ബെദ്ലഹേമിലെ സത്രം സൂക്ഷിപ്പുകാരെയൊക്കെ, നമ്മൾ കുറച്ച് ദുഷ്ടമനസ്സുള്ള, കഠിനഹൃദയരായ ആൾക്കാരായി ആണ് സങ്കൽപ്പിക്കാറുള്ളതല്ലേ? പൂർണ്ണ ഗർഭിണിയായ സ്ത്രീയാണ് വന്നിരിക്കുന്നതെന്ന പരിഗണന പോലും നൽകാതെ നിർദാക്ഷിണ്യം, ജോസഫിനെയും മേരിയെയും ആട്ടിപ്പായിക്കുന്നവരായി…
പക്ഷേ അവർ അങ്ങനെയുള്ള ആൾക്കാരായിരുന്നെന്ന് തിരുവചനം പറയുന്നുണ്ടോ? അവിടെ ആകെ ഇത്രയേയുള്ളു, ‘സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല’.. വെറുപ്പുമില്ല ക്രൂരതയുമില്ല. സ്ഥലം മുൻപേ നിറഞ്ഞുപോയി, അത്ര മാത്രം.
സത്രക്കാർ അവരുടെ ഡ്യൂട്ടി ഭംഗിയായി ചെയ്യുകയായിരുന്നു. മുറികൾ നിറഞ്ഞിരിക്കുവാണ്. അതിഥികളുടെയെല്ലാം ആവശ്യങ്ങൾ നോക്കണം. പിടിപ്പത് പണിയുണ്ട്. ഓരോരുത്തരും മാറിമാറി അവരെ വിളിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് സിനിമ തിയേറ്ററിലെ ‘ഹൗസ്ഫുൾ’ ബോർഡ് പോലെ വല്ലതും പുറത്ത് വെച്ചിരിക്കാം…
പേരെഴുതിക്കാനുള്ള സീസറിന്റെ കല്പന പ്രകാരം, ലോകമെമ്പാടും ആയിരുന്ന കുറേ ജനങ്ങൾ ആ കൊച്ചു പട്ടണത്തിലേക്കൊഴുകിയെത്തിയപ്പോൾ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും എന്ന മട്ടിൽ, അടുത്ത കാലത്തൊന്നും ഇമ്മാതിരി ബിസിനസ് കിട്ടാത്ത ബെദ്ലഹേമിലെ സത്രം സൂക്ഷിപ്പുകാരും കച്ചവടക്കാരുമൊക്കെ സന്തോഷത്തിലാണ്…പക്ഷേ സകല മനുഷ്യർക്കുമായുള്ള രക്ഷകൻ തങ്ങളുടെ പട്ടണത്തിൽ, തങ്ങളുടെ സമീപത്ത് ജനിക്കാൻ ഇത്തിരി സ്ഥലം തേടുന്നത് അവർ അറിഞ്ഞില്ല… തങ്ങൾക്കരികിലേക്ക് വന്ന ഭാഗ്യം കാണാൻ ഉൾക്കണ്ണ് കുറേപേർക്ക് തുറക്കപ്പെട്ടില്ല.
ഇവിടെയാണ് അവിടത്തെ കഥയും നമ്മുടെ കഥയും ഒരുപോലെയാകുന്ന ട്വിസ്റ്റ് ഉള്ളത്! നമ്മളും ഈശോയെ തള്ളിപ്പറയാറൊന്നുമില്ല… ആട്ടിപ്പായിക്കാറില്ല…
പക്ഷേ…
നമ്മളും അവിടത്തുകാരെപ്പോലെ ആകെ തിരക്കിലാണ്. That’s it.
നമ്മളും നിറഞ്ഞിരിക്കുവാണ്… നിറയെ പരിപാടികൾ… ഫോണിലെ മെസ്സേജുകൾ… വൃത്തിയാക്കലുകൾ പാചകം… ആഘോഷം… അലങ്കാരപണികൾ… മത്സരങ്ങൾ… ചിരികൾ… അതെ… നമ്മളും ബിസിയാണ്.
സത്രം സൂക്ഷിപ്പുകാരെപ്പോലെ നമ്മളും പറയുന്നു, ‘കർത്താവേ, ഞങ്ങൾ നിനക്ക് സ്ഥലം തന്നേനെ ട്ടോ… നിന്നെ ഒരുപാട് മാനിച്ചേനെ… പക്ഷേ ഇപ്പൊ ഞങ്ങൾ ബിസിയാണ്. ഒന്നും വിചാരിക്കരുത്’.
ബെദ്ലഹേമിലെ ദുരന്തം വെറുപ്പല്ലായിരുന്നു!! തിരക്കായിരുന്നു!
അവനെ ആർക്കും ആവശ്യമില്ലാത്തത് കൊണ്ടല്ല രക്ഷകന്റെ ജനനം കാലിതൊഴുത്തിലായത്… സ്ഥലം വേണ്ടേ? എന്ത് ചെയ്യാൻ പറ്റുമെന്ന് പറ!
എങ്കിലും ഏതോ ഒരു സത്രം സൂക്ഷിപ്പുകാരൻ തന്നെയായിരിക്കണം ആ കാലിതൊഴുത്ത് അവർക്ക് കാണിച്ചു കൊടുത്തത്… അത്ര വൃത്തിയോ ഭംഗിയോ ഉണ്ടായിരുന്നില്ല… സൗകര്യം അധികമുണ്ടായില്ല.. പക്ഷേ അത് കിട്ടി എന്നുള്ളതാണ്. രക്ഷകന് വന്നുപിറക്കാൻ അത് മതിയായിരുന്നു. അവൻ ജനിച്ചത് അവിടെയാണ്!
അത് നമുക്ക് കുറച്ചു പ്രതീക്ഷ തരുന്നുണ്ട്… അവന് ഏറ്റവും മികച്ചത് ആവശ്യമില്ല… ആഡംബരമോ… ശാന്തമായ അന്തരീക്ഷമോ… നെരിപ്പോടിന്റെ ചൂടിലുള്ള സുഖ സുഷുപ്തിയോ ഒന്നും വേണ്ട… ഒരു ചെറിയ ഇടം… അത്ര മാത്രം…
ക്രിസ്മസ് നമ്മളോട് ചോദിക്കുന്നത്… “നീ ഈശോയെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എത്രമാത്രം? ഈശോക്ക് സ്ഥലമില്ലാത്ത പോലെ എന്തിനെയാണ് നീ ഹൃദയത്തിൽ നിറച്ചു വെച്ചിരിക്കുന്നത്?”
ആഗമനകാലവും ക്രിസ്മസും വിശുദ്ധിയും ആരംഭിക്കുന്നത് ഒരു വൃത്തിയാക്കലോടെയാണ്.. പ്രാർത്ഥനക്കുള്ള സമയത്തിനായി… അവനോടൊന്നിച്ചുള്ള നിശബ്ദമായ കുറേ നിമിഷങ്ങൾക്കായി… നമ്മുടെ മുൻഗണനകളുടെ അഴിച്ചുപണിക്കായി… വൃത്തിയുള്ള ഹൃദയത്തിനായി… ശുദ്ധീകരണം… Yes.
ഒരു കുടുസ്സുമുറിയാണ് നമ്മൾ അവനായി ഒരുക്കുന്നതെങ്കിലും അവൻ അതിൽ വന്നു പിറക്കും… മാളിക വേണ്ട… പക്ഷേ ഹൃദയത്തിൽ ഒഴിഞ്ഞ ഒരു ഇടം… അത് വേണം.
കാരണം, അവനെ ആട്ടിപ്പായിക്കുന്നത് വെറുപ്പല്ല …തിങ്ങിനിറഞ്ഞിരിക്കുന്ന സ്ഥലങ്ങളാണ്..
“ഞാൻ സ്ഥലം ഒരുക്കാട്ടോ ഈശോയെ”… എന്ന ഒറ്റ ഒരു പറച്ചിൽ… ക്രിസ്മസ് അവിടെ തുടങ്ങുകയായി…
മാറാനാത്താ ![]()
കർത്താവായ യേശുവേ, വേഗം വരേണമേ
ജിൽസ ജോയ് ![]()
പ്രചോദനം : ഒരു ഇംഗ്ലീഷ് വോട്സാപ്പ് പോസ്റ്റ്


Leave a comment