിയും സ്നേഹവും ആനന്ദവും കൂടിക്കലർന്ന ഒരു ഉന്നതമായ ചിന്തയുടെ അവസ്ഥ ഉണ്ടാകുന്നതിനാൽ ഹൃദയം വല്ലാതെ നിറവുള്ളതാകും
വലിയ സമാധാനവും ശാന്തതയും ആത്മാവിൽ നിറയും
എന്റെ ഈശോ എന്ന ഓർമയിൽ ഹൃദയം തുടിക്കും
പാല് കുടിച്ചു വയറു നിറഞ്ഞു, അമ്മ ഇടുവിച്ച കുഞ്ഞുടുപ്പിട്ട് അമ്മയുടെ കരങ്ങളിൽ സംതൃപ്തിയോടെ ആയിരിക്കുന്ന ഒരു ചെറിയ കുഞ്ഞു തന്റെ അമ്മയെ നോക്കി നോക്കി അങ്ങനെ കിടക്കുമ്പോൾ ഓർക്കാപ്പുറത്തു ഒരു കുഞ്ഞു പുഞ്ചിരി അമ്മയ്ക്ക് സമ്മാനിക്കും.
ആ നിമിഷങ്ങളിൽ അമ്മയ്ക്കുണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്ക വയ്യ…
ഇത് പോലെ ഈശോയെ നോക്കി ഇരിക്കുന്ന ഒരു എളിയ ആത്മാവ് ഒരു നിമിഷത്തിൽ മനസിലാക്കുന്നു, തന്റെ മുന്നിൽ ആയിരിക്കുന്ന ഈശോ തനിക്ക് നിത്യത വരെയും എല്ലാത്തിനും മതിയായവൻ ആണെന്നും ഈ ഈശോയുടെ സ്നേഹത്തിനു താൻ പാത്രമാണെന്നും അത് അവിടുത്തെ സ്നേഹാധിക്യത്താലും കരുണയാലും മാത്രമാണെന്നും എന്നാൽ നമ്മോടുള്ള അവിടുത്തെ സ്നേഹം ഈ നിമിഷത്തിൽ അതിൽ തന്നെ പൂർണമാണെന്നും.
ഉന്നത രാജാവായ ദൈവത്തെക്കുറിച്ചുള്ള ചിന്തകൾ ആത്മാവിൽ ഉരുവാകുന്ന നിമിഷം മുതൽ തന്നെ അവിടുത്തോട് ചേർന്ന് അവിടുന്നിൽ ആയിരിക്കുന്നതിന്റെ ഐക്യത്തിൽ ഈശോയെ കുറിച്ച് സ്നേഹം കലർന്ന വലിയൊരു അഭിമാനവും അവിടുത്തെ സത്തയെ കുറിച്ചുള്ള അവബോധവും ഉണ്ടാകും
എല്ലാ ആരാധനയ്ക്കും യോഗ്യനായ എന്റെ കർത്താവിന്റെ മുന്നിൽ ഞാൻ എന്റെ കൊച്ചു സ്നേഹം ആയിരിക്കുന്ന രീതിയിൽ സമർപ്പിക്കുന്ന ലളിതമായ ആത്മാവിന്റെ അവസ്ഥയാണ് എന്റെ യഥാർത്ഥമായ ആരാധന…
എല്ലാവരും പല രീതിയിൽ ഈശോയെ ആരാധിക്കും…
സാഷ്ടാംഗം പ്രണമിച്ചും മുട്ട് കുത്തിയും കൈ ഉയർത്തിയും പാട്ടു പാടിയും പരിശുദ്ധാത്മാവ് നൽകുന്ന പ്രേരണ അനുസരിച്ചു അവിടുത്തെ മുന്നിൽ ആരാധിക്കും
എന്നാൽ അത്യുന്നതനായ ഈശോയുടെ മുന്നിൽ ആയിരിക്കുമ്പോൾ ആത്മാവിന്റെ ആന്തരികതയിൽ മുഴങ്ങുന്ന ഒരു സ്വരം നാം ശ്രവിക്കും….
എന്റെ കുഞ്ഞേ, നിന്നെ സ്നേഹിക്കാനായി ഞാൻ വന്നു, നിന്നെ സ്നേഹിക്കാനായി ഞാനിവിടെ ആയിരിക്കുന്നു, നിന്നെ സ്നേഹിച്ചു കൊണ്ടു നിന്നിൽ ഞാൻ വസിക്കുകയും ചെയ്യുന്നു
ആത്മാവും ഈശോയും തമ്മിലുള്ള വ്യക്തി ബന്ധം നാം എങ്ങനെ ഈശോയെ കാണുന്നുവോ അതിനനുസരിച്ചും അതിലേയ്ക്ക് പടി പടിയായി പരിശുദ്ധാത്മാവ് നയിക്കുന്നതിനു അനുസരിച്ചുമാണ്
ഒരാത്മാവ് സ്നേഹിക്കും പോലെ വേറൊരാൾക്ക് ഈശോയെ സ്നേഹിക്കാൻ ആവില്ല
ഒരാത്മാവ് ഈശോയുടെ അടുത്തു ഇടപഴകുന്ന രീതിയുടെ ലാളിത്യം കണ്ടു ഇതെങ്ങനെ! എന്ന് ചോദിക്കാനും പറ്റില്ല…
കാരണം ഓരോ മനുഷ്യനും ഈശോയെ സ്നേഹിക്കുന്നതിനു പരിധികളില്ല, എത്ര മാത്രം വേണമെങ്കിലും മത്സരിച്ചു സ്നേഹിക്കാം
ഒരു വീട്ടിൽ കുഞ്ഞുങ്ങൾ എല്ലാം പരസ്പരം മത്സരിച്ചു അവരുടെ അമ്മയെ സ്നേഹിക്കുന്നത് പോലെ…
ഒരു ചെറിയ കുഞ്ഞിന് അതിന്റെ അമ്മയുടെ അടുത്തു ചെല്ലാൻ സ്വയം യോഗ്യത നേടേണ്ട കാര്യമില്ല, സ്വയം ഒരുക്കുകയും വേണ്ട
അത് ആയിരിക്കുന്ന രീതിയിൽ അതിനു ഇഷ്ടമുള്ള സമയത്തു ചെല്ലാം.
അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ അതിനെ അമ്മ പുഞ്ചിരിയോടെ സ്വീകരിക്കും. അതിനു ആവശ്യമുള്ളതൊക്കെ നോക്കിക്കണ്ടു കൊടുക്കും. അതിനെ സ്നേഹം കൊണ്ട് പൊതിയും.
അതിന്റെ രണ്ടു കയ്യും നിറയെ കുഞ്ഞിനിഷ്‌ടമുള്ള സാധനങ്ങൾ അമ്മ ഉണ്ടാക്കി വച്ചിരിക്കുന്നത് നൽകും.
തനിക്ക് ഇഷ്ടമുള്ളതൊക്കെ കിട്ടുന്ന കുഞ്ഞു അമ്മയുടെ ചാരെ അല്ലെങ്കിൽ മടിയിൽ ചേർന്നിരുന്നു സാവകാശം ധൃതി വയ്ക്കാതെ കഴിച്ചു തുടങ്ങുന്നു.
ഇത് പോലെ ഭൂമിയിൽ ജീവനുള്ള ഓരോ വ്യക്തിക്കും ഈശോയുടെ അടുത്തു ചെല്ലാം.
അതിനു നാളുകൾ ഒരുങ്ങേണ്ട…
ഇപ്പോൾ ഈ നിമിഷം ഈശോയിലേയ്ക്ക് തിരിയാം..
ഒരു പക്ഷെ കുറച്ചു നാളുകൾ ആയിക്കാണും ഈശോയുടെ അടുത്തു നാം പഴയതു പോലെ സ്നേഹത്തോടെ ചെന്നിട്ട്….
എങ്കിൽ തന്നെ എന്ത്?
“അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്‌തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.”
(2 കോറിന്തോസ് 6 : 2)
ഇന്ന് തന്നെ, ഇപ്പോൾ തന്നെ ഈശോയെ എന്നുള്ള ആ മധുര നാമം വിളിക്കാം.
വീട്ടിൽ ആയിരിക്കുമ്പോൾ പ്രിയപ്പെട്ടവർ ആരെങ്കിലും നമ്മെ പേരു വിളിച്ചാൽ നാം പ്രതികരിക്കുന്നത് പോലെ തന്നെയാണ് ഈശോയെ എന്ന് വിളിക്കുമ്പോൾ ഈശോയും പ്രതികരിക്കുന്നത്.
നമ്മുടെ വിളി കേൾക്കുന്നത്.
ഈ ലോകത്തിൽ എവിടെ ആയിരുന്നാലും ആത്മാവ് ഏതു സ്ഥിതിയിൽ ആയിരുന്നാലും അവിടുത്തേയ്ക്ക് നമ്മെ സ്നേഹിക്കാൻ മാത്രമേ കഴിയൂ.
കാരണം ഓരോ മനുഷ്യനെയും അവിടുന്ന് അത്ര മാത്രം സ്നേഹിക്കുന്നു.
ഈ ലോകത്തിൽ പരിശുദ്ധാത്മാവ് നിരന്തരമായി നമ്മോടു ഈശോയെ സ്നേഹിക്കാൻ പറയുന്നു, പരിശുദ്ധ കുർബാനയിലേയ്ക്ക് നമ്മുടെ കണ്ണുകൾ ഉയർത്താൻ ആവശ്യപ്പെടുന്നു
പരിശുദ്ധ കുർബാനയിലേയ്ക്ക് നോക്കിയാൽ ഈശോ നമ്മെ സ്നേഹിക്കാൻ വേണ്ടി, നമ്മുടെ കൂടെ ആയിരിക്കാൻ വേണ്ടി, എത്ര മാത്രം സ്വയം വിട്ടു കൊടുത്തു, സ്വയം മാറി, രൂപാന്തരപ്പെട്ടു, നമ്മുടെ എത്ര അടുത്താണ് ആയിരിക്കുന്നത് എന്ന് മനസിലാകും
യഥാർത്ഥ ദൈവമായ അവിടുത്തെ നമുക്ക് കാണാം, തൊടാം, ഉൾക്കൊള്ളാം….
” സ്വജനത്തിന്റെ അല്‍പകാലത്തെ ദാരിദ്യത്തിനു ശേഷം അങ്ങ് അവര്‍ക്കു വിശിഷ്‌ടഭോജ്യങ്ങള്‍ നല്‍കി.”
(ജ്‌ഞാനം 16 : 3)
മാലാഖാമാർ പോലും ഈ ദൃശ്യങ്ങൾ കണ്ടു ആനന്ദിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നു.
അരൂപിയായ വചനം നിസാരയായ എനിക്കായി ഓരോ മനുഷ്യനുമായി
തിരുവോസ്തിരൂപനായി.
എന്നാൽ അവിടുത്തെ ദിവ്യകാരുണ്യമുഖശോഭ പോലും എന്നിൽ വരുമ്പോൾ എന്നെപോലെ ആകുവാൻ എന്നിൽ വസിക്കുവാൻ അവിടുന്ന് മറച്ചു വച്ചു.
ദിവ്യകാരുണ്യത്തോളം നിസാരമായി ലോകദൃഷ്ടിയിൽ എന്തുണ്ട്?
പുറമെ ഒന്നുമേ കാണാനില്ല, ഒരു ചെറു കുഞ്ഞിനുപോലും എടുത്തു മാറ്റാൻ പറ്റിയ രീതിയിൽ ഉള്ള വെളുത്ത ഗോതമ്പപ്പം അല്ലാതെ…
ഒരു ചെറു കാറ്റു വന്നാൽ പോലും പറന്നു പോകും എന്ന് തോന്നും വിധം കനം കുറഞ്ഞ തിരുവോസ്തി
മനുഷ്യ പ്രകൃതി കാഴ്ചയിൽ ബലമുള്ളതിനെ ബഹുമാനിക്കുന്നു.
എന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് മനുഷ്യന് ജ്ഞാനം നൽകുകയും ശരിയായത് വിവേചിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു.
ദൈവിക ജ്ഞാനത്തിൽ നിറയുമ്പോൾ നമുക്ക് മനസിലാകും ദൈവത്തിന്റെ മുൻപാകെയുള്ള നമ്മുടെ നിസാരതയും ബലഹീനതയുമാണ് നമ്മുടെ ബലമെന്നും ലോകത്തിന്റെയും നമ്മുടെയും കണ്ണിൽ നാം എത്ര ബലഹീനരായാലും അവിടുന്ന് നമ്മിൽ വരുമ്പോൾ നാം അവിടുത്തെ പോലെ സ്നേഹത്തിൽ ബലപ്പെടുമെന്നും.
ഈശോ എത്ര മാത്രം ദിവ്യകാരുണ്യത്തിൽ സ്വയം നിസാരവൽക്കരിച്ചു എന്ന് നാം ധ്യാനിക്കുമ്പോഴും ദിവ്യകാരുണ്യത്തിൽ നോക്കുകയും അവിടുത്തെ തൊടുകയും അവിടുത്തെ ഉൾക്കൊള്ളുകയും ചെയ്യുന്ന നമ്മുടെ ശൂന്യവൽക്കരണത്തെ കുറിച്ചു നാം ചിന്തിക്കാറില്ല.
ഓരോ പരിശുദ്ധ കുർബാന സ്വീകരണത്തിലും നാം ഈശോയിൽ നിത്യതയോളം സ്നേഹത്തിൽ മറയുന്നു
നാം അറിഞ്ഞാലും ഇല്ലെങ്കിലും പരിശുദ്ധ കുർബാന നമ്മിൽ വരുമ്പോൾ നമ്മിലെ മാലിന്യങ്ങൾ നിമിഷാർദ്ധനേരം കൊണ്ടു ഉരുകി മാറി ശുദ്ധീകരിക്കപ്പെടുന്നു
ദൈവവചനമായ ഈശോ സത്തയിൽ വ്യത്യാസപ്പെടാതെ തിരുവോസ്തി രൂപനായി നമ്മിൽ വരുമ്പോൾ നമ്മുടെ സത്തയിൽ വ്യത്യസപ്പെടാതെ, നമ്മുടെ രൂപഭാവങ്ങളിൽ വ്യത്യാസം വരാതെ, ഈശോയും നാമും ദിവ്യകാരുണ്യത്തിന്റെ സ്നേഹകൂട്ടായ്മയിൽ വേർപിരിയാനാകാത്ത വിധം ഒന്നായി മാറുന്നു.
ഈ ഒന്നാകൽ നടക്കുന്ന സമയത്തു നാം നമ്മുടെ മനുഷ്യ പ്രകൃതിയിൽ ശൂന്യവൽക്കരിക്കപ്പെടുന്നു, ഈശോയുടെ ഉന്നതമായ ദൈവിക പ്രകൃതിയിലേയ്ക്ക് നമ്മളുടെ സത്തയും രൂപാന്തരപ്പെടുന്നു. ദൈവപുത്രരുടെ സ്ഥാനത്തേയ്ക്ക് നാം ആത്മനാ ഉയരുകയും ആ മനോഭാവം നമ്മിൽ സ്വാഭാവികമായും ഉരുതിരിയുകയും ചെയ്യുന്നു.
ഈ നിമിഷങ്ങളിൽ പിതാവായ ദൈവത്തിനെ അപ്പാ എന്ന് വിളിക്കാൻ നാം ഭയപ്പെടുന്നില്ല, നേരെ മറിച്ചു അതീവ സന്തോഷത്തോടെ അവിടുത്തെ ചാരെ ആയിരിക്കാനും അവിടുത്തോട് ആത്മാവിൽ സംവദിക്കാനും നമുക്ക് സാധ്യമാകുന്നു
മാതാവിനെ എന്റെ അമ്മേ എന്ന് വിളിക്കാൻ നമുക്ക് അപരിചിതത്വം അനുഭവപ്പെടുന്നില്ല.
ഈശോയിൽ ആയിരിക്കുമ്പോൾ സ്വർഗീയവൃന്ദങ്ങളും വിശുദ്ധരും ശുദ്ധീകരണാത്മാക്കളും നമ്മുടെ നിത്യവുമുള്ള ജീവിതത്തിലെ സഹകാരികളും സ്നേഹിതരും ആകുന്നു.
ദിവ്യകാരുണ്യ സ്വീകരണം നമ്മുടെ സ്വഹിതങ്ങളിൽ ശൂന്യ വൽക്കരണം നടത്തുന്നു. പരിശുദ്ധ കുർബാന സ്വീകരണത്തിന് ശേഷം നമ്മുടെ ആത്മാവ് പ്രകാശിതവും ഈശോ നയിക്കുന്നതും ആകുന്നതിനാൽ ദൈവഹിതത്തിന് പൂർണമായി വിധേയപ്പെടാൻ പ്രയാസം ഉണ്ടാകുകയില്ല
ചെറുതും വലുതുമായ സഹനങ്ങളിൽ ഉത്സാഹത്തോടെയും അതീവ സന്തോഷത്തോടെയും പങ്കുചേരാനും അതിലൂടെ ആഹ്ലാദത്തോടെ സഹനത്തിന്റെ മുഴുവൻ രക്ഷാകരഫലവും നേടിയെടുത്തു കടന്നു പോയി ഓരോ പ്രാവശ്യവും വിജയി ആകുവാനും ദിവ്യകാരുണ്യ സ്വീകരണം നമ്മേ പ്രാപ്തരാക്കുന്നു.
ദിവ്യകാരുണ്യ സ്വീകരണം മൂലം നമ്മുടെ ഇഷ്‌ടങ്ങൾ ഈശോയുടേതായി മാറുന്നു. ജീവിതത്തിലെ സങ്കീർണമായ കാര്യങ്ങൾക്ക് ലളിതമായ പരിഹാരം ഉണ്ടാകുന്നു.
അത് കുടുംബബന്ധങ്ങളെ ക്രിസ്തുവിൽ ആഴപ്പെടുത്തുന്നു. അന്നുവരെ ബുദ്ധിമുട്ടായി തോന്നിയിരുന്ന സാഹചര്യങ്ങൾ ദൈവപരിപാലനയാൽ ഒരുക്കപ്പെട്ടതാണെന്നും അവയിലൂടെ കടന്നു പോകുന്നത് വളരെ ലളിതമാണെന്നും ആത്മാവ് തിരിച്ചറിയുന്നു.
ഈശോയോടുള്ള അഗാധമായ സ്നേഹത്താൽ ആത്മാവ് നിറയുമ്പോൾ അത് കടന്നു പോകുന്ന വഴി രോഗത്തിന്റെ ആയാലും വേദനയുടെ ആയാലും മരണത്തിന്റെ താഴ്വരയിലൂടെ ആയാലും ഏറ്റവും സുഗമവും സുഖകരവുമായ വഴി ആണെങ്കിലും അതിനു വ്യത്യാസമില്ല, കാരണം അതിന്റെ ഓരോ കണികയിലും ഈശോ നിറഞ്ഞിരിക്കുന്നു, അതിനെ ലളിതമായി ഈശോ നയിക്കുകയും ചെയ്യുന്നു
ദിവ്യകാരുണ്യ സ്വീകരണം നമ്മെ വളരെ ബഹുമാനിതമായ ആത്മീയാവസ്ഥയിലേയ്ക്ക് ഉയർത്തുന്നു. ദൈവപുത്രനായ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചു സ്നേഹത്തോടെ നിൽക്കുന്ന ഒരു എളിയ ആത്മാവിന് ഇഹ ലോകത്തിലും നിത്യതയിലും അതിൽ പരം എന്ത് വേണ്ടൂ…
ലോകദൃഷ്ട്യ നോക്കുമ്പോൾ അറിവ് കുറവും ഭംഗി കുറവും ദാരിദ്ര്യവും ഒക്കെ ഉണ്ടെങ്കിലും സർവശക്തനായ കർത്താവായ ഈശോ മിശിഹാ ആണ് ദിവ്യകാരുണ്യം എന്ന് തിരിച്ചറിയാൻ ഉള്ള ജ്ഞാനവും സ്വർഗീയ രാജകുമാരൻ വിരുന്ന് വരുവാനും മാത്രം ആത്മീയ മനോഹാരിതയും കാണാവിശ്വാസത്തിന്റെ വരവും ഒന്നുമില്ലായ്മയുടെയും നിസാരതയുടെയും സമ്പന്നതയും പരിശുദ്ധ കുർബാന സ്വീകരിക്കുന്ന ഏതൊരുവനെയും വ്യത്യസ്തനാക്കുന്നു
ദിവ്യകാരുണ്യസ്വീകരണത്തിൽ ഈശോ നമ്മുടെ ആത്മാവിന് കൂട്ടുകാരനായി യഥാർത്ഥത്തിൽ വരുന്നതിനാൽ മാനുഷികസൗഹൃദങ്ങളിൽ ഒരു ശൂന്യവൽക്കരണം നടക്കുന്നു. വ്യക്തിയുടെ എല്ലാ സൗഹൃദങ്ങളും ഈശോയുടെ സ്നേഹത്താൽ ശുദ്ധീകരിക്കപ്പെട്ടു പരിപൂർണമാക്കപ്പെടുന്നു. ഈശോയുടെ സ്നേഹം ഹൃദയത്തിൽ ഒന്നാമതാകുന്നു, ആ സ്നേഹം വ്യക്തിയെ നയിക്കുവാൻ തുടങ്ങുന്നു.
ദിവ്യകാരുണ്യസ്വീകരണം നമ്മെ ആത്മീയ ശിശുത്വത്തിന്റെ മനോഹരമായ ശൂന്യവൽക്കരണത്തിലേയ്ക്ക് നിമിഷനേരം കൊണ്ട് രൂപാന്തരപ്പെടുത്തുന്നു. ശിശുസഹജമായ ആത്മീയ അവസ്ഥയിൽ ഏറ്റവും നിസാരമായ രീതിയിൽ, ഈശോ ഒരു നിമിഷം താങ്ങിയില്ലെങ്കിൽ അത് താഴെ വീഴും എന്ന രീതിയിൽ ഉള്ള ആത്മീയ ബലഹീനാവസ്ഥയിലേയ്ക്ക് ചില ആത്മാക്കൾ എങ്കിലും രൂപാന്തരപ്പെടുന്നു
ആ അവസ്ഥയിൽ നിസാരമായ ഒരാത്മാവ് എത്തുന്നത് ഈശോയുടെ വലിയ കൃപയാണ്. എല്ലാവർക്കും അദ്ധ്യാത്മിക ശിശുത്വത്തിന്റെ കൃപ ലഭിക്കുകയില്ലല്ലോ.
ഓരോ ദിവ്യകാരുണ്യ സ്വീകരണവും ഈ കൃപയെ പുതുക്കുന്നു. ഏറ്റവും നിസാരമായ ഈ ആത്മാവിന് വേണ്ടി ഈശോ തന്നെ ഏറ്റവും വാത്സല്യത്തോടെ ഇടപെട്ടു തുടങ്ങുന്നു. അതിനെ തന്റെ സ്നേഹത്തിൽ നിലനിറുത്താനും തന്റെ കാരുണ്യത്താൽ എപ്പോഴും താങ്ങുവാനും ഈശോ അതിനെ തന്റെ ഹൃദയത്തിൽ വഹിക്കുന്നു
ഏറ്റവും ആത്മീയമായ ദാരിദ്ര്യത്തിന്റെ ശൂന്യ വൽക്കരണം നടക്കുന്ന ആത്മാക്കളിൽ ഒരാളാണ് ഇങ്ങനെയുള്ള ആത്മാവ്. കാരണം അതിനു സ്വന്തമായി എന്തെങ്കിലും നേടാനും മാത്രം അത് പ്രാപ്തമല്ല, ഇടയ്ക്കിടെ അത് ദുർബലമായതിനാൽ ഈശോയുടെ സ്നേഹത്തിൽ നിന്നും വീണു പോകുന്നു, ഈശോ ഓരോ തവണയും അതിനെ ദയവോടെ തന്റെ ഹൃദയത്തിലെ സ്നേഹാഗ്നി ജ്വാലയിൽ നിറുത്തുന്നു, കാരണം ഒരു നിമിഷം മാറിപ്പോയാൽ അതിന്റെ സ്നേഹം തണുത്തു പോകും എന്ന് ഈശോയ്‌ക്കറിയാം
അത്രയും ചെറിയ ഒരാത്മാവ് എങ്ങനെ ഈശോയെ സന്തോഷിപ്പിക്കും!
അവിശ്വസനീയമായി തോന്നിയേക്കാം. എന്നാലും ആ ആത്മാവ് ഈശോയുടെ സാന്നിധ്യത്തിൽ ആത്മനാ ആയിരിക്കുന്നത് കൊണ്ട് മാത്രം ഈശോയെ സന്തോഷിപ്പിക്കാൻ സാധിക്കും
ഒരു നവ ജാത ശിശു അതിന്റെ അമ്മയെ സന്തോഷിപ്പിക്കാൻ എന്ത് ചെയ്യുന്നു!
അത് ഒന്നും തന്നെ ചെയ്യുന്നില്ല….
അത് അമ്മയുടെ സാന്നിധ്യത്തിൽ ആയിരിക്കുന്നു. അമ്മയുടേത് ആയിരിക്കുന്നു. അമ്മ കൊടുക്കുന്നത് കഴിക്കുന്നു. അമ്മ അതിനെ ഉടുപ്പിക്കുന്നു, വൃത്തി ആക്കുന്നു, പാട്ടു പാടി പുതപ്പിച്ചു ഉറക്കുന്നു.
എന്നാൽ ഈ സമയങ്ങളിൽ ഒക്കെയും അമ്മ അനിർവചനീയമായ മാതൃസ്നേഹത്തിന്റെ അവസ്ഥ തന്റെ ഹൃദയത്തിൽ പൂർണമായ രീതിയിൽ അനുഭവിക്കുന്നു
ഇത് പോലെ ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ ഏറ്റവും നിസാരമായി ഈശോ തന്നെ നോക്കുവാനായി പൂർണമായും വിട്ടു കൊടുക്കുന്ന ഒരാത്മാവ്
ഈശോയുടെ രക്ഷകനും നാഥനും സൃഷ്ടാവും പിതാവും ദൈവവും സ്നേഹിതനും പങ്കാളിയും എന്ന രീതിയിൽ ഉള്ള ദൈവമനുഷ്യസ്നേഹത്തിന്റെ പൂർണത അനുഭവിക്കുവാൻ ഈശോയെ അനുവദിക്കുകയല്ലേ!
ഒരു ആത്മാവിന്റെ പൂർണത അതിനെ കുറിച്ചു അതിന്റെ സൃഷ്ടാവിനുള്ള സ്വപ്‌നങ്ങൾ ആണ്. അതിനെ ഇഷ്ടമുള്ള പുണ്യങ്ങളാൽ അണിയിച്ചൊരുക്കി സ്നേഹിക്കാൻ ഈശോയെ അനുവദിക്കുകയല്ലേ വേണ്ടത്!
ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഈശോയെ സ്വീകരിക്കുന്ന ഒരാത്മാവ് തന്നെ തന്നെ ഏറ്റവും നിസാരമായി കണ്ട് തന്റെ ഹൃദയത്തിൽ എഴുന്നള്ളി വന്ന പരിശുദ്ധ കുർബാന എന്ന നിധി സൂക്ഷിക്കാൻ ഈശോയെ തന്നെ ഭരമേല്പിച്ചാൽ അതിലും കൂടുതലായി ആ കൃത്യം ചെയ്യാൻ വേറേ ആർക്കു സാധിക്കും ഈശോയ്ക്കല്ലാതെ!
ആത്മാവിന്റെ എളിമയിൽ സംപ്രീതനാകുന്ന ഈശോ അതിന്റെ ഏറ്റവും ചെറിയ പ്രവൃത്തികളെയും നോട്ടത്തെ പോലും കൃപകളാൽ നിറയ്ക്കുന്നു, ദൈവസ്നേഹത്താൽ പൂരിതമാക്കുന്നു.
ഒരാത്മാവിന്റെ ഹൃദയത്തിന്റെ ശൂന്യതയിലേയ്ക്ക് നിറവായി ക്രിസ്തു വരുമ്പോൾ അന്നുവരെയില്ലാത്ത രീതിയിലുള്ള ഹൃദയത്തിന്റെ സമ്പന്നതയിലേയ്ക്ക് ആത്മാവ് നയിക്കപ്പെടും
അതായത്, ചിലപ്പോൾ നമ്മൾ പുണ്യങ്ങൾ സമ്പാദിക്കാൻ പരിശ്രമിക്കും, വായനയിൽ ആത്മീയ അറിവ് നേടാനും പുതിയ രീതിയിൽ പ്രാർത്ഥന മെച്ചപ്പെടുത്താനും ശ്രമിക്കും. രാത്രി കാലങ്ങളിൽ ഉറക്കമൊഴിച്ചു ദൈവത്തെ പറ്റി ധ്യാനിക്കുവാൻ ശ്രമിക്കും. ഒത്തിരി ഒരുങ്ങി ത്യാഗത്തോടെ അനേക കാതങ്ങൾ നടന്നു തീർത്ഥാടനകേന്ദ്രങ്ങളിൽ സന്ദർശനം നടത്തുവാൻ നോക്കും. കുരിശിന്റെ വഴി ഏറ്റവും ഭക്തിയോടെ പങ്കു കൊള്ളാൻ ശ്രമിക്കും.ഇതൊക്കെയും നല്ലതാണ്. ആത്മീയമായ അഭിവൃദ്ധി നൽകുന്നതുമാണ്, സ്നേഹം അതിനെ പൂർണവും ആക്കുന്നു.
എന്നാൽ ദിവ്യകാരുണ്യമേകുന്ന ഹൃദയസമ്പന്നതയിൽ മുഴുകുന്ന ഒരാത്മാവിന് ഒരു നവ ജാതശിശുവിനു കുറവില്ലാത്തതു പോലെ ആത്മീയ കുറവുകൾ ഇല്ല, കാരണം അതിനു സ്വയമേ ഒന്നും ചെയ്യാൻ പറ്റാത്തതിനാലും അത് ഈശോയിൽ തന്നെ പൂർണ ശരണം വച്ചിരിക്കുന്നതിനാലും അതാതു സമയങ്ങളിൽ അതിനു എല്ലാം നൽകപ്പെടുന്നു.
ദിവ്യകാരുണ്യസ്വീകരണം വഴി പരിശുദ്ധാത്മാവും ആത്മാവിലേയ്ക്ക് പ്രവേശിക്കുന്നതിനാൽ ഏറ്റവും ലളിതവും മനോഹരവുമായി പരിശുദ്ധാത്മാവ് അതിനെ ഒരുക്കുകയും ഏറ്റവും അടിസ്ഥാനപരമായ കൃപകളാൽ അതിനെ അലങ്കരിക്കുകയും ചെയ്യുന്നു
കുഞ്ഞിന് അമ്മ എന്നത് പോലെ ആത്മാവിന് ഈശോ എല്ലാമാകുന്നു.
സ്വഭാവികമായ രീതിയിൽ ഈശോ നൽകുന്നതൊക്കെയും സ്വീകരിച്ചു ആത്മാവ് ശാന്തമായി ഈശോയിൽ വിശ്രമിക്കുന്നു. അതിനു ആകുലതകൾ വന്നേക്കാം. എന്നാൽ അത് ഈശോയിലേയ്ക്ക് നൽകാൻ സ്വാഭാവികമായും അതിനു സാധിക്കുന്നു.
അതിനു വേദന വന്നേക്കാം, ഈശോ കൂടെയുണ്ടെന്നു അതറിയുന്നു,
അതിന്റെ കൈകൾ ശൂന്യമാണെന്ന് അത് മനസിലാക്കുന്നു, എന്നാൽ ഈശോ കൂടെയുണ്ടെന്നുള്ളതും ഈശോ സ്വന്തം ആണെന്നുള്ളതും ഈശോയുടേത് എല്ലാം എപ്പോഴും തന്റേതാണെന്നും അതിനു മനസിലാകുന്നു
അതിനു ഉറക്കം വരുമ്പോൾ ഉണർന്നിരിക്കുന്ന ഈശോ കൂടെയുണ്ടെന്നു മനസിലാക്കി അത് വിശ്വാസത്തിൽ ഉറങ്ങുന്നു.
അതിനു ഒത്തിരി കാര്യങ്ങൾ അറിവില്ല എങ്കിലും ആത്മാവിന്റെ ആഴങ്ങളിൽ ആരും കേൾക്കാത്ത ദൈവിക രഹസ്യങ്ങൾ അതിനോട് മാത്രമായി പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നു.
ദൈവപിതാവ് ഈശോയെ എങ്ങനെ സ്നേഹിക്കുന്നുവോ അതേ രീതിയിൽ ഉള്ള സ്നേഹം ഈശോയിൽ വസിക്കുന്ന ഒരാത്മാവ് അനുഭവിക്കുന്നു.
നിത്യതയിൽ അനുഭവിക്കേണ്ട ദൈവസ്നേഹത്താൽ പൂരിതമായ അവസ്ഥയിൽ ആയിരിക്കാൻ ദിവ്യകാരുണ്യ സ്വീകരണത്തിൽ ഈശോയുമായി ഐക്യത്തിൽ ആയിരിക്കുന്ന ഒരു എളിയ ആത്മാവിന് സാധ്യമാകുന്നു.
അത് വലിയ വലിയ കാര്യങ്ങൾ ഓരോ ദിവസവും ചെയ്യുന്നില്ലായിരിക്കാം.
എന്നാൽ ഓരോ ദിവസവുമുള്ള ചെറിയ കാര്യങ്ങൾ ഈശോയോടൊപ്പം ചെയ്യുക എന്നത് നമ്മൾ ഉദ്ദേശിക്കുന്നതിലും ഫല പ്രദമാണ്.
ഒത്തിരി ഒരുങ്ങി വലിയ കാര്യങ്ങൾ ചെയ്യാൻ ആളുകൾക്ക് പറ്റിയേക്കാം.
എന്നാൽ ചെറിയ കാര്യങ്ങൾ പലപ്പോഴും ദൈവരാജ്യത്തിൽ പ്രാധാന്യം കൊടുക്കാതെ അവഗണിക്കപ്പെടുന്നു, ആ ചെറിയ കാര്യങ്ങൾ ദൈവിക പദ്ധതിയിൽ എത്രയോ പ്രാധാന്യം ഉള്ളതായിരുന്നു എന്ന് പിന്നീട് ദൈവാത്മാവ് നമ്മോടു പറഞ്ഞു തരുമ്പോൾ നാം വിഷമിക്കാതിരിക്കാൻ ഹൃദയത്തിൽ കേൾക്കുന്ന മൃദു സ്വരത്തിന്റെ പ്രചോദനത്തെ അപ്പോഴപ്പോൾ എത്ര ബാലിശമെന്ന് തോന്നിയാലും പിന്തുടരണം
ഉദാഹരണത്തിന്, നമ്മോടു ഒരാൾ കുറെയായി സംസാരിച്ചിട്ട് എന്നിരിക്കട്ടെ, എന്ത് കൊണ്ടാണ് അവർ സംസാരിക്കുന്നത് എന്നോർത്തു സമയം കളയാതെ അവരെ കുറിച്ചു ഓർമ വരുമ്പോൾ സുഖമാണോ എന്നൊരു മെസേജ് അയയ്ക്കുക അല്ലെങ്കിൽ ഒരു call ചെയ്യുക, എന്നത് കൂടുതൽ ഫലപ്രദവും സ്നേഹപൂർണവും അല്ലേ!
ഈശോയെ സ്വീകരിച്ചു കഴിഞ്ഞാൽ നാം നമ്മിൽ തന്നെ എത്ര ശൂന്യരാകുന്നുവോ അത്രയും എളുപ്പത്തിൽ ഈശോയിൽ ആയിരിക്കാൻ സാധിക്കും.
ഒരു കാര്യം പരിശുദ്ധാത്മാവ് ചെയ്യാൻ നമ്മോടു ആവശ്യപ്പെട്ടാൽ അതിന്റെ അർത്ഥം നമുക്ക് അത് ചെയ്യാനുള്ള കൃപ കൂട്ടിച്ചേർക്കപ്പെട്ടു എന്നാണ്.
അത് ചെയ്യാൻ എനിക്ക് പറ്റുമോ എന്നാലോചിക്കേണ്ട കാര്യം പോലും ഇല്ല, ഈശോ നമ്മെ ആദ്യ ചുവടു വയ്പ് മുതൽ നയിച്ചു കൊള്ളും
എങ്ങനെയാണ് ഒരാളെ നാം സന്തോഷിപ്പിക്കുന്നത്!
അവർക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതിലൂടെ…
ഒരു പക്ഷെ നാം ഒത്തിരി ഒരുങ്ങി ഒരു സുഹൃത്തിനു വിഭവ സമൃദ്ധമായ സദ്യ ഒരുക്കി എന്നിരിക്കട്ടെ, അത് അതിൽ തന്നെ സ്നേഹപൂർണമാണ്.
എന്നാൽ നാം ഒരുക്കുന്ന വിശിഷ്‌ടവിഭവങ്ങൾ ഒന്ന് പോലും ഇഷ്ടപ്പെടാതെ ഏറ്റവും ലളിതമായും വിലയില്ലാത്തതായും നമുക്ക് തോന്നിയ ചെറിയ ഏതെങ്കിലും വിഭവം സുഹൃത്ത് തിരഞ്ഞെടുക്കുന്നു, ആസ്വദിക്കുന്നു എന്ന് കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന ആശ്ചര്യം എത്ര വലുതായിരിക്കും.
ഇത് പോലെ ദിവ്യകാരുണ്യ ഈശോയ്ക്ക് നമ്മിൽ നിന്നും വേണ്ടത് പുണ്യങ്ങളുടെ സമ്പന്നതയല്ല, അവിടുത്തേക്കുറിച്ചുള്ള അറിവിന്റെ സമൃദ്ധി അല്ല, അവിടുത്തേയ്ക്ക് വേണ്ടത് നമ്മളെ ആണ്, നമ്മളെ മാത്രം
ഈശോയിൽ ജീവനിലേയ്ക്കും പുതിയ പ്രഭാതത്തിലേയ്ക്കും വീണ്ടും ഉണരുമ്പോൾ ഈശോയെ ഞാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചിട്ട് ദിവസം തുടങ്ങുന്നതാണ് നല്ലത്.
ചെറിയ ആത്മാക്കൾ ചെറിയ രീതിയിൽ ഈശോയെ സന്തോഷിപ്പിച്ചാൽ മതിയാകുമല്ലോ
ഒന്നിനും പൂർണത വേണ്ട താനും!
ഈശോയെ ഓർക്കുന്നത് ഈശോയ്ക്ക് സന്തോഷം നൽകും.
ഈശോയെ പറ്റി പറയുന്നത് അവിടുന്ന് താത്പര്യത്തോടെ കേൾക്കും
ഒരൊറ്റ ദിവസം, അതായത് ഇന്ന് ഈശോയുടെ താത്പര്യം അനുസരിച്ചു ആത്മാവിന്റെ പ്രചോദനങ്ങൾ അനുസരിച്ചു ജീവിച്ചാലൊ?
കയ്യിൽ പ്രത്യേക യോഗ്യതകൾ ഒന്നുമില്ലാതെ, നമ്മുടെ പദ്ധതികൾ ഇല്ലാതെ ദിവ്യകാരുണ്യ ഈശോയുടെ ഹിതം അനുസരിച്ചു ജീവിക്കുന്ന 24 മണിക്കൂർ!
ആദ്യനിമിഷം മുതൽ ആത്മാവിൽ ദരിദ്രർ ആയിരിക്കുക എന്നതിന്റെ അമൂല്യത നാം അറിഞ്ഞു തുടങ്ങും
കാരണം അന്നത്തേയ്ക്ക് ഓരോന്ന് വെട്ടിപ്പിടിക്കാൻ പദ്ധതികൾ നാം ആസൂത്രണം ചെയ്യാത്തത് കൊണ്ട് മനസ് നിർമലം ആയിരിക്കും.
ഹൃദയത്തിൽ ഈശോയോടുള്ള സ്നേഹം മാത്രം ഉള്ളത് കൊണ്ട് ആ സ്നേഹം നമ്മെ തുടർന്നുള്ള മണിക്കൂറുകളിൽ നയിക്കും
ഇന്നു, ഈ നിമിഷം, ഇപ്പോൾ ഹൃദയത്തിൽ ഉള്ള ഓരോ കാര്യവും ഈശോയിലേയ്ക്ക് കൊടുക്കാം.
ഒരു പക്ഷെ നാം മുന്നിൽ വേറേ വഴി ഇല്ല എന്ന് തോന്നും വിധം ചെങ്കടലിന്റെ മുന്നിൽ ആയിരിക്കാം.
ലാസറിനെ പോലെ ജീവന്റെ ശ്വാസം ഇല്ലാത്ത കല്ലറയിൽ ആയിരിക്കാം.
വയറു വിശന്നു തളർന്നു മൂന്നു ദിവസമായി ഈശോയുടെ മുന്നിൽ ഇരുന്ന ജനക്കൂട്ടത്തെ പോലെ ആയിരിക്കാം
ദൈവത്തിനെ കുറിച്ചുള്ള സ്നേഹതീക്ഷ്‌ണതയിൽ സ്വയം ജ്വലിച്ച ഏലിയ പ്രവാചകനെ പോലെ ആയിരിക്കാം.
ഹൃദയഭാരങ്ങളും വേദനകളും നിശബ്ദതയുടെ ഉച്ചസ്വരത്തിൽ മൗനമായി ദൈവത്തോട് മന്ത്രിച്ച ഹന്നയെ പോലെ ആയിരിക്കാം
സഹോദരന്മാരാൽ ഉപേക്ഷിക്കപ്പെട്ടു പൊട്ടകിണറ്റിൽ വേദനിച്ചു മുറിവേറ്റ് കിടന്ന ജോസഫിനെ പോലെ ആയിരിക്കാം
തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടു ജീവനും ജീവിതവും മരവിച്ച അവസ്ഥയിൽ ആയ യോനയെ പോലെ ആയിരിക്കാം
ഈശോയെ തള്ളിപ്പറഞ്ഞു കഴിഞ്ഞു കോഴി കൂവിയ നിമിഷത്തിൽ ആത്മ ബോധം വീണ്ടെടുത്ത പത്രോസിനെ പോലെ ആയിരിക്കാം
നമ്മുടേതായ ആത്മീയ അവസ്ഥയുടെ യാഥാർത്ഥ്യസ്ഥിതി നമുക്കും ഈശോക്കുമല്ലേ അറിയുകയുള്ളൂ
എന്നാലും… അത് എന്ത് തന്നെയായിരുന്നാലും അതേ പടി നമ്മിൽ വസിക്കുന്ന ഈശോയിൽ സമർപ്പിക്കാം
“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.”
(മത്തായി 11 : 28-30)
ഈശോയുടെ അടുത്തു ചെന്നാൽ ഉറപ്പായും ആശ്വസിപ്പിക്കപ്പെടും. കൂടുതൽ ഒന്നും അവിടുത്തോട് പറയേണ്ട, ചിന്തകൾ പോലും അവിടുന്നറിയുന്നു. അവിടുത്തെ മുന്നിൽ ഹൃദയം തുറക്കണം എന്ന് തോന്നിയാൽ അതുമാവാം.
ഈശോയുടെ അടുത്തു ചെന്നാൽ നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും ഒക്കെയും അവിടുന്ന് നമ്മുടെ ആത്മാവിൽ നിന്നും എടുത്തു മാറ്റും.
എന്നിട്ട് അവിടുത്തെ സ്നേഹം നമ്മിൽ നിറയ്ക്കും
ഈശോയുടെ അടുത്ത് ഇരിക്കുന്ന ഓരോ നിമിഷവും നാം അത്ഭുതത്തോടെ മനസിലാക്കും.
നാം ഒന്നും തന്നെ പ്രത്യേകമായി ചെയ്തില്ലെങ്കിലും നാം ഈശോയ്ക്ക് എന്ന് പറഞ്ഞു മാറ്റി വച്ചു കൊടുക്കുന്ന ഈ മണിക്കൂറുകൾക്ക് വലിയ വില അവിടുന്ന് കൽപിക്കുന്നുണ്ട് എന്ന്.
പ്രത്യേകിച്ച് ഭാരം ഒന്നും ഇല്ലാതെ ഈശോയുടെ അടുത്ത് ആത്മാവിൽ ആയിരിക്കുമ്പോൾ നമുക്ക് മനസിലാകും വേറെ ഒന്നും നിത്യതയോളം നമുക്ക് ആവശ്യം ഇല്ല എന്ന്.
“ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.”
(ലൂക്കാ 10 : 42)
ഒരു പക്ഷെ നാം നമ്മുടെ വീട്ടിലെ സാധാരണ ജീവിതസാഹചര്യങ്ങളിൽ ആയിരിക്കാം
എന്നാലും ആത്മാവിൽ ഈശോയുടെ സാന്നിധ്യസ്മരണയിൽ സദാ ആയിരിക്കാൻ പറ്റുമല്ലോ.
ഈശോയിൽ വസിച്ചു കൊണ്ട് ഈശോയുടെ കണ്ണുകളിലൂടെ ആ ദിവസത്തെ കാണുക
അപ്പോൾ ദൈവപിതാവിന്റെ വലിയ പരിപാലനയും സ്നേഹവും നമ്മുടെ ആത്മാവിന് ഈശോയ്ക്കെന്നത് പോലെ അനുഭവമാകും.
ഈശോയിൽ എപ്പോഴും സമയം എന്നത് ഇന്ന് ആകയാൽ സൃഷ്ടാവായ ദൈവവും ഈ പ്രപഞ്ചവും സർവജീവജാലങ്ങളും കാലവും നിത്യതയും എല്ലാം ഈ നിമിഷത്തിന്റെ മനോഹാരിതയിൽ നമ്മുടെ മുൻപിൽ സ്നേഹത്തോടെ ആയിരിക്കുന്നത് കാണാം
ഇപ്പോൾ വരെയുള്ള കാര്യങ്ങൾ നാം ഈശോയ്ക്ക് കൊടുത്തു, ഇനിയുള്ള കാര്യങ്ങൾ ഈശോ നടത്തും എന്നുള്ള സമർപ്പണത്തിന്റെ സ്നേഹാവസ്ഥയിൽ ഈ നിമിഷം ഏറ്റവും നന്നായി ഈശോയിൽ ആനന്ദിക്കാൻ നമുക്ക് സാധിക്കും
ഈശോയിലുള്ള സമർപ്പണത്തിന്റെ സ്നേഹാവസ്ഥ ആത്മാവിലും സത്യത്തിലും ഉള്ള യഥാർത്ഥ ആരാധനയിലേയ്ക്കും ശിശു സഹജമായ സജീവവിശ്വാസത്തിലേയ്ക്കും നയിക്കുന്നു.
അത് ആത്മാവ് നിലവിൽ ഏതു അവസ്ഥയിൽ ആണെങ്കിലും അതിലേക്ക് നോക്കാതെ പൂർണ ശരണത്തോടെ ആത്മാവിൽ വാഴുന്ന ഈശോയിലേയ്ക്ക് ആത്മ വിശ്വാസത്തോടും ആശ്രയത്വത്തോടും കൂടി നോക്കാൻ ഇടയാക്കുന്നു
ഈശോയിൽ ഉള്ള ഈ ശരണം നമ്മുടെ നീതീകരണമായി ഭവിക്കുന്നു
നമ്മുടെ ജീവിതത്തിലെ ഈശോയ്ക്കായി കൊടുക്കുന്ന ഇന്ന് എന്ന ഈ ദിവസത്തിൽ ഓരോ ചെറിയ കാര്യവും ഏറ്റവും വിശ്വസ്തതയോടെ ഈശോയുടെ മുന്നിൽ എന്നത് പോലെ ഈശോയ്ക്കായി ചെയ്യാം
നമുക്ക് എപ്പോഴും വിളിക്കാനായി നല്കപ്പെട്ട ഈശോ എന്ന നാമത്തിന് നന്ദി ഉള്ളവരായിരിക്കാം
നമുക്ക് നല്കപ്പെട്ടിരിക്കുന്ന ദൈവസ്നേഹത്തെ പ്രതിയും അത് നൽകുന്ന പരിപാലനയെ പ്രതിയും അനുദിനകൃപകളെ പ്രതിയും നന്ദി പറയാം
ഈശോയെ ഇന്ന് എന്ന നമ്മുടെ ദിവസത്തിൽ നമുക്കായി പൂർണമായും നൽകപ്പെട്ടിരിക്കുന്നു
അത് നമ്മുടെ ഭൗമിക ജീവിതത്തിൽ അവിടുത്തെ സ്നേഹിച്ചു അവിടുത്തോടൊപ്പം ജീവിച്ചു നിത്യതയിലേയ്ക്ക് കടന്നു പോകുന്നതിനാണ്
“യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.”
(മത്തായി 11 : 25)
ലോകത്തിൽ ആയിരിക്കുമ്പോൾ ദൈവപുത്രരുടെ നിറവിൽ കുറവില്ലാതെ ആയിരിക്കുവാൻ ദിവ്യകാരുണ്യത്തിന്റെ മഹാസമ്പന്നതയോടും അതിന്റെ ജീവനോടും എപ്പോഴും ചേർന്ന് നിന്നാൽ മതി.
“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
(മര്‍ക്കോസ് 10 : 15)
എങ്ങനെ ആണ് ഒരു കുഞ്ഞ് അപ്പന്റെ കയ്യിലേയ്ക്ക് തന്നെ തന്നെ സ്വയം എറിഞ്ഞു നൽകുന്നത്!
വീഴുമോ എന്നതിന് ഭയമില്ല…
അപ്പൻ പിടിച്ചു കൊള്ളും എന്നതിന് അറിയാം.
ദൈവസ്നേഹപാരമ്യത്തിലേയ്ക്കുള്ള സ്വയം വിട്ടു നൽകലാണ് ദിവ്യകാരുണ്യ സ്വീകരണം
കാരണം അതിനു ശേഷം തനിക്ക് സംഭവിക്കാനിരിക്കുന്ന അവിസ്മയനീയമായ കാര്യങ്ങൾ ഒരു ആത്മാവ് എങ്ങനെ അറിയാൻ!
“എഴുതപ്പെട്ടിരിക്കുന്നതു പോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്‌തിട്ടില്ല.
എന്നാല്‍, നമുക്കു ദൈവം അതെല്ലാം ആത്മാവു മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ പോലും, അന്വേഷിച്ചു കണ്ടെത്തുന്നു.”
(1 കോറിന്തോസ് 2 : 9-10)
അതിനാൽ ദിവ്യകാരുണ്യം എന്ന ഏറ്റവും വലിയ ദൈവിക രഹസ്യത്തെ ഉൾക്കൊള്ളാം….
“അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല; ചുടുകാറ്റോ വെയിലോ അവരെ തളര്‍ത്തുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ ദയയുള്ളവന്‍ അവരെ നയിക്കും; നീര്‍ച്ചാലുകള്‍ക്ക രികിലൂടെ അവരെ കൊണ്ടുപോകും.”
(ഏശയ്യാ 49 : 10)
ആമേൻ
💕


Leave a comment