പ്രാർത്ഥനയുടെ ചിറകുകളിൽ വീണ്ടും എഴുന്നേൽക്കുന്ന വീണുപോയ മനുഷ്യൻ
വൈകുന്നേരം നടക്കാൻ ഇറങ്ങിയതായിരുന്നു. ഞങ്ങൾ നാലുപേരുണ്ടായിരുന്നു. വർത്തമാനം പറഞ്ഞു നടക്കുന്നതിനിടയിൽ രണ്ടുപേർ മുന്നിലായി, മുമ്പിൽ നടന്ന വൈദികരുടെ ഒരാളുടെ ടീ ഷർട്ടിൽ എഴുതിയിരുന്ന വാചകം അപ്പോഴാണ് ശ്രദ്ധിച്ചത്. വളരെ ചിന്തകൾ സമ്മാനിച്ച ഒരു രൂപാന്തരീകരണ വാക്യം. “Fallen Humans rise on the wings of Prayer” (പ്രാർത്ഥനയുടെ ചിറകുകളിൽ വീണ്ടും എഴുന്നേൽക്കുന്ന വീണുപോയ മനുഷ്യൻ ) കാര്യങ്ങൾ തിരക്കിയപ്പോൾ പ്രിസൺ മിനിസ്ടി ഓഫ് ഇന്ത്യയുടെ ടീ ഷർട്ടാണന്നു അച്ചൻ പറഞ്ഞുതന്നു. തിരിച്ചു വരുമ്പോൾ മനസ്സിൽ പതിഞ്ഞ ഈവാക്യമായിരുന്നു ചിന്തയിൽ മുഴുവൻ. തിരികെ എത്തിയപ്പോൾ ഒന്നു കുറിക്കണമെന്നു തോന്നി.
മനുഷ്യഹൃദയം ദൈവത്തോട് കൈകോർക്കുന്ന വിനയപൂർണമായ നിലവിളിയാണ് പ്രാർത്ഥന. ബലഹീനത, പാപം, പരാജയം എന്നിവ മൂലം മനുഷ്യൻ പലപ്പോഴും വീഴുന്നുവെങ്കിലും, അവനെ വീണ്ടും ഉയർത്തുന്നത് പ്രാർത്ഥനയാണ്. തകർന്ന ജീവിതങ്ങൾ സുഖപ്പെടുത്തുകയും വേദനിച്ച ഹൃദയങ്ങളെ ശക്തിപ്പെടുത്തുകയും തെറ്റായ വഴികളെ മാറ്റിപ്പണിയുകയും ചെയ്യുന്നത് പ്രാർത്ഥനയിലൂടെയാണ്. വിശുദ്ധ ആഗസ്തീനോസ് പറയുന്നു: “പ്രാർത്ഥനയാണ് ദൈവത്തിന്റെ ഹൃദയത്തിലേക്കുള്ള മനുഷ്യന്റെ ശ്വാസം.” പ്രാർത്ഥന ദൈവത്തെ മാറ്റുന്നില്ല; പ്രാർത്ഥിക്കുന്ന മനുഷ്യനെയാണ് മാറ്റുന്നത്.
1. പ്രാർത്ഥന ആത്മപരിശോധനയിലേക്ക് നയിക്കുന്നു
പ്രാർത്ഥന മനുഷ്യനെ തന്നെക്കുറിച്ചുള്ള സത്യം തിരിച്ചറിയാൻ സഹായിക്കുന്നു. ദൈവസന്നിധിയിൽ നിൽക്കുമ്പോൾ സ്വന്തം പരിമിതികളും പാപങ്ങളും കൃപയുടെ ആവശ്യമുമാണ് നാം കാണുന്നത്. ദാവീദ് രാജാവ് പ്രാർത്ഥിച്ചു: “ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ!”
(സങ്കീര്‍ത്തനങ്ങള്‍ 51 : 10). ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ പറയുന്നു: “വിനയം സത്യമാണ്; പ്രാർത്ഥന അതു നമ്മളെ പഠിപ്പിക്കുന്നു.” ആത്മപരിവർത്തനത്തിന്റെ ആദ്യപടിയും ഇതുതന്നെയാണ്.
2. പ്രാർത്ഥന ആന്തരിക സൗഖ്യം നൽകുന്നു
പലരും കുറ്റബോധവും ഭയവും വേദനയും ഹൃദയത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നു. പ്രാർത്ഥന ദൈവത്തിന്റെ സുഖപ്പെടുത്തുന്ന സ്നേഹത്തിലേക്ക് ഹൃദയം തുറക്കുന്നു. സങ്കീർത്തകൻ പറയുന്നു: “
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18). വിശുദ്ധ പാദ്രേ പിയോയുടെ അഭിപ്രായത്തിൽ: “പ്രാർത്ഥനയാണ് ദൈവത്തിന്റെ കരുണയെ ലോകത്തിലേക്ക് ആകർഷിക്കുന്ന ശക്തി.” അതിലൂടെ ഉള്ളിലെ മുറിവുകൾ സുഖപ്പെടുന്നു.
3. പ്രാർത്ഥന പാപത്തെ ജയിക്കാൻ ശക്തി നൽകുന്നു
ആത്മപരിവർത്തനം എളുപ്പമല്ല. പഴയ ശീലങ്ങളും പ്രലോഭനങ്ങളും വീണ്ടും വരുന്നു. അവയെ ചെറുക്കാൻ പ്രാർത്ഥന ആത്മശക്തി നൽകുന്നു. യേശു പറഞ്ഞു: “
പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍;” (മത്തായി 26:41). വിശുദ്ധ ജോൺ മരിയ വിയാനിയുടെ നിരീക്ഷണത്തിൽ “പ്രാർത്ഥന മനുഷ്യനെ സ്വർഗ്ഗത്തോട് ബന്ധിപ്പിക്കുന്നു.”
4. പ്രാർത്ഥന മനോഭാവങ്ങളും ബന്ധനങ്ങളും മാറ്റുന്നു
പ്രാർത്ഥന കഠിനമായ ഹൃദയങ്ങളെ മൃദുവാക്കുന്നു. ക്ഷമയും സഹനവും കരുണയും പ്രാർത്ഥന പഠിപ്പിക്കുന്നു. “ എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. ” (മത്തായി 5:44). എന്ന ഈശോയുടെ വാക്കുകൾ മനോഭവങ്ങളുടെ മാറ്റത്തിനുള്ള ശക്തമായ ആഹ്വാനമാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസി “സ്നേഹം ലഭിക്കുവാനല്ല, സ്നേഹിക്കുവാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്.” എന്ന ഓർമ്മപ്പെടുത്തലും ലക്ഷ്യമിടുന്നത് മറ്റൊന്നുമല്ല
5. പ്രാർത്ഥന പുതിയ ജീവിതത്തിലേക്കും പ്രത്യാശയിലേക്കും നയിക്കുന്നു
ഇരുണ്ട നിമിഷങ്ങളിലും പ്രാർത്ഥന പ്രത്യാശ നൽകുന്നു. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍” (ഫിലിപ്പിയർ 4:6). വിശുദ്ധ മദർ തെരേസായുടെ: “പ്രാർത്ഥന വിശ്വാസത്തെ വളർത്തുന്നു; വിശ്വാസം സ്നേഹത്തിലേക്കും സ്നേഹം സേവനത്തിലേക്കും നയിക്കുന്നു.”എന്ന ഉപദേശവും പ്രാർത്ഥനയെ സ്‌നേഹിക്കാൻ നമുക്കു പ്രചോദനം നൽകുന്നു
പ്രാർത്ഥനയാണ് വീണുപോയ മനുഷ്യനെ ഉയർത്തുന്ന ചിറക്. വിശുദ്ധരും വചനവും സാക്ഷ്യം വഹിക്കുന്നതുപോലെ, പ്രാർത്ഥന മനുഷ്യനെ ദൗർബല്യത്തിൽ നിന്ന് കൃപയിലേക്കും പാപത്തിൽ നിന്ന് വിശുദ്ധിയിലേക്കും നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും നയിക്കുന്നു.നമുക്കും പ്രാർത്ഥനയുടെ സ്‌നേഹിതരും അതിൻ്റെ പരിവർത്തന ശക്തിയിൽ വിശ്വസിക്കുന്നവവരും ആകാം.
✍ ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment