ഈ ദിനങ്ങളിൽ ഒരുപാടുപേര് ചോദിച്ച ചോദ്യമിതായിരുന്നു… അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റഴ്സിനെക്കുറിച്ച് ഒന്നും എഴുതുന്നില്ലേ…. ചോദ്യം സ്വഭാവികമാണ്… പക്ഷെ അത്തരം സാമൂഹിക വിഷയങ്ങളെക്കുറിച്ച് എഴുതിശീലമില്ലാത്തൊരാൾക്കുണ്ടാകുന്ന പതർച്ചകൊണ്ടാണെഴുതാൻ മടിച്ചത്… എങ്കിലും ചില മൗനങ്ങൾ തെറ്റാണെന്ന തിരിച്ചറിവിൽ മനസ്സിൽ തോന്നുന്ന ചിലത് കുറിക്കുന്നു. പറയുന്ന ചിലതിനോട് യോജിക്കാം യോജിക്കാതിരിക്കാം… എങ്കിലും വായിച്ചു തുടങ്ങുന്നുണ്ടെങ്കിൽ അവസാനം വരെ വായിക്കണമെന്നൊരഭ്യർത്ഥനയുണ്ട്… പിന്നെ സ്ഥിരം ശൈലിയല്ലാത്തതുകൊണ്ടു തെല്ല് ബോറടിപ്പിച്ചേക്കാമെന്നൊരു ഓർമ്മപ്പെടുത്തലും…
സിസ്റ്റേഴ്സിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധമില്ലേയെന്ന ചോദ്യത്തിന് ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയെന്ന നിലയിൽ പ്രതിഷേധമുണ്ട്.. ഒരാൾക്ക് അയാൾക്കിഷ്ടമുള്ളതിൽ വിശ്വസിക്കാനും ജീവിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുണ്ട്. അതെവിടെയാണോ വിലങ്ങു വയ്ക്കപ്പെടുന്നത് അതിനർത്ഥം ജനാധിപത്യം മരിച്ചുവെന്ന് തന്നെയാണ്. അപ്പോ സിസ്റ്റേഴ്സ് അറസ്റ്റ് ചെയ്യപ്പെട്ടതിൽ ദേഷ്യമില്ലെയെന്ന ചോദ്യത്തിന് ക്രിസ്തുവിന്റെ സഹനത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന സന്യസ്തർക്ക് പീഡനങ്ങൾ എന്നത് ക്രിസ്തുവിലേക്കുള്ള വഴിയാണ് എന്ന് തന്നെയാണ് മറുപടി…
അപ്പോഴൊരു ചോദ്യമുയരാം നിർബന്ധിത മതപരിവർത്തനം തെറ്റല്ലെയെന്ന്… അതിനുത്തരം പറയേണ്ടത് ഈ കുറിപ്പിന്റെ വായനക്കാരാണ്… പ്രത്യേകിച്ച് അക്രൈസ്തവരായ സുഹൃത്തുക്കൾ…. ഇത് വായിക്കുന്ന ഭൂരിഭാഗംപേരും ഒന്നുകിൽ സന്യസ്തർ നടത്തുന്ന സ്കൂളുകളിൽ പഠിച്ചവരോ അല്ലെങ്കി സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്തവരോ ആയിരിക്കും… ആ പഠനകാലത്ത് അവിടത്തെ സന്യസ്തർ നിങ്ങളോട് പറഞ്ഞിരുന്നുവോ ക്രിസ്ത്യാനികളായാൽ മാത്രേ തുടർന്ന് പഠിക്കാൻ പറ്റൂ എന്ന് ? അല്ലെങ്കി ക്രൈസ്തവരായാൽ മാത്രേ ഇവിടെ ജോലി തുടരാനാവൂ എന്ന്? അധ്യാപകരിൽ നിന്നുണ്ടായ സങ്കടമോ അല്ലെങ്കിൽ സ്ഥാപനത്തിന്റെ അധികാരികളിൽ നിന്നുണ്ടായ വേദനയോ അല്ലെന്റെ ചോദ്യം… ആ സ്ഥാപനത്തിൽ തുടരണമെങ്കിൽ ക്രിസ്ത്യാനിയായി മതം മാറണമെന്ന് നിങ്ങളോട് നിർബന്ധം പറഞ്ഞീട്ടുണ്ടോ എന്ന് മാത്രമാണെന്റെ ചോദ്യം… അങ്ങനെ മതപരിവർത്തനമായിരുന്നു ലക്ഷ്യമെങ്കിൽ ആയിരക്കണക്കിന് സ്കൂളുകളും സ്ഥാപനങ്ങളും സന്യസ്തരുടേതായുള്ള ഈ നാട്ടിൽ എന്തായിരുന്നേനെ സ്ഥിതി… കേട്ടപ്പോൾ തലയിൽ കൈവച്ചൊരു കാര്യമെന്നത് നിർബന്ധിതമതപരിവർത്തനത്തിന് സന്യസ്തർ ശ്രമിക്കുന്നു എന്ന്പറഞ്ഞ് അറസ്റ്റിനെ ന്യായീകരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി പഠിച്ചതും അറിവ് നേടിയതുമൊക്കെ സന്യസ്തരുടെ സ്കൂളിൽനിന്നായിരുന്നു എന്നതാണ്… സെന്റ് ലയോള സ്കൂളിൽനിന്ന്… പാലുകൊടുത്ത കൈക്ക് കൊത്തുക എന്ന് പറയുന്നതിന്റെ ഉദാഹരണങ്ങളിലൊന്ന്…
അതിന്റെ ബാക്കിപത്രമായി കേട്ടതാണൊരു ചോദ്യം…. എന്തിനാണ് മറ്റുള്ളവർക്ക് വിദ്യാഭ്യാസവും സൗകര്യങ്ങളും കൊടുക്കുന്നത്? സ്വന്തം വിഭാഗത്തിൽപെട്ടവർക്ക് മാത്രം കൊടുത്താപ്പോരെ?..
അങ്ങനെ എന്റേത് അല്ലെങ്കി നമ്മുടേതു മാത്രം എന്ന ചിന്ത ക്രൈസ്തവമല്ലെന്നതാണ് ഉത്തരം…. അങ്ങനെ നമുക്ക് മാത്രംമതി എന്ന് ചിന്തിക്കാൻ തുടങ്ങിയിരുന്നെങ്കി ഒരു മദർ തെരേസയോ ചാവറയച്ചനോ എന്തിനേറെ സ്വന്തക്കാരു മാത്രം രക്ഷപ്പെടണം എന്നാഗ്രഹിച്ചെങ്കി ഒരു ഗാന്ധിജി പോലും ഉണ്ടാവില്ലായിരുന്നുവെന്നതാണ് സത്യം…
എല്ലാവർക്കുമായി സ്വയം പകുത്ത് നൽകിയ ക്രിസ്തുവിന്റെ വിളി സ്വന്തക്കാർക്ക് മാത്രം കൊടുക്കാൻ വേണ്ടിയുള്ളതല്ല…അപരനിലേക്ക് സഹായത്തിന്റെ കരം നീട്ടുന്നതാണ് ദൈവികവും ക്രൈസ്തവികതയും….
ഇവിടെത്തന്നെ എന്തേലുമൊക്കെ ചെയ്താപ്പോരേ എന്തിനാണ് അകലങ്ങളിലേക്ക് പോകുന്നതെന്ന സംസാരംകേട്ടു … അതിന് മറുപടി ഏറെയുണ്ടെങ്കിലും ചെറിയൊരു ഉദാഹരണംമാത്രം പറഞ്ഞു നിർത്താം….. വസൂരി വന്നാൽ പായയിൽചുറ്റി കാട്ടിൽ തള്ളിയിരുന്നൊരു കാലത്ത് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുന്നാൾ രാമവർമ്മ ഒരു കാര്യം ചെയ്തു… ഈ നാട്ടിൽ മികച്ച ആതുരസേവനം കിട്ടാനായി കൊല്ലം ബിഷപ്പ് വഴി സ്വിറ്റ്സർലാന്റിൽ നിന്ന് അഞ്ചു ഹോളി ക്രോസ് സിസ്റ്റേഴ്സിനെ കൊണ്ടുവന്നു. നഴ്സിംഗ് പഠിപ്പിക്കാൻ കഴിവുള്ളവർ വേണമെന്ന ബിഷപ്പിന്റെ അഭ്യർത്ഥനയിൽ വന്ന ആ അഞ്ചു കന്യാസ്ത്രീകളാണ് ഇന്ന് കേരളത്തിൽ നഴ്സിംഗ് പഠനത്തിന് തുടക്കം കുറിച്ചത്… എന്തിനേറെ, ഞാനും നിങ്ങളും എഴുതേം വായിക്കേം ചെയ്യുന്ന ഈ മലയാളത്തിനു ആദ്യമായി വ്യാകരണവും നിഘണ്ടുവുമൊക്കെ എഴുതീത് ഇവിടുള്ളവരല്ല.. ജർമ്മനീന്ന് വന്ന സന്യസ്തനാ…. പറയാൻ തൊടങ്ങിയാ ഒരുപാടുണ്ട്… നമ്മളിങ്ങനെയായത് നമ്മള് മാത്രം ശ്രമിച്ചീട്ടല്ലെന്നെ…. സ്വന്തം നാടും വീടും വിട്ട് മരണംവരെ ഒരു തിരിച്ചുപോക്കുപോലും ഇല്ലാതെ ഈ മണ്ണിൽ കഴിയാൻ തീരുമാനിച്ച ഒരുപാട് മനുഷ്യരുടെ കാരുണ്യത്തിലാ…. സ്വന്തംനിലയിൽ ഒരിടത്തെ ജനത്തിന് ചെയ്യാൻ കഴിയാത്തൊരു നല്ലകാര്യം അതിപ്പോ വിദ്യാഭ്യാസമാണെങ്കിലും ആതുരസേവനം ആണെങ്കിലും പ്രായമായവരെ നോക്കുന്നതാണെങ്കിലും അതിനവരെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുക എന്നതാണ് ക്രൈസ്തവദൗത്യം… അത് ലോകത്തിന്റെ ഏതു കോണിലാണെങ്കിലും…
എഴുതിവന്നപ്പൊ കൊറേ ആയീന്ന് അറിയാം… എങ്കിലും ഒരു കൊച്ച്കാര്യം കൂടി… മിഷനറിമാരുടെ കാര്യം പറയുമ്പോ ചിലരൊക്കെ പറയാറുള്ളൊരു കാര്യം… ബ്രിട്ടീഷുകാര് വന്നപ്പോ കൊറേ പേരെ മതംമാറ്റിയില്ലേന്ന കാര്യം… ചരിത്രത്തെ നിങ്ങൾ എന്നുമുതൽ നോക്കുന്നു എന്നതിനനുസരിച്ചു ഇരിക്കും നിങ്ങളുടെ ചിന്തയുടെ ആഴം… ബ്രിട്ടീഷുകാർക്ക് മുൻപ് വന്ന രാജാക്കന്മാരും സുൽത്താന്മാരും ജനത്തെ മതം മാറ്റിയിട്ടുണ്ടോ എന്നുള്ളതാണ് ചേർത്ത് വായിക്കേണ്ടത്… അതായത് അന്ന് ഭരണം ആരുടെ കയ്യിലാണോ ആ ഭരണാധികാരിയുടെ മതത്തിലേക്ക് മാറാൻ ജനം നിർബന്ധിക്കപ്പെട്ടിരുന്നു… എന്നാൽ ഇന്ന് നമ്മൾ നോക്കേണ്ടത് ഭരണഘടന നിലവിൽ വന്നൊരു ജനാധിപത്യ ഭാരതത്തിലേക്കാണ്… ഒരുവന് അവനിഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും ജീവിക്കാനും അതിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാനും സ്വാതന്ത്യം ഉള്ളൊരു രാജ്യം… കൂട്ടത്തിലൊന്നുകൂടിയുണ്ട് ചില പാസ്റ്റർമാർ വന്ന് എന്നോട് ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞു അല്ലെങ്കിൽ എന്റെ വീട്ടിലേക്ക് വന്ന് ലഘുലേഖകൾ തന്നു എന്നൊക്കെ പറയുന്ന സോഷ്യൽ മീഡിയ കമന്റുകൾ… സന്യസ്തരും പാസ്റ്റർമാരും രണ്ടു വിഭാഗങ്ങളിൽപെട്ടവരാണെന്നത് വേറെ കാര്യം…എങ്കിലും അതിനോട് ചേർത്ത് പറയുന്നു ഒരാൾക്ക് അയാൾ വിശ്വസിക്കുന്ന മതത്തെക്കുറിച്ച് മറ്റൊരാളോട് പറയാനുള്ള അവകാശം ഉണ്ട്. മറ്റേയാൾക്ക് അത് കേൾക്കാൻ താത്പര്യമുണ്ടെങ്കി കേൾക്കാം അല്ലെങ്കി കേൾക്കാതിരിക്കാം.. എല്ലാ മതങ്ങളിലുള്ളവരും അവരുടെ മതത്തെക്കുറിച്ച് പലതരത്തിൽ സംസാരിക്കുന്നുണ്ട്…. നിർബന്ധിച്ച് മതപരിവർത്തനം പാടില്ല എന്നതാണ് നിയമം. എന്തിനേറെ ഭരണഘടനയുണ്ടാക്കിയ അംബേദ്കറുടെ സ്വാധീനം മൂലം അഞ്ചു ലക്ഷത്തിലധികം മനുഷ്യർ ബുദ്ധമതത്തിലേക്ക് കുടിയേറിയ മണ്ണാണിത്… അതൊരിക്കലും നിർബന്ധത്തിലായിരുന്നില്ല…. സ്വന്തം ഇഷ്ടമനുസരിച്ചായിരുന്നു…. ഇനിയും ആ സ്വാതന്ത്ര്യത്തിനു വിലങ്ങു വയ്ക്കപ്പെടരുത്….
സത്യം കോടതി തെളിയിക്കട്ടേയെന്ന് പറഞ്ഞ് മാറിനില്ക്കുമ്പോ ഒന്നോർക്കണം കോടതിയിൽ ജയിക്കപ്പെടുന്നത് വാദങ്ങളാണ് സത്യങ്ങളാവണമെന്നില്ല… അന്വേഷണത്തിൽ പരാജയമുണ്ടായെന്നും തെളിവുകളില്ലെന്നും പറഞ്ഞു സുപ്രധാന കേസുകളിൽപോലും പ്രതിയെ വെറുതെവിടുന്ന അതേ കോടതിയാണ് കള്ളതെളിവുകളുടെയും കള്ളസാക്ഷ്യങ്ങളുടെയും വാദങ്ങളിൽ കുരുങ്ങി സ്റ്റാൻസാമിയെപ്പോലെയുള്ള നിരപരാധികളെ കുറ്റവാളികളായി വിധിക്കപ്പെടുന്ന ഇടങ്ങളാവുന്നത്…
മനസുകൊണ്ട് ഐക്യപ്പെടുന്നു ആ സിസ്റ്റേഴ്സിനൊപ്പം… സത്യം ജയിക്കപ്പെട്ടെ… ഒപ്പം ജനാധിപത്യവും അതിന്റെ മൂല്യങ്ങളും…
റിന്റോ പയ്യപ്പിള്ളി ![]()


Leave a comment