എത്ര വട്ടം പരിശ്രമിച്ചിട്ടും സുലുമോൾക്ക് സി എഴുതാനായില്ല. അവളുടെ അമ്മ വിരലിൽ പിടിപ്പിച്ചു എഴുതുമ്പോൾ അവൾക്ക് എഴുതാൻ സാധിക്കും. എന്നാൽ തനിയെ എത്ര ശ്രമിച്ചിട്ടും അവൾക്ക് സാധിക്കുന്നില്ല.
“ഒരക്ഷരം മോളെ പഠിപ്പിക്കാൻ ഞാൻ പാടുപെടുന്നു “ഭർത്താവ് സ്റ്റീഫൻ വന്നപ്പോൾ ജീന പറഞ്ഞു.
“അതു ശരി… അപ്പോൾ സ്കൂളിൽ 180 പ്ലസ് ടു കുട്ടികളെ പഠിപ്പിക്കുന്ന എന്നോട് നിനക്ക് ഒരു ബഹുമാനം തോന്നണം. “
അയാൾ ഡ്രസ് മാറുന്നതിനിടയിൽ പറഞ്ഞു.
അയ്യടാ.. പ്ലസ് ടു ക്ലാസിൽ പോയി എന്തെങ്കിലും വിളിച്ചു പറയുന്നതു പോലെയല്ല മൂന്നു വയസുകാരിയായ സ്വന്തം മോളെ പഠിപ്പിക്കുന്നത്. സംശയം ഉണ്ടെങ്കിൽ ചെയ്തു നോക്ക്. “
” നിനക്ക് പറ്റില്ലെങ്കിൽ അത് പറ… ഞാൻ തന്നെ എൻ്റെ കൊച്ചിനെ പഠിപ്പിക്കാം. “
സ്റ്റീഫൻ ചലഞ്ച് ഏറ്റെടുത്തു സുലുമോളെ പഠിപ്പിക്കാൻ തുടങ്ങി.
എന്നാൽ ആ ടാസ്ക് വിചാരിച്ചത്രയും എളുപ്പമല്ലെന്ന് അയാൾക്ക് മനസിലായി. പറയുമ്പോൾ അവൾ നന്നായി തലയാട്ടും. ചിരി സമ്മാനിക്കും. പിന്നെ എന്തൊക്കെയോ എഴുതും.
ഒരു മണിക്കൂറിന് ശേഷവും അവൾ തെറ്റിച്ചപ്പോൾ നിയന്ത്രണം വിട്ടു അയാൾ
അലറി
“സുലു… ഞാൻ എത്ര തവണ കാണിച്ചു തന്നു. പിന്നെ നിനക്കെന്താ എഴുതിയാൽ ? “
ആ അലർച്ചയിൽ പേടിച്ച്
സുലു “മമ്മി ” എന്നു നിലവിളിച്ചു അടുക്കളയിലേക്ക് ഓടി.
അടുക്കളയിൽ നിന്ന് അല്പ സമയം കഴിഞ്ഞ് ജീന സ്റ്റീഫൻ്റെ അടുത്തേക്ക് വന്നു പറഞ്ഞു
“സ്റ്റീഫൻ, തൻ്റെ നിയന്ത്രണം വിട്ടിട്ട് ഒരു കാര്യവും ഇവിടെയില്ല. നമ്മുടെ മകൾ ഒരു സ്പെഷ്യൽ ചെൽഡ് ആണ്. “
ആ സമയം കൊണ്ട് സ്വയം മനസിലാക്കിയ കാര്യങ്ങൾ ജീനയിലൂടെ കേട്ടപ്പോൾ അയാൾക്ക് ഞെട്ടൽ ഒന്നും തോന്നിയില്ല.
“നമ്മൾക്ക് ഇനി എന്താണ് ചെയ്യാൻ സാധിക്കുക ജീന ? “
” അവൾക്ക് മറ്റു പല കഴിവുകളും കാണും സ്റ്റീഫൻ . ഇനിയിപ്പോൾ ഒന്നുമില്ലെങ്കിലും അവൾ നമ്മുടെ സ്വന്തമല്ലേ ? നമുക്ക് അവളുടെ ഇഷ്ടങ്ങൾ നോക്കാം. “
“പക്ഷേ എല്ലായിടത്തും എൻ്റെ മകൾ ഒരു പരിഹാസ പാത്രം ആവില്ലേ ജീന ? “
“അതാണ് ഞാൻ പറഞ്ഞത്. നമ്മൾ അവളെ ഒരു സാധാരണ സ്കൂളിൻ്റെ ചിട്ടവട്ടങ്ങൾക്ക് വിട്ടു കൊടുക്കരുത്. പകരം ഒരു റെമീഡിയൽ സ്കൂളിൽ വിടണം. “
“അങ്ങനെ ഒരു സ്കൂൾ ഉണ്ടോ ? “
“എൻ്റെ അറിവിൽ ഇല്ല. പക്ഷേ ഒരെണ്ണം തുടങ്ങണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്. “
“അതിനു ഞാൻ നിൻ്റെ കൂടെയുണ്ട്. അതിന് നമുക്ക് വേണ്ടത് എന്താണ് ? “
“കടലോളം ക്ഷമ…. സ്റ്റീഫൻ ! കടലോളം “
” മമ്മി…. ഇതാണോ സി ” താൻ എഴുതു കൊണ്ടു വന്നത് സുലു മോൾ ജീനയെ കാണിച്ചു.
“ശരിയാകുന്നുണ്ട് മോളെ…ഇനി നമ്മൾക്ക് കുറെ നേരം കളിക്കാം. ഇതു പിന്നെ നോക്കാം. “ജീന കുഞ്ഞിൻ്റെ കൈയിൽ നിന്ന് സ്ളേറ്റ് മേടിച്ചു വയ്ക്കാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.
“താങ്ക്യൂ മമ്മി ” സുലു മോൾ ജീനയെ കെട്ടിപിടിപ്പിച്ച് ഉമ്മ വെച്ചു.
“സോറി മോളെ… പപ്പാ ദേഷ്യപ്പെട്ടതിന്. പപ്പാ എന്താണ് പറഞ്ഞത് എന്ന് പപ്പായ്ക്ക് തന്നെ അറിയില്ല. ” സ്റ്റീഫൻ അവളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
ചിരിച്ചു കൊണ്ട് സുലുമോൾ അപ്പോഴും തൻ്റെ സി ശരിയാക്കുന്ന തിരക്കിലായിരുന്നു.
ജിൻസൺ ജോസഫ് മുകളേൽ CMF


Leave a comment