ഷിജിൽ ദാമ്മോദർ | ചെറുകഥ
രാവിലെ പത്തു മണിയായിട്ടും ഷിജിൽ ദാമ്മോദർ കിടക്കയിൽ നിന്ന് എഴുന്നേറ്റിട്ടില്ല. അവൻ ഫോണിൽ ഒന്നിനു പിറകേ ഒന്നൊന്നായി വീഡിയോസ് കണ്ടു കൊണ്ടേയിരിക്കുന്നു. എന്തിനാണ് ഇതെല്ലാം കാണുന്നത് എന്ന് അവന് തന്നെ അറിയില്ല. എങ്കിലും ഇൻഡ്യ – പാക്കിസ്ഥാൻ യുദ്ധത്തെപ്പറ്റി അറിയേണ്ടത് അല്ലേ? ഫ്രാൻസീസ് പാപ്പായെക്കുറിച്ച് മനോരമ പറയുന്നത് കേൾക്കേണ്ടത് അല്ലേ? നാടുവിടുന്ന യുവത്വം കാനഡയിൽ സഹിക്കുന്നു എന്നു കേൾക്കുമ്പോൾ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് അവനറിയില്ല. പിന്നെ സിനിമാ നടിയുടെ മുഖത്ത് വരുന്ന ഇമോഷനെപ്പറ്റിയും അപ്പുറത്തെ വീട്ടിലെ അനിലയുടെ പുതിയ ചുരിദാറിനെപ്പറ്റിയും ഇൻസ്റ്റായിൽക്കൂടി അവനറിയാം. എന്നാൽ സ്വന്തം അമ്മ ഷീല ഇപ്പോൾ ഏത് വീട്ടിലാണ് മുറ്റമടിക്കുന്നത് എന്ന് ഷിജിലിന് ഒരു അറിവും ഇല്ലായിരുന്നു.
പെട്ടെന്നാണ് ചൂലു കൊണ്ടൊരടി അവൻ്റെ കാലിൽ വന്ന് പതിച്ചത്. അത് അപ്രതീക്ഷിതമാണ് എന്നു പറഞ്ഞു കൂടാ. കാരണം ആ അടി വർഷങ്ങൾ ആയിട്ട് അവൻ്റെ അലാറം ആണ്.
“എഴുന്നേറ്റ് കളത്തിൽ പോടാ “
“ഷീലാമ്മേ..എന്തിനാണ് എന്നെ ഇങ്ങനെ അടിക്കുന്നത് ? എനിക്ക് വയസ് 34 ആയി. ഇതു വരെ നന്നായില്ലല്ലോ… “
“അതേടാ… നിന്നെ അടിക്കുന്ന സമയത്ത് ഒരു മുറ്റം കൂടി അടിച്ചിരുന്നെങ്കിൽ രൂപ നൂറു എനിക്ക് കിട്ടും. എന്നിട്ടും നഷ്ടം സഹിച്ചും ഞാൻ അടിക്കുവാ ! പോടാ ! എഴുന്നേറ്റ് പോ ! “
” എഴുന്നേറ്റിട്ട് ഇപ്പം എന്നാ കിട്ടാനാ ? ഓട്ടോ സ്റ്റാൻഡിൽ ചെന്നാലും അവിടെ ഫോൺ നോക്കിയിരിക്കാം എന്നല്ലേ ഉള്ളൂ. ആര് ഓട്ടം വിളിക്കാൻ ? “
“മോനേ ഷിജിൽ ദാമോദർ ! നിൻ്റെ അപ്പൻ ദാമോദർ ചിന്തിക്കുന്നതു പോലെ ഈ ഷീല ചിന്തിച്ചിരുന്നുവെങ്കിൽ
ഇന്ന് ഇവിടെ അടുപ്പ് എരിയുമായിരുന്നോ ? ജീവിച്ചിരുന്ന കാലത്ത് പുള്ളിക്ക് റബ്ബർ വെട്ടാതിരിക്കാൻ പല കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം മഴ, മറ്റൊരു ദിവസം കുഞ്ഞമ്മയുടെ പിറന്നാൾ, വേറൊരു ദിവസം ഒടുക്കത്തെ തണുപ്പ്. എന്നിട്ട് ഇനിയെങ്ങാനും വെട്ടിയാൽ പറയും… ഈ കൂലിക്ക് വെട്ടിയിട്ട് എന്താ കാര്യം എന്ന് ? അവസാനം ഞാൻ പുള്ളിയെ നിർബന്ധിച്ച് സാധനങ്ങൾ കടകളിൽ കേറി വിൽക്കാൻ വിട്ടപ്പോൾ ഇവിടെ തിന്നിട്ട് പല്ലിൻ്റെ അടിയിൽ കേറിയവര് പറഞ്ഞു, പെണ്ണ് ഭരിക്കുന്നയിടം മുടിയുമെന്ന്. എന്നിട്ട് മുടിഞ്ഞത് ആരാ? രാവിലെ എഴുന്നേറ്റ് ദുരഭിമാനം പുഴുങ്ങി ജീവിക്കുന്ന കെട്ടിയവനും കെട്ടിയോളും മുടിഞ്ഞു. മനുഷ്യൻ പണിയെടുക്കണം. കാലത്തിന് ചേർന്ന പണിയെടുക്കണം. ദേഹം അനങ്ങി പണി എടുക്കണം. അങ്ങനെ പണി എടുക്കാൻ പറ്റാത്ത ഫോണിൽ നോക്കി ഇരിക്കുന്ന മടിയൻമാർ ഇവിടെ ഉള്ളിടത്തോളം കാലം ഈ നാട് സ്വർഗമാടാ.. ഇന്ന് എൻ്റെ ഒറ്റ ദിവസത്തെ വരുമാനം എത്രയാടാ ?
” 5000 “
“നിൻ്റെയോ “
” 250 “
“പിന്നെ നീ എന്തു കാണിക്കാനാണ് ഈ പരിപാടിക്ക് പോകുന്നത് ? നാട്ടിൽ പെണ്ണുങ്ങൾ സ്കൂട്ടി എടുത്തു എന്നും പറഞ്ഞ് വിലപിച്ച് നടന്നിട്ട് കാര്യം ഉണ്ടോ ? മര്യാദയ്ക്ക് നീ എൻ്റെ കൂടെ ചേര്… അല്ലെങ്കിൽ കുറച്ച് സമയം മാത്രം വണ്ടി ഓടിച്ച് മറ്റൊരു ജോലി കൂടി ചെയ്യ് ! പകൽ പണിയെടുത്ത് രാത്രി ഉറങ്ങണം മനുഷ്യൻ. ഇത് രാത്രി മുഴുവൻ ഫോണും തോണ്ടി പകൽ മുഴുവൻ ചാവാലിപ്പട്ടിയെപ്പോലെ കിറുങ്ങി നടക്കും. നീ എൻ്റെ കൂടെ ചേര്! നല്ല കൂലി തരാം! ” ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഷീല വെളിയിലേക്ക് നടന്നു.
“അവസാനം പറഞ്ഞ ആ ഡയലോഗ് ആദ്യം കേൾക്കുന്നതാണല്ലോ. ഞാൻ കണ്ടവൻ്റെ മുറ്റം അടിക്കണം എന്നാണോ പറഞ്ഞത് ? “
“ഇല്ലെടാ, ഞാൻ പി.എസ്. സിയിൽ നിന്ന് ഓർഡർ കൊണ്ടു വന്നു തരാം മുറ്റമടിക്കാൻ … ഒരു ഉപകാരവും ഇല്ലാതെ നൂറ് പരീക്ഷ എഴുതാൻ വേണ്ടി നീ നടന്ന യാത്ര നേരെ നടന്നിരുന്നെങ്കിൽ അത് ഭാരത് ജോഡോ ആയി മാറിയേനെ. തിരിച്ച് വരാതിരുന്നെങ്കിൽ ഈ വീടും രക്ഷപ്പെട്ടേനെ. “
” അമ്മച്ചി ! “
” ദേ ചെറുക്കാ… എഴുന്നേൽക്ക് വേഗം. ഈ നാട്ടിലെ പെണ്ണുങ്ങളെപ്പോലെ എനിക്ക് കൊതിയും കെറുവും പറയാനും പ്രാർത്ഥനയുടെ പേരും പറഞ്ഞ് ടൗൺ ചുറ്റാനും സമയമില്ല. മാത്രമല്ല, ഇങ്ങനെ മനുഷ്യൻ സമയം കളയുന്നത് കാണുമ്പോൾ അവരുടെ ചെപ്പ കുറ്റിക്ക് അടിക്കാൻ തോന്നുന്നുണ്ട്. “
“ഷീലാമ്മച്ചി ഒരു റിബൽ ആണ്. “
” നീ പറഞ്ഞതിൻ്റെ അർത്ഥം എനിക്ക് അറിയില്ല. പക്ഷേ ഇനിയും ഏറ്റില്ലെങ്കിൽ ചൂലിൻ്റെ അർത്ഥം നീ വീണ്ടും അറിയും. “
” ദാ… ഞാൻ എഴുന്നേറ്റു കഴിഞ്ഞു. ഷീലാമ്മേ.. നമുക്ക് ഒന്നു കറങ്ങാൻ പോയാലോ ? “
” ഉം… ഈ ഞായറാഴ്ച പോവാം … പക്ഷേ നിൻ്റെ ചെലവ് നീ എടുത്തോണം. അവിടെ പുട്ടും കടലയും എടുത്തു വെച്ചിട്ടുണ്ട്.. ഞാൻ ഒന്നൂടെ ചൂടാക്കിയിട്ടുണ്ട്. അവിടെ പെണ്ണുങ്ങൾ എന്നെ കാത്തിരിപ്പുണ്ട്. ഞാൻ പോകൂവാ ! “
“അവളുടെ ആരെങ്കിലും അവിടെ പെറ്റ് കിടക്കുന്നുണ്ടോടീ വൽ സേ.. കണ്ടില്ലേ, ഷീലയുടെ ഒരു പോക്ക് ” കയ്യാണിക്കാരുടെ പറമ്പിൽ തൊഴിലുറപ്പിന് വന്ന ലീലാമ്മ പറഞ്ഞു.
” എവിടെയെങ്കിലും പോട്ടെ വൽസേ … ഓർക്കുന്നില്ലേ, അവൾ തൊഴിലുറപ്പിന് നേതാവായ സമയം.. ഒരു മാസം കൊണ്ട് എത്ര കനാലാ അവള് തീർത്തത് “
” ഉം… കനാലല്ല, നമ്മുടെ നടുവാ തീർത്തത്. പിന്നെ നമ്മൾ കഷ്ടപ്പെട്ട് പട വെട്ടി അവളെ പുറത്താക്കി. “
” അതു കൊണ്ടെന്താ, നമുക്കിന്ന് വിശ്രമിക്കാലോ ! “
“പക്ഷേ ഇന്നവളുടെ കീഴിൽ പണിക്കാര് പതിന്നാല് ! നമ്മുടെ കീഴെ പള്ള മാത്രം ! “
പെട്ടെന്ന് ഒറോത പാത്തെത്തി ആ വാട്സപ്പ് വാർത്ത അവരോടു പറഞ്ഞു,
“നമ്മുടെ ഷീലയ്ക്ക് മുറ്റം അടിച്ചോണ്ടിരിക്കുമ്പോൾ അറ്റാക്ക് ! ആശുപത്രിയിൽ കൊണ്ടു പോയി ! “
“അയ്യോ ! ” വൽസയും ലീലാമ്മയും ഒരുമിച്ചു പറഞ്ഞു.
“അവൾക്കതിന് ഹൃദയം ഉണ്ടായിരുന്നോ ? ” വൽസ മനസ്സിലും പറഞ്ഞു.
ഷീലയെ ദഹിപ്പിച്ചത് പിറ്റേന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ആയിരുന്നു. വൻ ജനാവലി തന്നെ പങ്കെടുത്തു. ഓടി നടന്ന ഷീലയുടെ മരണം എല്ലാവർക്കും ഷോക്കായിരുന്നു. സ്വന്തമായി വഴിവെട്ടി കുറച്ചു പേർക്ക് ജോലി കൊടുത്ത ഷീലയെപ്പോലെ കുറച്ചു സ്ത്രീകളെയാണ് ഈ നാട് കാത്തിരിക്കുന്നതെന്ന് സ്ഥലം എം.എൽ. എ തൻ്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
ആളും ആരവവും അവസാനിപ്പിച്ചപ്പോൾ ഷിജിൽ ദാമോദർ ഒറ്റയ്ക്കായി. അപ്പൻ രണ്ടു വർഷം മുൻപ് പോയി. ഇപ്പോൾ അമ്മയും. ചെറുപ്പം മുതൽ അമ്മ വിശ്രമിക്കുന്നത് അവൻ കണ്ടിട്ടേയില്ല. അമ്മ പറക്കുന്ന പക്ഷിയായിട്ടാണ് അവന് എന്നും തോന്നിയത്. ഇപ്പോൾ ആ പക്ഷി പറന്നു പോയിരിക്കുന്നു.
“ജീവിക്കുമ്പോൾ ആരുടെയും മുമ്പിൽ തെണ്ടാതെ ജീവിക്കണമെടാ ! ” ഷീലാമ്മയുടെ വാക്കുകൾ അവൻ്റെ നെഞ്ചിൽ പെയ്തു കൊണ്ടിരുന്നു.
തുലാമഴ തോർന്ന സായം സന്ധ്യയിൽ ഷീലാമ്മ തൻ്റെ വല്യമ്മമാരെക്കുറിച്ചുള്ള ഓർമ്മ പറഞ്ഞത് അവനോർത്തു
” എൻ്റെ ഒരു വല്യമ്മ ഉൽസവം കൂടാൻ രൂപ എനിക്ക് തരും. മറ്റേ വല്യമ്മ ഉള്ളതു കൂടി എൻ്റെ കൈയിൽ നിന്ന് തട്ടിപ്പറിക്കും. മോനെ ഏത് വല്യമ്മയാകാനാ ഇഷ്ടം ? “
അവൻ ഒരിക്കലും ഉത്തരം പറഞ്ഞില്ല. പക്ഷേ ജീവിതകാലം മുഴുവൻ അമ്മയുടെ കൈയിൽ നിന്ന് തട്ടിപ്പറിച്ചവനായിരുന്നു താനെന്ന് അവന് തോന്നി. ആ തോന്നലിൽ അവൻ വെളിയിലേക്ക് ഇറങ്ങി. അവൻ്റെ കൈയിൽ അമ്മയുടെ ചൂലും ഉണ്ടായിരുന്നു. അമ്മയും തൻ്റെ കൂടെ അടിക്കുന്നതായി അവന് തോന്നി.
ജിൻസൺ ജോസഫ് മുകളേൽ CMF


Leave a comment