Rev. Fr Mani Yohannan Cheravallil (1853-1934)

Advertisements

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

കുറത്തികാടിന്റെ മണ്ണിൽ പുനരൈക്യ പ്രസ്ഥാനത്തിന് തിരിതെളിച്ച ചേരാവള്ളിൽ മാണി യോഹന്നാൻ കത്തനാർ…

Advertisements

മലങ്കര സഭയുടെ ശാശ്വത സമാധാനം എന്ന ലക്ഷ്യത്തെ മുൻനിർത്തി പുത്തൻകൂർ വിഭാഗത്തിലെ പ്രഥമ M.A ബിരുദധാരിയും ബഥനിയുടെ ആബോയും മലങ്കരയുടെ പുനരൈക്യ പ്രണേതാവുമായ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിലേക്ക് അതിന്റെ ആരംഭദശയിൽത്തന്നെ കടന്നുവന്ന പുരോഹിതരിൽ ഒരാളാണ് ചേരാവള്ളിൽ മാണി യോഹന്നാൻ കത്തനാർ.

മലങ്കര യാക്കോബായ സുറിയാനി സഭാംഗമായിരുന്ന മാവേലിക്കര തെക്കേക്കര പൊന്നേഴ ചേരാവള്ളിൽ മാണിയുടെയും മറിയാമ്മയുടെയും അഞ്ച് മക്കളിൽ ഒരുവനായി 1853 ഏപ്രിൽ 25ന് യോഹന്നാൻ ഭൂജാതനായി. യേശുവിന്റെ മുന്നോടിയായ വിശുദ്ധ യോഹന്നാൻ മാംദാനായുടെ പേരാണ് മാമോദീസ സമയത്ത് കുഞ്ഞിന് മാതാപിതാക്കൾ നൽകിയത്. മൂന്ന് സഹോദരൻമാരും ഒരു സഹോദരിയുമാണ് യോഹന്നാനുണ്ടായിരുന്നത്.

ചേരാവള്ളിൽ മാണി കോഴഞ്ചേരിക്ക് അടുത്ത് മാരാമൺ ദേശക്കാരനായിരുന്നു. സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടം നടത്തിയിരുന്ന അദ്ദേഹം പിന്നീട് കുറത്തികാട് ദേശത്ത് താമസമാക്കി. ദൈവികകാര്യങ്ങളിൽ സവിശേഷമായ താത്പര്യമുള്ളയാളായിരുന്ന മാണിക്ക് കുറത്തികാട്, നാടാലയിൽ ഇടപ്രഭുക്കൻമാർ പള്ളി പണിയുന്നതിനായി ദാനമായി സ്ഥലം നൽകുകയും പള്ളി പണിയുന്നതിനുള്ള അനുവാദം തിരുവിതാംകൂർ രാജാവിൽ നിന്ന് വാങ്ങി നൽകുകയും ചെയ്തു. അവിടെയാണ് കുറത്തികാട് ദേശത്ത് യോഹന്നാൻ സ്നാപകന്റെ നാമധേയത്തിലുള്ള പള്ളി 1836ൽ നിലവിൽ വന്നത്.

ദൈവഭക്തിയിലും മാതാപിതാക്കളോടുള്ള അനുസരണയിലും വളർന്നുവന്ന യോഹന്നാൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കര B.H ഹൈസ്കൂളിൽ (Bishop Hodges Higher Secondary School) പൂർത്തിയാക്കി. പള്ളിക്കാര്യങ്ങളിൽ ബാല്യം മുതലുള്ള യോഹന്നാന്റെ താത്പര്യത്തെ മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചിരുന്നു. പുരോഹിതനാകാനുള്ള ദൈവനിയോഗം തിരിച്ചറിഞ്ഞ് മാതാപിതാക്കളുടെ ആശീർവാദത്താലും ഇടവക പൊതുയോഗത്തിന്റെ അംഗീകാരത്താലും പരുമല സെമിനാരിയിൽ ചേർന്നു. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയിൽ നിന്നും 1874 സെപ്റ്റംബർ 7ന് പരുമല പള്ളിയിൽ വച്ച് വൈദിക പട്ടം സ്വീകരിച്ചു.

സുറിയാനി ഭാഷാപണ്ഡിതൻ ആയിരുന്ന അച്ചൻ അവിഭക്ത മലങ്കര സഭയുടെ കായംകുളം കാദീശാ പള്ളി, കുറത്തികാട് പള്ളി എന്നിവിടങ്ങളിൽ വികാരിയായി ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. യോഹന്നാൻ കത്തനാർ കുറത്തികാട് ഇടവക വികാരിയായിരിക്കുമ്പോൾ പള്ളിയിലെ ഏതാനും വീട്ടുകാർ 1889ൽ പാലക്കുന്നത്ത് ഏബ്രഹാം മൽപ്പാന്റെ നേതൃത്വത്തിൽ ഉടലെടുത്ത നവീകരണ ആശയങ്ങളോട് ആഭിമുഖ്യം ഉള്ളവരായി പ്രൊട്ടസ്റ്റന്റ് ചിന്താസരണിയിലേക്ക് ആകൃഷ്ടരായി. കുറത്തികാട് പള്ളിയുടെ അധികാരാവകാശങ്ങൾ അവർക്കു വേണം എന്ന ആവശ്യത്താൽ 1914ൽ കോടതി വ്യവഹാരങ്ങളിലേക്ക് പോയി, നവീകരണ ആശയക്കാരോട് ചേരാതിരുന്ന ചേരാവള്ളിൽ യോഹന്നാൻ കത്തനാരെ ഒന്നാം പ്രതിയാക്കുകയും ചെയ്തു. പള്ളിയിൽ പ്രവേശിക്കുന്നതിന് ഇരുകൂട്ടർക്കും കോടതി വിലക്ക് ഏർപ്പെടുത്തിയതിനാൽ വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കാതെ പത്ത് വർഷത്തോളം പള്ളി അടച്ചിട്ടു. 1912ലെ കാതോലിക്കേറ്റ് സ്ഥാപനത്തോടെ അച്ചൻ ഓർത്തഡോക്സ്‌ പക്ഷത്തു നിന്നു. ആ സമയത്തു തന്റെ കൂടെയുള്ള ഓർത്തഡോക്സ്‌ വിശ്വാസികൾക്ക് വേണ്ടി, തന്റെ മകനായ ചേരാവള്ളിൽ മാത്യൂസ് അച്ചന്റെ പേരിൽ ഉണ്ടായിരുന്ന വസ്തുവിൽ ഒരു ഏക്കർ ഇരുപത് സെന്റ് സ്ഥലം പള്ളിക്കായി നൽകി. അവിടെ ഒരു ഓല മേഞ്ഞ താത്കാലിക ചാപ്പൽ പണിയുകയും അന്നത്തെ നിരണം ഭദ്രാസന അധിപൻ കല്ലാശ്ശേരിൽ മാർ ഗ്രീഗോറിയോസ് തിരുമേനി (പിന്നീട് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ) വിശുദ്ധ യോഹന്നാൻ മാംദാനായുടെ നാമത്തിൽ കൂദാശ ചെയ്തു കുർബാന അർപ്പിക്കുകയും ചെയ്തു. തുടർന്ന് യോഹന്നാൻ അച്ചനും മകനായ മാത്യൂസ് അച്ചനും ചാപ്പലിൽ വിശുദ്ധ കുർബാനകളും കൂദാശകളും വിശ്വാസ സമൂഹത്തിനായി അനുഷ്ഠിച്ചു.

മാരാമൺ ദേശക്കാരനായിരുന്നതിനാലും പാലക്കുന്നത്ത് കുടുംബവുമായി സ്നേഹബന്ധം ഉണ്ടായിരുന്നതിനാലും പഴയ യാക്കോബായ പള്ളി നിൽക്കുന്ന സ്ഥലം ശ്രീ. മാണി അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായ പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസിയോസ് തിരുമേനിയുടെ പേർക്ക് ദാനാധാരം നടത്തിയിരുന്നു. മാത്യൂസ് മാർ അത്തനാസിയോസ് തിരുമേനി പാലക്കുന്നത്ത് മൽപ്പാനച്ചന്റെ നവീകരണാശയത്തോട് ചേർന്ന് നടന്നിരുന്നു. ഉടമസ്ഥാവകാശം മാത്യൂസ് മാർ അത്തനാസിയോസിന് ശ്രീ. മാണി എഴുതി നൽകിയതിനാൽ യോഹന്നാൻ കത്തനാർക്ക് അതിൽ യാതൊരു അവകാശവുമില്ലെന്നും സ്ഥലവും പള്ളിയും മാത്യൂസ് മാർ അത്തനാസിയോസിനും പിൻഗാമികൾക്കും ഉള്ളതാണെന്നും കോടതിയിൽ നിന്ന് വിധിതീർപ്പുണ്ടായി. അതാണ് ഇന്നത്തെ യേറുശലേം മാർത്തോമാ പള്ളി,കുറത്തികാട് (പഴയ സുറിയാനിപ്പള്ളി).

ഓർത്തഡോക്സ് – യാക്കോബായ തർക്കങ്ങളും ഈ കാലഘട്ടത്തിൽ രൂക്ഷമായിരുന്നു. യോഹന്നാൻ കത്തനാർ സ്വജീവിതാനുഭവത്തിൽ കേസിലും പള്ളി പിടിച്ചെടുക്കലിലും മനസ്സുമടുത്തിരിക്കവെ, ബഥനി ആശ്രമ സ്ഥാപകൻ ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കാമെന്ന ബോധ്യത്താൽ മകനായ ചേരാവള്ളിൽ മാത്യൂസ് അച്ചനോടൊപ്പം 1930 ഡിസംബർ 8ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. യോഹന്നാൻ കത്തനാരുടെ മക്കളായ പി.ജെ. റ്റൈറ്റസ്, പി.ജെ. ജോർജ്, സഹോദര പുത്രൻമാരായ പൊണ്ണശ്ശേരിൽ മാത്യൂസ്, പൊണ്ണശ്ശേരിൽ (പള്ളിമീനത്തേതിൽ) കൊച്ചുകോശി, വഞ്ചിക്കാല വടക്കേതിൽ (വേലമ്മാകുളങ്ങര) തോമസ്, പുത്തൻവീട്ടിൽ പീലിപ്പോസ്, പെരുംമ്പള്ളികുറ്റിയിൽ പി. കെ. ജോർജിന്റെ പിതാവ്, പള്ളിയുടെ കിഴക്കേതിൽ ഗീവർഗ്ഗീസ് എന്നിവരും അച്ചനോടൊപ്പം അന്നുതന്നെ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു.

1930 മുതൽ 1934 വരെ കുറത്തികാട് പള്ളിയുടെ ആദ്യ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തു. 1933ൽ പള്ളിക്കും സെമിത്തേരിക്കും രാജാവ് അനുവാദം നൽകി. അടൂർ പാറക്കൂട്ടത്തിൽ തോമസ് മുതലാളി ശെമ്മാശ്ശന് കുറത്തികാട് പള്ളിയിൽ വെച്ചാണ് ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത വൈദിക പട്ടം നൽകിയത്.

ആത്മീയ കാര്യങ്ങൾക്ക് പുറമെ നാടിന്റെ പൊതുവായ വികസനത്തിനും വിദ്യാഭ്യാസ മേഖലയിലും ചേരാവള്ളിൽ മാണി യോഹന്നാൻ അച്ചൻ താത്പര്യമെടുത്തിരുന്നു. വാത്തികുളത്ത് കാങ്കാലിൽ കുടുംബത്തിന്റെ (മാർത്തോമ്മ സഭാംഗം) ഉടമസ്ഥതയിലായിരുന്ന ഒരു മലയാളം പ്രൈമറി സ്കൂൾ(L. P School), കുടുംബത്തിന് നടത്തിക്കൊണ്ട് പോകുവാൻ താൽപ്പര്യം ഇല്ലാഞ്ഞതിനാൽ അച്ചൻ ഏറ്റെടുത്തു മാനേജർ ആയി നടത്തിപ്പോന്നിരുന്നു. പിന്നീട് അത് അടുത്ത നിലയിലേക്ക് ഉയർത്തുന്നതിനുള്ള (U.P School) ലൈസൻസ് അച്ചന് ലഭിച്ചു. അച്ചന്റെ മകൻ മാത്യൂസ് ചേരാവള്ളിൽ അച്ചൻ അതേ സമയത്തു തന്നെ തന്റെ സഹോദരനായ P. J റ്റൈറ്റസിൻ്റെ വസ്തുവിൽ കുറത്തികാടിനു കിഴക്കായി ഒരു സ്കൂൾ (St. John’s L.P School, Pallickal East) സ്ഥാപിക്കുകയും അതിന്റെ മാനേജർ ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് വാത്തികുളത്തെ സ്കൂൾ കാങ്കാലിൽ കുടുംബത്തിന് തിരിച്ചു കൊടുക്കുകയും അതിന്റെ അപ്പർ പ്രൈമറി ലൈസൻസ് കുറത്തികാട് സ്കൂളിനോട് ചേർത്ത് അത് യു.പി. സ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു. പുനരൈക്യത്തിന് ശേഷം മാർ ഇവാനിയോസ് തിരുമേനിയുടെ ആഗ്രഹപ്രകാരം 1932ൽ മലങ്കര കത്തോലിക്കാ സഭയ്ക്ക് സ്കൂൾ വിട്ടു നൽകുകയും ഇപ്പോൾ മാവേലിക്കര രൂപതയുടെ കീഴിലായി പള്ളിയ്ക്കൽ ഈസ്റ്റ് സെന്റ് ജോൺസ് എം.എസ്.സി. യു. പി സ്കൂൾ എന്ന പേരിൽ പ്രസ്തുത സ്കൂൾ അറിയപ്പെടുകയും ചെയ്യുന്നു.

യോഹന്നാൻ അച്ചൻ വഞ്ചിക്കാലായിൽ മറിയാമ്മയെ വിവാഹം ചെയ്തു. മൂന്ന് ആണ്മക്കളെയും മൂന്ന് പെണ്മക്കളെയും നൽകി ദൈവം അവരുടെ ദാമ്പത്യ ജീവിതത്തെ അനുഗ്രഹിച്ചു. മൂത്ത മകൾ മറിയാമ്മയെ തിരുവല്ല കാവുംഭാഗത്ത് താഴ്ച്ചയിൽ മത്തായി വിവാഹം ചെയ്തു. മറിയാമ്മയുടെ മകൾ പൊന്നമ്മയെ ഓർത്തഡോക്സ്‌ സഭയിലെ വൈദികനായ ഫാ. അലക്സാണ്ടർ കോടിയാട്ട് വിവാഹം ചെയ്തു. മാണി അച്ചന്റെ രണ്ടാമത്തെ മകൾ ശോശാമ്മയെ തിരുവല്ല വാരിക്കാട്ടു തോട്ടുങ്കൽ കുടുംബാംഗമായ ഇട്ടിയവിര ജോൺ വിവാഹം ചെയ്തു. ശോശാമ്മയുടെ മകനായിരുന്നു മാർത്തോമ്മ സഭയിലെ വൈദികനായിരുന്ന A.J. തോട്ടുങ്കൽ (വാരിക്കാട്ട്) അച്ചൻ. ഇളയ മകൾ സാറാമ്മയെ മാവേലിക്കര വടക്കേതലക്കൽ കുടുംബത്തിലെ W. C. നൈനാൻ വിവാഹം ചെയ്തു. അച്ചന്റെ ആൺമക്കളിൽ മൂത്തവനായ ചേരാവള്ളിൽ മാത്യൂസ് അച്ചൻ വല്യച്ചനോടൊപ്പം പുനരൈക്യപ്പെട്ട് തിരുവനന്തപുരം അതിരൂപതാ വൈദികനായി സേവനമനുഷ്ഠിച്ചു. രണ്ടാമൻ P. J. റ്റൈറ്റസ് (ദത്തോച്ചൻ) മൂന്നാമത്തെ മകൻ P. J. ജോർജ് (കീവർച്ചൻ) എന്നിവരും അച്ചനോടൊപ്പം മലങ്കര കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. P. J. റ്റൈറ്റസിന്റെ മൂത്ത മകൻ ജോൺ പി.റ്റൈറ്റസിന്റെ മകനാണ് ഫാ. റ്റൈറ്റസ് ജോൺ ചേരാവള്ളിൽ OIC. ഇളയ മകൻ ഏബ്രഹാം റ്റൈറ്റസിന്റെ മകനാണ് ഫാ. റ്റൈറ്റസ് ഏബ്രഹാം ചേരാവള്ളിൽ OIC.

1934 ജൂലൈ 15ന് തൻ്റെ എൺപത്തിയൊന്നാം വയസ്സിൽ യോഹന്നാൻ അച്ചൻ കർത്തൃ സന്നിധിയിലേക്ക് യാത്രയായി. ചേപ്പാട് ഫിലിപ്പോസ് റമ്പാച്ചന്റെ മുഖ്യ കാർമികത്വത്തിൽ
കബറടക്ക ശുശ്രൂഷ നിർവഹിച്ച് കുറത്തികാട് പള്ളിയുടെ മദ്ബഹായുടെ വടക്കുവശത്തു പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്‌കരിച്ചു.

ചേരാവള്ളിൽ മാണി യോഹന്നാൻ കത്തനാർ ഓർമ്മയായെങ്കിലും അച്ചനിലൂടെ കൊളുത്തിയ പുനരൈക്യത്തിന്റെ പൊൻപ്രഭ കുറത്തികാട് സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലൂടെ തലമുറകൾക്ക് പ്രകാശമായി ഇന്നും പ്രശോഭിക്കുന്നു.

കടപ്പാട് : റെജി ജോൺ ചേരാവളളിൽ, Fr. ടൈറ്റസ് ജോൺ ചേരാവള്ളിൽ OIC (കുടുംബാംഗങ്ങങ്ങൾ).

✍️ ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Advertisements
Fr Jacob Mulappompallil (1899-1968)

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment