പരിശുദ്ധ കുർബാനയ്ക്ക് മുൻപുള്ള കൊച്ചു പ്രാർത്ഥന

ഇന്നു ഒരു പരിശുദ്ധകുർബാനയുടെ മഹാവിരുന്നിലേയ്ക്ക് കൂടി എന്നെ പേര് ചൊല്ലി വിളിച്ച പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും ഈ ദൈവാലയത്തിൽ തിങ്ങി നിറഞ്ഞു നിന്ന് അങ്ങയെ സ്നേഹാദരവുകളോട് കൂടെ നിരന്തരം സ്തുതിച്ചാരാധിക്കുന്ന മാലാഖാമാരോടും വിശുദ്ധരോടുമൊപ്പം ഭൂമിയിൽ ഈശോയെ തിരുവോസ്തിരൂപനായി മുഖാഭിമുഖം കണ്ടു ആരാധിക്കാൻ ഞാനായിരിക്കുന്ന ഇടത്തിൽ അങ്ങൊരുക്കിയിരിക്കുന്ന ഈ സ്വർഗീയ ഭവനത്തിൽ പ്രവേശിച്ചു ഞാനും എന്റെ കാവൽ മാലാഖയോടൊത്തു നന്ദി പറയുന്നു, അങ്ങയെ ആത്മനാ കുമ്പിട്ടാരാധിക്കുന്നു.

എന്റെ നല്ല ഈശോയെ, പരിശുദ്ധിയുടെ പര്യായമേ, ഞാൻ സ്വയമേ എത്ര ഒരുങ്ങിയാലും അങ്ങയുടെ മഹാ വിരുന്നിൽ പങ്കെടുക്കാനോ അങ്ങയെ സ്വീകരിക്കാനോ എനിക്ക് യോഗ്യത ഇല്ല എന്ന് ഞാനറിയുന്നു. എന്നാൽ ഒരു നിമിഷം കൊണ്ട് അങ്ങേയ്ക്ക് എന്നെ ഈ നിമിഷങ്ങൾക്കായി ഒരുക്കാനാവുമെന്നും അങ്ങേയ്ക്കൊന്നും അസാധ്യമല്ലെന്നും എനിക്കറിയാവുന്നതിനാൽ അങ്ങയിൽ ഞാൻ പൂർണമായും ശരണപ്പെടുന്നു.

എനിക്കായി അങ്ങ് സ്ഥാപിച്ച പരിശുദ്ധ കുർബാനയുടെയും എനിക്ക് വേണ്ടി അങ്ങ് സഹിച്ച പീഡാനുഭവങ്ങളുടെയും കുരിശ് മരണത്തിന്റെയും ഉയിർപ്പിന്റെയും യോഗ്യതയാലും ഞാൻ സ്വീകരിച്ച പരിശുദ്ധ കുമ്പസാരത്തിന്റെ കൗദാശിക യോഗ്യതയാലും അങ്ങയെ സാധ്യമായ ഏറ്റവും യോഗ്യതയോടു കൂടി സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നതിനാലും എല്ലാത്തിലും ഉപരിയായി ഈ പരിശുദ്ധ കുർബാനയിൽ ഞാൻ പങ്കെടുക്കാൻ അങ്ങാഗ്രഹിക്കുന്നതിനാലും ഈശോയെ ഇന്നെന്റെ ആത്മാവിനെ അങ്ങേ ഹിതപ്രകാരം അങ്ങ് തന്നെ ഒരുക്കേണമേ.

ഈശോയെ അങ്ങേ തിരുരക്തത്താൽ അവിടുന്ന് എന്നെ മുഴുവനായും കഴുകണമേ. അവിടുത്തെ പരിശുദ്ധിയാൽ എന്റെ മാമോദീസ വസ്ത്രം പുതുതാക്കേണമേ. ഈശോയെ അങ്ങയുടെ സ്നേഹത്താൽ എന്നെ പ്രകാശിതയാക്കേണമേ. അങ്ങേ വചനത്താൽ എന്നെ ശുദ്ധീകരിക്കേണമേ. ഈശോയെ അങ്ങാഗ്രഹിക്കുന്ന വിധത്തിൽ അവിടുന്നെന്നെ രൂപാന്തരപ്പെടുത്തേണമേ. അങ്ങയെ കുറിച്ചുള്ള ചിന്തകളിൽ അങ്ങിലുള്ള പൂർണമായ ശരണവും അങ്ങയോടുള്ള എന്റെ വാക്കുകളിൽ ആത്മാർത്ഥതയും അങ്ങേയ്ക്ക് വേണ്ടിയുള്ള കൊച്ചു പ്രവൃത്തികളിൽ വിശ്വസ്തതയും ചേർത്ത് വയ്ക്കേണമേ.

ഈശോയെ ഈ കുർബാനയുടെ നിമിഷങ്ങളിൽ എന്റെ ഹൃദയം അങ്ങയുടേതിനോട് ചേർന്നിരിക്കട്ടെ.

ഇന്നത്തെ ദിവ്യകാരുണ്യസ്വീകരണം വഴിയായി ഇനിയൊരിക്കലും പിരിയാത്ത വിധത്തിൽ ഈശോയെ, അങ്ങയിൽ വസിച്ചു നിത്യതയോളം ജീവനിൽ ആയിരിക്കുവാനും അങ്ങെന്നെ സഹായിക്കേണമേ.

ഈ പരിശുദ്ധ കുർബാനയുടെ നിമിഷങ്ങളിൽ പരിശുദ്ധ അമ്മേ എന്റെ വലത് ഭാഗത്തു നിൽക്കേണമേ. യൗസേപ്പിതാവേ എന്റെ ഇടത്തു ഭാഗത്തു നിൽക്കേണമേ. കാവൽ മാലാഖയെ എന്റെ അടുത്തു തന്നെ നിൽക്കേണമേ. പരിശുദ്ധാത്മാവേ എന്നിൽ എഴുന്നള്ളി വന്നു ഈ പരിശുദ്ധ കുർബാനയുടെ നിമിഷങ്ങളുടെ അർത്ഥവും മാധുര്യവും ഉൾക്കൊള്ളാൻ എന്നെ സഹായിക്കണമെ. ദൈവപിതാവേ അവർണനീയ ദൈവസ്നേഹത്താൽ എന്നെ നിറയ്ക്കേണമേ.

ഈശോയെ എന്റെ ഇന്നലെകളെ അങ്ങേയ്ക്ക് ഞാൻ നൽകുന്നു. എന്റെ നാളെയെ അങ്ങയെ ഏല്പിക്കുന്നു. ഇന്ന് അങ്ങ് എന്നിൽ വരുന്ന നിമിഷം മുതൽ ഭയമേതുമില്ലാതെ ബലവാനായ ഈശോയെ, അങ്ങയിൽ ഞാൻ എന്നേയ്ക്കും വസിക്കട്ടെ.

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment