പാലാ രൂപത @ 75. | പാലായുടെ പൈതൃകം
പേരിൽ വെറും രണ്ടക്ഷരങ്ങൾ മാത്രമേയുള്ളു. പക്ഷേ “അമ്പലം ചെറുതെ ങ്കിലും പ്രത്യക്ഷം കൂടും” എന്നുള്ള പ്രമാണത്തിൻ്റെ സാക്ഷാൽ സാക്ഷ്യമാണ് പാലാ എന്നു പറയുവാൻ പാലായെ അറിയുന്ന ആർക്കും രണ്ടാമതൊ ന്നാലോചിക്കേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കും മുൻപേ ( യേശു ക്രിസ്തു ജനിക്കുന്നതിനും മുൻപെന്നു വ്യംഗ്യം) പാലാ കുരുമുളക് പേർഷ്യയിലെയും (പാലസ്തീന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എന്നു സാരം) റോമിലെയും വാണിജ്യ കേന്ദ്രങ്ങളിൽ ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു വിഭവമായിരുന്നു വെന്നാണ് വിശ്വസിക്കപ്പെടുന്നത്. സീസറുടെ കൊട്ടാരത്തിലും ക്ലിയോപാട്രയുടെ അരമന യിലും പോലും അവിടത്തെ ഭക്ഷണ മേശ കളിൽ പാലാ കുരുമുളകിനു സ്ഥാനമുണ്ടായി രുന്നുവെന്നതും പാലായെക്കുറിച്ചുള്ള പഴയ ഐതിഹ്യങ്ങളിലൊന്നായി കരുതപ്പെടുന്നു!
ക്രിസ്തുവിൻ്റെ ജനനത്തിനും മുൻപേ തന്നെ കേരളവും അറബി രാജ്യങ്ങളും തമ്മിൽ കടൽമാർഗ്ഗ വാണിജ്യ ബന്ധങ്ങളുണ്ടായിരു ന്നുവെന്നതും പൊതുവേ അംഗീകരിക്ക പ്പെട്ടിട്ടുള്ള ഒരു ചരിത്ര വിസ്മയമാണ്. അതു തന്നെയാണ് പൊതുവിശ്വാസവും. യേശുശിഷ്യന്മാരിൽ പ്രമുഖനായിരുന്ന ദീദിമോസ് എന്ന തോമസ് ഗുരുകല്പനപ്രകാരം തൻ്റെ അപ്പസ്തോല പ്രവർത്തനത്തിന് ഇന്ത്യയിലേക്കു പുറപ്പെട്ടതും ഏ. ഡി. 52 ൽ മാർത്തോമ്മാ ശ്ലീഹ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയെന്നതും ഇന്ത്യയിലെ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യവിശ്വാസങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നുവെന്നതും അനിഷേധ്യമായ ഒരു യാഥാർത്ഥ്യം തന്നെ.
കാലാന്തരത്തിൽ പല സാഹചര്യ സമ്മർദ്ദ ങ്ങളുടെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂരിൽ നിന്നും പറവൂരേക്കും അവിടെ നിന്നും വൈക്കം, കടുത്തരുത്തി വഴി കുറവിലങ്ങാട്ടേക്കുംനമ്മുടെ പൂർവ്വികർ, പ്രത്യേകിച്ചും തോമസ് അപ്പസ്തോ ലനിൽ നിന്നും നേരിട്ടു വിശ്വാസ വെളിച്ചം സ്വീകരിച്ചുവെന്നു കരുതപ്പെടുന്ന ശങ്കരപുരി, പകലോമറ്റം, കള്ളിയിൽ , കാളികാവ് കുടുംബങ്ങളിൽപ്പെട്ട പിൻതലമുറക്കാർ കുടിയേറിപ്പാർത്തുവെന്നാണ് പൊതുവേ സ്വീകരിക്കപ്പെട്ടുകാണുന്ന വിശ്വാസവും പാരമ്പര്യവും. ചരിത്രം പലപ്പോഴും സാക്ഷി തെളിവുകളെക്കാൾ സാഹചര്യത്തെളിവുക ളേയും വരമൊഴികളേക്കാൾ വായ്മൊഴികളേയും കൂടി ആശ്രയിച്ചു നിൽക്കു ന്ന ധാരണകളിന്മേൽ കെട്ടിപ്പെടുക്കപ്പെടുന്ന ഒന്നാണല്ലോ.
പാലായുടെ പ്രാരംഭ കാലത്തെക്കുറിച്ചു കൃത്യമായ സ്ഥിതിവിവരക്കണക്കുകളൊന്നും ലഭ്യമല്ല. എങ്കിലും പെരുമാക്കന്മാരുടെ കാലം മുതൽ തന്നെ മീനച്ചിൽ പ്രദേശം തെക്കുംകൂർ — വടക്കുംകൂർ രാജാക്കന്മാരുടെയും അവരുടെ ഇടപ്രഭുക്കന്മാരായിരുന്ന കർത്താക്കന്മാരുടേയും കൈമൾമാരുടേയുമൊക്കെ അധീനഭൂമിയായിരുന്നുവെന്നാണ് പൊതു വിശ്വാസം. കൊടുങ്ങല്ലൂരിൽ നിന്നും ചരിത്ര പരമായ കാരണങ്ങളാലും സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാലും പിൽക്കാലത്ത് പാലയൂരേക്കും പറവൂരേക്കും മാറേണ്ടി വന്ന മാർത്തോമ്മാ നസ്രാണികൾക്കു പിന്നീട് വീണ്ടും തെക്കോ ട്ടേക്കു പോകേണ്ടി വന്നുവെന്നും തൽഫലമായി വൈക്കം — – കടു ത്തുരുത്തി വഴി കുറവിലങ്ങാട്ടു വന്നു താമസമാക്കേണ്ടി വന്നുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. തോമസ് അപ്പസ്തോല നിൽ നിന്നും നേരിൽ ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ പിൻ മുറക്കാരാണു് പിൽക്കാലത്ത് ശങ്കരപുരി, പകലോമറ്റം, കള്ളിയിൽ, കാളികാവ് എന്നീ പേരുകളിൽ കുറവിലങ്ങാട്ടുതാമസമുറപ്പിച്ചതെന്നുമാണ് നസ്രാണി(സുറിയാനി) ക്രിസ്ത്യാനികളുടെ ചരിത്രനാൾ വഴി. അവർ വച്ച പള്ളികളിൽ ഏറ്റവും പുരാതനത്വം അവകാശപ്പെടുന്നത് കുറവിലങ്ങാട് പള്ളിയാണെന്ന തും ചരിത്രപരമായ ഒരു “വിശ്വാസ സത്യ” മായി പൊതുവേ അംഗീകരിക്കപ്പെടുന്നുമുണ്ട്.
പാലാ വലിയ പള്ളി സ്ഥാപിക്കപ്പെടുന്നത് തീർച്ചയായും പില്ക്കാലത്താണ്. എന്നാൽ ആയിരം വർഷത്തെ പഴക്കം പാലാപ്പള്ളിക്കുമുണ്ട്. ഏ. ഡി. 1052ലാണ് പാലാപ്പള്ളിയുടെ ആദിരൂപമുണ്ടായതെന്നാണ് ചരിത്രം. മീനച്ചിൽ പ്രദേശം അന്ന് ഹൈന്ദവ ഭരണാധികാരികളുടെ അധീനത്തിലാണ്. പക്ഷേ മീനച്ചിൽ കർത്താവിൻ്റെ ഭരണസീമയിൽ ആകെ യുണ്ടായിരുന്നത് അഞ്ചേ അഞ്ചു ക്രിസ്ത്യൻ കുടുംബങ്ങൾമാത്രം. അവർ ഞായറാഴ്ച്ചകളിൽ ആരാധനയ്ക്കു പോയിരുന്നത് ദീർഘദൂരം നടന്ന് കുറ വിലങ്ങാട്ടോ അരുവിത്തുറയിലോ ആണെന്നു അന്നത്തെ മീനച്ചിൽ കർ ത്താവിനോട് പറഞ്ഞത് നാടുവാഴിയുടെ മന്ത്രിയായിരുന്ന മീനച്ചിൽ കൈമ ളാണ്. കൈമളിൻ്റെ കഥയിൽ തൻ്റെ ക്രിസ്ത്യൻ പ്രജകളോടു മനസ്സലിഞ്ഞ മീനച്ചിൽ കർത്താവ് അവർക്കു മീനച്ചിലാറിൻ്റെ തെക്കേകരയിൽ കരമൊഴിവായി ആറേക്കർ ഭൂമി പള്ളി വയ്ക്കാനായി വിട്ടുകൊടുക്കുകയായിരുന്നത്രേ!
പള്ളി വയ്ക്കാൻ ഭൂമി മാത്രം പോരല്ലോ എന്നുണർത്തിച്ച “നസ്രാണി ” പ്രമുഖരോട് ദാനമായി നൽകിയ സ്ഥലത്തെ തേക്കുതടി കൂടി വെട്ടി പള്ളി വച്ചു കൊള്ളാനാണു കർത്താവ് കല്പിച്ചത്! ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനു ആയിരം വർഷം മുൻപു നടന്ന കഥയാണിത്. എഴുതപ്പെട്ട ഒരു ഭരണഘടനയും ഇല്ലാതിരുന്ന കാലത്തും ഇവിടത്തെ ഭരണാധി കാരികൾക്ക് യഥാർത്ഥ “രാജനീതി “യുടെ പാഠങ്ങൾ എത്ര ഹൃദിസ്ഥമായിരുന്നുവെന്ന സത്യമാണ് 1052ൽ അന്നത്തെ ഇവിടത്തെ ഹിന്ദുഭരണാധികാരിയായിരുന്ന മീന ച്ചിൽ കർത്താവ് തൻ്റെ രാജശാസന ത്തിലൂടെ സാക്ഷ്യപ്പെടുത്തിയത്. ഇന്ത്യയുടെ മതേതരത്വം നമ്മുടെ ഭരണഘടനയുടെ ഭാഗമായത് പിന്നീട് എത്രയോ നൂറ്റാണ്ടുകൾ കൂടി കഴിഞ്ഞാണ് . നിയമത്തിൻ്റെ “മതനിരപേക്ഷത ” മാതൃ രാജ്യ ത്തിൻ്റെ സാംസ്ക്കാരിക പൈതൃ കത്തിൻ്റെ തന്നെ ഭാഗമാണെന്നും പണ്ടും ഇവിടെ ഭരണഘടന ഇല്ലാതെ തന്നെ യഥാർത്ഥ “മതേതര ” ഭരണാധികാരികൾ ഉണ്ടായിരുന്നു വെന്നുമുള്ള സത്യത്തെ അറിഞ്ഞോ അറിയാതെയോ തമസ്ക്കരിക്കുന്നത് ആർക്കായാലും അതൊട്ടും ഭൂഷണവുമല്ല. അത് ചരിത്രത്തിനോ സത്യത്തിനോ ദൈവത്തിനോ ഒട്ടും നിരക്കുന്ന കാര്യവുമല്ല എന്നതും നാം തിരിച്ചറിയേണ്ടതുമുണ്ട്. പിൽക്കാലത്ത് കുറവിലങ്ങാട്പള്ളി വക മുത്തുകുടകൾ ഏറ്റുമാന്നൂർക്ഷേത്രത്തിലെ ഉത്സവശീവേലികൾക്കു കൊടുത്തയച്ചി രുന്നുവെന്നും കുറവിങ്ങാട് പള്ളിയിലെ മൂന്നു നോയമ്പ് തിരുനാളിന് ഏറ്റുമാനൂർ ക്ഷേത്രം വക ആനകളെ പ്രദക്ഷിണത്തിനു അകമ്പടിയായി അയച്ചിരുന്നുവെന്നതും ഇന്ന് ഒരു പക്ഷേ പലർക്കും അത്ഭുതമായി തോന്നിയേക്കാം. എന്നാൽ ഇതെല്ലാം ഒരു കാലത്ത് നമ്മുടെ മാതൃരാജ്യത്തിൻ്റെ മതമൈത്രിയുടെ യഥാർത്ഥ സാക്ഷ്യങ്ങളായിരുന്നുവെന്ന തിരിച്ചറിവിന് കാലമായി എന്നതാണ് സത്യം.
പാലായ്ക്കു മതമൈത്രിയുടെ പാഠം മാത്രമല്ലല്ലോ സ്വന്തമായിട്ടുള്ളത്. കൃഷിയുടെയും കച്ചവടത്തിൻ്റെയും കലകളുടേയും സാഹിത്യത്തിൻ്റെയും യാത്രാ സാഹസങ്ങളുടെയും രാഷ്ട്രീയപ്രക്ഷോ ഭണങ്ങളുടെയും നേതൃനൈപുണ്യത്തിൻ്റെയും വാണിജ്യ വൈഭവത്തിൻ്റെയും വിദ്യാഭ്യാസ മികവിൻ്റെയും ആതുര സേവന ശുശ്രൂഷകളുടെയും എല്ലാം കാലികമായ ഒരു പ്രയോഗം കടമെടുത്താൽ — “പേറ്റൻ്റ് ” ഉണ്ടായിരുന്നുവെന്നു സാരം.
ആത്മീയതയിൽ മാത്രമല്ല, കായികരംഗത്തും ചലച്ചിത്ര മേഖലയിലും ബാങ്കിംഗ് — മോട്ടോർ സർവീസ് വ്യവസായ ങ്ങളിലും പ്ലാൻ്റേഷൻ രംഗത്തും രാഷ്ട്രീയ ത്തിലുമെല്ലാം പാലായ്ക്ക് സജീവ സാന്നിധ്യം സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. നസ്രാണി സഭയുടെ ചരിത്രത്തിലെ ഒരു നിർണ്ണായക സന്ദർഭമായിരുന്ന ഉദയംപേരൂർ സൂനഹ ദോസിലും പാലാ വലിയ പള്ളിയെ പ്രതിനിധീകരിച്ച് വൈദികരും “ഇണങ്ങരും ” (അത്മായപ്രതിനിധികൾ) സംബന്ധി ച്ചിരുന്നുവെന്നതിനും രേഖകളുണ്ടല്ലോ.
മാർത്തോമൻ പാരമ്പര്യത്തിലുള്ള സുറിയാനി വിശ്വാസ സമൂഹത്തിൻ്റെ മേൽ അന്യായമായ കടന്നുകയറ്റത്തിന് വിദേശ മിഷണറിമാർ ശ്രമിച്ചപ്പോൾ അതി നെതിരെ റോമിൽച്ചെന്ന് പരിശുദ്ധ സിംഹാസനത്തിനു പരാതി സമർപ്പിക്കുവാൻ കരിയാറ്റി മെത്രാൻ്റെ നേതൃത്വത്തിൽ നിവേദക സംഘത്തെ അയക്കുവാൻ തീരുമാനിച്ചപ്പോഴും കരിയാറ്റി മെത്രാൻ്റെ കൂടെ സഹായിയായിപ്പോകാൻ ധൈര്യം കാണി ച്ചതും പാലാക്കാരനായ (കടനാട്) പാറേമ്മാ ക്കലച്ചനായിരുന്നല്ലോ. അച്ചൻ്റെ യാത്രച്ചിലവി നായി ആയിരം വെള്ളി രൂപാ ലഭ്യമാക്കിയത് പാലാ വലിയപള്ളിയുടെ വകയായ ഒരു വെള്ളി കുരിശു വിറ്റിട്ടായിരുന്നുവെന്നും പറയപ്പെടുന്നു.
പാറേമ്മാക്കലച്ചൻ്റെ പ്രാധാന്യത്തിനു തിളക്കമേറ്റിയത് പിൽക്കാലത്ത് അച്ചന് ഇവിടുത്തെ സുറിയാനിക്കാരുടെ മേൽനോട്ട ക്കാരനായി (ഗോവർണദോർ – ഗവർണർ – ) ആയി നിയോഗം വന്നപ്പോഴാണ്. അച്ചൻ കരിയാറ്റിമെത്രാനുമൊപ്പം നടത്തിയ റോമാ യാത്രയുടെ വിശദാംശങ്ങൾ അന്നന്നു രേഖപ്പെടുത്തിയ കൈപ്പുസ്തകം -ഡയറി (വർത്തമാനപ്പുസ്തകം) കൃത്യമായി എഴുതി സൂക്ഷിച്ചുവെന്നതും അന്നത്തെ സഭാസാഹ ചര്യങ്ങളുടെ സത്യസന്ധവും വസ്തുനിഷ്ഠ വുമായരേഖാപുസ്തകമായി എന്നു മാത്രമല്ല, അത് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥവുമായി.
മലയാളത്തിലെ ആദ്യത്തെ വഞ്ചിപ്പാട്ട് എഴുതിയത് രാമപുരത്തു വാര്യരാണെങ്കിൽ പിൽക്കാലത്ത് മലയാളത്തിലെ ആദ്യ ഭാഷാ വിജ്ഞാനകോശമെഴുതിയത് ളാലം പഴയ പള്ളി ഇടവകക്കാരനായിരുന്ന (പത്മശ്രീ ) മാത്യു.എം. കുഴിവേലിയും ആദ്യത്തെ മഹാകാവ്യം എഴുതിയത് മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുമായിരുന്നു. മഹാകവി പ്രവിത്താനം ദേവസ്യയും സിസ്റ്റർ മേരി ബനീഞ്ഞയും മാത്രമല്ല, ലളിതാംബിക അന്തർജനവും വെട്ടൂർ രാമൻ നായരും ഡി. കുരുവിള മനയാനിയും ജെ. കെ.വിയും സക്കറിയയും ഏഴാച്ചേരി രാമചന്ദ്രനുമൊക്കെ സാഹിത്യ രംഗത്തെ പാലായുടെ നക്ഷത്ര സാന്നിധ്യങ്ങളായി. പിൽക്കാലത്ത് മുനിസിപ്പൽ ലൈബ്രറിയായത് 1940 കളിൽ കെ. എം. അഗസ്റ്റിൻ കയ്യാലക്കകം സ്ഥാപിച്ച കോസ്മോ പോളിറ്റൻ വായനശാലയായിരുന്നു. ജോസഫ് ആഗസ്തി കയ്യാലക്കകത്തിൻ്റെ നേതൃത്വത്തിലാണ് പാലാ സെൻട്രൽ ബാങ്കിൻ്റെ ഉദയം. ജോർജ് തോമസ് കൊട്ടുകാപ്പള്ളി, ജേക്കബ് ചെറിയാൻ മരുതു ക്കുന്നേൽ, ജെ തോമസ് കയ്യാലക്കകം, വെള്ളൂക്കുന്നേൽ ബ്രദേഴ്സ്, ആഗസ്തി ജോസഫ്കൊച്ചുകാക്കനാട്ട് തുടങ്ങിയവരായിരുന്നു പാലാ ബാങ്കിൻ്റെ ആദ്യ കാലനായകർ.
രാഷ്ട്രീയത്തിലും പാലായുടെ പാരമ്പര്യം തിളക്കമാർന്നതാണ്. മീനച്ചിൽ നിന്നുള്ള ആദ്യത്തെ ജനപ്രതിനിധി ശ്രീമൂലം പ്രജാ സഭാംഗമായിരുന്ന ജോൺ ഉലഹന്നൻ (വടക്കൻ കുഞ്ഞിലോച്ചൻ ) വടക്കൻ ആയിരുന്നെങ്കിൽ ആദ്യമായി പാലായിൽ നിന്നും എം. എൽ. സി. (ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺ സിൽ മെമ്പർ) യായതും പിന്നീട് പാലായിൽ നിന്നും ആദ്യ എം.എൽ. ഏ ആയതും (1948) ആദ്യ മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതും ആദ്യമായി നിയമസഭാ സ്പീക്കറായതും ആർ.വി.തോമസാ യിരുന്നു. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലും ആർ.വി. അംഗമായിരുന്നു.
1923 ൽ പാലായിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ശാഖ സ്ഥാപിച്ചതും അങ്ങാടിയിലെ തെരുവിൽ മാളികയിൽ ആദ്യമായി ഒരു ദേശീയവായനശാല ആരംഭി ച്ചതും വക്കീൽ ആർ.ടി. മാണി രാമപുരവും അന്നു കേവലം 20 വയസ് മാത്രമുണ്ടായിരുന്ന ശ്രീ.ജോർജ് തോമസ് കൊട്ടുകാപ്പള്ളിയും ചേർന്നായിരുന്നു.
1952 ൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജയിച്ചു എം.എൽ. ഏ ആയപ്പോഴാണ് ഏ.ജെ. ജോൺ തിരുക്കൊച്ചി മുഖ്യമന്ത്രിയായത്. പിൽക്കാലത്ത് ഏ.ജെ. ജോൺ മദ്രാസ് ഗവർണ റായി. പ്രൊഫ. കെ.എം.ചാണ്ടി എം.എൽ. ഏ യും പിന്നീട് ഗുജറാത്തിലും മദ്ധ്യപ്രദേശിലും ഗവർണ റായപ്പോൾ എം.എം. ജേക്കബ് മേഘാലയത്തിൽ പന്ത്രണ്ടു വർഷത്തോളം ഗവർണറായി ചരിത്രം സൃഷ്ടിച്ചു. പാലായിൽ നിന്നും ആദ്യം മന്ത്രിയാ യത് അഡ്വ. ടി. എ. തൊമ്മനാണ്. പക്ഷേ ഏറ്റവും കൂടുതൽ കാലം (50 വർഷം) എം.എൽ.എ. ആയതിൻ്റെയും ഏറ്റവും ദീർഘകാലം മന്ത്രിയായിരുന്നതിൻ്റെ യും റിക്കോർഡ് ശ്രീ കെ.എം. മാണിക്കവകാശപ്പെട്ട ബഹുമതിയാണ്. പിൽക്കാലത്ത് പ്രൊഫ. എൻ. എം. ജോസഫും മോൻസ് ജോസഫും മന്ത്രി മാരായപ്പോൾ പി.സി.ജോർജ് കാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ്വിപ്പായി. ഇപ്പോൾ പാലാ രൂപതയിൽനിന്നും ശ്രീ റോഷി അഗസ്റ്റിൻ മന്ത്രിസഭയിൽ അംഗമാണല്ലോ. 1960 ൽ മീന ച്ചിൽ മണ്ഡലത്തിൽ നിന്നും നിയമസഭാംഗ മായപ്പോഴാണ് ശ്രീ പി.ടി.ചാക്കോ ആഭ്യന്തരമന്ത്രിയായത്. ഇപ്പോൾ പാലായിൽ നിന്നും ജോസ്.കെ. മാണി രാജ്യസഭയിലും മാണി.സി. കാപ്പൻ നിയമസഭയിലും അംഗങ്ങളാണ്. പാലായുടെ മണ്ണിന് ഒരു രാഷ്ട്രീയ ഭാഗ്യ മുണ്ടെ ന്നു കൂടിസൂചിപ്പിച്ചു വെന്നു മാത്രം !
എം.ജി. സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ എന്ന ബഹുമതി ലഭിച്ചത് ഡോ. ഏ.ടി. ദേവസ്യ സാറി നാണ്. പിൽക്കാലത്ത് അദ്ദേഹം പാലാ രൂപതാ പാസ്റ്ററൽ കൗൺസിൽ ചെയർമാനായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാലായുടെ ആദ്യ ബിഷപ്പായിരുന്ന വയലിൽ പിതാവാണ് പാസ്റ്ററൽ കൗൺസിൽ പ്രസിഡൻ്റായി ബിഷപ്പ്ആയിരിക്കേ അതിനു പുറമേ അത്മായരിൽ നിന്നും ഒരാളെ ചെയർമാനായികൂടി നിയോഗിക്കുന്ന കീഴ്‌വഴക്കം ആദ്യ മായി സൃഷ്ടിച്ചത്. അഡ്വ. സി. എം. മാത്യു കുരിക്കാട്ടായിരുന്നു ആദ്യ പാസ്റ്റിൽ കൗൺസിൽ ചെയർമാൻ. ഇന്നും സഭയിൽ ഒരു പക്ഷേ പാലാരൂപതയിൽ മാത്രമാവണം ആത്മായർക്കു അത്തരമൊരു പ്രാതിനിധ്യവും അംഗീകാരവും നിലനില്ക്കുന്നത്. സീറോ-മലബാർ സഭയുടെ ബിഷപ്സ് സിനഡ് 2012 ൽ ആദ്യമായി “സഭാ താരം ” എന്ന ബഹുമതി സ്ഥാപി ച്ചപ്പോൾ അതിനു തെര ഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ 3 പേരും പാലാരൂപതയിൽ നിന്നുമായി എന്നത് പാലാരൂപതയെ സഭയുടെ മെത്രാൻ സിനഡ് എത്രത്തോളം ഹൃദയത്തോടു ചേർത്തു വയ്ക്കു ന്നുവെന്നതിൻ്റെ തെളിവു കൂടിയാണെന്നു ഞാൻ വിശ്വസിക്കുന്നു.
പാലാ രൂപതയുടെ കഴിഞ്ഞ 75 വർഷത്തെ വളർച്ചയും വികാസവും പരിശോധിച്ചാൽ നമ്മുടെ ആത്മീയ സമ്പത്തും അറിവിന്റെ വികാസവും ആരെയും അത്ഭുതപ്പെടുത്താ തിരിക്കില്ല. പാലായുടെ ആത്മസ്ഥിതി നിലവാരം പരിശോധിച്ചാൽ ആർക്കും അത്ഭുതം തോന്നും .സമൃദ്ധമായ ദൈവവിളികളാൽ അന്നും ഇന്നും പാലാ സമ്പന്നമാണ് .
സർവ ഭൂഖണ്ഡങ്ങളിലും പാലായിൽ നിന്നുള്ള മിഷനറി സാന്നിധ്യം ഉണ്ട് , ഒരുപക്ഷേ കണക്കെ ടുത്താൽ ബിഷപ്പുമാരുടെ എണ്ണത്തിലും വൈദികരുടെയും സന്യസ്തരുടെയും സേവനത്തിലും വിശ്വാസികളുടെ ബലത്തിലും പാലാ തന്നെയാവണം മുൻനിരയിൽ.
നമ്മുടെ പള്ളികൾ എല്ലാം തന്നെ സാമ്പത്തിക മായി സ്വയം പര്യാപ്തമാണെന്നാണ് പൊതു ധാരണ. ഇന്ത്യയിലെ തന്നെ ആദ്യ തദ്ദേശീയ വിശുദ്ധയായ അൽഫോൻസാമ്മയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും ഒക്കെ നമ്മുടെ ആത്മീയ സാക്ഷ്യത്തിന്റെ വലിയ സ്വർഗ്ഗീയ അടയാളങ്ങളാണ്.
ആരാധനാലയങ്ങൾമാത്രമല്ല നമ്മുടെ ആ തുരാലയങ്ങളും വൃദ്ധമന്ദിരങ്ങളും ഒക്കെ ക്രൈസ്തവ സാക്ഷ്യത്തിന്റെ അടയാളങ്ങളായി സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നവയാണ്. ഭൗതികമായ വളർച്ചയ്ക്ക് സമാന്തരമായി തന്നെ ആത്മീയമായ ഒരു കണക്കെടുപ്പും എപ്പോഴും ആവശ്യമാണ്. ഒരുപക്ഷേ 75 വർഷവും ഒരു ജൂബിലിയായി തന്നെ നമുക്ക് പരിഗണിക്കാവുന്നതേയുള്ളൂ. ജൂബിലി സന്ദർ ഭങ്ങൾ ഒരു സ്വയം പരിശോധനയ്ക്കുള്ള സമയവുമാണ്. നമ്മുടെ സമർപ്പണങ്ങളുടെ കാതൽ ഒരു പുനർ വായനയ്ക്ക് വിധേയമാ ക്കേണ്ട സമയവും കാലവും എന്നും പറയാം!
1950 വരെ നമ്മുടെ മാതൃരൂപതയായിരുന്ന ചങ്ങനാശ്ശേരിയിൽ നിന്നും അന്നത്തെ ബിഷപ്പ് മാർ കാളശ്ശേരിയിൽ നിന്നും നമുക്ക് ലഭിച്ച ധീരമായ നേതൃത്വത്തിന്റെ അനുഗ്രഹം ചരിത്രത്തിന്റെ തന്നെ ഭാഗമാണല്ലോ .
തനിക്ക് ഇഷ്ടപ്പെടാതെ വന്ന ഇടയലേഖനം പിൻവലിക്കണം എന്നു മെത്രാനോട് കൽപ്പിച്ച സർ സി പിയോട് , ‘”ഞാൻ എഴുതിയത് എഴുതി’” എന്ന് മറ്റൊരു ഇടയലേഖനത്തിലൂടെ ധൈര്യ മായി മറുപടി കൊടുത്ത മാർ കാളശ്ശേരി ഏത് പ്രതിസന്ധി കാലത്തും നമുക്ക് ആത്മധൈര്യം പകരുന്ന ആത്മീയ പ്രചോദനമാണ്.
നാമെല്ലാം വലിയ പിതാവ് എന്ന് മാത്രം പറയുന്ന നമ്മുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ സമാനതകൾ ഇല്ലാത്ത ആത്മീയാ ചാര്യൻ ആയിരുന്നു, എല്ലാ അർത്ഥത്തിലും ഭാഗ്യ സ്മരണാർഹൻ. തന്റെ ശുശ്രൂഷാ കാലത്ത് എത്ര പള്ളികൾ, എത്ര കോളേ ജുകൾ ,എത്ര സ്കൂളുകൾ, സാങ്കേതിക സ്ഥാപനങ്ങൾ ,ദീപനാളം പോലുള്ള പ്രസിദ്ധീ കരണങ്ങൾ, സെന്റ് തോമസ് പ്രസ്സ്… വയലിൽ പിതാവ് സ്ഥാപിച്ച സംരംഭങ്ങളുടെ കണക്കെടുത്താൽ ആരും അത്ഭുതപ്പെട്ടു പോകും. ചെറിയ മനുഷ്യനായ തന്നെ കൊണ്ട് വലിയ കാര്യങ്ങളാണ് ദൈവം ചെയ്യിച്ചത് എന്ന് അവസാന ഇടയ ലേഖനത്തിൽ വന്ദ്യ വയലിൽ പിതാവ് വിനയപൂർവ്വം ഏറ്റു പറഞ്ഞതും നമ്മുടെയെല്ലാം ഓർമ്മയിലുണ്ട്. വയലിൽ പിതാവ് തൊട്ടതെല്ലാം പൊന്നാക്കി എന്നതായിരുന്നു നമ്മുടെ അനുഭവം.
അനുയോജ്യനായ പിൻഗാമിയെ ഏൽപ്പിച്ചാണ് പിതാവ് പടിയിറങ്ങിയത്. 9 വർഷം സഹായ മെത്രാനും 21 വർഷം ബിഷപ്പുമായി പാലാ രൂപതയുടെ വളർച്ചയുടെ വ്യാസവും വ്യാപ്തി യും വർധിപ്പിച്ച മാര്‍ പള്ളിക്കാപറമ്പിൽ പിതാവ് 99 ൻ്റെ നിറവിലും നമുക്കിടയിൽ ഇന്നും പ്രസന്ന മധുരമായ മഹാസാന്നിധ്യമാണ് . ആരെയും സന്തോഷിപ്പിക്കുന്ന ചിരി കൊണ്ട് തന്റെ കാലത്തെ സ്വന്തം കൈപ്പിടിയിൽ നിർത്തിയ കേരളത്തിലെ വൈദിക മേലധ്യക്ഷനാരെന്ന ചോദ്യത്തിന് പിതാവിനെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് ഒരേയൊരു ഉത്തരമേ ഉണ്ടാകുകയുള്ളു . മാർ ജോസഫ് പള്ളിക്കാപറമ്പിൽ.
നാട് അറിയുന്ന പേരാണ് മാർ ജോസഫ് കല്ലറങ്ങാട്ട്. അറിവിന്റെയും പാണ്ഡിത്യ ത്തിന്റെയും മറു പേര് .ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി എന്നതിനോ എത്ര പ്രസംഗങ്ങൾ പറഞ്ഞു എന്നതിനോ പിതാവിനു പോലും കണക്ക് കാണുകയില്ല പ്രൈമറി സ്കൂളിൽ ആകട്ടെ, സർവ്വകലാശാലകളി ലാകട്ടെ തയ്യാറെടുക്കാതെ പ്രസംഗം ഇല്ല.
ആശയങ്ങളുടെ ആഴത്തിന് അകമ്പടി നൽകുന്നത് പ്രസംഗങ്ങളുടെ ശ്രുതി –ലയ ഭംഗിയാണ്. വായനയ്ക്കും എഴുത്തിനും മടുപ്പില്ല. ആളുകളെ ഒറ്റനോട്ടത്തിൽ അളന്നു തൂക്കാനുള്ള അപാരമായ ഒരു സിദ്ധിയും കല്ലറങ്ങാട്ട് പിതാവിന് സ്വന്തം . കുർബാന ചൊല്ലുന്നതിൽ മലയാളമാകട്ടെ, സുറിയാനി ആകട്ടെ ആത്മീയതയുടെ പ്രൗഢമായ ഒരു ചൈതന്യമാണ് പിതാവിൻ്റെ പുണ്യം. പിതാവിന് വ്യക്തി താൽപര്യങ്ങൾ ഒന്നുമില്ല. സഭയിൽ തന്നെ മേൽപ്പട്ട പദവികളിലേക്ക് പേര് വന്നപ്പോഴും അതിനോട് മുഖം തിരിച്ചു നിൽക്കാൻ പിതാവിനോട്ടും സമയം വേണ്ടിവന്നതുമില്ല .!
പ്രസംഗങ്ങളിൽ നർമ്മത്തേക്കാൾ ഗൗരവമാണെങ്കിലും പിതാവിന് നർമ്മം നന്നായി ആസ്വദിക്കാൻ അറിയാം. ഇന്ന് കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രഭാഷകരുടെ മുൻനിരയിലാണ് എപ്പോഴും മാർ കല്ലറങ്ങാട്ടിന്റെ കസേര. പിതാവും പാലാ രൂപതയും തമ്മിലുള്ളത് ആത്മീയ ബന്ധം മാത്രമല്ല ആഴമായ ആത്മബന്ധം കൂടിയാണ്.
സഹായമെത്രാനായി വന്ന് സർവതും ഉപേക്ഷിച്ച് സന്യസത്തിലേക്ക് തിരിഞ്ഞ പിതാവും പാലാ രൂപതയുടെ ചരിത്രത്തിലും വിശ്വാസികളുടെ മനസ്സിലും സ്ഥാനം ഉറപ്പിച്ച ഇടയനായിരുന്നു. ഭക്ഷണത്തിലും വസ്ത്രത്തിലും ജീവിതത്തിലും ലാളിത്യം മുഖമുദ്രയാക്കിയ ആത്മീയ ആചാര്യൻ ആയിരുന്നു മുരിക്കൻ പിതാവ്. പാലായിലെ പ്രതാപങ്ങൾ ഒക്കെ ഉപേക്ഷിച്ച് പീരുമേട്ടിലെ നല്ലതണ്ണിയിൽ ഒറ്റമുറി ആശ്രമ ത്തിൽ പ്രാർഥനയിലും ഉപവാസത്തിലും ആത്മീയ സായൂജ്യം തേടിടിയ മുരിക്കൻ പിതാവും പാല രൂപതയുടെ ചരിത്രവഴിയിലെ തിളക്കമാർന്ന ആത്മനക്ഷത്രം തന്നെ
തിരിഞ്ഞുനോക്കുമ്പോൾ പാല രൂപതയിലെ വിശ്വാസികൾക്ക് ദൈവത്തോട് പരാതി പറയാൻ ഒരു കാരണവും ഇല്ല .സ്വർഗ്ഗത്തിൽ ഇരിക്കുന്ന വയലിൽ പിതാവിനെ മനസ്സിൽ കണ്ടും ഇന്ന് നമുക്ക് ഒപ്പമുള്ള പിതാക്കന്മാര് പ്രാർത്ഥനയിൽ ഓർമിച്ചും നമുക്കായി അവരെ നിയോഗിച്ച ദൈവം തമ്പുരാനു പൂർണ്ണ മന സ്സോടെ നന്ദി പറഞ്ഞു കൊണ്ടു നമുക്കും പറയാം , “ദൈവത്തിനു സ്തുതി” …..
ഡോ. സിറിയക് തോമസ്


Leave a comment