ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ- “ദൈവത്തിന്റെ മൈക്രോഫോൺ”

അമേരിക്കൻ കത്തോലിക്കാ സഭ തിരുസ്സഭയ്ക്കു നൽകിയ വലിയ ഒരു സമ്മാനമാണ് ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ. സഭാചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സുവിശേഷപ്രഘോഷകരിൽ ഒരാളാണ് വാഴ്‌ത്തപ്പെട്ട പദവിയിലേക്ക് അടുക്കുന്ന ധന്യനായ ആർച്ചുബിഷപ് ഷീൻ. “ദൈവത്തിന്റെ മൈക്രോഫോൺ”(God’s microphone)

എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബിഷപ് ഷീൻ റേഡിയോ, ടെലിവിഷൻ, ഗ്രന്ഥങ്ങൾ, പൊതുപ്രഭാഷണങ്ങൾ എന്നിവയിലൂടെ ഈശോയുടെ സുവിശേഷം വ്യക്തതയോടെയും സ്നേഹത്തോടെയും ലോകത്തോട് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സന്ദേശം കടുപ്പമുള്ളതോ വൈരുദ്ധ്യത്മകമോ ആയിരുന്നില്ല; മറിച്ച്, ജീവൻ പകരുന്ന തരത്തിലുള്ളതായിരുന്നു. ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുവിലേക്കും സഭയിലേക്കും ആകർഷിക്കാൻ ആർച്ച്ബിഷപ് ഷിനിനായി

ബാല്യവും ദൈവവിളിയും

1895 മെയ് 8-ന് ഇലിനോയിസിലെ എൽ പാസോയിൽ ജനിച്ച ഫുൾട്ടൺ ഷീൻ ബാല്യത്തിലേ തന്നെ പുരോഹിതവൃത്തിയിലേക്കുള്ള ദൈവവിളി തിരിച്ചറിഞ്ഞിരുന്നു. തീക്ഷ്ണബുദ്ധിയുള്ളതും പഠനപ്രിയനുമായിരുന്ന ഷീന് ചെറുപ്പത്തിലെ തന്നെ പുസ്തകങ്ങളോടു പ്രേമമായിരുന്നു. 1919 സെപ്റ്റംബർ 20-ന് പിയോറ രൂപതയ്ക്കായി പുരോഹിതനായി അഭിഷിക്തനായി. പരിശുദ്ധിയും ബുദ്ധിപരമായ ആഴവും ഒരുമിച്ചുള്ള ഒരു വിളിയുടെ അടയാളങ്ങൾ തുടക്കത്തിൽ തന്നേ ഫാ. ഷീനിൽ വ്യക്തമായിരുന്നു.

ദർശനവും ദാർശനിക അടിത്തറയും

ലോകത്തെ സുവിശേഷവൽക്കരിക്കാൻ ലോകത്തിന്റെ ചിന്താധാരകൾ മനസ്സിലാക്കണം എന്നായിരുന്നു ഷീനിന്റെ ഉറച്ച വിശ്വാസം. വിശുദ്ധ തോമസ് അക്വിനാസിന്റെ ദാർശനിക ചിന്തയുടെ വെളിച്ചത്തിൽ ലോകത്തിന്റെ തെറ്റുകൾക്ക് മറുപടി നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പുരോഹിത ദൗത്യത്തിന്റെ ലക്ഷ്യം. ഈ ദർശനമാണ് അദ്ദേഹത്തിന്റെ പഠനത്തെയും പ്രസംഗത്തെയും ജീവിതം മുഴുവൻ നയിച്ചത്.

അനുസരണത്തിൽ പരീക്ഷിക്കപ്പെട്ട ഇടയശുശ്രൂഷ

യൂറോപ്പിലെ ഉന്നത പഠനങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ഷീൻ പ്രതീക്ഷിച്ചിരുന്നത് ഒരു അക്കാദമിക് നിയമനം ആയിരുന്നു പകരം അദ്ദേഹത്തിനുലഭിച്ച നിയമനം ഒരു ദരിദ്ര നഗര ഇടവകയിൽ സഹവികാരിയായിട്ടായിരുന്നു. ഇത് അനുസരണത്തിന്റെ ഒരു പരീക്ഷണമായിരുന്നു. എന്നാൽ അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു. ജനങ്ങൾക്കിടയിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച ഫാ. ഷീൻ വീടുവീടാന്തര സുവിശേഷപ്രഘോഷണവും ആരംഭിച്ചു. ആത്മാക്കൾക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണത ഇവിടെ വ്യക്തമായി പ്രകടമായി.

പ്രിയപ്പെട്ട അധ്യാപകനും നലംതികഞ്ഞ എഴുത്തുകാരനും വാഗ്‌മിയും

വാഷിംഗ്ടണിലെ കത്തോലിക്കാ സർവകലാശാലയിൽ പ്രൊഫസറായി ബിഷപ്ന ഷീൻ നിയമിതനായി. 25 വർഷത്തോളം അവിടെ സേവനം അനുഷ്ഠിച്ച ഷീൻ, സർവകലാശാലയിലെ ഏറ്റവും ജനപ്രിയ അധ്യാപകരിൽ ഒരാളായിയിരുന്നു. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഏകദേശം എഴുപത് ഗ്രന്ഥങ്ങളിൽ പകുതിയിലധികവും രചിക്കപ്പെട്ടത്. അവയിൽ പലതും ഇന്നും ആത്മീയ ക്ലാസിക്കുകളാണ്. 1930-കളിലും 1940-കളിലും NBC റേഡിയോയിലെ “ദി കത്തോലിക് അവർ” എന്ന പരിപാടിയിലൂടെ ഷീൻ ദേശീയ തലത്തിൽ പ്രശസ്തനായി. കുറിപ്പുകളില്ലാതെ സംസാരിച്ച അദ്ദേഹം കമ്മ്യൂണിസം പോലുള്ള ഭീഷണികളെ ധൈര്യത്തോടെ നേരിട്ടു. അദ്ദേഹത്തിന്റെ വാഗ്മിത്വവും സത്യസന്ധതയും വലിയ ആദരവിനൊപ്പം ശ്രദ്ധയും നേടി.

മെത്രാനും മിഷൻ പ്രവർത്തനങ്ങളുടെ സേവകനും

1950-ൽ വിശ്വാസപ്രചാരണ സമിതിയുടെ ഡയറക്ടറായി ഫാ. ഷീൻ നിയമിതനായി. 1951-ൽ ന്യൂയോർക്കിന്റെ സഹായമെത്രാനായി റോമിൽ അഭിഷിക്തനായി. ഈ സ്ഥാനത്ത് ഭരണപരമായ ഉത്തരവാദിത്വങ്ങളോടൊപ്പം സുവിശേഷപ്രഘോഷണവും അദ്ദേഹം ശക്തമായി തുടർന്നു. ലോകമെമ്പാടുമുള്ള മിഷൻ പ്രവർത്തനങ്ങൾക്കായി അക്ഷീണം പരിശ്രമിച്ചു.

“ലൈഫ് ഇസ് വർത്ത് ലിവിംഗ്” – ടെലിവിഷനിലൂടെ സുവിശേഷവൽക്കരണം

1952 മുതൽ 1957 വരെ “ലൈഫ് ഇസ് വർത്ത് ലിവിംഗ്” എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഓരോ ആഴ്ചയും ഏകദേശം മൂന്നു കോടി ആളുകളോടു അദ്ദേഹം വചനം പങ്കു വച്ചു. ചോക്ക് ബോർഡും തന്റെ സ്വാഭാവിക വാഗ്മിത്വവും മാത്രം ഉപയോഗിച്ച് ജീവിതത്തിന്റെ അർത്ഥവും നിത്യസത്യങ്ങളും ലളിതമായി അവതരിപ്പിച്ചു. ഈ സേവനത്തിന് അദ്ദേഹത്തിന് എമ്മി അവാർഡ് ലഭിച്ചു.

ക്രിസ്തുവിന്റെ ഹൃദയമുള്ള ഇടയനായിരുന്നു ബിഷപ് ഷീൻ അതോടെപ്പം ഏറെ ആവശ്യമുള്ള പ്രസംഗകനും. പ്രത്യേകിച്ച് ന്യൂയോർക്കിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലിലെ ദുഃഖവെള്ളി പ്രസംഗങ്ങൾ ചരിത്രപ്രസിദ്ധമാണ്. സമ്പന്നരെയും ദരിദ്രരെയും ഒരുപോലെ പരിഗണിച്ചിരുന്ന അദ്ദേഹം സ്നേഹമുള്ള ഒരു ഇടയനായിരുന്നു. ബുദ്ധിയും ഹാസ്യവും കരുണയും ചേർന്ന അദ്ദേഹത്തിന്റെ ശൈലി അനേകർക്ക് ജീവിതത്തിന്റെ വെല്ലുവിളികൾ നേരിടാൻ സഹായമായി.

ശുശ്രൂഷയുടെ ഹൃദയം: വിശുദ്ധ കുർബാന

ഷീനിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു പ്രതിദിന പരിശുദ്ധ കുർബാന ആരാധനയായിരുന്നു. വിശുദ്ധ കുർബാനയ്ക്കു മുമ്പിലുള്ള തിരുമണിക്കൂറിനെ “എന്റെ ദിവസത്തെ നിർമ്മിക്കുന്ന സമയം” (the hour that makes my day.) എന്നാണ് ബിഷപ് ഷീൻ വിശേഷിപ്പിച്ചിരുന്നത്. പ്രശസ്തിയുടെ സമ്മർദ്ദങ്ങൾക്കും പരീക്ഷണങ്ങൾക്കും മറഞ്ഞ വേദനകൾക്കും നടുവിൽ ഈ ദിവ്യകാരുണ്യ ഭക്തിയാണ് അദ്ദേഹത്തെ താങ്ങിനിർത്തിയത്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമേറിയ ഭക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. വിജയത്തിനിടയിലും ഷീൻ എതിർപ്പുകളും തെറ്റിദ്ധാരണകളും ദീർഘകാല വേദനകളും അനുഭവിച്ചു. ക്രിസ്തീയജീവിതം സൗഖ്യത്തോടെ അല്ല, കുരിശോടെ ആരംഭിക്കുന്നു എന്ന ബോധ്യത്തോടെ അദ്ദേഹം അവയെ സ്വീകരിച്ചു. സഭയിലെ ഉയർന്ന പദവികൾക്കായി തൻറെ മൂല്യങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.

റൊച്ചസ്റ്റർ രൂപതയും രണ്ടാം വത്തിക്കാൻ കൗൺസിലും

1966 മുതൽ 1969 വരെ ന്യൂയോർക്കിലെ റൊച്ചസ്റ്റർ രൂപതയുടെ മെത്രാനായി ഷീൻ സേവനം അനുഷ്ഠിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശക്തമായ എതിർപ്പുകൾ നേരിട്ടു. പിന്നീട് ഈ കാലഘട്ടത്തെ അദ്ദേഹം വ്യക്തിപരമായ പരാജയമായി വിശേഷിപ്പിച്ചെങ്കിലും, ദൈവത്തിന്റെ ശുദ്ധീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് അത് അദ്ദേഹം കണ്ടത്. വിരമിച്ച ശേഷവും ഷീൻ പ്രസംഗിക്കുകയും എഴുതുകയും പുരോഹിതർക്കായി ആത്മീയ അഭ്യാസങ്ങൾ നയിക്കുകയും ചെയ്തു. ജീവിതാവസാനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ അണച്ഛ് ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയ്ക്ക് അഭിനന്ദനം അറിയിച്ചു.

വിശുദ്ധമായ അന്ത്യം നിലനിൽക്കുന്ന പാരമ്പര്യം

1979 ഡിസംബർ 9-ന്, പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്തിൽ, ന്യൂയോർക്കിൽ ആർച്ച്ബിഷപ്പ് ഷീൻ ദൈവസന്നിധിയിൽ ചേർന്നു. 2002-ൽ അദ്ദേഹത്തിന്റെ വിശുദ്ധീകരണ നടപടികൾ ആരംഭിക്കുകയും 2012-ൽ അദ്ദേഹത്തെ ധന്യനായി ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 2026 ഫെബ്രുവരിയിൽ അദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള തുടർനടപടികൾക്ക് അനുമതി ലഭിച്ചു.

ഇന്നും പ്രചോദനമായ ഒരു ജീവിതം

ധന്യനായ ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ പുരോഹിതപരിശുദ്ധിയുടെ, ബൗദ്ധിക വ്യക്തതയുടെ, ധൈര്യപൂർണ്ണ സുവിശേഷപ്രഘോഷണത്തിന്റെ ഉജ്ജ്വല മാതൃകയാണ്. സ്നേഹത്തോടും വിനയത്തോടും സത്യത്തോടും കൂടെ സുവിശേഷം പ്രഘോഷിക്കുമ്പോൾ ആ ശബ്ദം നിശ്ശബ്ദമായാലും അതിന്റെ ഫലം തുടർന്നുകൊണ്ടേയിരിക്കും എന്നതാണ് ആർച്ച് ബിഷപ് ഷീനിൻ്റെ ജീവിതം സഭയെ പഠിപ്പിക്കുന്നത്.

✍ ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment