Fr Thomas Plavilayil

നിർമമനായ ഇടയൻ,
ഫാ. തോമസ് പ്ലാവിളയിൽ

അടൂരിനടുത്ത് തട്ടയിൽ പ്ലാവിളയിൽ വീട്ടിൽ കോശി – അന്നമ്മ ദമ്പതികളുടെ മകനായി  1929 ഏപ്രിൽ 23 ന് തോമസ്  ജനിച്ചു. കോശി, ശോശാമ്മ, ചാക്കോ എന്നിവരായിരുന്നു  സഹോദരങ്ങൾ. തട്ടയിൽ തന്നെയുള്ള പ്രൈമറി സ്കൂളിലും NSS യു.പി സ്കൂളിലും അടൂരിലുള്ള ഗവൺമെൻ്റ് ഹൈസ്കൂളിലുമായി ഫോർത്ത് ഫോം പൂർത്തിയാക്കി. തൻ്റെ ജീവിതവിളി തിരിച്ചറിഞ്ഞ തോമസ് 1947 ജനുവരി 6ന് സെൻ്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്ന് അവിടെയുള്ള  പട്ടം സെൻ്റ് മേരീസ് സ്കൂളിൽ ഫിഫ്ത്ത് ഫോമിൽ പഠിച്ചു. പിന്നീട് ആലുവ സെൻ്റ് ജോസഫ് സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി 1956 മാർച്ച് 16ന് തിരുവനന്തപുരം അതിഭദ്രാസന അദ്ധ്യക്ഷൻ ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തൊട്ടടുത്ത ദിനം തന്നെ സ്വന്ത ഇടവകയായ തട്ട സെൻ്റ് ആൻ്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പണം നടത്തി. തട്ട പള്ളിക്ക് ഇന്ന് കാണുന്ന വിശ്വാസ വെളിച്ചം പകർന്ന്  നൽകിയ, നവവൈദികന്റെ മൈനർ സെമിനാരി റെക്ടറർ കൂടിയായിരുന്ന ആൻ്റണി കേളാംപറമ്പിൽ അച്ചനായിരുന്നു വൈദികപട്ട സമയത്ത്  ഇടവക വികാരി.
 
വൈദികനായതിനു ശേഷം
വയലത്തല, തോട്ടമൺ, മേക്കൊഴൂർ, കീക്കൊഴൂർ  പള്ളികളുടെ വികാരിയായി ശുശ്രൂഷ ചെയ്തു. തുടർന്ന് ഏറത്തുമ്പമൺ, പമ്പുമല, രാമഞ്ചിറ, തുമ്പമൺ മാമ്പിലാലി, ഉളനാട് എന്നീ പള്ളികളുടെ വികാരിയായി 7 വർഷം. ഇക്കാലയളവിൽ തുമ്പമൺ മാമ്പിലാലി പള്ളിയും മുട്ടത്തുകോണം പള്ളിയും പണിതു. ഓമല്ലൂരിൽ ചാപ്പലിൻ്റെ  നിർമ്മാണ പ്രവർത്തനങ്ങളും ഈ കാലത്ത് ആരംഭിച്ചു. തുമ്പമൺ മാമ്പിലാലി, കൈപ്പട്ടൂർ, മുടിയൂർക്കോണം പള്ളികളിൽ വികാരിയായി അടുത്ത 3 വർഷം, മാമ്പിലാലിയിൽ വൈദിക മന്ദിരം പണിയിക്കാൻ നേതൃത്വം നൽകി. തുടർന്നുള്ള 9 വർഷം കോന്നി വൈദികജില്ലാ വികാരിയായും വകയാർ, ഊട്ടുപാറ, കല്ലേലി പള്ളികളുടെ വികാരിയായും സേവനമനുഷ്ഠിച്ചു. ഊട്ടുപാറയിൽ പള്ളി പണിതതും ഇക്കാലയളവിലാണ്. പിന്നീടുള്ള 5 വർഷം പുനലൂർ, ചെമ്പുമല, കോട്ടവട്ടം, മഞ്ഞക്കാല പള്ളികളിൽ വികാരിയായും പുനലൂർ വൈദികജില്ലാ വികാരിയായും ശുശ്രൂഷ ചെയ്തു. തുടർന്ന് വെൺമണി, പുന്തല പള്ളികളിൽ 10 വർഷം സേവനമനുഷ്ഠിച്ചു. പുന്തല പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത് ഇക്കാലയളവിലാണ്.

തിരുവനന്തപുരം അതിഭദ്രാസന അദ്ധ്യക്ഷനായിരുന്ന ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനി കാലം ചെയ്തപ്പോൾ ലോറൻസ് മാർ അപ്രേം പിതാവ് അഡ്മിനിസ്ട്രേറ്ററായി സഭക്ക് നേതൃത്വം നൽകിയ നാളുകളിൽ അരമനയുടെ ഹൗസ് മിനിസ്റ്ററായി പിതാവിനെ സഹായിച്ചു. സിറിൽ മാർ ബസേലിയോസ് പിതാവ് തിരുവനന്തപുരം അതിഭദ്രാസന മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്തപ്പോൾ, അച്ചന്റെ നിർമമത്വവും ഏൽപ്പിക്കുന്ന കാര്യങ്ങളോടുള്ള വിശ്വസ്തതയും തിരിച്ചറിഞ്ഞ്  അതിഭദ്രാസനത്തിൻ്റെ ധനകാര്യ ചുമതല (പ്രൊക്കുറേറ്റർ)  ഭരമേൽപ്പിച്ചു, 5 വർഷം തികഞ്ഞ വിശ്വസ്തതയോടെ ആ ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു. തിരുസന്നിധി (തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്സ് ഹൗസ്) ഇന്ന് കാണുന്ന രീതിയിൽ മുൻവശത്തേക്ക് ഇറക്കി പണിയുന്നത് ഈ കാലത്താണ്. ധനകാര്യസംബന്ധമായ കാര്യങ്ങളിൽ കൃത്യതയും സുതാര്യതയും കണിശതയും അച്ചൻ്റെ മുഖമുദ്രയായിരുന്നു. ജീവിതത്തിലുടനീളം ഈ കണിശത അച്ചൻ പുലർത്തുകയും ചെയ്തിരുന്നു.
അവിഭക്ത തിരുവനന്തപുരം അതിഭദ്രാസനത്തിൻ്റെ ഇന്നത്തെ മാർത്താണ്ഡം, പാറശാല, മാവേലിക്കര, പത്തനംതിട്ട ഭദ്രാസനങ്ങളുൾക്കൊള്ളുന്ന അതിവിശാലമായ ഒരു ഭൂപ്രദേശത്തിന്റെ ഓരോ ഇടങ്ങളിലും കടന്നുചെന്ന് ആവശ്യമായ കാര്യങ്ങളൊക്കെയും അച്ചൻ നിർവ്വഹിച്ചു. ഇക്കാലയളവിൽ തന്നെ പോങ്ങുംമൂട്, പുലയനാർകോട്ട ഇടവകകളുടെ വികാരിയായിരുന്നു. ചെങ്ങന്നൂർ വൈദിക ജില്ലാ വികാരിയായും ചെങ്ങന്നൂർ, പുന്തല പള്ളികളുടെ വികാരിയായും  തുടർന്നുള്ള 5 വർഷം ശുശ്രൂഷ ചെയ്തു. ഓമല്ലൂർ പള്ളിയുടെ വികാരിയായി 4 വർഷക്കാലം സേവനമനുഷ്ഠിച്ച്, അച്ചൻ ഔദ്യോഗിക ഇടവക ശുശ്രൂഷാ ജീവിതത്തിൽ നിന്നും വിരമിച്ചു. ഓമല്ലൂർ വൈദിക മന്ദിരത്തിൻ്റെ പണി പൂർത്തീകരിക്കുന്നത് അച്ചൻ്റെ കാലത്താണ്.

തിരുവനന്തപുരം അതിഭദ്രാസനം വിഭജിച്ച് 2010ൽ പത്തനംതിട്ട ഭദ്രാസനം നിലവിൽ വന്നപ്പോൾ പത്തനംതിട്ട ഭദ്രാസനത്തിലംഗമാകുകയും അന്നു മുതൽ വിശ്രമ ജീവിതത്തിലായിരിക്കുകയും ചെയ്തു.
പത്തനംതിട്ട ഭദ്രാസന അധ്യക്ഷനായി അഭിവന്ദ്യ ക്രിസോസ്റ്റം പിതാവ് സ്ഥാനാരോഹണം ചെയ്തപ്പോൾ വൈദികരുടെ പ്രതിനിധി ആയി ദദ്രാസനത്തിലെ സീനിയർ വൈദികൻ എന്ന നിലയിൽ വിധേയത്വം വാഗ്ദാനം ചെയ്തതും പ്ലാവിളയിൽ അച്ചനായിരുന്നു.

വിശ്രമമെന്തെന്നറിയാതെ അനേക മൈലുകൾ നടന്നും സൈക്കിൾ ചവിട്ടിയും ഒരു പളളിയിൽ നിന്ന് മറ്റൊരു പള്ളിയിലേക്ക് ഞായറാഴ്ച കുർബാനക്കും ഇടവക ശുശ്രൂഷകൾക്കുമായി ഓടിനടന്ന് അച്ചൻ സേവനം  അനുഷ്ഠിച്ചു.                                                              ആരോടും പ്രത്യേകമായ താൽപര്യമില്ലാതെ, എല്ലാവരേയും ഒരേപോലെ കരുതി സ്നേഹിക്കുന്ന അച്ചൻ്റെ സവിശേഷ പ്രകൃതത്താൽ സുദീർഘമായ 10 വർഷം തിരുവനന്തപുരം അതിരൂപതയിലെ വൈദികരുടെ കൂട്ടായ്മയുടെ (Priests Association, Trivandrum) പ്രസിഡൻ്റായി അച്ചനെ വൈദികരൊന്നടങ്കം തിരഞ്ഞെടുത്തിരുന്നു.

ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയാണ് അച്ചനെ സെമിനാരിയിലേക്ക് സ്വീകരിച്ചത്. സെമിനാരിക്കാരെ സുറിയാനിയും ആരാധനക്രമവും പഠിപ്പിച്ചതും പിതാവു തന്നെയായിരുന്നു. തിരുമേനി പള്ളികളിൽ വിശുദ്ധ കുർബാനക്കായി പോകുമ്പോൾ മൈനർ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളെ ഒപ്പം കൂട്ടിയിരുന്നു. ഈവാനിയോസ് പിതാവ് രോഗാവസ്ഥയിൽ ബഥനി ആശ്രമത്തിലായിരുന്ന വേളയിൽ കൊച്ചു സെമിനാരിക്കാർ പിതാവിനെ പോയി കണ്ട്  സംസാരിക്കുമായിരുന്നു, പിന്നീട് പിതാവിനെ പട്ടത്തെ അരമനയിലേക്ക് കൊണ്ടുവന്നപ്പോൾ മാറി മാറി ശുശ്രൂഷിക്കുന്ന ചുമതലയും അവർക്കായിരുന്നു. ഭദ്രാസനത്തിൻ്റെ സാമ്പത്തിക പരാധീനതയുടെ ആ നാളുകളിലും വൈദിക വിദ്യാർത്ഥികളുടെ എല്ലാ കാര്യത്തിലും സവിശേഷമായ താൽപര്യവും കരുതലും പിതാവ് നൽകിയിരുന്നു. അച്ചന് ആദ്യ പട്ടങ്ങൾ നൽകിയതും മാർ ഈവാനിയോസ് പിതാവ് തന്നെയായിരുന്നു. ധന്യൻ മാർ ഈവാനിയോസ് പിതാവിൻ്റെ പുണ്യ ജീവിതത്തെ അടുത്തറിഞ്ഞ് മനസ്സിലാക്കിയ ആ മൈനർ സെമിനാരിക്കാരൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്ന് തൻ്റെ മരണത്തിന് മുമ്പ് മാർ ഈവാനിയോസ് പിതാവിനെ കത്തോലിക്കാ സഭയിൽ വിശുദ്ധൻമാരുടെ ഗണത്തിൽ അൾത്താര വണക്കത്തിനായി ഉയർത്തുന്നത് കാണണം എന്നതായിരുന്നു. വിശ്രമത്തിൻ്റെ നാളുകളിലും തന്നെ കാണാനെത്തുന്നവരോടും അടുപ്പം ഉള്ളവരോടും തൻ്റെ ഹൃദയാഭിലാഷം അച്ചൻ ആവർത്തിച്ചിരുന്നു.

കൃത്യമായ നിഷ്ഠയോടെ പ്രാർത്ഥനാ ജീവിതം നയിച്ചിരുന്ന അച്ചൻ വിശ്രമ ജീവിതത്തിലായിരിക്കുമ്പോഴും യാമപ്രാർത്ഥനകൾക്ക് മുടക്കം വരാതെയിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മരണത്തിന് ഒരു മാസം മുമ്പ് വരെയും ശാരീരികമായി പൂർണ്ണമായും അവശനാകുന്നതു വരെയും ക്ലെർജി ഹോമിലെ ചാപ്പലിൽ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നിരുന്ന അച്ചൻ തന്നെയാണ് മുടക്കം കൂടാതെ എന്നും ‘ഹൂസോയോ’ (പാപപരിഹാര) പ്രാർത്ഥന ചൊല്ലിയിരുന്നതും. ക്ലെർജി ഹോമിലെ വിശ്രമത്തിൻ്റെ നാളുകളിലും അനേകം വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും കുമ്പസാരപിതാവായ അച്ചൻ, കുമ്പസാരത്തിന് അണയുന്നവരെ പിതാവിനടുത്ത സ്നേഹത്തോടെയും വാത്സല്യത്തോടെയും കരുതുന്ന, തന്റെ ശാരീരികമായ അസ്വസ്ഥതകൾക്കിടയിലും അനേക നേരം പാപസങ്കീർത്തന വേദിയിലിരുന്ന ആത്മാക്കളെപ്രതി എരിവുള്ള ജാഗരൂകനായ ഇടയനായിരുന്നു.

പുനരൈക്യ പ്രസ്ഥാനത്തിൻ്റെ ശിൽപിയായ ധന്യൻ മാർ ഈവാനിയോസ് പിതാവിനൊപ്പം പ്രാർത്ഥിച്ച ആ മൈനർ സെമിനാരി ക്കാരൻ, തുടർന്ന് സഭയെ നയിച്ച പിതാക്കൻമാരോടൊപ്പം ചേർന്ന് പ്രവർത്തിച്ച്, സഭയെ പടുത്തുയർത്താൻ അക്ഷീണം പരിശ്രമിച്ച ആ വൈദികൻ തൻ്റെ 97 -ാം വയസ്സിൽ നിത്യ സമ്മാനത്തിനായി 2026 ഫെബ്രുവരി 20ന്  യാത്രയായി. ഫെബ്രുവരി 22 ഞായറാഴ്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടെയും സഭയിലെ പിതാക്കൻമാരുടെയും കാർമ്മികത്വത്തിൽ മാതൃദേവാലയമായ തട്ട പള്ളിയിലാണ് അച്ചൻ്റെ കബറടക്കം.

“നിർമമനായ ഇടയാ
നിർമ്മലമായ പറുദീസയിൽ
നിത്യമായി വസിക്കുക!”

ഏവർക്കും നന്മ
✍️സ്നേഹത്തോടെ
ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ ( സിബി അച്ചൻ)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment