ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ
മത്തായി എഴുതിയ സുവിശേഷത്തിൽ വിവരിക്കുന്ന താലന്തുകളുടെ ഉപമയിൽ നിന്നും (മത്താ 25: 14-30) ഒരു ചെറിയ വസ്‌തുതയുടെ വിശദാംശമാണ് നാമിവിടെ ചർച്ചാ വിഷയമാക്കുന്നത്. ഈ ഉപമയിൽ വിവരിക്കുന്ന താലന്ത് എന്നത് എത്ര വിലയേറിയ തുകയാണ് എന്നത് നാമിവിടെ വ്യക്തമാക്കുന്നതാണ്.
നമുക്ക് ചിരപരിചിതമായ ഒരു ഉപമയാണല്ലോ താലന്തുകളുടേത്. ഒരു യജമാനൻ യാത്ര പോകുന്നതിനുമുമ്പ് തന്റെ സമ്പത്ത് ഭൃത്യന്മാരെ ഏൽപ്പിക്കുകയാണ്. ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും മൂന്നാമത്തെവന് ഒരു താലന്തും നൽകിയെന്നാണ് നാം വായിക്കുന്നത്. അഞ്ച്, രണ്ട്, ഒന്ന് എന്നിവയെ വെറും നാണയങ്ങളായി കണ്ടാൽ അത് കഥയുമായി ഒത്തുപോകുന്നതല്ല. യജമാനന്റെ സമ്പത്തു എന്നത് ചെറിയ ഒരു തുകയായി നാം തെറ്റിദ്ധരിക്കരുത്. അത് നാം ഇവിടെ വിശദീകരിക്കുന്നതാണ്.
ഏതായാലും താലന്തുകൾ ലഭിച്ചവരുടെ പ്രതികരണം കൂടെ നമുക്കിവിടെ പരിശോധിക്കാം. അഞ്ചു താലന്ത് ലഭിച്ചവർ വ്യാപാരം ചെയ്ത് അഞ്ചു കൂടി സമ്പാദിക്കുന്നു. രണ്ടു താലന്തു കിട്ടിയവനും അതുപോലെ രണ്ടു കൂടി നേടുകയാണ്. എന്നാൽ ഒരു താലന്ത് കിട്ടിയവനാകട്ടെ അത് മണ്ണിൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്. മൂന്നാമന്റെ ഭോഷത്തം എത്രമാത്രം ഗൗരവമായിരുന്നു എന്ന് നമുക്ക് നോക്കാം.
ഒരു താലന്ത് എന്ന് പറയുന്നത് ചെറിയ ഒരു തുകയല്ല കേട്ടോ. താലന്ത് എന്ന് പറയുന്നത് ഒരു തൂക്കം അതായത് അളവാണ്. ഈശോയുടെ കാലത്തു തൂക്കത്തിനനുസരിച്ചുള്ള ലോഹങ്ങളാണ് അളവിനായി ഉപയോഗിച്ചിരുന്നത്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിങ്ങനെയുള്ളവ തൂക്കത്തിനനുസരിച്ച് എടുക്കുകയാണ് പതിവ്. അങ്ങനെയുള്ള അളവുകളാണ് ദനാറ, ദ്രാക്മ, ഷെക്കൽ, താലന്ത് എന്നിവ. ഇവയിൽ ദനാറ എന്നത് റോമാക്കാരുടെ നാണയം ആയിരുന്നു. ദ്രാക്മയാകട്ടെ ഗ്രീക്കുകാരുടെയും ഷെക്കൽ എന്നത് യഹൂദരുടെയും.
മഹാനായ അലക്സാണ്ടർ ചക്രവർത്തി നടത്തിയ യുദ്ധങ്ങളുടെ ഫലമായി യൂറോപ്പും ആഫ്രിക്കയും ഏഷ്യയും കീഴ്പെടുത്തിയല്ലോ. അതോടുകൂടി ഇസ്രേയേൽ പ്രദേശവും ജെറുസലേമും എല്ലാം ഗ്രീക്ക് സംസ്കാരത്താലും ഭാഷയാലും സ്വാധീനിക്കപ്പെട്ടു. ഗ്രീക്കുകാരുടെ വിനിമയ നാണയമായ ദ്രാക്മ അങ്ങനെ ഈ സ്ഥലങ്ങളിൽ ഉപയോഗത്തിൽ വന്നു. ഗ്രീക്കുകാരുടെ കാലത്തിനുശേഷം റോമാക്കാർ ഇസ്രായേൽ ദേശം കീഴ്പെടുത്തിയപ്പോൾ റോമാക്കാർ ഉപയോഗിച്ചിരുന്ന നാണയമായ ദനാറ കൂടുതൽ പ്രചാരം നേടി. യേശുവിന്റെ കാലത്ത് ഈ ദനാറയാണ് തൊഴിൽ വേതനമായി നൽകിയിരുന്നത്. എന്നാൽ യഹൂദരുടെ വിശുദ്ധ സ്ഥലമായ ജെറുസലേം ദേവാലയത്തിൽ ദനാറയോ ദ്രാക്മയോ ഉപയോഗിക്കാൻ പാടില്ലായിരുന്നു. ദേവാലയത്തിലെ ഭണ്ഡാരത്തിൽ യഹൂദരുടെ നാണയമായ ഷെക്കൽ മാത്രമാണ് നിക്ഷേപിക്കാൻ അനുവദിച്ചിരുന്നുള്ളൂ. അതിനാൽ ദനാറയോ ദ്രാക്മയോ കൈവശമുള്ളവർ ദേവാലയത്തിലെത്തുമ്പോൾ സമീപത്തുള്ള നാണയമാറ്റക്കാരെ സമീപിച്ച് അവരുടെ നാണയങ്ങൾ ഷെക്കൽ ആക്കി മാറ്റുകയാണ് പതിവ്. ഇത്തരത്തിൽ നാണയം മാറ്റി നൽകുന്നവരെ ഈശോ ദേവാലയത്തിൽ നിന്നും പുറത്താക്കുന്നത് (യോഹ 2: 14-15) നാം കാണുന്നുണ്ടല്ലോ. ഈ മൂന്നു വിധത്തിലുള്ള നാണയങ്ങളായിരുന്നു ഈശോയുടെ കാലത്ത് പ്രചാരത്തിലിരുന്നത്.
ഇനി നമുക്ക് അവയുടെ തൂക്കം കൂടി ഒന്ന് നോക്കാം. ഒരു ദനാറ എന്നത് 5.7 ഗ്രാം ആയിരുന്നു ഭാരം. അതേ തൂക്കം തന്നെയായിരുന്നു ഗ്രീക്ക് നാണയമായിരുന്ന ദ്രാക്മക്കും ഉണ്ടായിരുന്നത്. എന്നാൽ ദനാറയായിരുന്നു അന്നത്തെ കാലത്തു കൂടുതൽ ഉപയോഗിച്ചിരുന്നതും മാത്രമല്ല ഒരു ദിവസത്തെ പണിക്കൂലിയായി കൊടുത്തിരുന്നതും. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാർക്ക് പണിക്കൂലി കൊടുക്കുന്ന കഥ പറയുന്നതിനിടയിൽ ഒരു ദനാറ എന്ന് സൂചിപ്പിക്കുന്നത് ഓർക്കുമല്ലോ (മത്താ 20: 1-16). ഷെക്കൽ എന്നത് ദനറായുടെ ഇരട്ടി അതായത് 11.4 ഗ്രാം തൂക്കം ഉള്ളതായിരുന്നു.
അതേസമയം താലന്ത് എന്ന് പറയുന്നത് മറ്റൊരു നാണയമല്ല, മറിച്ച് മേൽപറഞ്ഞ നാണയങ്ങളുടെ മറ്റൊരു തൂക്കം ആയിരുന്നു. ഉദാഹരണത്തിന് ആയിരം കിലോഗ്രാം ഭാരത്തെ നാം ഒരു ടൺ എന്ന് വിളിക്കുന്നതുപോലെ ഉള്ള ഒരു തൂക്കത്തിന്റെ പേരായിരുന്നു താലന്ത് എന്നത്. ഇനി നമുക്ക് താലന്തിന്റെ തൂക്കത്തിലേക്ക് കടക്കാം. ഒരു താലന്ത് എന്ന് പറഞ്ഞാൽ നമ്മുടെ കണക്കനുസരിച്ച് 34.27 കിലോഗ്രാം ഭാരമാണ് ഉള്ളത്. ദനാറയോടും ഷെക്കലിനോടും താരതമ്യം ചെയ്യുമ്പോൾ അത് വളരെ വലിയ ഒരു തൂക്കമാണല്ലേ. ഒരു താലന്ത് ഒരുവന് സമ്പാദിക്കാൻ തന്നെ വളരെയേറെ ദിവസങ്ങൾ എടുക്കും. നമുക്കതൊന്ന് കൂട്ടിനോക്കാം.
ഒരു ദിവസത്തെ കൂലി എന്നത് ഒരു ദനാറ അതായത് 5.7 ഗ്രാം. അപ്പോൾ ഒരു വർഷം മുഴുവൻ അതായത് 365 ദിവസവും ഒരാൾ ജോലിചെയ്താൽ തന്നെ അയാൾക്ക് സമ്പാദിക്കാൻ കഴിയുന്നത് 2.08 കിലോഗ്രാം മാത്രമായിരിക്കും. അങ്ങനെയെങ്കിൽ എത്ര വർഷം വേണം ഒരാൾക്ക് 34.27 കിലോഗ്രാം സമ്പാദ്യം ഉണ്ടാകാൻ എന്ന് നോക്കിയാലോ? 5.7 ഗ്രാം ഒരു ദിവസം വച്ച് ഏകദേശം 6007 ദിവസം ജോലി ചെയ്താലാണ് ഒരാൾക്ക് 34.27 കിലോഗ്രാം സമ്പാദിക്കാൻ കഴിയൂ. 6007 ദിവസങ്ങൾ എന്ന് പറഞ്ഞാൽ ഒരു വർഷത്തിൽ 365 ദിവസങ്ങൾ വച്ച് കണക്കുകൂട്ടിയാൽ ഏകദേശം പതിനാറ് വർഷവും മൂന്നു മാസവും എന്ന് ലഭിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ ഒരാൾ പതിനാറു വർഷത്തോളം ജോലിചെയ്താലാണ് മാത്രമേ ഒരു താലന്ത് സമ്പാദിക്കാൻ സാധിക്കുകയുള്ളൂ.
ഒരു താലന്ത് എന്നത് അപ്പോൾ ഒരു കൊച്ചു നാണയമല്ല എന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. ഇത്രയും വലിയ ഒരു തുകയാണ് മടിയനായ ആ ഭൃത്യൻ മണ്ണിൽ കുഴിച്ചിട്ടത്. അതൊട്ടും ശരിയായില്ല എന്ന് നിങ്ങൾക്കും തോന്നുന്നില്ലേ? ഇത്രമാത്രം വലിയ ഒരു തുക ഏൽപ്പിച്ചിട്ടും അത് ഉപയോഗിച്ച് വ്യാപാരം ചെയ്യാൻ മടി കാണിച്ച മൂന്നാമത്തെ ഭൃത്യൻ യഥാർത്ഥത്തിൽ വലിയ അലസനും ഉത്തരവാദിത്വമില്ലാത്തവനുമാണ്. അതുകൊണ്ടാണ് യജമാനൻ തിരികെ വന്നപ്പോൾ പ്രയോജനം ഇല്ലാത്ത ഈ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്ക് എറിയുക എന്ന് പറഞ്ഞത്. അത് ന്യായമാണെന്ന് താലന്തിന്റെ വലുപ്പം തിരിച്ചറിഞ്ഞ നമുക്ക് ഇപ്പോൾ മനസിലായി കാണുമല്ലോ.
പ്രിയമുള്ളവരേ ദൈവം നമുക്കും താലന്തുകൾ അതായതു കഴിവുകൾ ഒത്തിരി തന്നിട്ടുണ്ട് കേട്ടോ. അവയെ ഉപയോഗിക്കാതെ മറച്ചുവയ്ക്കല്ലേ. അവയെ നന്നായി ഉപയോഗിക്കണം കേട്ടോ.


Leave a comment