ഫ്രാൻസിസ് മാർപാപ്പയുടെ മരിയ വിചാരങ്ങൾ 1
മറിയം എൻ്റെയും സഭയുടെയും അമ്മ
2019 ജനുവരി ഒന്നാം തിയതി ദൈവമാതാവായ മറിയത്തിൻ്റെ തിരുനാൾ ദിനം വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പ നടത്തിയ വചനസന്ദേശത്തിൽ മറിയം എൻ്റെയും സഭയുടെയും അമ്മ എന്ന ആശയത്തിനാണ് ഊന്നൽ നൽകിയത്. ആ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ മൂന്നു വാക്യങ്ങളിൽ നമുക്കു മനസ്സിലാക്കാം.
1. മറിയത്തിൻ്റെ സ്നേഹനിർഭരമായ നോട്ടവും ആലിംഗനവും
ദൈവമാതാവായ മറിയം നമ്മെ പാപികളായിട്ടല്ല, മറിച്ച് പ്രിയപ്പെട്ട മക്കളായി കാണുന്നു. അവളുടെ നോട്ടം നമ്മുടെ ഹൃദയത്തിന്റെ ഇരുണ്ട കോണുകളിൽ പോലും എത്തുകയും പ്രത്യാശയെ വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യുന്നു. നമ്മെ നോക്കാൻ അവളെ നമ്മൾ അനുവദിക്കുമ്പോൾ ആലിംഗനം ചെയ്യാൻ അനുവദിക്കുമ്പോൾ അവൾ നമ്മൾ ഓരോരുത്തരോടും പറയുന്നു: “പ്രിയ മകനേ/മകളേ, ധൈര്യപ്പെടുക; ഇതാ ഞാൻ, നിങ്ങളുടെ അമ്മ!”
2. സഭയിലും നമ്മുടെ ജീവിതത്തിലും മറിയത്തിൻ്റെ സ്ഥാനം
പരിശുദ്ധ മറിയം ഈശോയെ പ്രസവിക്കുക മാത്രമല്ല മറിച്ച് ഈശോയിൽ പുനർജനിച്ച നമ്മളെ ഓരോരുത്തരെയും അവൾ കർത്താവിന് സമർപ്പിക്കുന്നു. അവളുടെ സാന്നിധ്യം സഭയെ ഒരു കുടുംബമാക്കുന്നു , സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു ജീവനുള്ള സ്ഥലമാക്കുന്നു. മറിയം ഒരു അലങ്കാരമോ പ്രതീകമോ അല്ല, മറിച്ച് നമ്മുടെ ആത്മീയ ജീവിതത്തിൽ അവൾക്കു ഒരു പ്രധാന പങ്കുണ്ട്. സുവിശേഷങ്ങളിൽ ജനങ്ങളോടൊപ്പം ആയിരുന്ന അവൾ ഇപ്പോൾ നമ്മുടെ ജീവിതങ്ങളെ സ്വീകരിക്കുകയും നമ്മുടെ ആവശ്യങ്ങൾ ദൈവമുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുന്നു.
3. മറിയത്തെയെ പൂർണ്ണമായി സ്വാഗതം ചെയ്യാം
ദൈവത്തിന് ഒരു അമ്മയെ ആവശ്യമാണെന്ന് ദൈവം തീരുമാനിച്ചു, ഈശോ അവളെ കുരിശിൽ നിന്ന് നമുക്ക് നൽകി. മറിയത്തെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു നമ്മുടെ യഥാർത്ഥ ആത്മീയ അമ്മയായി അവളെ സ്വികരിക്കാൻ. മറിയത്തിൻ്റെ കൈപിടിച്ച്, അവളുടെ സംരക്ഷണം തേടാനും, മനുഷ്യകുടുംബം പുതിയ ജീവിതവും സമാധാനവും കണ്ടെത്തുന്ന അവളുടെ സ്നേഹത്തിന്റെ മേലങ്കിയിൽ ഒത്തുകൂടാനും ഫ്രാൻസീസ് പാപ്പ 2019 ജനുവരി ഒന്നിലെ സന്ദേശത്തിലൂടെ നമ്മെ ക്ഷണിക്കുന്നു.
പ്രാർത്ഥന
എൻ്റെയും സഭയുടെയും അമ്മേ, നിൻ്റെ കരം പിടിച്ച് നിന്നിൽ സംരക്ഷണം തേടാനും അങ്ങനെ സമാധാനവും പുതിയ ജീവിതവും കരസ്ഥമാക്കാനും അതുവഴി ഈശോയുടെ സ്നേഹത്തിൽ ഒന്നാകാനും എന്നെ സഹായിക്കണമേ.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment