ജീവിതലാളിത്യം – “ഇപ്പോൾ നമുക്ക് ആരംഭിക്കാം; ഇതുവരെ നാം ഒന്നും ചെയ്തിട്ടില്ല.”
ജീവിതലാളിത്യം ക്രൈസ്തവജീവിതത്തിന്റെ ആന്തരിക സൗന്ദര്യമാണ്. അതിന്റെ അർത്ഥം കുറച്ച് വസ്തുക്കളോടെ ജീവിക്കുക എന്നതിലുപരി, വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ദൈവത്തെ ആശ്രയിച്ചു ജീവിക്കുക എന്നതാണ്. ഈശോ പറയുന്നു: “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”(മത്തായി 6 : 21)
വിശുദ്ധ ഫ്രാൻസിസ് അസീസി സമ്പന്നനായ യുവാവായിരുന്നിട്ടും, ക്രിസ്തുവിനെ കണ്ടുമുട്ടിയശേഷം ലാളിത്യത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. അദ്ദേഹം പലപ്പോഴും പറയുമായിരുന്നു:“ഇപ്പോൾ നമുക്ക് ആരംഭിക്കാം; ഇതുവരെ നാം ഒന്നും ചെയ്തിട്ടില്ല.” ഈ വാക്കുകൾ ആത്മസംതൃപ്തിയിൽ കുടുങ്ങാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പാണ്. ലാളിത്യം നമ്മെ അഭിമാനത്തിൽ നിന്നു വിനയത്തിലേക്കും, ആഡംബരത്തിൽ നിന്നു ആവശ്യത്തിലേക്കും, സ്വാർത്ഥതയിൽ നിന്നു പങ്കുവെക്കലിലേക്കും നയിക്കുന്നു.
“ജീവിത ലാളിത്യത്തിൽ നടക്കുന്നവന് നഷ്ടപ്പെടാനുള്ളത് വളരെ കുറവാണ്, പക്ഷേ നേടാനുള്ളത് ഏറെ ആണ്.” എന്ന ഫ്രാൻസീസ് പിതാവിൻ്റെ വാക്കുകൾ സങ്കീർണ്ണതകളും അമിതാഗ്രഹത്തിന്റെയും വഴിയിൽ നീങ്ങുന്ന ഇന്നത്തെലോകത്തിനുള്ള മറുമരുന്നാണ്. ലാളിത്യം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. അനാവശ്യ ചിന്തകളും ആഗ്രഹങ്ങളും വെടിഞ്ഞ്, ദൈവസാന്നിധ്യത്തിൽ സന്തോഷത്തോടെ ജീവിക്കാൻ അത് അവനെ സഹായിക്കുന്നു.
ഫ്രാൻസിസ്കകൻ ജീവിത ലാളിത്യം ജീവിതത്തിനു ആനന്ദവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു . ഈ ആനന്ദം കേവലമായ പ്രസാദാത്മകത്വം മാത്രമല്ല, കഷ്ടപ്പാടുകൾക്കിടയിലും ആഴമേറിയതും ക്രിസ്തു കേന്ദ്രീകൃതവുമായ സന്തോഷമായിരുന്നു. ഫിയോറെറ്റിയിൽ (Little Flowers of St, Francis) ഫ്രാൻസിസ് ബ്രദർ ലിയോയോട് “പൂർണ്ണ സന്തോഷം” എന്താണന്നു വിശദീകരിക്കുന്നു: “വിജയമോ ബഹുമാനമോ അല്ല, മറിച്ച് ക്രിസ്തുവിന്റെ സ്നേഹത്തിനുവേണ്ടി തിരസ്കരണവും അപമാനവും ക്ഷമയോടെ സഹിക്കലാണ്.”
മറ്റൊരവസരത്തിൽ ഫ്രാൻസിസ് തൻ്റെ ആദ്യ സഭാ നിയമത്തിലൂടെ സഹോദരന്മാരെ ഉദ്‌ബോധിപ്പിക്കുന്നു: “സഹോദരന്മാർ തങ്ങളെത്തന്നെ ദുഃഖിതരും വിഷാദഭരിതരുമായി ബാഹ്യമായി പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം, മറിച്ച് അവർ കർത്താവിൽ സന്തോഷമുള്ളവരായി കാണിക്കട്ടെ” ( 7:16).
വിശുദ്ധ ക്ലാരയും ഇതേ ചിന്താഗതി പുലർത്തിയിരുന്നു പ്രാഗിലെ വിശുദ്ധ ആഗ്നസിന് എഴുതിയ കത്തിൽ വിശുദ്ധ ക്ലാര ഈ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു: “നിൻ്റെ മനസ്സിനെ നിത്യതയുടെ കണ്ണാടിക്ക് മുന്നിൽ വയ്ക്കുക … നിൻ്റെ മുഴുവൻ സത്തയെയും ദൈവത്തിന്റെ പ്രതിച്ഛായയിലേക്ക് മാറ്റുക” (ആഗ്നസിനുള്ള നാലാമത്തെ കത്ത്, 23). അത്തരം ധ്യാനം ക്ലാരയുടെ ജീവിതം കൂടുതൽ തേജോമയമാക്കി.
ഈ സന്തോഷകരമായ ജീവിത ലാളിത്യം ഫ്രാൻസിസ്കൻ സഭയുടെ ഒരു മുഖമുദ്രയായി തുടരുന്നു. “ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്.”(യോഹന്നാന്‍ 15 : 11 ക്രിസ്തുവിന്റെ വാക്കുകൾ സഭയെ കൂടുതൽ ആനന്ദ പുളകിതയാക്കുന്നു.
“ഇന്ന് നീ വീണ്ടും ലാളിത്യത്തിൽ ആരംഭിക്കുന്നുണ്ടോ?” എന്ന
ഫ്രാൻസീസ് പിതാവിൻ്റെ ചോദ്യം ഓരോ ദിവത്തിലെയും നമ്മുടെ പ്രഭാതങ്ങളെ ധന്യമാക്കട്ടെ. ഇന്നുതന്നെ നമുക്ക് തുടങ്ങാം – വിനയത്തോടെ, ദൈവത്തിൽ മാത്രം ആശ്രയിച്ച് ലളിത ജീവിതശൈലി
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment